19 November 2011

'സൗന്ദര്യം ഒരു ശാപം തന്നെയാണ്'

കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഏതൊരു സ്ഥലത്തിന്‍റെയും ഐശ്വര്യമാണ്, എന്നെപ്പോലുള്ള ആണുങ്ങളുടെ ദൗര്‍ബല്യവുമാണ് (തെറ്റിദ്ധരിക്കരുത്!!). അവരെ ചിരിപ്പിക്കാനായി സ്ക്രിപ്റ്റ് തയ്യാറാക്കി അവര് rehearsal നടത്തും. അവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അവര് പണയം വെയ്ക്കും. അവരെ പ്രീതിപ്പെടുത്താനായി എന്ത് കോപ്രായവും കാണിക്കും. ഇതിനൊക്കെയും ആ ഓഫീസിലെ ആണുങ്ങള്‍ സര്‍വസന്നാഹങ്ങളുമായി 24x7 സജ്ജമായിരുന്നുവെങ്കിലും. "ഓഫീസില്‍ പെണ്‍കുട്ടി വാഴില്ല" എന്ന സെക്യൂരിറ്റി മാധവന്‍ ചേട്ടന്‍റെ തിലകന്‍ സ്റ്റൈല്‍ ഡയലോഗ് അച്ചട്ടായി തുടര്‍ന്നു...

സൗന്ദര്യം പച്ചപ്പാണെങ്കില്‍ ഓഫീസ് അക്കാര്യത്തില്‍ മരുഭൂമിയായിരുന്നു. നല്ല ഒരു പച്ചപ്പുണ്ടെങ്കില്‍ ബോസാകുന്ന അറബാബിന്‍റെ കീഴില്‍ ഏതു മരുഭൂമിയിലും എത്ര നാളു വേണമെങ്കിലും ആടുജീവിതം നയിക്കാന്‍ കഴിയുമായിരുന്നു... അതിനു യോഗമില്ലാതിരുന്നതു കാരണം താല്‍കാലിക ആശ്വാസങ്ങളായിരുന്ന നിമ്മി, സുനിതമാരിലോക്കെ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചു ശ്രമിച്ചു മനസ്സു തളര്‍ന്നു. അപ്പോഴൊക്കെയും 'കാഴ്ച്ചയിലല്ല പെരുമാറ്റത്തിലും സ്വഭാവത്തിലുമാണ്‌ സൗന്ദര്യം' എന്ന് സ്വയം പറഞ്ഞു ആശ്വസിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും ചിലരിട്ടിരിക്കുന്ന Levis ജീന്‍സിന്‍റെ ഉള്ളിലൂടെ 'തളിര്‍' ബ്രാന്‍ഡ്‌ underware കാണേണ്ടി വരുന്നത് പോലെ ചില ആംഗിളുകളില്‍ വാസ്തവം bold letters ല്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. മനസിലാവാതെ കണ്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സിനിമയില്‍ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചു നിരാശപ്പെടാറുള്ള കിസ്സിംഗ് സീന്‍ പോലെ ഹെഡ് ഓഫീസില്‍ നിന്നും വരുന്ന പൊട്ടിക്കാത്ത ഓരോ ലെറ്ററുകളിലും ഒരു സുന്ദരിയുടെ നിയമനം പലരും വെറുതെ സ്വപ്നം കണ്ടു. ഒരു female joinee യ്ക്കു വേണ്ടി കുരിശുപള്ളിയില്‍ മെഴുകുതിരികള്‍ ഉരുകിയൊലിച്ചു. അമ്പലമുറ്റത്ത്‌ കരച്ചിലിന്‍റെ ശബ്ദത്തില്‍ തേങ്ങകള്‍ ഉടഞ്ഞു കൊണ്ടിരുന്നു. അപ്പോഴൊക്കെയും കള്ളച്ചിരിയോടെ ദൈവം യഥാക്രമം കണ്ണടച്ചു, headphone വെച്ചു. "എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ" എന്ന ഡയലോഗ് റെയില്‍വേ സ്റ്റേഷന്‍ anouncement കണക്കെ ഓഫീസില്‍ മാറ്റൊലി കൊണ്ടു. അവസാനം ഗതി കെട്ട് എനിക്കൊരു പെണ്‍കുട്ടിയുണ്ടായാല്‍ അവളെ ഞാന്‍ ഈ ഓഫീസില്‍ ജോയിന്‍ ചെയ്യിക്കും എന്നു വരെ ആരോ പറഞ്ഞു. അങ്ങനെ വിരസമായ ഓഫീസ് ജീവിതം അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്...


വേനലിലെ മഴ പോലെ, ചിക്കന്‍ റോളിലെ ചിക്കന്‍ പീസ്‌ പോലെ, center fresh ലെ  centre പോലെ അന്നാ അറിയിപ്പ് ബോസ്സ് വായിച്ചു...


"ഒരു പെണ്‍കുട്ടി ജോയിന്‍ ചെയ്യാനെത്തുന്നു... പേര് കനിഷ്ക!!"


ആ പേര് പറഞ്ഞത് പലരും കേട്ടത് എക്കോയിലായിരുന്നു. തലയ്ക്കു ചുറ്റും ദിവ്യപ്രകാശവുമായി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന HR മാനേജരുടെ രൂപം മനസ്സില്‍ കണ്ടു പലരും അറിയാതെ കൈ കൂപ്പിപ്പോയി. എല്ലാവരും പ്ലാനിംഗ് തുടങ്ങി. കനീ എന്നു വിളിക്കണോ? അതോ ഹണീ എന്നു വിളിക്കണോ?? അവളുടെ കാബിന്‍ എന്‍റെയടുത്തായിരിക്കുമോ അതോ എന്‍റെത് അങ്ങോട്ട്‌ മാറ്റേണ്ടി വരുമോ?? ചക്രമുള്ള ചെയര് പലരും ഒരു ആശ്വാസമായി കണ്ടു. How to attract Kanishka? Kanishka's favorites?? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെ ഗൂഗിള്‍ വലഞ്ഞു. ഏതായാലും മുന്‍പൊരിക്കല്‍ സംഭവിച്ചതു പോലെയായില്ല. ആരുടേയും പ്രതീക്ഷകള്‍ തകര്‍ക്കാതെ കനിഷ്ക ലാന്‍ഡ്‌ ചെയ്തു. കനിഷ്കയെ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "ഇതാണ് ഉച്ചയുറക്കത്തില്‍ ഞാന്‍ സ്വപനം കണ്ട പെണ്‍കുട്ടി" അത് സത്യമായിരുന്നു പലരുടെയും സ്വപ്നങ്ങളിലും ചിന്തകളിലും ചര്‍ച്ചകളിലും കടന്നു വന്ന അതേ രൂപം അതേ ഭാവം അതേ സൗന്ദര്യം. ഓഫീസില്‍ വന്നതിനു ശേഷം അന്നു ആദ്യമായി, കഷണ്ടിയായത്തില്‍ ഫാസിലിനു വിഷമം തോന്നി...


അതോടെ മരണ വീട് പോലെയിരുന്ന ഓഫീസ് കല്യാണ വീട് പോലെയായി. നന്നാക്കാനായി കമ്പ്യൂട്ടര്‍ അഴിച്ചാല്‍ 4 സ്ക്രൂകളില്‍ 3 എണ്ണം മാത്രം മുറുക്കിയിരുന്ന അനീഷേട്ടന്‍ 4 എഎണ്ണവും മുറുക്കാന്‍ തുടങ്ങി. ചായ കൊണ്ടു വരുന്ന പ്യൂണ്‍ ദിനേശേട്ടന്‍റെ മുഖത്ത് ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ നേരത്തെ പോലത്തെ ചിരി confirm ആയി. കൂറ മണം നിറഞ്ഞിരുന്ന ഓഫീസില്‍ room freshner സുഗന്ധം പരത്തി. പലരുടെയും ബാഗുകള്‍
Hair gel, Deodorant, Fairness cream, Mouth freshener, Facewash, Lip cream, Hair dye എന്നിങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ടു നിറഞ്ഞു. ജോലിക്കിടയിലും ആ സൗന്ദര്യധാമത്തെ ആരുമറിയാതെ നോക്കാനായി റോഡ്‌ സൈഡിലെ കൂളിംഗ് ഗ്ലാസ്‌ കച്ചവടക്കാരനെ ഓടിച്ചിട്ട്‌  പിടിച്ചു പലരും ഗ്ലാസ്സുകള്‍ വാങ്ങിച്ചു വെച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വികസ് ഗുളിക കഴിച്ച തൊണ്ട പോലെ, ഓഫീസിലെ കിച് കിച് എല്ലാം മാറി മൊത്തത്തില്‍ ഒരു കുളിര്‍മ നിറഞ്ഞു.

കനിഷ്ക വന്നതിന്‍റെ മൂന്നാം ദിവസം വൈകിട്ട് ഓഫീസിനു വെളിയില്‍ നില്‍ക്കുകയായിരുന്ന നിഖിലിന് മുന്നില്‍ പതിവു പോലെ അന്നും സ്കൂട്ടി നിര്‍ത്തി നിമ്മി ചോദിച്ചു...

"കയറുന്നില്ലേ??"


ഒരല്‍പം ചമ്മലോടു കൂടി നിഖില്‍ പറഞ്ഞു...


"അ... അ... അല്ല... അതേ കനിഷ്ക കാര്‍ കൊണ്ട് വന്നിട്ടുണ്ട്... അവള്‍ക്കു ടൌണില്‍ ഒന്ന് കറങ്ങണമെന്ന്"

വന്ന അന്ന് മുതല്‍ ബാക്ക് സീറ്റ് booked ആയിരുന്ന ആ സ്കൂട്ടിയുടെ ബാക്ക് ടയറിനു അന്ന് മുതല്‍ ഒരു 65 കിലോയില്‍ നിന്നും മോക്ഷമായി...

അതൊരു തുടക്കമായിരുന്നു...

അന്ന് മുതല്‍ കേബിള്‍ ടീവിയുടെ വരവോടെ  വിസ്മൃതിയിലാണ്ട ദൂരദര്‍ശന്‍റെ അവസ്ഥയായി നിമ്മി സുനിതമാരുടെത്. അടക്കം പറച്ചിലുകളും ആള്‍ക്കൂട്ടങ്ങളും പൊട്ടിച്ചിരികളും നിറം കൊടുത്തിരുന്ന അവരുടെ കാബിനുകള്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പുകളെ ഓര്‍മ്മിപ്പിച്ചു. ഉച്ചയൂണിന്‍റെ സമയത്ത് ഒരുപാട് കൈകള്‍ അവകാശം സ്ഥാപിക്കാറുണ്ടായിരുന്ന അവരുടെ ചോറ്റും പാത്രങ്ങള്‍ ഉറുമ്പരിച്ചു കിടക്കുന്നത് ചില സര്‍ക്കാര്‍ പരസ്യങ്ങള്‍ പോലെ ബോറടിപ്പിക്കുന്ന കാഴ്ചയായി...

അതേ സമയം ഓഫീസില്‍ കനിഷ്ക പന്നിപ്പനി പോലെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ ഇഷ്ട്ടങ്ങളും
ഇഷ്ട്ടക്കേടുകളും കമ്പനി പോളിസികള്‍ പോലെ പലര്‍ക്കും കാണാപ്പാഠമായി. ഒന്നു പറഞ്ഞു രണ്ടാമത്തേത്തിന് മൊട പറഞ്ഞിരുന്നവന്‍മാരും പ്രശ്നങ്ങളെ തേടിപ്പിടിച്ച് അങ്ങോട്ട്‌ ചെന്ന് റേപ് ചെയ്തിരുന്നവന്‍മാരുമൊക്കെ  സാദാ സമയവും പുഞ്ചിരി പൊഴിച്ച് കൊണ്ട് അത്രയും നാളും കാണിക്കാതിരുന്ന പ്രൊഫഷണലിസത്തിന്‍റെ
ഉദാത്ത മാതൃകകളായി. അവളുടെ പ്രിയ നടന്‍ മഹേഷ്‌ ബാബു ആണെന്നുള്ള അറിവ് കേരളത്തില്‍ മഹേഷ്‌ ബാബുവിന്‍റെ ആരാധകരുടെ എണ്ണം കൂട്ടി . പിന്നെ കുറേ നാളത്തേക്ക് ഏമണ്ടി മഹേഷ്‌ ബാബുലു സ്റ്റൈലെല്ലാം പഠിക്കലു ഓഫീസിലുള്ളവരുടെ അനൗദ്യോഗിക ജോലിയായി. ഡ്രെസ്സിങ്ങിലെ അവളുടെ പരീക്ഷണങ്ങള്‍ ഓഫീസില്‍ തരംഗമായി. മീറ്റിങ്ങുകളില്‍ അവളുടെ അഭിപ്രായങ്ങള്‍ക്കായി പലരും കാതോര്‍ത്തു. അവളുടെ മണ്ടത്തരങ്ങള്‍ പലരും കണ്ടില്ലെന്നു നടിച്ചു. തമാശ പറയാനുള്ള അവളുടെ ശ്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പേ ഓഫീസില്‍ ചിരി മുഴങ്ങി.
കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി കൊടുക്കാനും എന്തെങ്കിലും കാര്യത്തിന് സഹായിക്കാനുമൊക്കെയാണെങ്കിലോ എല്ലാവര്‍ക്കും ഒടുക്കത്തെ ഉത്സാഹം. കനിഷ്ക ലീവെടുക്കുന്ന ദിവസം ഓഫീസിലെ ഹാജര്‍ വരെ കുറഞ്ഞു. ഇങ്ങനെ കനിഷ്കാജ്വരം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഒരു തിങ്കളാഴ്ച ദിവസം ആ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും അറിയുന്നത്...

'ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒരു ബോംബേക്കാരനുമായി കനിഷ്ക ഒളിച്ചോടി'

അപ്രതീക്ഷിതമായ ആ പവര്‍ കട്ടില്‍ പലരും തപ്പിത്തടഞ്ഞു. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ പലരും ഉലഞ്ഞു. ആ ഷോക്കില്‍ നിന്നും പലരെയും കര കയറ്റാനായി കോഫി കൊടുത്ത് കൊടുത്ത് കോഫി മെഷീനും സിഗരറ്റ് കൊടുത്ത് കൊടുത്ത് തൊട്ടടുത്ത സ്റ്റേഷനറി കടക്കാരനും ക്ഷീണിച്ചു. അന്നത്തെ ഓരോ മിനിറ്റിനും മണിക്കൂറിന്‍റെ ദൈര്‍ഘ്യമുള്ളതായി പലര്‍ക്കും തോന്നി. എങ്ങനെയൊക്കെയോ തള്ളി നീക്കിയ ആ ദിവസത്തിന്‍റെ The End ഓടു കൂടി ഒരു മാസത്തോളം നീണ്ട വിസ്മയക്കാഴ്ച്ചകള്‍ക്ക് അവസാനമായി.‍..

അന്ന് വൈകിട്ട് ബസ്‌ കയറാനായി നടക്കുകയായിരുന്ന നിഖിലിനു മുന്നില്‍ പതിവു പോലെ നിമ്മിയുടെ സ്കൂട്ടി വന്നു നിന്നു...

പരസ്പരം 2 പേരും നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല...

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം നിഖില്‍ കയറി ഇരുന്നു...

സ്കൂട്ടി മുന്നോട്ട് നീങ്ങി...

ഒന്നും മിണ്ടാതെ ഒന്ന് ഇളകി ഇരിക്കുക മാത്രം ചെയ്ത നിഖിലിനോട് നിമ്മി ചോദിച്ചു...

"ചന്തി പൊള്ളുന്നുണ്ടോ...??"


ആ ചോദ്യത്തിന് നിഖിലിന് ഉത്തരമില്ലായിരുന്നു...

******************

ഈ സൗന്ദര്യമൊരു ശാപം തന്നെയാണ്...
  1. അത് ഉള്ളവര്‍ക്ക്
  2. അത് ഇല്ലാത്തവര്‍ക്ക്
  3. ആഗ്രഹമുണ്ടായിട്ടും അത് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍ക്ക് :)

08 November 2011

അപ്പൊ അതിനു മുന്‍പ്???

ബൈബിളില്‍ പറയുന്നു 6 ദിവസം മഹത്തായ സൃഷ്ട്ടി കര്‍മത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന്. എനിക്കൊരു സംശയം... അപ്പൊ അതിനു മുന്‍പ് ദൈവം എന്തായിരിക്കും ചെയ്തു കൊണ്ടിരുന്നത്??? :)

15 October 2011

ഫേസ്ബുക്ക്‌ നക്കിയ ജീവിതം!!

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് യുഗം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് ഗൂഗിള്‍ പ്ലസ്സില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തിലും പഴയ പ്രതാപത്തിന് ഒട്ടും കുറവു വന്നിട്ടില്ലാത്തതു കൊണ്ടാണ് പെങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു account ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അത് സ്നേഹത്തിന്‍റെ പുറത്ത് ഒരു ദുര്‍ബല നിമിഷത്തില്‍ ദശരഥന്‍ കൈകേയിക്ക് വരം കൊടുത്ത പോലെ, ജീവിതത്തിലെ prime time ല്‍ എനിക്ക് തന്നെ പാരയായിട്ടു മാറുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇതിപ്പോ പൊരുന്നക്കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അവള് കമ്പ്യൂട്ടറിന് മുന്നിലിരിപ്പാണ്. അങ്ങോട്ട്‌ അടുപ്പിക്കുന്നില്ല. ആ പരിസരത്ത് കൂടി പോയാല്‍ ചീറും!! എന്താ കാര്യം??

വാതില്‍ കട്ടിള അടുത്ത് വരരുതെന്ന ഉദ്ദേശത്തോടെ 2 കൈ കൊണ്ടും തടഞ്ഞു നിര്‍ത്തുന്ന പോസില്‍ എടുത്ത ഫോട്ടോ 1
തൂണിന് ഉമ്മ കൊടുക്കുന്ന പോസിലുള്ള ഫോട്ടോ 2
സ്വയം മൊബൈല്‍ ക്യാമറ തിരിച്ചു പിടിച്ച്, കൈ ഉളുക്കാതെ അതിസാഹസികമായി എടുത്ത ഫോട്ടോ 3

ഇമ്മാതിരി ഓണക്ക ഫോട്ടോകള്‍ upload ചെയ്യുന്നതിന്‍റെയും അവളൊരു പെണ്ണായത് കൊണ്ട് മാത്രം അതിനു ചില കോന്തന്‍മാരിടുന്ന പരട്ട comments വായിക്കുന്നതിന്‍റെയും തിരക്കാണ്...

അതല്ലേലും അങ്ങിനെയാണ്. ഏതെങ്കിലും ആണൊരുത്തന്‍ കാമ്പുള്ള എന്തെങ്കിലും ഒരു സാധനം post ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക്‌ തിമിരവും തലച്ചോറിന് അല്‍ഷിമേഴ്സുമോക്കെ ബാധിക്കുന്ന ചില ലവന്‍മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr... എന്ന post ന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Cooool എന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്സാക്ഷികളും അനുഭവസ്തരും ഏറെയാണ്‌. ഒരിക്കല്‍ ഒരു പെണ്‍കുട്ടി "എന്നെ ഈ ഗ്രൂപ്പില്‍ ആര്‍ക്കും ഇഷ്ട്ടമല്ല" എന്ന് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ അതിനു കിട്ടിയത് 805 comments ഉം 500 ലധികം ലൈക്കുകളുമാണ്. ഇതൊക്കെ കാണുമ്പോള്‍ ചില സമയത്ത്, വല്ല ശ്രീക്കുട്ടി എന്ന പെരിലെങ്ങാനും ഒരു account തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്‌. ഇജ്ജാതി teams ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ നിന്നൊക്കെ എന്ന് VRS എടുക്കുന്നോ അന്നേ ഇവളുമാരൊക്കെ ഒരു പാഠം പഠിക്കുകയുള്ളൂ. ഇനി എന്നെങ്കിലും അങ്ങനെ സംഭവിച്ചാലും ഇനിയങ്ങോട്ട് എനിക്ക് മാത്രമായി വീട്ടിലെ കമ്പ്യൂട്ടര്‍ വിട്ടു കിട്ടുമെന്ന് തോന്നുന്നില്ല. കാരണം മാര്‍ക്ക്‌ സുക്കന്‍ബര്‍ഗ് എന്ന പുണ്യാത്മാവ് രൂപപ്പെടുത്തിയ ഫേസ് ബുക്ക്‌ എന്ന പ്രസ്ഥാനം ഇപ്പൊ പലര്‍ക്കും ഓക്സിജന്‍ പോലെയായാണ്. ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു. കൊച്ചിയില്‍ കായലരികത്ത് ഫ്ലാറ്റ് എന്നൊക്കെ പറയുന്നത് പോലെ സ്വന്തമായി ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ എന്ന് പറയുന്നത് ഇപ്പോള്‍ സ്റ്റാറ്റസിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പിരിയാന്‍ നേരത്ത് "വൈകിട്ട് കാണാം" എന്ന് ചിലര് പറയുന്നത് ഏതെങ്കിലും കവലയിലോ അവരുടെ പ്രിയപ്പെട്ട സ്ഥലത്തോ വെച്ചുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചല്ല ഫേസ് ബുക്കില്‍ കാണുന്നതിനെക്കുറിച്ചാണ്. Savings account തുടങ്ങുന്നത് പോലെ, പോളിസിയൊക്കെ ചേര്‍ന്നിടുന്നത് പോലെ ഒന്നര വയസുള്ള മകള്‍ക്ക് ഇപ്പോഴേ ഫേസ് ബുക്കില്‍ account ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പെരുന്തച്ചന്‍ ഫേസ് ബുക്ക്‌ എന്ത്രമാത്രം ചിലരുടെയൊക്കെ ജീവിതത്തിന്‍റെ ഫേസ് മാറ്റിയിട്ടുണ്ട് എന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്...


ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ profile picture മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും അത് നമ്മളില്‍ പലരും അറിയുന്നതും ഫേസ്ബുക്ക്‌ ഉള്ളത് കൊണ്ടാണ്. ഇവരില്‍ ചിലര്‍ 24 മണിക്കൂറും online ആയിരിക്കും. ഏത് സമയത്ത് കയറിയാലും ഇവരെ കാണാന്‍ പറ്റും. പോസ്റ്റ്‌ ഇടുന്നതിനു മുന്‍പേ like അടിക്കണ ഇവര് എപ്പോഴാണ് ഉണ്ണുന്നത്, ഉറങ്ങുന്നത്, മറ്റു കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നുള്ളത് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല. മൊബൈല്‍ ഫോണ്‍ വഴിയുള്ള internet ഉപയോഗം വ്യാപകമായതോടെ വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ കയറുന്നവന്‍റെയൊക്കെ status update cricket commentary പോലെയായി. 'കഴിക്കാന്‍ പോണൂ', 'കഴിച്ചു തുടങ്ങീ... nice', 'എക്കിളെടുക്കുന്നു... wow', 'കൈ കഴുകി thats really cool' ഇങ്ങനെയൊക്കെയായി. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒറ്റക്കൈ കൊണ്ട് status update ചെയ്തിട്ടേ ഇക്കൂട്ടര്‍ താഴേക്ക്‌ പോകൂ... ഹോ മഴ കാത്തിരിക്കണ വേഴാമ്പലിനെ പോലെ ചില ലവന്‍മാര് ‍ഫേസ് ബുക്കില്‍ ഒരു comment കാത്തിരിക്കണ ഇരിപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. fb യ്ക്ക് മുന്നിലിരുന്നാല്‍ (ഇപ്പൊ fb ന്നാ പറയുക പോലും) ഒലക്കയ്ക്കടിച്ചാലും, റൂമിന് തീയിട്ടാലും അറിയാത്ത ഇവരില്‍ ചിലരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് fb യില്‍ account ഉണ്ടാക്കി ചാറ്റില്‍ വരേണ്ട അവസ്ഥയാണ്. അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട്‌ ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം. അല്ലെങ്കില്‍ ചിലര്‍ക്ക് പറ്റാറുള്ളത് പോലെ ചാറ്റ് ബോക്സ്‌ അവന് മാറിപ്പോകണം...


സ്വന്തം സ്ഥാപനം വളര്‍ത്താനെന്ന പോലെ സ്വന്തം ഗ്രൂപ്പ് വളര്‍ത്താന്‍ ഓടുന്നവര്‍, അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വേറെ ഗ്രൂപ്പുണ്ടാക്കുന്നവര്‍, എന്തിനെയും കയറി ലൈക്കുന്നവര്‍, പോസ്റ്റിനു കിട്ടുന്ന commentകളുടെയും ലൈക്കുകളുടെയുമൊക്കെ എണ്ണം കൂട്ടാനായിട്ടു കഷ്ട്ടപ്പെടുന്നവര്‍, പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ് comment ഇടീക്കുന്നവര്‍, പോസ്റ്റിനു comment ഇട്ടില്ലെങ്കിലോ ലൈക്ക് അടിച്ചിട്ടില്ലെങ്കിലോ പിണങ്ങുന്നവര്‍... ഇങ്ങനെ അതികലശലായ ഫേസ്ബുക്ക്‌ മാനിയ പിടിപെട്ട്, ഉള്ളിലുള്ള fb നാഗവല്ലിയെ ഓടിക്കാനായി ഒരു Dr സണ്ണിയുടെ വരവും കാത്തിരിയ്ക്കുന്നവര്‍ ഒരുപാടാണ്‌. മുന്‍പൊരിക്കല്‍ ഞാന്‍ fb യില്‍ ഇട്ട ഒരു പോസ്റ്റിനു like അടിച്ച നമ്മുടെ ഒരു സുഹൃത്ത്‌ പുറകെ മൊബൈലില്‍ ഒരു msg ഉം അയച്ചിരിക്കുന്നു. "എന്‍റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യില്ല അതുകൊണ്ട് ഇപ്പൊ ഒന്നും മനസിലാവുന്നില്ല കുറേ കട്ടകള്‍ മാത്രമേ കാണുന്നുള്ളൂ വിശദമായി പിന്നീട് comment ഇടാം" എന്ന്. അതിനര്‍ത്ഥം ഞാന്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പോലും നോക്കാതെയാണ് ലൈക്കിയിരിക്കുന്നത് എന്നല്ലേ?. അപ്പൊ ക്ഷണിച്ചിട്ടു കല്യാണത്തിന് പോയില്ലെങ്കില്‍ മോശമല്ലേ എന്നൊക്കെ ചിന്തിക്കുന്ന പോലെ അവന്‍ facebook ല്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ട് ഒന്ന് ലൈക്കിയില്ലെങ്കില്‍ മോശമല്ലേ എന്നുള്ള രീതിയിലൊക്കെ ആളുകളിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മറ്റൊരു fb സുഹൃത്ത്‌ എനിക്കയച്ച msg എന്താണെന്നോ "മറ്റേ ഗ്രൂപ്പില്‍ നിന്നും കുറച്ചു പാരകളൊക്കെ നമ്മള്‍ക്ക് വരുന്നുണ്ട് അതുകൊണ്ട് ഒന്ന് അലേര്‍ട്ട് ആയിരിക്കണം. ഇതിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാന്‍ മറക്കരുത്. നമുക്ക് ഒരുമിച്ചു നിന്ന് പോരാടണം" എന്ന്. അത് വായിച്ചപ്പോള്‍ അത്രയൊക്കെ അലേര്‍ട്ട് ആവാന്‍ മാത്രം, ഞാന്‍ നില്‍ക്കുന്നത് കാര്‍ഗിലിലാണോ എന്ന് ചിന്തിച്ചു പോയി...


ചിലരൊക്കെ fb വഴി സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണല്ലോ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് പലപ്പോഴും സങ്കടം തോന്നിപ്പോയിട്ടുണ്ട്‌. നിസ്സാരകാര്യങ്ങളുടെ പേരില്‍ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ലോകത്തിന്‍റെ ഏതോ കോണിലിരിക്കുന്ന ഒരു മനുഷ്യനെ ശത്രുവാക്കാനും പലര്‍ക്കും ഇതുവഴി സാധിക്കുന്നുണ്ട്. മര്യാദയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പലര്‍ക്കും ഇതു അത്ഭുതം ഉളവാക്കുന്ന കാര്യമായിരിക്കുമെങ്കിലും അതാണ്‌ സത്യം എന്നുള്ളത് fb യില്‍ active ആയിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇതിന്‍റെയൊക്കെ അടിത്തട്ടില്‍ കിടക്കുന്ന പ്രശ്നം 'Self promotion' എന്നുള്ളതാണ്. പലരും സമ്മതിക്കില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ... സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയൊന്നുമല്ല Self promotion നു വേണ്ടിയാണ് നല്ലൊരു വിഭാഗവും ഇതില്‍ active ആയിരിക്കുന്നത്. അതിനുള്ള സൗകര്യങ്ങള്‍ കൂടുതലാണ് എന്നുള്ളതാണ് ഫേസ് ബുക്കിനെ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തവും ഏവര്‍ക്കും പ്രിയങ്കരവുമാക്കി മാറ്റിയത്.


ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇവരോടൊക്കെ എനിക്കൊന്നു മാത്രമേ പറയാനുള്ളൂ... ഫേസ് ബുക്ക്‌ അല്ല ജീവിതം. അത് ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. "ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത് ജീവിക്കാന്‍ വേണ്ടിയാവണം ഭക്ഷണം കഴിക്കേണ്ടത്‌" എന്ന് പറയാറുള്ളത് പോലെ ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക്‌ ഉപയോഗിക്കേണ്ടത്". അല്ലെങ്കില്‍ പിന്നെ ഫേസ് ബുക്ക്‌ നമ്മള്‍ക്ക് ദിവസവും ഒരു ലിറ്റര്‍ പാല് തരികയോ, മുട്ടയിടുകയോ മറ്റോ ചെയ്യണം. അതുമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക് 'Facebooker Prize' വല്ലതും ഉണ്ടാകണം. ഇതൊന്നുമില്ലല്ലോ?? പിന്നെയുള്ളത് സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യമല്ലേ?? അതിപ്പോ വാസ്കോ ഡ ഗാമ കോയിക്കോട്ട്‌ ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക്‌ വഴിയല്ലല്ലോ??? അതാണ്‌ പറയണത്, അക്കാലത്തും ആളുകള്‍ക്ക് അന്യദേശങ്ങളില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ പിണ്ണാക്ക് നിയാസിന്‍റെ മൂത്താപ്പാക്ക് മൂപ്പരുടെ ആയ കാലത്ത് ബര്‍മയില്‍ വരെ പരിചയക്കാരുണ്ടായിരുന്നു. അന്ത കാലത്ത് ഫേസ് ബുക്കിന്‍റെ ഫാദര്‍ മാര്‍ക്ക്‌ സുക്കന്‍ ബര്‍ഗിനെക്കുറിച്ചു അങ്ങോരുടെ ഫാദറ് പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ട് fb യില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായിട്ടു ഓടുമ്പോള്‍, ഫുള്‍ ടൈം net ഇല്‍ കുരുങ്ങുമ്പോള്‍... കണ്ണിന്‍റെ ഫിലമന്റ് അടിച്ചു പോകാതെയും, ആ സമയം കൊണ്ട് ആസ്വദിക്കാമായിരുന്ന മനോഹരമായിട്ടുള്ള മറ്റു പലതും നഷ്ട്ടപ്പെടാതെയും ശ്രദ്ധിക്കുക...

ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക്‌ സുക്കന്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക്‌ എന്‍റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചിലരുടെയൊക്കെ ജീവിതത്തിലെ ഏക ആശ്രയം internet ഉം social networking site കളുമൊക്കെയാണെന്നുള്ള കാര്യം ഞാന്‍ മറന്നിട്ടുമില്ല. എന്നാല്‍ നിരവധി നന്‍മകളുള്ള ഒരു social networking site ന് നമ്മുടെയൊക്കെ വിലപ്പെട്ട ഈ ജീവിതത്തില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം ചിലര്‍ കൊടുക്കുന്നത് കാണുമ്പോള്‍ ജീവിതം ഫേസ്ബുക്ക്‌ നക്കിപ്പോകരുത് എന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് keyboard കണ്ടപ്പോള്‍ അറിയാതെ ടൈപ്പ് ചെയ്തു പോയതാണ്...

അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ... കഴിഞ്ഞ ദിവസം ഇട്ട ഫോട്ടോയ്ക്ക് comment വല്ലതും വന്നിട്ടുണ്ടോന്നു നോക്കട്ടെ ഹി ഹി ഹീ :)

Related post: ദൈവത്തിന്‍റെ Status Update !!!

30 September 2011

പ്രശസ്തി

ജെനിത് വചനം

"പ്രശസ്തി ഒരുതരം ലഹരിയാണ്... ഒരിക്കല്‍ നുണഞ്ഞാല്‍ പിന്നീട് ഉപേക്ഷിയ്ക്കാന്‍ പ്രയാസമുള്ള ലഹരി"


19/08/2011 ന് വൈകുന്നേരം ഓഫീസില്‍ വെച്ച് നടത്തിയ പ്രഭാഷണത്തില്‍ നിന്ന് :)

10 September 2011

കറുത്ത ചിരി

ചിലര് വര്‍ഷങ്ങളായി ഉമിക്കരിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്
ചിലരിപ്പോഴും മാവിലയും
ചിലരുപയോഗിക്കുന്നത് പല്‍പ്പൊടിയാണ്
ചിലരോ? ടൂത്ത് പേസ്റ്റും...
ചിലര് ഓര്‍ബിറ്റ് വൈറ്റ് 4 നേരം ചവയ്ക്കുന്നുണ്ട്
മറ്റു ചിലരാകട്ടെ പുതിയ രീതികള്‍ പരീക്ഷിക്കുന്നു
ഇതൊക്കെയും അവരുടെ പല്ലുകളെ വെളുപ്പിക്കുന്നുണ്ട്...
എങ്കിലും അവരുടെയൊക്കെ ചിരിയുടെ നിറം ഇപ്പോഴും 'കറുപ്പാണ്'

25 August 2011

'പുതിയ പാഠങ്ങള്‍'

എന്‍റെ ഹൃദയമിപ്പോള്‍ അതിനു സജ്ജമായിരിക്കുന്നു
എന്‍റെ തലച്ചോറിപ്പോള്‍ അതിന് സമ്മതം മൂളാന്‍ തുടങ്ങിയിരിക്കുന്നു
എന്‍റെ ശരീരമിപ്പോള്‍ അതിനോട് താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു

അതെ..

കണ്ണു നിറയാതെ കരയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു
ആരോരുമറിയാതെ കരയാന്‍ ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...

19 June 2011

എങ്ങനെ 'NO' പറയാം

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള  മലയാള മനോരമയുടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിന്‍ ആണ് 'കുടുംബരമ' അതിലേക്കു വേണ്ടി Soft skills അടിസ്ഥാനമാക്കി ഒരു ആര്‍ട്ടിക്കിള്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ പറ്റിപ്പോയതാണ്. അവരെല്ലാവരും അനുഭവിച്ചു, ഇനി നിങ്ങളും കൂടി അനുഭവിച്ചു കൊള്‍ക... :)


ചില അവസരങ്ങളില്‍ പറഞ്ഞിരിക്കേണ്ടതും എന്നാല്‍ പലപ്പോഴും എനിക്കയ്ക്കടക്കം പലര്‍ക്കും പറയാന്‍ പറ്റാതെ വന്നിട്ടുള്ളതുമായ ഒരു വാക്ക് അതാണ് ' No '. എന്നാല്‍ ഞാന്‍ പറയുന്നു പാചകം ഒരു കലയാണെന്നൊക്കെ പറയുന്നത് പോലെ ചില അവസരങ്ങളില്‍ നല്ല രീതിയില്‍ ' No ' പറയുന്നതും ഒരു കലയാകുന്നു. കല കലാമണ്ടലത്തില്‍ പഠിപ്പിക്കാത്തത് കൊണ്ടും, വിജയകരമായി അത് പറയുന്ന കലാകാരന്‍മാര്‍ നാട്ടില്‍ കുറവായത് കൊണ്ടും, കലയുടെ മാഹാത്മ്യം മനസിലാക്കി നമ്മളത് സ്വയം പഠിച്ചെടുക്കേണ്ടാതാകുന്നു. കാരണം ആത്മവിശ്വാസത്തോടു കൂടി Yes എന്ന് പറയുന്നത് പോലെ തന്നെ ഭംഗിയായി No എന്ന് പറയാനും ഒരാള്‍ പഠിച്ചിരിക്കണം. അയാളാണ് ഒരു യദാര്‍ത്ഥ '.പ്രൊഫഷണല്‍'

പലപ്പോഴും പലരും No പറയാന്‍ മടിക്കുന്നതിന് പുറകിലുള്ള കാരണം അത് കേള്‍ക്കേണ്ടി വരുന്നയാളെ മുഷിപ്പിക്കേണ്ടി വരുമല്ലോ എന്ന മുഷിഞ്ഞ ഒരു ചിന്തയാണ്. എന്‍റെ അഭിപ്രായത്തില്‍ അങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് Yes പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ പാട്ട് സീന്‍ forward ചെയ്യുന്നത് പോലെ മനസ്സില്‍ ഒന്ന് fast forward ചെയ്തു നോക്കിയാല്‍ മതി, അപ്പോള്‍ BP കൂടുന്നതായും, ഹൃദയം 'No No' 'No No' 'No No' എന്ന താളത്തില്‍ മിടിക്കുന്നതായും താളം വാക്കുകളായി പുറത്തു വരുന്നതും അനുഭവിച്ചറിയാവുന്നതാണ്. അങ്ങനെ No പുറത്തേക്കു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

ചില അവസങ്ങളില്‍ No എന്ന് പറയുന്നത് അത് പറയാതിരിക്കുന്നതിനെക്കള്‍ അപകടമുണ്ടാക്കാറുണ്ട്. എന്തുകൊണ്ട് No? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ വരുമ്പോഴാണത്. ശക്തവും വ്യക്തവുമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ No ന്യായീകരിക്കപ്പെടാം. അതുപോലെതന്നെ ചിലരോട് മുഖത്തടിച്ചത് പോലെ ഒറ്റയടിക്ക് No പറയുന്നതിന് പകരം മധുരത്തില്‍ പൊതിഞ്ഞു കൊടുക്കുന്ന ഹോമിയോ മരുന്ന് പോലെ അല്പം മധുരമൊക്കെ ചേര്‍ത്ത്, വളഞ്ഞ് മൂക്ക് പിടിക്കുന്നത്‌ പോലെ ഇത്തിരി വളഞ്ഞു ചുറ്റി No പറയുക എന്ന മാര്‍ഗവും സ്വീകരിക്കാവുന്നതാണ്. "നാളെ മുതല്‍ നീയാണ് എന്‍റെ സ്ഥാനത്ത്...!!! എന്ന് പടച്ച തമ്പുരാന്‍ നമ്മളോട് പറഞ്ഞാലും ഇപ്പറഞ്ഞ രീതിയിലാണ് No പറയുന്നതെങ്കില്‍ കുഴപ്പമില്ല.

ഉദാഹരണം:-

പടച്ചോന്‍ : "ജെനിത്തെ നിന്നെ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു! അത്തുകൊണ്ട് എന്‍റെ ചുമതലകള്‍ മുഴുവന്‍ ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ്, നാളെ മുതല്‍ നീയാണ് എന്‍റെ സ്ഥാനത്ത്...!!! എനിക്ക് കുറച്ചു നാള്‍ ഒരു വിശ്രമവും ആവുമല്ലോ... എന്തു പറയുന്നു?" ഞാന്‍ : "എന്‍റെ പോന്നു പടച്ചോനേ... ഞാന്‍ അതിനു ശരിയാവില്ല. സ്ഥാനത്ത് ഇരിക്കാന്‍ മാത്രമുള്ള പക്വതയോ വിവരമോ കഴിവുകളോ എനിക്കില്ല. പിന്നെ ഞാന്‍ സ്ഥാനത്ത് വന്നാല്‍ ഒരുപക്ഷെ സ്വര്‍ഗത്തിലെ maintenance വര്‍ക്കുകള്‍ക്ക് പകരം സ്വന്തം വീടിന്‍റെ maintenance വര്‍ക്കുകളില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നു വരാം, വേണ്ടപ്പെട്ട ചിലരുടെ പ്രാര്‍ത്ഥനകളോട് പ്രത്യേക താല്പര്യം കാണിച്ചേക്കാം, സ്വന്തം നിലയോര്‍ക്കാതെ tention വരുമ്പോള്‍ "ദൈവമേ" എന്ന് വിളിച്ചേക്കാം, മാത്രമല്ല ഞായറാഴ്ചകളില്‍ ഒരു സിനിമയ്ക്ക് പോകാനോ വൈകുന്നേരങ്ങളില്‍ ഒന്ന് ബീച്ചില്‍ പോയിരിക്കാനോ എനിക്ക് പറ്റുകയുമില്ല. അതുകൊണ്ട് പടച്ചോന് ഒന്നും തോന്നരുത്, എനിക്കതിന് കഴിയില്ല"

ഇത് മുഴുവന്‍ ചെക്കിങ്ങിന്‍റെ സമയത്ത് പോലീസുകാരോട് കാണിക്കുന്ന വിനയത്തോടു കൂടിയും close - up പുഞ്ചിരിയോട്‌ കൂടിയും പറഞ്ഞാല്‍, പടച്ചോനാണെങ്കിലും പറയും കൊയയപ്പ്ല്ലാ ഞമ്മള് ബേറെ ആളെ നോയ്ക്കോളം മോനേ ന്ന്...!. ഇതില്‍ ചിരി എന്ന് പറയുന്നത് ബോബന്‍റെയും മോളിയുടെയും കൂടെ പട്ടി എന്ന പോലെ, പറഞ്ഞുകൊണ്ടിരിക്കുന്ന സമയം മുഴുവനും മുഖത്ത് വേണ്ട ഒന്നാണ്. കാരണം അനിഷ്ടമുണ്ടാക്കുന്ന ഒരുവിധപ്പെട്ട കാര്യങ്ങളും നല്ല ഒരു ചിരിയോടു കൂടി നമ്മള്‍ക്ക് പറയാവുന്നതാണ്. അങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ക്ക് ഇങ്ങോട്ട് No എന്ന് പറയാന്‍ പറ്റാതാകും. ഇക്കാര്യത്തില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ യൂട്യൂബില്‍ കയറി "You Can Say Anything with a Smile" Ad Campaign നോക്കുക. വല കട്ട്‌ ആണെങ്കില്‍ സ്വയം പരീക്ഷിച്ചും നോക്കാവുന്നതാണ്. ദേ, ഞാന്‍ തുടങ്ങി...

ആര്‍ട്ടിക്കിള്‍ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു നേരില്‍ കാണുമ്പോള്‍ ആരും ഓട്ടോഗ്രാഫ് ചോദിക്കുകയോ ഡിന്നറിന് ക്ഷണിക്കുകയോ ഒന്നും ചെയ്യരുത് എനിക്കത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് 'No'

(ഇത് ചിരിച്ചു കൊണ്ട് പറയുന്ന എന്‍റെ മുഖം മനസ്സില്‍ സങ്കല്‍പ്പിക്കുക. പേടിയാകുന്നുണ്ടെങ്കില്‍ അതൊഴിവാക്കാം...)

29 May 2011

പിണക്കം തീര്‍ത്ത 'പുട്ട്'


പതിവു പോലെ അന്നും സൂര്യന്‍ കിഴക്കുദിച്ചിരുന്നു. പതിവില്ലാതെ അമ്മ കട്ടിലിന്‍റെ മുന്നിലും. തലേദിവസത്തെ ഉറക്കക്ഷീണം സൂര്യന്‍റെ മുഖത്തും ഞാന്‍ നേരത്തെ എണീക്കാത്തതിലുള്ള ദേഷ്യം അമ്മയുടെ മുഖത്തും പ്രകടം. അമ്മയുടെ മുഖം കൂടുതല്‍ സൂര്യപ്രഭയുള്ളതാകുന്നതിന് മുന്‍പ് ഞാന്‍ എണീറ്റ്‌ ബാത്ത് റൂമിലേക്ക്‌ ഓടി. നേരം വൈകിയതു കാരണം പെട്ടന്ന് തന്നെ ഒന്നും രണ്ടുമൊക്കെ തീര്‍ത്ത്, ഉറക്കം പോയതിലുള്ള ദേഷ്യം ഞാന്‍ ടൂത്ത് ബ്രഷിനോട് തീര്‍ത്തുകൊണ്ടിരിക്കുകയാണ്. നോക്കുമ്പോള്‍ കണ്ണാടിയില്‍ ജ്വലിക്കുന്ന അമ്മയുടെ മുഖം. ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി. അമ്മ ഒരുമാതിരി പാകിസ്ഥാന്‍ കാരുടെ കൂട്ട് ഒരു മുന്നറിയിപ്പുമില്ലാതെ ഷെല്ലാക്ക്രമണം തുടങ്ങിയിരിക്കുന്നു.

"പോത്ത് പോലെ വളര്‍ന്നല്ലോടാ, ആ കട്ടില് കിടക്കണ കണ്ടോ...?"
പുറത്തു വല്ല പോത്തുകളുമുണ്ടോ എന്ന് ഞാന്‍ ജനാലയിലൂടെ നോക്കി. ഭാഗ്യം ഇല്ല!!
അമ്മ തുടരുകയാണ്...
"രാവിലെ എണീറ്റ്‌ പോകുമ്പോള്‍ കിടക്ക ശരിയാക്കിയിട്ട് പോകണമെന്നും പുതപ്പു മടക്കി വെയ്ക്കണമെന്നുമൊക്കെ എത്ര പ്രാവശ്യം നിന്നോടൊക്കെ പറയണമെടാ? നീയൊക്കെ എന്നാടാ ഇതെല്ലാം പഠിക്കാന്‍ പോകുന്നത്???"
ബ്രഷ് എന്‍റെ പല്ലുകള്‍ക്കിടയില്‍ കിടന്ന് കൂടുതല്‍ ഞെരിഞ്ഞു.
"നാല് കാശ് സ്വന്തമായിട്ട് സമ്പാദിക്കാന്‍ തുടങ്ങിയിട്ടും നിനക്കൊന്നും ഉത്തരവാദിത്തബോധമില്ലെന്നു വെച്ചാല്‍... എടാ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്നവനായിരുന്നു മഹാത്മാ ഗാന്ധി".

അമ്മ ഇതിലേക്ക് ഗാന്ധിജിയെ കൊണ്ട് വരുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. സഹികെട്ട് ഞാന്‍ പറഞ്ഞു.

"അതുകൊണ്ടിപ്പോ എന്താ പ്രശനം പല്ല് തേച്ചു കഴിഞ്ഞ് ഞാന്‍ മടക്കി വെച്ചാ പോരെ??"
"നീ എപ്പോഴെങ്കിലും മടക്കി വെയ്ക്ക്. നീയൊക്കെ കെട്ടിക്കൊണ്ടു വരുന്ന പെണ്ണ് ഇതൊന്നും കണ്ടറിഞ്ഞ് ചെയ്യാത്തവളായിരിക്കണം അപ്പോഴേ നീയൊക്കെ പഠിക്കൂ..."

തല്‍ക്കാലത്തേക്ക് രക്ഷപ്പെടാനായി ഞാന്‍ വീണ്ടും ഓടി ബാത്ത് റൂമില്‍ കയറി. കുളികഴിഞ്ഞ് ഡ്രസ്സ്‌ ചെയ്തു ബാഗുമെടുത്ത്‌ ഞാന്‍ പോകാന്‍ റെഡിയായി. കട്ടിലാണെങ്കില്‍ പഴയത് പോലെ തന്നെ കിടക്കുന്നു. ഞാന്‍ വീണ്ടും മറന്നു...

അമ്മ പ്രഭാഷണം തുടരുകയാണ്... കഴിഞ്ഞ 2 കൊല്ലത്തിനുള്ളില്‍ ഉഴപ്പിയതും ഉത്തരവാദിത്തക്കൂടുതല്‍ കൊണ്ട് ഞാന്‍ ചെയ്യതിരുന്നതുമായ സകലമാന കാര്യങ്ങളും ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നുണ്ട്. അതിനിടയില്‍ മീന്‍ ഫ്രിഡ്ജില്‍ വെയ്ക്കാന്‍ വന്ന അപ്പുറത്തെ വീട്ടിലെ ചേച്ചിയോടും അമ്മ എന്‍റെ കുറ്റങ്ങള്‍ നിരത്താന്‍ തുടങ്ങി...

അതെനിക്ക് പിടിച്ചില്ല. ഇത്രേം നേരമുള്ളത് സഹിക്കാം ഇതൊരുമാതിരി...

ഞാന്‍ പൊട്ടിത്തെറിച്ചു.

ഭാഗ്യം ആര്‍ക്കും കാര്യമായ പരിക്കുകളില്ല...

"എന്‍റെ കാര്യം നോക്കാന്‍ എനിക്കറിയാം... കട്ടില് നേരെയാക്കിയില്ല എന്നും പറഞ്ഞ് ഒരു മനുഷ്യന്‍ എങ്ങനെയാണ് ഉത്തരവാദിത്തമില്ലാത്തവനാകുന്നത്? അമ്മയ്ക്ക് പറ്റില്ലെങ്കില്‍ അത് പറ..." എന്നിങ്ങനെ എണ്ണിപ്പെറുക്കിപ്പറഞ്ഞു തുടങ്ങിയിട്ട് - ‍നിര്‍ത്തിയത്"എനിക്ക് " breakfast വേണ്ട...!! എന്ന വാചകങ്ങളിലാണ്...

അത് കേട്ടപ്പോള്‍ അമ്മ silent ആയി. അല്ലെങ്കിലും മക്കള് ഭക്ഷണം കഴിക്കുന്നില്ല എന്ന് വന്നാല്‍ അമ്മമാരിളകും. എങ്കിലും പറഞ്ഞത് അബദ്ധമായി എന്ന് തോന്നി. കാരണം പതിവിലും നേരത്തെ എണീറ്റ കാരണം നല്ല വിശപ്പുണ്ടായിരുന്നേ... പോരാത്തതിന് എല്ലാ പ്രവശ്യത്തെയും പോലെ ഭക്ഷണം കഴിക്കാനായിട്ട് അമ്മയാണെങ്കില്‍ കാര്യമായിട്ട് നിര്‍ബന്ധിക്കുന്നുമില്ല.

ഞാന്‍ നോക്കുമ്പോള്‍ ഇതൊക്കെ കണ്ടും കെട്ടും എ. കെ. ആന്റണിയെപ്പോലെ  പ്രതികരിക്കാതിരിക്കുന്ന എന്‍റെ അപ്പച്ചന് അമ്മ ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്. പ്ലേറ്റിലേക്ക് നോക്കിയപ്പോള്‍ പുട്ടും കടലക്കറിയുമാണ്. 'നമ്മുടെ പ്രിയ വിഭവം'. അത് കണ്ടപ്പോള്‍ തന്നെ എന്‍റെ ദേഷ്യം പകുതി പോയി. "ഞാന്‍ കഴിക്കാം" എന്ന് പറയാന്‍ എന്‍റെ ആത്മാഭിമാനമാണെങ്കില്‍ എന്നെ അനുവദിക്കുന്നുമില്ല.

ഞാന്‍ അമ്മയെ നോക്കി അമ്മ മൈന്‍ഡ് ചെയ്യുന്നില്ല.

അടുത്ത നോട്ടത്തില്‍ കാണുന്നത് തകര്‍ന്നു കിടക്കുന്ന പുട്ടിന്‍ തരികളിലൂടെ സുനാമി അടിച്ച് കയറണ പോലെ ആവി പറക്കുന്ന കടലക്കറി കയറുന്ന കാഴ്ചയാണ്. ഞാന്‍ മെല്ലെ കസേരയിലേക്ക് ഇരുന്നു. എന്നിട്ട് ആലോചിച്ചു പിണക്കമാണോ വലുത് പുട്ടും കടലക്കറിയുമാണോ? അപ്പോഴേക്കും കടലക്കറിയുടെ മണം, KSRTC  ബസ്സ്‌ വയനാട് ചുരം കയറണ പോലെ മൂക്കിലൂടെ അരിച്ചു കയറാന്‍ തുടങ്ങി. ആപ്പോഴാണ് എന്‍റെ ഹൃദയം തകര്‍ക്കുന്ന ആ സംഭവം നടന്നത്. അടുത്ത പുട്ടിന്‍റെ കഷണം കൂടി അപ്പച്ചന്‍ പ്ലേറ്റിലേക്ക് ഇട്ടു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ അമ്മ കറിയും.

പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല......... (അമ്മയുടെ മുഖം പോലും)

******************

അന്നത്തെ പുട്ടിനും കടലക്കറിക്കും പതിവിലും രുചിയുണ്ടായിരുന്നു...

കഴിച്ച് കഴിഞ്ഞ് ബൈക്ക് എടുക്കാനായി പുറത്തിറങ്ങിയ എന്നെ നോക്കി സൂര്യന്‍ ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ സൂര്യനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. പുള്ളി ചിരിച്ചു. ഞാന്‍ ചിന്തിച്ചു. അന്നത്തെ പുള്ളിയുടെ പ്രാതലും പുട്ടും കടലയുമായിരുന്നോ എന്ന്...

08 May 2011

ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!

Town വരെ ഒന്ന് പോകാന്‍ വേണ്ടിയാണ് രഘുവിനോട് ബൈക്ക് ചോദിച്ചത്. ചാവി തരുമ്പോള്‍ സ്വന്തം വണ്ടി മനസില്ലാ മനസ്സോടെ കൊടുക്കേണ്ടി വരുന്ന ഏതൊരാളും മനസ്സില്‍ പറയാറുള്ള " കൊണ്ട് പോയി തിന്നെടാ തെണ്ടീ" എന്നീ തിരുവചനങ്ങള്‍ രഘുവും പറഞ്ഞിരുന്നോ എന്നറിയില്ല. ഏതായാലും ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. രഘുവിന്റെ മനസ് മാറുന്നതിനു മുന്‍പ് വണ്ടി എടുക്കാനായി ഞാന്‍ പാര്‍ക്കിങ്ങിലേക്ക്  ഓടി...

നോക്കുമ്പോള്‍ Hero Honda Splendor ഇറങ്ങിയ കൊല്ലം വാങ്ങിച്ച ഒരു Splendor. കണ്ടാല്‍ ഖനനം ചെയ്തെടുത്തതാണോ എന്ന് സംശയം തോന്നും കാരണം അത്രയ്ക്ക് പൊടിയാണ്. കാഷ്ട്ടിക്കാന്‍ പാകത്തിന് വെച്ചാലും കാക്ക പോലും കാഷ്ട്ടിക്കില്ല. ഏതു കളര്‍ ആണെന്ന് catelog നോക്കിയാലേ ഉടമസ്ഥനു പോലും പറയാന്‍ പറ്റൂ. വൈശാലി സിനിമയിലെ അംഗ രാജ്യം പോലെ വെള്ളം കണ്ടിട്ട് കുറേ നാളായിട്ടുണ്ടാവുമെങ്കിലും അതിന്റെ ഉടമസ്ഥനായ ലോമപാദന് അതിലൊന്നും വലിയ താല്പര്യമില്ലാത്തതുകൊണ്ട് തന്നെ അതിന്റെ ഒറിജിനല്‍ കളര്‍ വീണ്ടെടുക്കാന്‍ ഒരു ഋഷ്യസൃംഘനേയും അദ്ദേഹം അനുവദിക്കാറുമില്ല. അതുകൊണ്ടുതന്നെ ചില K.S.R.T.C ബസില്‍ കയറിയാല്‍ ഇരിക്കാറുള്ളതുപോലെ ശകടത്തില്‍ നിന്നും ദേഹത്ത് അഴുക്കു പറ്റാത്ത രീതിയില്‍ സൂക്ഷിച്ചു കയറി ഇരുന്നു. ക്ലച്ച് കിടക്കുന്നത് കണ്ടപ്പോള്‍ കരച്ചില് വന്നു. ആരോ തല്ലിയൊടിച്ച പോലെയാണ് കിടപ്പ്. കാലപ്പഴക്കം കാരണം കീ ഹോളിന്റെ വ്യാസം ദിവസം ചെല്ലുംതോറും കൃത്യമായ അളവില്‍ കൂടിക്കൊരിക്കുന്നതുകൊണ്ട് ആ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ചാവി വേണമെന്നില്ല ഒരു 25 പൈസ കിട്ടിയാലും മതിയായിരുന്നു. കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ 50 പൈസയും മതിയാകും...

(സംശയിക്കരുത്‌...! സത്യമായിട്ടും അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല).

ഭാഗ്യം ഒറ്റ ചവിട്ടിനു തന്നെ സ്റ്റാര്‍ട്ട്‌ ആയി. അതൊരു പ്രധാന ആകര്‍ഷണമാണെന്ന് രഘു പറഞ്ഞിരുന്നു. അടുത്തയിടെ വാങ്ങിച്ച എന്റെ ബൈക്ക് പോലും മൂന്നാമത്തെ ചവിട്ടിനേ സ്റ്റാര്‍ട്ട്‌ ആകാറുള്ളൂ. ഇനിയും എന്തെല്ലാമാണ് എന്നെ വിസ്മയിപ്പിക്കാനായി കാത്തിരിക്കുന്നത് എന്ന ആകാംഷയോടെ ഞാന്‍ മുന്നോട്ടു പോയി. ഒന്ന് ഹോണ്‍ അടിച്ചേക്കാം എന്ന മോഹവുമായി ഞാന്‍ handle ലെ ഏതോ ഒരു കുഴിയില്‍ നിന്നും ഹോണ്‍ ബട്ടണ്‍ തോയെടുത്ത് അതില്‍  വിരലമര്‍ത്തി. ആട് കരയുന്നത് പോലെയുള്ള ഒരു ശബ്ദം കേട്ട് ഞാന്‍ ചുറ്റും നോക്കി. വേറെ എങ്ങുനിന്നുമല്ല ബൈക്കില്‍ നിന്ന് തന്നെയാണ്. അത് ഉറപ്പു വരുത്താനായി ഞാന്‍ ഒന്നു കൂടി ബട്ടണില്‍ വിരലമര്‍ത്തി ശബ്ദം അവിടുന്ന് തന്നെ... ശബ്ദത്തില്‍ സംഗതിക്ക് കുറവൊന്നുമില്ലെങ്കിലും ശ്രുതി പലയിടത്തും തെറ്റുന്നുണ്ട്‌, ഷട്ജമാണെങ്കില്‍ ഒട്ടുമില്ല. അതില്‍ ഞെക്കുമ്പോള്‍ ഹോണ്‍ അടിച്ചിരുന്നോ എന്നാ മട്ടില്‍ ചിലര്‍ തിരിഞ്ഞു നോക്കും അപ്പോള്‍ നമ്മള്‍ അതെ എന്ന ഭാവത്തില്‍ തലകുലുക്കണം അപ്പോഴേ ആശയവിനിമയം വിജയകരമാകൂ. പിന്നെ ഹോണിനു ശബ്ദമില്ലെങ്കിലും വണ്ടിക്കു മൊത്തത്തില്‍ നല്ല ശബ്ദമില്ലേ എന്ന് ചിന്തിച്ച് ഞാന്‍ ആശ്വസിച്ചു. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ഇളകി വീഴുന്നത് പോലെ തോന്നുമെങ്കിലും അതൊന്നും കാര്യമാക്കരുത് എന്ന് രഘു പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. Honda CBR ഓടിക്കുന്നതിനേക്കാള്‍ ആളുകളുടെ ശ്രദ്ധ കിട്ടുന്നുണ്ട്‌ എന്ന് മനസിലാക്കിയ എനിക്ക് ചെറിയൊരു ചമ്മല്‍ തോന്നിയെങ്കിലും "അത് കാര്യമാക്കരുത് സധൈര്യം മുന്നോട്ടു പോകൂ ജെനിത്തേ" എന്നെന്റെ മനസ് എന്നോട് മന്ത്രിച്ചു. പെട്രോള്‍ പമ്പിന്റെ മുന്നിലൂടെ പോയാല്‍ തന്നെ, പിന്നെയും ഒരു 1 k m കൂടി മൈലേജ് കിട്ടുന്ന യാണെങ്കിലും, വണ്ടി വാങ്ങിച്ചു കൊണ്ട് പോയാല്‍ പെട്രോള്‍ അടിക്കാത്ത കരിങ്കാലികളുടെ കൂട്ടത്തില്‍ എന്നെ ആരും പെടുത്തരുത് എന്ന ആഗ്രഹമുള്ളത്‌ കൊണ്ട് പെട്രോള്‍ അടിച്ചേക്കാമെന്ന്  വെച്ചു. 30 ല്‍ കൂടുതല്‍ രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ ടാങ്കിന്റെ ഉള്ളില്‍ മുകള്‍ ഭാഗത്തായുള്ള  തുരുമ്പ് ഇളകി വീണു പ്രശ്നമാകാന്‍ സാധ്യതയുള്ളതുകൊണ്ടും മുന്‍പൊരിക്കല്‍ 100 രൂപയ്ക്ക് ഇതില്‍ പെട്രോള്‍ അടിച്ചപ്പോള്‍ ദഹനക്കേട് മാറാനായി 2 pudin hara വാങ്ങിച്ച് ടാങ്കില്‍ ഇടേണ്ടി വന്ന ഒരാളുടെ അനുഭവം മറന്നിട്ടില്ലാത്തത് കൊണ്ടും 30 രൂപയ്ക്ക് മാത്രം പെട്രോള്‍ അടിച്ചു. കൂടുതല്‍ നേരം ഈ ബൈക്കിലുള്ള യാത്ര ആരോഗ്യത്തിനു ഹാനികരമാകും എന്ന് മനസിലാക്കിയ ഞാന്‍ എത്രയും പെട്ടന്ന് ആ ബൈക്ക് കൊണ്ട് ചെയ്യേണ്ട കാര്യം ചെയ്തു തീര്‍ത്തു ബൈക്ക് രഘുവിന് തിരിച്ചേല്‍പ്പിച്ചു. ഈ ബൈക്ക് വളരെ കുറച്ചു നേരം ഓടിച്ചതില്‍ നിന്നും എനിക്ക് മനസിലാക്കാനായത് പ്രധാനമായും 3 കാര്യങ്ങളാണ്‌
  1. ദൈവം എന്നൊരു ശക്തി ഉണ്ട്.
  2. ചമ്മല്‍, നാണക്കേട്‌, ഉളുപ്പ്, ആത്മാഭിമാനം എന്നീ വികാരങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ലെങ്കില്‍ വണ്ടി ഇങ്ങനെയും സൂക്ഷിക്കാം, ഈ വണ്ടിയും ഓടിക്കാം.
  3. നമ്മള്‍ വണ്ടിയെ നോക്കിയില്ലെങ്കിലും വണ്ടി നമ്മളെ നോക്കിക്കൊള്ളും. തെങ്ങും വണ്ടിയും ചതിക്കില്ല.
സ്വന്തം വണ്ടി ഇങ്ങനെ സൂക്ഷിക്കുന്ന ആയിരക്കണക്കിന് രഘുമാര്‍ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെയുള്ളവര്‍ പൊതുവേ എല്ലാക്കാര്യങ്ങളിലും careless mind ഉള്ളവരായിരിക്കും. ഇവരില്‍ കൂടുതല്‍ പേരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ കുറച്ചു പ്രയാസം കാണിക്കുന്നവരായിരിക്കും. വെള്ളം പോകുന്ന പുറകേ മീനും എന്ന് പറയുന്നത് പോലെയായിരിക്കും ഇവരുടെ ഒരു ജീവിത രീതി. എന്തായാലും ഇങ്ങനെയുള്ളവര്‍ക്ക് ഒരു മാതൃകാപുരുഷോത്തമനായിക്കൊണ്ട് ഞാന്‍ എന്റെ വണ്ടി കഴുകാനായിട്ടു പോവുകയാണ്. പോകുന്നതിനു മുന്‍പ് പ്രശസ്ത ബൈക്ക് മെക്കാനിക് ബൈജേഷ് ബോള്‍ട്ട് നിരത്തിയപ്പോള്‍ തെളിഞ്ഞ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

"സ്വന്തം വണ്ടി എന്ന് പറയുന്നത് സ്വന്തം ഭാര്യയെപ്പോലെയാണ്. നന്നായി നോക്കിയാല്‍ കുടുംബം കോഞ്ഞാട്ടയാവില്ല. എന്ന് മാത്രമല്ല വണ്ടി നന്നായി നോക്കിയാല്‍ ഓട്ടോമൊബൈല്‍ ദൈവങ്ങളുടെ അനുഗ്രഹമുണ്ടാകും. ഇല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ബ്ലോക്കില്‍ കുടുങ്ങുക, ടയര്‍ പഞ്ചര്‍ ആവുക, ലിഫ്റ്റ്‌ കൊടുത്തവന്‍ തലവേദനയാവുക, എവിടെ വെച്ചാലും വണ്ടിയില്‍ കാക്ക കാഷ്ട്ടിക്കുക, അപ്രതീക്ഷിതമായി പെട്രോള്‍ തീര്‍ന്നു വണ്ടി തള്ളേണ്ടി വരിക തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ പ്രതീക്ഷിക്കാം...'

വാങ്ങിയ നാളുകളില്‍ വണ്ടിയെ പോന്നു പോലെ നോക്കുകയും പിന്നീടു വലിയ സ്നേഹം വണ്ടിയോട് കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ !!!

17 April 2011

ഓപ്പറേഷന്‍ പാല്‍പ്പൊടിയും ദോസ്ത് ജിംനേഷ്യവും... (College Days Part 4)


ഓണാട്ടുകര പാരലല്‍ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ റൂം ഒരു ഫാസ്റ്റ് ഫുഡിന്‍റെ സെറ്റപ്പിലുള്ളതായിരുന്നു എന്ന് ഞാന്‍ മുന്‍ഭാഗങ്ങളില്‍ സൂചിപ്പിച്ചിരുന്നല്ലോ. അവിടെ ഹീറ്ററിനും ചായപ്പൊടിക്കും ഗ്ലാസ്സുകള്‍ക്കും ഒക്കെ അപ്പുറത്ത്, ഒരു സൈഡിലായി ATM countar ന് മുന്നിലിരിക്കുന്ന സെക്യൂരിറ്റിയെ പോലെ, പ്രത്യേകിച്ചൊരു വികാരവുമില്ലാതെ ഇരിക്കുന്ന പാല്‍പ്പൊടിക്കുപ്പിയിലായിരുന്നു പലപ്പോഴും +2 പാസ്‌ ആവുന്നതിനെക്കാള്‍ ശ്രദ്ധ ഓണാട്ടുകര കോളേജിലെ പഠനകാലയളവില്‍ ഞങ്ങള്‍ കൊടുത്തിരുന്നത്.

'ഓപ്പറേഷന്‍ പാല്‍പ്പൊടിയുടെ' മാസ്റര്‍ പ്ലാന്‍ ഇങ്ങനെ...

ഓഫീസ് റൂമില്‍ ആരുമില്ലാത്ത സമയം നോക്കി ഞങ്ങള്‍ അവിടെ കയറും, ഒരുത്തനെ റൂമിന് പുറത്തു കാവല്‍ നിര്‍ത്തും. മൂന്നാം നിലയില്‍ നടന്നു കൊണ്ടിരിക്കുന്ന ക്ലാസുകള്‍ എപ്പോഴാണ് നില്‍ക്കുക എന്നറിയാന്‍ പറ്റില്ല. സാധാരണ കോളേജുകളിലെല്ലാം ക്ലാസുകള്‍ നിലയ്ക്കുമ്പോഴാണല്ലോ കുട്ടികളുടെ ഒച്ച പൊങ്ങാറുള്ളത്, അപ്പോള്‍ ക്ലാസ്സ്‌ കഴിഞ്ഞു എന്നുള്ളത് മനസിലാക്കാം. എന്നാല്‍ ഓണാട്ടുകര കോളേജിലെ ക്ലാസ്സുകളില്‍ ടീച്ചര്‍മാര്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം ഒരേ ശബ്ദകോലാഹലമാണ്. അതുകൊണ്ട് ക്ലാസുകള്‍ കഴിഞ്ഞു ടീച്ചര്‍മാര്‍ രണ്ടാമത്തെ നിലയിലെ പ്രിന്‍സിപ്പലിന്‍റെ റൂമിലേക്ക്‌ ഇറങ്ങുന്നുണ്ടോ എന്ന് നോക്കാനായി പ്രിന്‍സിപ്പലിന്‍റെ റൂമിന് പുറത്ത് ഒരുത്തനെ കാവല്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അവന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ മേജര്‍ മഹാദേവനും കൂട്ടരും അണ്ണാക്കിലേക്കും കൈയിലേക്കും പാല്‍പ്പൊടി തട്ടുന്ന പ്രവര്‍ത്തി stop ചെയ്യുകയും resume ചെയ്യുകയുമൊക്കെ ചെയ്തിരുന്നത്. പിന്നെ എല്ലാ ടീച്ചര്‍മാരും കൂടി എന്തിനാണ് പ്രിന്‍സിപ്പലിന്‍റെ റൂമിലേക്ക്‌ വരുന്നത് എന്ന് ചോദിച്ചാല്‍... അവര് പിന്നെ വേറെ എവിടെ പോകും? എല്ലാവര്‍ക്കും കൂടി ആകെ ഒരു റൂമേ ഉള്ളൂ. ഒരുമയുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്‍റെ റൂമിലും കഴിയാം എന്നുള്ള ഒരു ചൊല്ല് തന്നെ അക്കാലത്തു ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.

പലര്‍ക്കും പാറാവുകാരന്‍റെ റോള്‍ ഏറ്റെടുക്കാന്‍ മടിയായിരുന്നു. അതിനു പുറകിലുള്ള കാരണം പലപ്പോഴും കാവല്‍ നില്‍ക്കുന്നവന് risk ഉം കാലിയായ പാല്‍പ്പൊടിക്കുപ്പി കാണാനുള്ള സുവര്‍ണാവസരവുമായിരിക്കും മിച്ചം എന്നുള്ളതാണ്. അധികവും അതിനു ഭാഗ്യം കിട്ടിയിരുന്നത് ബബീഷിനായിരുന്നു. എങ്ങനെ കാലിയാവാതിരിക്കും അത്രയ്ക്ക് ടേസ്റ്റ് അല്ലായിരുന്നോ!! അമൂല്യ കമ്പനിക്കാര് ഞങ്ങളുടെ ഓണാട്ടുകര കോളേജിനു വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന പാല്‍പ്പൊടിയാണോ എന്നു വരെ അന്ന് ഞാന്‍ സംശയിച്ചിരുന്നു. അന്ന് കട്ട് തിന്ന പാല്‍പ്പൊടിയുടെ ടേസ്റ്റ് പിന്നെ പൈസ കൊടുത്തു വാങ്ങിച്ചു കഴിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അതുപിന്നെ കട്ട് തിന്നുന്ന മുതലിന് ടേസ്റ്റ് കൂടും എന്നല്ലേ മഹാനായ ചെത്തുകാരന്‍ ചന്ദ്രേട്ടന്‍ ഒരിക്കല്‍ പനയുടെ മുകളിലിരുന്നപ്പോള്‍ പനച്ചിക്കാട്ടു ഭഗവതിയെ സത്യം ചെയ്തു പറഞ്ഞത്. ഈ മഹദ് വചനം കേട്ടിട്ടുള്ളതു കൊണ്ടും, പാല്‍പ്പൊടിക്കുപ്പിയുടെ വലിപ്പം അറിയാവുന്നത് കൊണ്ടും കുപ്പി പകുതിയാവാനുള്ള സമയം മനസ്സില്‍ കണക്കു കൂട്ടി "ദേ... ടീച്ചര്‍!! എന്ന് വിളിച്ച് ബബീഷ് ഞങ്ങളെ റൂമിന് പുറത്ത് എത്തിച്ച് കുപ്പി കൈക്കലാക്കാറുണ്ടായിരുന്നു.

ഒരു കാര്യം പറയാതെ വയ്യ ഓഫീസ് റൂമില്‍ വെച്ച് പാല്‍പ്പൊടി കട്ട് തിന്നാന്‍ സാധിക്കുന്ന ഏക കോളേജ് ആയിരുന്നു ഞങ്ങളുടെ ഓണാട്ടുകര കോളേജ്...

ആ പാല്‍പ്പൊടിയും 'ദോസ്ത്' ജിംനേഷ്യവുമായിരുന്നു ഞങ്ങളുടെ ആരോഗ്യത്തിന്‍റെ രഹസ്യം. മൂന്നാമത്തെ നിലയില്‍ ഒരു ഭാഗത്ത്‌ ക്ലാസ്സ്‌ റൂമുകളും മറു ഭാഗത്ത്‌ ജിംനേഷ്യവുമായിരുന്നു. കയറിച്ചെല്ലുമ്പോള്‍ വലത്തോട്ട് തിരിയണോ ഇടത്തോട്ട് തിരിയണോ എന്നുള്ള കണ്‍ഫ്യൂഷന്‍ ടോസ് ഇട്ടു തീര്‍ക്കും. Head വീണാല്‍ ക്ലാസ്സ്‌, tail വീണാല്‍ ജിംനേഷ്യം. ചില സമയത്ത് എട്ടു പ്രാവശ്യം ഇട്ടാലൊക്കെയാണ് tail വീഴാറ്. 'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ, ആരോഗ്യമുള്ള മനസിലേ പാഠഭാഗങ്ങള്‍ നില്‍ക്കൂ...' ഈ സത്യം ഞാന്‍ മനസിലാക്കിയത് എന്‍റെ ഓണാട്ടുകര കോളേജ് ദിനങ്ങളിലാണ്. എന്നേക്കാള്‍ വൈകിയാണ് ഇത് മനസിലാക്കിയതെങ്കിലും പിന്നെയങ്ങോട്ട് accountancy ക്ലാസ്സ്‌ കട്ട്‌ ചെയ്തു 2 കൈയ്യിലേയും മസിലുകള്‍ tally ആക്കാന്‍ പാടുപെട്ടിരുന്ന സുനീഷിന്‍റെ മുഖവും മസിലുകളും ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. പലരും ക്ലാസ്സില്‍ കൃത്യമായിട്ട്‌ ഹാജരാവാറില്ലായിരുന്നൂവെങ്കിലും ജിമ്മില്‍ കൃത്യമായിട്ട്‌ ഹാജരാവാറുണ്ടായിരുന്നു. മര്യാദയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ students ന് ഫീസ്‌ ഇളവൊക്കെ കിട്ടുമെങ്കിലും ജിംനേഷ്യത്തിലെ എല്ലാവരും സ്വന്തം മസിലുകളെ ഒരു നിലയില്‍ എത്തിക്കാനുള്ള തത്രപ്പാടിലായത് കൊണ്ട് ഞങ്ങളായിട്ട് ആരെയും ശല്യം ചെയ്യാന്‍ നില്‍ക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ എലി ബേക്കറിയില്‍ കയറിയ പോലെ ആവശ്യമുള്ളതൊക്കെ തോന്നിയ പോലെ എടുത്തു ഉപയോഗിച്ച് ഞങ്ങള്‍ അവിടെ കുന്തളിച്ചിരുന്നു.

ഈ ജിം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്നത് ഞങ്ങളുടെ കോളേജിലെ അഭിലാഷാണ് (ഞങ്ങള്‍ 'കട്ട' എന്ന് വിളിക്കും). അഭിലാഷിനെ കാണാന്‍ ഏതാണ്ട് നമ്മുടെ സിനിമാ നടന്‍ ഇന്ദ്രന്‍സിനെ പോലിരിക്കും. അവന്‍റെ ശരീരത്തില്‍ മസിലുകള്‍ വെച്ച് പിടിപ്പിക്കുകയല്ലാതെ വ്യായാമം വഴി അത് ഉണ്ടാക്കുക അസാധ്യമാണെന്നും എല്ലില്‍ മസില് വളര്‍ത്തുന്ന ഉപകരണങ്ങളൊന്നും തന്നെ അവിടെയില്ലെന്നും ജിം ഇന്‍സ്ട്രക്ട്ടര്‍ സ്വയം അവനോടു മോഴിഞ്ഞിട്ടുള്ളതാണെങ്കിലും അവന്‍റെ ഒരു സന്തോഷത്തിന് ജിമ്മില്‍ പോകുന്നു അത്രയേ ഉള്ളൂ. ഒരിക്കല്‍ ഈ ജിമ്മില്‍ ചേരാനായി വന്നവര്‍ കാര്യങ്ങള്‍ തിരക്കിയത് അപ്പോള്‍ ജിമ്മില്‍ കളിച്ചു കൊണ്ടിരുന്ന അഭിലാഷിനോടാണ് എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം അവര് ചോദിച്ചു...എത്ര കാലമായി നിങ്ങള്‍ ഇവിടെ കളിയ്ക്കാന്‍ തുടങ്ങിയിട്ട്...? അഭി : ഒരു 2 , 3 കൊല്ലമായി... അഭിലാഷിനെ അടിമുടി ഒന്ന് നോക്കിയിട്ട് യാത്ര പറഞ്ഞിറങ്ങിയ അവര് പിന്നെ വേറെ ഇതു ജിമ്മിലാണ് പോയത് എന്നത് കുറേക്കാലം ആ ജിം ഇന്‍സ്ട്രക്ട്ടറുടെ ഉറക്കം കളഞ്ഞ ഒരു ചോദ്യമായിരുന്നു...

ഭാര്‍ഗവീ നിലയം പോലിരുന്ന ദോസ്തിനെക്കുറിച്ച് പറയാന്‍ കുറച്ചുണ്ട്. അവിടുത്തെ ട്രെഡ്മില്ലിന്റെ പ്രത്യേകത അത് automatic  അല്ല എന്നുള്ളതാണ്, അത് നമ്മള്‍ കഷ്ടപ്പെട്ട് ചവിട്ടി നീക്കണം. അതില്‍ കയറി 2 മിനിട്ട് ഓടുമ്പോഴേക്കും (ചവിട്ടി നീക്കുമ്പോഴേക്കും) നമ്മള്‍ ഒരു വഴിയാകും. ഇനി അത് വഴി അവര് ജിംനേഷ്യത്തിലേക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരുന്നോ എന്നു ഞാന്‍ ഇപ്പൊ സംശയിക്കുന്നു. കാരണം അന്ന് ഞങ്ങളത് ചവിട്ടി നീക്കുമ്പോള്‍ ജിംനേഷ്യത്തിലെ ബള്‍ബുകളുടെ വോള്‍ട്ടേജ് കൂടിയിരുന്നതായി മങ്ങിയ ഒരു ഓര്‍മയുണ്ട്... ഓര്‍മയ്ക്ക് വോള്‍ട്ടേജ് കുറവായത് കാരണം അത് ഉറപ്പിക്കുന്നില്ല. പിന്നെ അവിടുത്തെ ഡമ്പലൊക്കെ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അതെങ്ങാനും കാലില്‍ വീണാല്‍ കാലു ചതയും എന്നു മാത്രവുമല്ല കാലു സെപ്റ്റിക് ആവുകയും ചെയ്യും, അത്രയ്ക്ക് തുരുമ്പാണേ! അതുപോലെ, പുഷ്-അപ്പ്‌ എടുത്തുകൊണ്ടിരുന്ന ഒരു മസിലന്‍ പുഷ്-അപ്പ്‌ ബാറ് ഒടിഞ്ഞു നെഞ്ച് കുത്തി വീണതും 2 മാസത്തെ ഫീസ്‌ തരണ്ട എന്നുള്ള കരാറില്‍ ജിം ഇന്‍സ്ട്രക്ട്ടര്‍ പ്രശ്നം പരിഹരിച്ചതും ആ സമയത്തായിരുന്നു.

ഇതൊക്കെയാണ് അവസ്ഥയെങ്കിലും ദോസ്ത് ജിംനേഷ്യം മസിലന്‍മാരുടെ ദോസ്ത് ആയിരുന്നു. "യേ ദോസ്തീ... ഹം നഹീ ചോടേംഗേ...!! എന്ന് മസിലന്‍മാര്‍ ഇടയ്ക്ക് മൂളാറുമുണ്ടായിരുന്നു. ദോസ്ത് ജിംനേഷ്യത്തോടുള്ള മസിലന്‍മാരുടെ ഈ സ്നേഹം അറിയാവുന്നത് കൊണ്ടും അവരുടെ മസിലുകള്‍ മറക്കാന്‍ കഴിയാത്തത് കൊണ്ടുമാണ് ക്ലാസ്സിന്‍റെ സമയത്ത് ജിമ്മില്‍ raid നടത്തി, പഠിത്തത്തെക്കാളുപരി സ്വന്തം മസിലുകളില്‍ ശ്രദ്ധ പതിച്ചിരുന്ന കുട്ടികളെ പൊക്കാന്‍ അവിടുത്തെ മാഷുമ്മാരും ടീച്ചര്‍മാരും മടിച്ചിരുന്നത്‌...

തുടരും...

04 April 2011

കാലന്‍റെ ആയുസ്സെത്ര?


"നമസ്കാരം യമപുരി ന്യൂസ്‌ ബുള്ളറ്റിനിലേക്ക് സ്വാഗതം...
യമപുരിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന യമരാജന്‍ അഥവാ കാലന്‍ ഓര്‍മ്മയായി...!!! മാസാവസാനം ടാര്‍ഗറ്റ് തികയ്ക്കാനുള്ള ഓട്ടത്തിനിടയില്‍ കേരളത്തില്‍ വെച്ച്  യമാരജനെയും സന്തതസഹചാരിയായിരുന്ന പോത്തിനെയും ഒരു 'ടിപ്പര്‍ ലോറി' ഇടിച്ചിട്ടിട്ട് പോവുകയായിരുന്നു, പോത്ത് സംഭവസ്ഥലത്ത് വെച്ചും യമരാജന്‍ യമപുരി മെഡിക്കല്‍ കോളെജിലേക്കുള്ള  യാത്രയ്ക്കിടയിലുമാണ് പരലോകവസം വെടിഞ്ഞത്... ഒരു കൊല്ലം ഏറ്റവും അധികം ആളുകളെ യമലോകത്ത്‌ എത്തിച്ച നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് ടിപ്പര്‍ മത്തായിക്ക് സമ്മാനിരിക്കാന്‍ ഒരുങ്ങുകയായിരുന്ന യമപുരി ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇനിയിപ്പോള്‍ യമരാജന്‍റെ പിന്‍ഗാമി ആര്? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹത്തിന്‍റെ ജോലികള്‍ അദ്ദേഹത്തിനെക്കാള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്ന ടിപ്പര്‍ മത്തായിയെത്തന്നെ നിയമിക്കാന്‍ ആലോചന നടക്കുന്നതായി യമപുരിയില്‍ നിന്നും യമരാജന്‍റെ PA ചിത്രഗുപ്തന്‍ പറഞ്ഞു..."

സ്വപ്നത്തില്‍ നിന്നും ഞെട്ടി എണീറ്റ കാലന്‍ നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ തുടച്ചു കളഞ്ഞ് റൂമിലെ A /C കൂട്ടി  ശേഷം പതിവ് പോലെ അന്നത്തെ മനോരമ പത്രം എടുത്തു നോക്കി. എല്ലാ ദിവസത്തെയും പോലെ തന്നെ അന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ടിപ്പര്‍ അപകടങ്ങളുടെ വാര്‍ത്തകള്‍ വായിച്ചു നെടുവീര്‍പ്പിട്ട കാലന്‍ പറഞ്ഞു "ദൈവമേ കാത്തോളണേ...!!! 

21 March 2011

അവസാന കഷ്ണം / last piece


കുറച്ചു പേര് ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത്, ഭക്ഷണം കഴിയാറാവുമ്പോഴുള്ള  അവസാന പീസ് എന്ന് പറയുന്നത് വല്ലാത്ത ഒരു മാനസികസംഘര്‍ഷം ഉണ്ടാക്കുന്ന ഒന്നാണ്. ഈയുള്ളവന്‍ അത് കുറേ അനുഭവിച്ചിട്ടുള്ളതുമാണ്. മിക്കവാറും ആ സമയത്ത് പ്രധാനമായും മനസിലുയരുക 3 ചോദ്യങ്ങളാണ്...
  1. മറ്റെയാള്‍ക്ക് ഇത് വേണ്ടി വരുമോ?
  2. മറ്റേയാളുടെ ശ്രദ്ധ പതിയുന്നതിനു മുന്‍പ് ഇത് എങ്ങനെ അകത്താക്കാം?
  3. ഇനി മറ്റേയാളോട് ഒന്ന് ചോദിക്കണോ?
ഈയുള്ളവനടക്കം കൂടുതല്‍ പേരും ഈ സമയത്ത് പ്രാധാന്യം കൊടുക്കാറ് രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്‌. അതുകൊണ്ട് തന്നെ ആ സമയത്ത് മാനസികസംഘര്‍ഷം രൂക്ഷമാകും. ആ സമയത്തെ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചാല്‍ നല്ല രസമായിരിക്കും. അധികവും ഇങ്ങനെ വരുന്ന സമയത്താണ് ഒന്നിലധികം ആളുകള്‍ ഒരേ സമയം ഈ പീസിനു മുകളില്‍ കൈ വെയ്ക്കാറുള്ളത്, എന്നിട്ടൊരു ചിരിയും ചിരിയ്ക്കും.
ഇനി സ്പൂണ് കൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഭക്ഷണത്തിന്റെ ടേസ്റ്റിനും നമ്മുടെ ആക്ക്രാന്തത്തിനുമനുസരിച്ച് കഴിപ്പ്‌ അവസാനിക്കാറാകുമ്പോഴേക്കും കഴിക്കുന്നവരുടെ സ്പൂണുകള്‍ തമ്മില്‍ പ്ലേറ്റിനുള്ളില്‍ വെച്ച് ഇടയ്ക്കിടയ്ക്ക് പയറ്റ് നടന്നിട്ടുമുണ്ടാകും. മറ്റു ചിലപ്പോള്‍ ഭക്ഷണം കഴിക്കുന്നവര്‍ ചേര്‍ന്ന് പതുക്കെ പതുക്കെ ഇത് ചെറുതാക്കി കൊണ്ട് വരും, രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടം ഉണ്ടാക്കാത്ത, വളരെ ബുദ്ധിപരമായ ഒരു കോര്‍പ്പറേറ്റ് രീതിയാണിത്. അതുപോലെ കൂടെ കഴിക്കുന്നയാളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരവസം കൂടിയാകുന്നു ഇത്. കഴിക്കാന്‍ താല്പര്യം ഉണ്ടെങ്കിലും മനസില്ലാ മനസ്സോടെ ചിലര് പറയും "എനിക്ക് മതി നീ കഴിച്ചോന്ന്... അതുപറയുമ്പോഴും മറ്റെയാള്‍ "ഹേയ് എനിക്ക് വേണ്ട നീ കഴിച്ചോ... എന്ന് പറയണേ എന്നായിരിക്കും മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നത്‌. എന്നാല്‍... മറ്റേയാളുടെ ശ്രദ്ധ തിരിയുന്ന സമയത്ത് അതിവിദഗ്ദ്ധമായിട്ടു ആ പീസ്‌ അകത്താക്കിയിട്ട് പ്ലേറ്റില്‍ കയ്യിട്ട് ചമ്മുന്ന മറ്റേയാളുടെ മുഖം ശ്രദ്ധിക്കാതെ ഒന്നുമറിയാത്തവനെ പോലെ ഇരിക്കുക എന്ന പ്രാചീന രീതിയാണ്‌  കൂടുതല്‍ പേരും  ഇപ്പോഴും ഇതുപോലുള്ള  അവസരങ്ങളില്‍  പിന്തുടര്‍ന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ആത്മാഭിമാനമുള്ളവര്‍ക്ക് ഇത്തരം അവസരങ്ങളില്‍ അവസാന കഷ്ണം / last piece ഒരു ഓര്‍മ്മ മാത്രമായിരിക്കും. അതുകൊണ്ട് സൂക്ഷിക്കുക...!!!

10 March 2011

College Days Part 3 ('മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചത്')

ചിറകൊടിഞ്ഞ ടൂര്‍ കിനാക്കള്‍...


കിലുക്കം സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഊട്ടി, അവിടേയ്ക്കായിരുന്നു സംഭവബഹുലമായ ആ ടൂറ് പ്ലാന്‍ ചെയ്തത്. എന്‍റെ മനസ്സില്‍ കിലുക്കത്തിലെ "ഊട്ടിപ്പട്ടണം" പാട്ട് പ്ലേ ആയി. അന്ന് മുതല്‍ ഞാനും കോളേജിലെ സുന്ദരിയായ ഫാത്തിമയും ചേര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ ഡാന്‍സ് ചെയ്യുന്നത് വരെ ഞാന്‍  സ്വപ്നം കണ്ടു തുടങ്ങി. ഊട്ടിയില്‍ ഞങ്ങള്‍ക്കൊരുമിച്ചു കറങ്ങാവുന്ന സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്തു ഒപ്പം ഫാത്തിമയെന്ന മോഹം മനസ്സില്‍ കൊണ്ട് നടക്കുന്ന മറ്റുള്ള കശ്മലന്‍മാരുടെ കുടിലതന്ത്രങ്ങളെ ചെറുക്കന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. അതിനിടയിലാണ് കോളേജില്‍ ഒരു വാര്‍ത്ത പരന്നത് ഫാത്തിമ വരാന്‍ സാധ്യതയില്ല. കോളേജില്‍ ആകെയുള്ള ഒരു സുന്ദരിയാണ് ഫാത്തിമ അവള് ടൂറിനു വരുന്നില്ലെങ്കില്‍...??? കുറച്ചു ദിവസത്തേക്ക് ഫാത്തിമ ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ മനസെല്ലാം തിരഞ്ഞെടുപ്പ് തോറ്റ പാര്‍ട്ടി ഓഫീസ് പോലെയായി. കബീറിന് വിശപ്പില്ല, സുമേഷിനു ക്ലാസ്സില്‍ ശ്രദ്ധ കിട്ടുന്നില്ല (ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരെയോരുത്തന്‍ അവനാണ്), ഇടയ്ക്ക് മാത്രം വന്നു പോകുന്ന മാവേലി അജേഷ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ കുറച്ചു ദിവസത്തേക്ക് ക്ലാസ്സിലെ നിത്യ സന്ദര്‍ശകനായി. ഏവരും ഒരേ മനസ്സോടെ ഫാത്തിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഏവരുടെയും പ്രാര്‍ത്ഥനയുടെ ഫലമെന്ന് പറയട്ടേ ഫാത്തിമ ടൂറിന് വന്നു. എന്നാല്‍ വരാമെന്നേറ്റ വീഡിയോഗ്രാഫര്‍ ജാഫര്‍ വന്നില്ല. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ടൂറിന്‍റെ ഛായാഗ്രഹണം കോളേജിലെ മുന്‍കാല വിദ്യാര്‍ത്ഥിയായ ബൈജുവിനെ ഏല്‍പ്പിച്ചു. അവനെ അത് ഏല്‍പ്പിച്ചത് അവന്‍റെ ഛായാഗ്രഹണ മികവു കൊണ്ടല്ല ആ പരിസരത്ത് വീഡിയോ ക്യാമറ ഉള്ളതും ഫ്രീ ആയിട്ട് ഷൂട്ട്‌ ചെയ്തു തരാന്‍ മനസ് ഉള്ളതും അവന്‍റെ അടുത്ത് മാത്രമായിരുന്നു.

ഇതിനിടയിലാണ് ഗോപി മാഷിന്‍റെ  ഹലാക്കിലെ ഒരു ഐഡിയ വരുന്നത്. 'An idea can change your life' എന്നത് അന്നാണ് ഞാന്‍ ആദ്യമായി മനസിലാക്കിയത്. പുള്ളിയുടെ ഐഡിയ ഇതായിരുന്നു. ടൂര്‍ വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റാന്‍, പോകുന്ന വഴിക്ക് റോഡില്‍ വെച്ച് അടുപ്പ് കൂട്ടി കഞ്ഞിയുണ്ടാക്കി കുടിക്കുക. അതിനായിട്ട്‌ അടുപ്പ് കൂട്ടാനുള്ള ചെങ്കല്ലും അരിയും സാധനങ്ങളുമൊക്കെ വണ്ടിയില്‍ വെയ്ക്കണം. ടൂറിനു പോകുമ്പോഴെങ്കിലും കാര്യമായിട്ട് എന്തെങ്കിലും കഴിക്കാമെന്ന് കരുതിയവന്‍റെയൊക്കെ കഞ്ഞി കുടി മുട്ടിക്കുന്ന തീരുമാനമായി ഇത് മാറി. ഇതിന്‍റെ പുറകിലെ രാഷ്ട്രീയ തന്ത്രം ഞാന്‍ പിന്നീടാണ്‌ മനസിലാക്കിയത് :- ഇത് വഴി ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്ന പൈസ ലാഭിക്കാം. അങ്ങനെ വീട്ടില്‍ വെച്ച് കഞ്ഞി
കേട്ടും കണ്ടും കുടിച്ചുമൊക്കെ കഞ്ഞിയുമായി വളരെ അടുത്ത ബന്ധമുള്ള ഞങ്ങളെല്ലാവരും ചേര്‍ന്ന് "Wow kanji !! its yummyyy !!" എന്നും പറഞ്ഞ് പോകുന്ന വഴിക്ക് റോഡ്‌ സൈഡില്‍ അടുപ്പ് കൂട്ടി  കഞ്ഞിയുണ്ടാക്കി കുടിച്ചു. ശേഷം "Kanji is the secret of our energy !!'" എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ബസില്‍ ചാടിക്കയറിയ ഞങ്ങളുടെ മുന്നില്‍ ആകെയുള്ളത് ബസില്‍ ഉണ്ടായിരുന്ന 'ഗില്ലി' സിനിമയുടെ ഓഡിയോ കാസ്സറ്റ്‌ മാത്രമായിരുന്നു. അത് തിരിച്ചും മറിച്ചുമിട്ട്‌ ഡാന്‍സ് ചെയ്ത് ഡാന്‍സ് ചെയ്ത് അതിലെ 'അപ്പടി പോട് പോട്' എന്ന പാട്ടൊക്കെ ഏതു പാതിരാത്രിക്ക്‌ വിളിച്ചെഴുന്നേല്‍പ്പിച്ചു ചോദിച്ചാലും ചാടിയെഴുന്നേറ്റു ചൊല്ലി കേള്‍പ്പിക്കാം എന്ന പരുവത്തിലായി. എങ്കിലും ഞങ്ങള്‍ വിട്ടില്ല, വിജയം വരെയും സമരം ചെയ്യും എന്ന് പറഞ്ഞത് പോലെ ടൂറ് കഴിയും വരെയും നൃത്തം ചെയ്യും എന്ന മുദ്രാവാക്ക്യവുമായി ഞങ്ങള്‍ ഗില്ലിയിലെ പാട്ടുകള്‍ക്ക് ചുവടു വെച്ചുകൊണ്ടേയിരുന്നു. ആ ടൂറിനു ശേഷം ഗില്ലി സിനിമയിലെ പാട്ട് എവിടെ കേട്ടാലും എനിക്കത് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെയായിരുന്നു.

ഇനി ടൂറിനിടയിലെ മറ്റു ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞാല്‍ തമിഴന്‍മാര് തന്നതെന്തൊക്കെയോ തിന്നു എന്ന് മാത്രം അറിയാം. അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു "അമ്മേ മാപ്പ്! അമ്മയുയുണ്ടാക്കിയ ഭക്ഷണത്തെ കുറിച്ച് എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ അറിവില്ലാ പൈതമായി കരുതി മാപ്പാക്കണം". ഊട്ടിയിലെ വെള്ളം ഐസ് ആക്കുന്ന തണുപ്പിലും എന്‍റെ കണ്ണുകള്‍ നിറഞ്ഞു...

One day ടൂര്‍ ആയതു കൊണ്ട് ഊട്ടിയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മാത്രമേ കാര്യമായിട്ട് കാണാന്‍ പറ്റിയുള്ളൂ. സൂയിസൈഡ് പോയിന്റ്‌ എന്നൊരു സ്ഥലമുന്ടെന്നൊക്കെ പോകുന്ന വഴിക്ക് ആരോ പറയുന്നത് മാത്രം കേട്ടു. ഇതിനിടയിലൊക്കെ ബൈജുവിന്‍റെ ക്യാമറക്കണ്ണുകള്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ഷോക്ക് അടിച്ചാലും ഭാവം വരാത്ത സുധാകരന്‍ മാഷും അംബിക ടീച്ചറുമൊക്കെ ക്യാമറയ്ക്ക് മുന്നില്‍ നിറഞ്ഞാടി. ഞങ്ങളും വിട്ടു കൊടുത്തില്ല ചോക്ലേറ്റ് വാങ്ങിക്കുന്നത് മുതല്‍ കാരറ്റ് തിന്നുന്നതില്‍ വരെ ഭാവാഭിനയത്തിന്‍റെ അതിപ്രസരം. ഇതിനിടയില്‍ മറ്റു പലരും കൂടുതലും പ്രാധാന്യം കൊടുത്തിരുന്നത് ഫാത്തിമയുമൊത്തുള്ള രംഗങ്ങള്‍ക്കായിരുന്നു. ഇത് മനസിലാക്കിയ അവള് പ്രാധാന്യം കൊടുത്തിരുന്നതോ... ഒറ്റയ്ക്കുള്ള രംഗങ്ങള്‍ക്കും. അതോടെ 'Coffee with Karan' പ്രോഗ്രാം പോലെ 'Tour with Fathima' പ്രോഗ്രാം പ്ലാന്‍ ചെയ്തിരുന്ന എന്‍റെ മോഹങ്ങള്‍ പൂവണിയില്ല എന്നെനിക്കു മനസിലായി. പിന്നെ ടൂര്‍ മുതലാക്കാനുള്ള ഏക മാര്‍ഗം ബൈജുവിന്‍റെ ക്യാമറയില്‍ പരമാവധി തല കാണിക്കുക എന്നുള്ളത് മാത്രമായിരുന്നു. തന്‍റെ markett  value  ഉയരുന്നുന്ടെന്നു മനസിലാക്കിയ ബൈജുവാണെങ്കിലോ പിന്നെയങ്ങോട്ട് 'സന്തോഷ്‌ ബൈജു ശിവനായി', ഒടുക്കത്തെ ജാഡ!. ആ ഒറ്റ ദിവസത്തെ ട്രിപ്പ് കൊണ്ട് എന്ത് മെച്ചമാണ് ഉണ്ടായത് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. എന്തൊക്കെയാണ് കണ്ടതെന്ന് ചോദിച്ചാല്‍ കാര്യമായിട്ട് ഒന്നും പറയാനുമില്ല. ശരിക്കും ഞങ്ങളെ ഊട്ടിക്കു തന്നെയാണോ കൊണ്ടുപോയത് എന്ന് വരെ അന്ന് പലരും സംശയിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ ഊട്ടി കാര്യമായിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചപ്പോഴാണ് എന്‍റെ ആ സംശയം മാറിയത്.

ലിസ്റ്റില്‍ ഇല്ലാതിരുന്ന ആളുകളുടെ അവസാന നിമിഷമുണ്ടായ തള്ളിക്കയറ്റം കാരണവും ടൂറിസ്റ്റ് ബസിനോക്കെ ഒരു പരിധി ഉള്ളത് കൊണ്ടും ടൂറ് passenger ട്രെയിനിലെ യാത്ര പോലെയായിരുന്നു എങ്കിലും വലിയ പരിക്കുകള്‍ ഇല്ലാതെ നാട്ടില്‍ കാലു കുത്താനായതില്‍ ഞാന്‍ ഇന്നും ദൈവത്തിനോട് നന്ദി പറയുന്നു. ടൂറ് കഴിഞ്ഞതിനു ശേഷമുള്ള ഏക പ്രതീക്ഷ ഞങ്ങളുടെയൊക്കെ ഭാവഭിനയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൂറിന്‍റെ വീഡിയോ സീ ഡി യിലായിരുന്നു. കാത്തിരിപ്പിനൊടുവില്‍ റിലീസ് ആയ സീ ഡി കണ്ട പലരും ഒറ്റയടിക്ക് 4 തവണ വരെ ഞെട്ടി. ഫാത്തിമയല്ലാതെ വേറെ ആരെയും കാര്യമായിട്ട് കാണാനില്ല. ഫാത്തിമ ചിരിക്കുന്നു കളിക്കുന്നു, പൂ പറിക്കുന്നു, പൂമ്പാറ്റയെ പിടിക്കുന്നു, ഗാര്‍ഡനില്‍ നടക്കുന്നു അങ്ങനെ നീളുന്നു ഫാത്തിമയുടെ പെര്‍ഫോമന്‍സ്. ചുരുക്കി പറഞ്ഞാല്‍ ഫാത്തിമയെ നായികയാക്കി 'പിക്നിക്' എന്ന പേരില്‍ സിനിമയെടുത്തപോലെയുണ്ട്. ഞങ്ങളുടെ രക്തം തിളച്ചു, രോഷം അണ പൊട്ടി. ബൈജുവിനെ തേടിപ്പിടിച്ച് കുനിച്ചു നിര്‍ത്തി ഞങ്ങള്‍ കൂമ്പിനിടിച്ചു. സ്വന്തം കൂമ്പ് വാടുന്നതിനു മുന്‍പ് തന്നെ ഗത്യന്തരമില്ലാതെ അവന്‍ സത്യം പറഞ്ഞു... അവനും ഫാത്തിമയോടുണ്ടായിരുന്ന ദിവ്യമായ സ്നേഹത്തെക്കുറിച്ച്. അത് കൊണ്ടാണത്രേ അവന്‍ ഫ്രീ ആയിട്ട്
വരാമെന്നേറ്റത്. അത് കേട്ടതും അത്രയും നേരം അഹിംസാവാദിയായിരുന്ന ശരത് ലാല്‍ കോളേജിലെ മറ്റു വിപ്ലവകാരികളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് ബൈജുവിനെ നെഞ്ചത്ത് ചാടിയൊരു ചവിട്ടാണ്. ആ ഒരു ചവിട്ടാണ് ഓണാട്ടുകരയില്‍ നിന്നും ബൈജുവിനെ എത്രയും പെട്ടന്ന് ഗള്‍ഫിലേക്ക് പറത്തിയത്‌.

തുടരും...