Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

09 February 2016

യാന്‍

ചടങ്ങ് പ്രകാരം പ്രസവം കഴിഞ്ഞ് മൂന്നാം മാസം പെങ്ങളേയും കുഞ്ഞിനേയും അളിയന്‍റെ അടുത്ത് തിരിച്ചു കൊണ്ടാക്കി. ഇറങ്ങാന്‍ നേരം അമ്മ പതിവ് തെറ്റിക്കാതെ സത്യന്‍ അന്തിക്കാട് സിനിമയിലെ കെ പി എസി ലളിതയായി. തൊട്ട് മുന്‍പും അമ്മ തന്നെയുറക്കിയ ചെറുതിന് ഉമ്മയും കൊടുത്തിറങ്ങുമ്പോള്‍ കണ്ണ് നിറച്ച ആളോട് പാതി തമാശയായി ഞാന്‍ പറഞ്ഞു "അതേ, 2 ദിവസത്തേക്ക് ആ കുറവ് ഞാന്‍ മേയ്ക്ക്-അപ് ചെയ്തോളാട്ടാ... തേച്ച് കുളിപ്പിക്കേണ്ടി വരുമെന്ന് മാത്രം..." അപ്പോള്‍ ചിരിച്ചെങ്കിലും ആള് വണ്ടിയിലിരുന്നു പറയുന്നുണ്ടായിരുന്നു "അതേ 3 മാസം അതെന്‍റെ കൊച്ചായിരുന്നു. നിനക്കറിയാമ്മേല..." ഇത്തരം സില്ലി ഇമോഷനുകളില്‍ വീഴാത്ത ന്യൂ ജനറേഷന്‍റെ പ്രതിരൂപമായി വണ്ടിയില്‍ ഇരുന്നെങ്കിലും  ഇപ്പോള്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ കളിയാക്കിയവന്‍റെ കണ്ണെരിയുന്നു... മനസൊരു ഭാരമില്ലാത്ത തൊട്ടിലായി ആടുന്നു...

#യാന്‍ #അനന്തിരവന്‍

പ്രണയമിട്ടായി

"ഇന്ന് കോളേജ് വിട്ടു വരുവാരുന്നേ..." അവള് പറഞ്ഞു തുടങ്ങി...

"വീട്ടിലെത്തി കഴിഞ്ഞപ്പോഴാ ഓര്‍ത്തത് ഒരു കടല മിട്ടായി വാങ്ങിക്കാമായിരുന്നല്ലോന്ന്. കടയുടെ മുന്നിക്കൂടെയാ വീട്ടിലേക്ക് വരുന്നത് എന്നിട്ടും മറന്നു പോയി. ശ്ശെ ഇനിയിപ്പോ എന്തു ചെയ്യുമെന്നു വിചാരിച്ചിരിക്കുമ്പോഴാ പപ്പ വന്നത്." അവളൊന്നു നിര്‍ത്തി എന്നിട്ട് ഗമയില്‍ തുടര്‍ന്നു. "എന്നിട്ട് ഇന്ന് പപ്പ എനിക്കു വേണ്ടി വാങ്ങിച്ചു കൊണ്ട് വന്നതെന്താണെന്ന് അറിയാമോ?" ഊഹിക്കാവുന്നതെങ്കിലും അവിടെ നിന്നു തന്നെ വെളിപ്പെടുത്തുന്ന ഉത്തരം. "കടല മിട്ടായി..." കൊച്ചു കുട്ടികള്‍ 'ഹായ് ഐസ് ക്രീം' എന്നു പറയും പോലെ തന്നെ തോന്നിച്ചു അപ്പോള്‍ അത്. അവസാനം അവള്‍ ഇത് കൂടി പറഞ്ഞു. "കണ്ടോ ഞാന്‍ മനസില്‍ കണ്ടപ്പോഴേക്കും പപ്പ വാങ്ങിക്കൊണ്ട് വന്നു... അതാണ് എന്റെ പപ്പ!!!"

സത്യത്തില്‍ കടല ഗ്യാസ് മാത്രമല്ല അസൂയയും കുശുമ്പുമുണ്ടാക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം. പെണ്‍മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛന്‍മാര്‍ കാമുക കുലത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി തന്നെ. ആ ചിന്തയുടെ ഞൊടിയില്‍ ഞാന്‍ വീണ്ടും ആഴ്ചപ്പതിപ്പിലെ കാമുകനായി. അധികം വൈകാതെ ആ പരമ്പരാഗത പൈങ്കിളി ചോദ്യം എന്റെ വായില്‍ നിന്നു വീണു. "എന്നെയാണോ പപ്പയെയാണോ കൂടുതല്‍ ഇഷ്ടം?" അവിടെ നിന്ന് ഒരു ചിരി വന്നു. പുറകെ ഉത്തരവും. "അതിലെന്താ സംശയം പപ്പയെ." തമാശയാണ്... എന്നെ ചൊടിപ്പിക്കാന്‍ മാത്രമുള്ളത്... അറിയാം... എങ്കിലും അവളുടെ സ്നേഹത്തിന്റെ സ്വത്ത് ഭാഗം വെപ്പില്‍ മറ്റൊരാള്‍ക്കുള്ള അവകാശം സഹിക്കാന്‍ കഴിയാത്തത്ര സ്വാര്‍ത്ഥനായതു കൊണ്ട് എനിക്കത് അത്ര തമാശയായി തോന്നിയില്ല.

ഒരു പാക്കറ്റ് കടല മിട്ടായി വാങ്ങിച്ച് അവളറിയാത്ത പോക്കറ്റടിക്കാരുടെ വൈദഗ്ദ്ധ്യത്തോടെ അവളുടെ വാനിറ്റിയില്‍ വെയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അതാണ്.

പപ്പയോടുള്ള അപ്രഖ്യാപിത മല്‍സരം എന്നതിലുപരി അവളുടെ സന്തോഷവും ആ ചിരിയും കാണാനുള്ള അടുത്ത അവസരം... തൊട്ടടുത്ത കൂടിക്കാഴ്ചയില്‍ പിരിയും മുന്‍പ് ബാഗില്‍ ആ കടലമിട്ടായി പാക്കറ്റ് വിജയകരമായി വെച്ച ശേഷം വീട്ടിലെത്തും മുന്‍പ് അവളെ വിളിക്കുന്നതും, 'ഇന്ന് കടല മിട്ടായി കഴിക്കാന്‍ ആഗ്രഹമുണ്ടോ?' എന്നു ചോദിക്കുന്നതും, 'ഇല്ലെന്ന്' പറഞ്ഞു ഞാന്‍ പ്ലിങ്ങിയില്ലെങ്കില്‍, ബസില്‍ വെച്ച് തന്നെ ബാഗ് നോക്കാന്‍ പറയുന്നതും, കയ്യില്‍ തടയുന്ന മിട്ടായി പാക്കറ്റിലൂടെ അവിടെ വിരിയുന്ന സന്തോഷം ഇങ്ങേത്തലയ്ക്കല്‍ അറിയുന്നതും മനക്കണക്ക് കൂട്ടി.

എന്നാല്‍ കണക്ക് തെറ്റിച്ച് അങ്ങോട്ട് വിളിക്കും മുന്നേ ഇങ്ങോട്ട് വിളി വന്നു. സ്നേഹത്തിന്റെ കള്ളം കണ്ടു പിടിച്ച കുസൃതിയുടെ ചോദ്യം തന്നെ ആദ്യം. "അതേ ഇന്ന് കടല മിട്ടായി കഴിക്കാന്‍ തോന്നുന്നു. എന്താ ചെയ്യാ?" അറിയിയ്ക്കും മുന്നേ അവളതറിഞ്ഞിരിക്കുന്നു.. ഞാന്‍ ചിരിച്ചു... അവളും ചിരിച്ചു... ഞങ്ങള്‍ ചിരിച്ചു... രണ്ടിടങ്ങളിലായി ബസ്സിലിരിക്കുന്ന രണ്ടു മനസുകള്‍ നിറഞ്ഞു... വഴിയരികിലെ ഒരു വീട്ടു മുറ്റത്ത് കത്തിയുയര്‍ന്ന പൂത്തിരിയ്ക്ക് പതിവില്‍ കൂടുതല്‍ പ്രകാശം... അന്ന് ദീപാവലിയായിരുന്നു...

വാല്‍ക്കഷ്ണം: ഇന്നും എന്നിലെ കുശുമ്പന്‍ അവളോടു പറയാറുണ്ട് അതേ പപ്പ തന്നത് ഒരു കഷ്ണമല്ലേ... ഞാന്‍ തന്നത് ഒരു പാക്കറ്റാ... ;)

#her #love #life

ബഡ്ജറ്റിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍

"എനിക്കൊരു സാധനം വാങ്ങി തരാമോ?" അവള് ചോദിച്ചു. എന്‍റെ ഉള്ളൊന്നു കാളി. ഞാന്‍ ചോദിച്ചു എന്താ? "ഒരു കമ്മല്‍..." അവള് പറഞ്ഞു. പത്രത്തിലെ സ്വര്‍ണ്ണവിലയുടെ കോളമാണ് മനസ്സില്‍ വന്നത്. ദാരിദ്ര്യം തുപ്പലായിറക്കി വിക്കിക്കൊണ്ട് "തരാല്ലോ" എന്ന് പറയാനായി നാവു ഉയര്‍ത്തിയതാണ്‌. മനസ് കണ്ട് അവിടെ നിന്ന് അവള് പറഞ്ഞു "അതേ 50 രൂപയില്‍ കുറഞ്ഞത് മതി. ഇയാള് തന്നെ തിരഞ്ഞെടുത്ത് വാങ്ങിത്തരണം..." പാതിയില്‍ കുടുങ്ങിക്കിടന്ന ഉമിനീരിറങ്ങി... എല്ലാം വാങ്ങി വെച്ചതല്ലാതെ ഒന്നും വാങ്ങിക്കൊടുക്കാന്‍ ഇതുവരെ തോന്നാതിരുന്ന എന്‍റെ ബോധമില്ലായ്മയില്‍ നാണം തോന്നി. ഉള്ളില്‍ മിന്നിത്തെളിഞ്ഞ ജോസ് ആലുക്കാസും മലബാര്‍ ഗോള്‍ഡുമെല്ലാം മായ്ച്ച് സഫ ഫാന്‍സി സ്വപ്നം കണ്ട് കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു അവളുമിപ്പോള്‍ ബഡ്ജറ്റില്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിരിക്കുന്നു...

‪#‎her‬ ‪#‎love‬ ‪#‎life‬

പുതിയ അഡ്മിഷന്‍

ഏറ്റവുമധികം ക്രിയേറ്റിവ് ആകുന്ന സമയങ്ങളില്‍ ഒന്ന് പ്രിയപെട്ടവരുടെ വര്‍ക്ക് കണ്ട് അഭിപ്രായം പറയേണ്ടി വരുമ്പോഴാണ് wink emoticon ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ എങ്ങനെ അത് ഭംഗിയായി അവതരിപ്പിക്കും എന്നത് ഉള്ളിലാളുന്ന ഒരു തീയാണ്. സര്‍ഗാത്മക ശ്രമങ്ങളുടെ വേദനയും ബുദ്ധിമുട്ടും നന്നായി അറിയാമെങ്കിലും ഉള്ളില്‍ ശരിക്കും തോന്നിയത് പറയാതിരുന്നാല്‍ വല്ലാത്ത നെഞ്ചെരിപ്പും പുളിച്ചു തികട്ടലുമാണ്. അവിടെയൊക്കെ വിയോജിപ്പുകളും ഇഷ്ട്ടക്കേടുകളും എങ്ങനെ വിഷമിപ്പിക്കാതെ അറിയിക്കാം എന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. അപ്പോഴൊക്കെയും സാഹസികമായ ആ കര്‍മ്മം വിജയകരമായി നിര്‍വ്വഹിച്ച് അഭിമാനത്തോടെ സ്വയം തോളത്ത് തട്ടിയിട്ടുമുണ്ട്. ആ ആത്മവിശ്വാസത്തോട് കൂടി അറിയിക്കുന്നു ഈ വിഭാഗത്തില്‍ പുതിയ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ 10 രൂപയുടെ റീച്ചാര്‍ജ് കൂപ്പണോടൊപ്പം അപേക്ഷിക്കുക ;)

യാന്‍


ആക്സിനേയും നിവിയയേയും തോല്‍പ്പിച്ച് ശരീരത്തിന് മുലപ്പാലിന്‍റെയും ബേബി സോപ്പിന്‍റെയും പൌഡറിന്‍റെയും ഗന്ധം തന്ന്... നെഞ്ചില്‍ തന്നെ കാര്യം നടത്തി ഉണക്കിയെടുത്ത ഷര്‍ട്ടുകളെയും ടീ ഷര്‍ട്ടുകളേയും വീണ്ടും അയയില്‍ വയറൊട്ടിച്ച് കമഴ്ത്തിയിട്ട്...  ഒരു മാസം കൊണ്ട് ബുദ്ധിജീവി-ചിന്തക- സിനിമാക്കാരന്‍ ഗൌരവത്തിന്‍റെ സ്റ്റിക്കര്‍ പറിച്ച് കളഞ്ഞ് കൊഞ്ചിക്കാന്‍ പഠിപ്പിച്ച്... ഇടയ്ക്കിടെ ആരും കാണാതെ തൊട്ടിലില്‍ തലയിടീച്ച്... മഴവില്ല് പോലെ തെളിയുന്ന ചിരിയില്‍ മനസിനെ മയിലാട്ടമാടിച്ച്... ഓടി വിളിച്ച് ആ ആട്ടത്തിന് ആളെക്കൂട്ടിച്ച്...  ആള് കൂടുമ്പോഴേക്കും മാഞ്ഞ മഴവില്ലില്‍ നിരാശനാക്കിച്ച്... രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വശീകരിച്ച് സമയം കളയിച്ച്... പുതിയ പുതിയ പോസുകളുമായി ഫോട്ടോകള്‍ എടുപ്പിച്ച്... ഡിപി മാറ്റിച്ച്... ഉമ്മകള്‍ ഏറ്റു വാങ്ങിച്ച് അങ്ങനെ അങ്ങനെ അങ്ങനെ എന്‍റെ ലോകം ഇപ്പോള്‍ ഈ രണ്ട് കണ്ണുകളിലേക്ക് ചുരുങ്ങുന്നു...

#യാന്‍ #അനന്തിരവന്‍ #ജെനിത്തമ്മാവന്‍ #jkgraphy

ലാസ്റ്റ് 2 ബോള്‍

നാളുകള്‍ക്ക് ശേഷം കസിന്‍റെ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ചു... പൊക്കി അടിച്ചാലും, ചില്ലില്‍ കൊണ്ടാലുമൊക്കെ ഔട്ട്‌ അടക്കം ഇട്ടാവട്ട ക്രിക്കറ്റിന്‍റെ ഡക്വര്‍ത്ത് ലൂയിസ് നിയമാവലിയില്‍ പുതിയ ചില നിയമങ്ങളും 3 ബോള്‍ എറിഞ്ഞപ്പോഴേക്കും വന്ന കിതപ്പുമൊഴിച്ചു നിര്‍ത്തിയാല്‍ ആ പഴയ ഉടായിപ്പ് മറുപടിക്ക് ഒരു മാറ്റവുമില്ലായിരുന്നു. 7 ബോള്‍ കഴിഞ്ഞിട്ടും എണ്ണാന്‍ മറന്ന ബോളറുടെ ചോദ്യത്തിന് ഒട്ടുമാലോചിക്കാതെ ഞാന്‍ പറഞ്ഞു "ലാസ്റ്റ് 2 ബോള്‍" :)

#Cricket #Childhood #Memories #Nostalgia

സ്വീറ്റ് ജീരകം

അര്‍ഹതപ്പെട്ടതേ ആഗ്രഹിക്കാവൂ എന്നാണെങ്കിലും എന്നും അര്‍ഹിക്കുന്നതിലും കൂടുതല്‍ ആഗ്രഹിച്ചിട്ടും സ്വന്തമാക്കിയിട്ടുമുള്ള ഒന്ന്... സത്യത്തില്‍ ചെയ്യുന്നത് കള്ളമാണോ കൊള്ളയാണോ എന്ന സംശയം ഭക്ഷണം കഴിഞ്ഞ് ഇത് വാരിയെടുക്കുന്ന കാര്യത്തില്‍ ഇന്നും ബാക്കിയാണ്.


#ശീലം #വീക്ക്നെസ് #സംശയം #ചുറ്റുംനോക്കല്‍ #വാരിയെടുക്കല്‍

17 September 2015

അവള്‍ പറഞ്ഞത്

പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ പലപ്പോഴും തീരുമാനങ്ങളും നിലപാടുകളും ഇഷ്ട്ടങ്ങളുമെല്ലാം ശരി-തെറ്റുകള്‍ക്ക് അപ്പുറമാണെന്ന് നീ പറഞ്ഞത് എത്ര ശരിയാണ്...

#her #love #life

04 September 2015

കഥയില്ലാത്ത കഥകള്‍ - ആദ്യ പുസ്തകം

എഴുത്തില്‍ പിച്ച വെച്ചത് ഈ ബൂലോകത്താണ്... ചുവടുകളില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചും വീഴ്ചകളില്‍ താങ്ങായും ബൂലോകവും ബ്ലോഗ്ഗര്‍ സുഹൃത്തുക്കളും എന്നും പ്രോത്സാഹനവും പ്രചോദനവുമായിരുന്നു. ആ നിങ്ങളിലേക്ക്... ആദ്യ പുസ്തകം എന്ന 3 വര്‍ഷത്തെ കാത്തിരിപ്പും സ്വപ്നവും അധ്വാനവും പ്രതീക്ഷയും വലിയ സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു. അതെ, എന്‍റെ ആദ്യ പുസ്തകം 'കഥയില്ലാത്ത കഥകള്‍' സ്റ്റോറുകളില്‍ എത്തിയിരിക്കുന്നു. ചെറുകഥകള്‍ ആണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകര്‍. ആവതാരിക ഉണ്ണി ആര്‍. 2011ല്‍ കുഞ്ഞു കുറിപ്പുകളുമായി ഈ ബൂലോകത്തേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ ഇവിടേക്കൊന്നും എത്തുമെന്ന് കരുതിയതല്ല പ്ലാന്‍ ചെയ്തതുമല്ല. ഹൃദയത്തില്‍ നിന്ന് നന്ദി നന്ദി നന്ദി...



ഓണ്‍ലൈന്‍ പ്രകാശനം ആയിരുന്നു. റൈറ്റര്‍ ഡയറക്ടര്‍ മമാസ് സര്‍ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്യുകയായിരുന്നു.




എന്നത്തേയും പോലെ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. പുസ്തകം വാങ്ങിക്കണം. വായിച്ച് അഭിപ്രായം അറിയിക്കണം. പുസ്തകം ആമസോണില്‍ ലഭ്യമാണ്. ആമസോണ്‍ സ്റ്റോര്‍ ലിങ്ക്: http://goo.gl/Ye928c

അടുത്ത് ദേശാഭിമാനി ബുക്ക്‌ ഹൗസ് ഉണ്ടെങ്കില്‍ അവിടെ നിന്നും വാങ്ങാം. അടുത്ത് സ്റ്റോര്‍ ഉണ്ടോ എന്ന് നോക്കാന്‍ ദേശാഭിമാനി ബുക്ക്‌ ഹൗസ് അഡ്രസ്‌ ലിങ്ക്: http://www.chinthapublishers.com/en/index.php?page=contactus

ഇതല്ലെങ്കില്‍ അഡ്രസ്‌ തന്നാല്‍ ഞാന്‍ പോസ്റ്റല്‍ ഏര്‍പ്പാട് ചെയ്യാം.

08 July 2015

മാറ്റത്തിന്‍റെ കോംപാക്റ്റ് ഡിസ്ക്

നാട്ടില്‍ നിന്ന് ടൌണിലേക്കുള്ള ഒരു രാത്രി യാത്ര...

അങ്ങാടിയും പാടങ്ങളും കളിക്കളങ്ങളും കടന്നു പോകുന്ന ആ നാട്ടിന്‍പുറയാത്രയില്‍ ബസ്സിന്‍റെ സ്പീക്കറില്‍ നിന്നും ഒരു ഇംഗ്ലീഷ് സോംഗ്... എല്‍ട്ടണ്‍ ജോണ്‍ ആണ്... ഒരു നിമിഷം ഞാന്‍ പുറത്തേക്ക് നോക്കി... പട്ടണപ്രവേശത്തിന് തയ്യാറെടുക്കുന്ന ഞങ്ങളുടെ പഴയ അതേ പുലരി ബസ്സിന്‍റെ പോക്കില്‍ പുറകോട്ടു പോകുന്നത് വാഷിംഗ്ടണ്‍ DCയോ മിയാമി ബീച്ചോ മറ്റോ ആണെന്ന് ഒരു തോന്നല്‍. ഇംഗ്ലീഷ് പാട്ടും സൈഡ് സീറ്റിലെ തണുത്ത കാറ്റും അടുത്ത് പുതുക്കിയ ബസിലെ ലൈറ്റുകളും ചേര്‍ന്നപ്പോള്‍ ന്യൂയോര്‍ക്കിലെ ഒരു ബീച്ച് സൈഡ് കോഫീ ഷോപ്പില്‍ ഇരിക്കുന്ന പോലെ. നോക്കുമ്പോള്‍ വശങ്ങളില്‍ ഗണേഷ് ടെയ്ലേഴ്സും അനുഗ്രഹ റ്റ്യൂഷന്‍ സെന്‍ററും മാറ്റമില്ലാതെ. പഴയ അതേ ഊര്‍ജസ്വലതയില്‍ കണ്ടക്റ്റര്‍ ബാബുവേട്ടനും, രണ്ട് ബട്ടന്‍സ് അഴിച്ചിട്ട് ഡ്രൈവര്‍ രാഘവേട്ടനും തന്നെ... കിളിയ്ക്ക് മാറ്റമുണ്ട്... എന്നും 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയും', 'ഒരു ദളം മാത്ര'വുമൊക്കെ പാടിയിരുന്ന ആ 80കളുടെ CDയെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, പിന്നെത്തരാന്‍ മറന്ന ബാക്കിപ്പൈസ ചോദിക്കുമ്പോഴുള്ള അതേ കള്ളച്ചിരിയോടെ ബാബുവേട്ടന്‍ പറഞ്ഞു


"കിളിയായിട്ട് വന്ന പുതിയ ചെക്കന്‍ പിടിപ്പിച്ച് കൊണ്ടോന്ന (പിടിപ്പിച്ചത് എന്നേ ഇപ്പോഴും പറയൂ. ആ പഴയ കാസെറ്റ് കാല ശീലം) CDയാ... ഒരു മാറ്റൊക്കെ വേണ്ടെടോ...?"

ഞാനും ചിരിച്ചു...

അനിവാര്യമായ പുതിയ തലമുറയുടെ മാറ്റം... പുതുമയുള്ള നല്ല മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ... എന്നാല്‍ CD മാറിയാലും പാടവും കളിക്കളങ്ങളുമൊക്കെയുള്ള നാടിന്‍റെ നന്മ മാറാതിരിക്കട്ടെ.

എല്‍ട്ടണ്‍ ജോണ്‍ പാടുന്നു...

"Never say goodbye
Never say goodbye"

19 December 2014

മറ്റൊരു IFFK കൂടി കടന്നുപോകുമ്പോള്‍...

വ്യാഴം. സമയം രാത്രി 8.40. മാംഗളൂര്‍ എക്സ്പ്രസ്സ്‌ പുറപ്പെടുകയാണ്... ജനാലയ്ക്കരികില്‍ ഞാനുണ്ട്... അതെന്നെ തിരിച്ചു കൊണ്ടുപോകുന്നത് അടുത്ത ഡിസംബര്‍ വരെ നീളുന്ന പുതിയ കാത്തിരിപ്പിലേക്കാണ്, 2010 മുതല്‍ ശീലമായ ഒരു വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട കാത്തിരുപ്പുകളില്‍ ഒന്നിലേക്ക്... സ്കൂള് തുറക്കുന്നതിനു തലേ ദിവസത്തെ കുട്ടിയുടെ മനസോടെ ഞാന്‍ ഇരിക്കുന്നു... മടക്കയാത്രയില്‍ പുറം കാഴ്ച്ചകളോടൊപ്പം പുറകോട്ടു പോകുന്നത് 19ആം അന്താരാഷ്ട്ര ചലച്ചിത്ര മേളയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു ചെറിയ ഭാരം, ഒരു കുഞ്ഞു നീര്‍ക്കെട്ട്. രണ്ടാമത്തെ പെഗ് തലച്ചോറിലേക്ക് എത്തുമ്പോഴുള്ള മന്ദത.  കഴുത്തില്‍ കിടക്കുന്ന ഡെലിഗേറ്റ് പാസ് അഴിച്ച് മാറ്റുമ്പോള്‍ കടല്‍തീരത്ത് പുതിയ ലോകം തീര്‍ത്ത് ചേര്‍ന്ന് നടന്നിരുന്ന പ്രിയപ്പെട്ടവളുടെ കൈ മനസില്ലാ മനസോടെ വിട്ടു പിരിയും പോലെ...

വിളക്കുകള്‍ അണഞ്ഞ സ്ലീപ്പര്‍ കൂപ്പയിലെ അപ്പര്‍ ബര്‍ത്തില്‍ ഇപ്പോള്‍ കണ്ണ് തുറന്നു പിടിച്ച്‌ ചിന്തിച്ചു കൊണ്ട് കിടക്കുമ്പോള്‍ എന്‍റെ പ്രിയ കൂട്ടുകാരാ അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടുന്നുണ്ട്... അന്നത്തേക്കാള്‍ വ്യക്തമായി, ഒരുപക്ഷേ ഹൃദയത്തില്‍ നിന്ന്...

"എന്തുകൊണ്ട് നീ ചലച്ചിത്ര മേളയെ ഇത്രയധികം ഇഷ്ട്ടപ്പെടുന്നു? Don't you think you have been overrating IFFK?"

മേളയുടെ വര്‍ഷങ്ങളുടെ അനുഭവം സ്വന്തമായുള്ളവര്‍ക്ക് പോലും മേളയുടെ വികാരം അതേ അര്‍ത്ഥത്തില്‍ ആസ്വദിക്കാനായിട്ടില്ല എന്നതിരിക്കെ IFFK എന്ന എന്‍റെ എന്നത്തേയും വികാരതീക്ഷ്ണതയോടുള്ള നിന്‍റെ സംശയം തികച്ചും ന്യായമാണ്. അതിനു ഉത്തരം പറയേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉത്തരമിതാണ്...

ഇല്ല സുഹൃത്തേ, ഒരിക്കലുമല്ല.

കാരണം ബുദ്ധി കൊണ്ടുള്ള കാഴ്ച്ചയുടെ ഒരു ചടങ്ങല്ല... ഹൃദയം കൊണ്ടുള്ള അനുഭവത്തിന്‍റെ ഒരനുഷ്ടാനമാണ് എനിക്ക് മേള... അല്ലാതെ അത് സിനിമാക്കാരന്‍റെ പുറം പൂച്ചോ ബുദ്ധിജീവിയുടെ നാട്ട്യമോ അല്ല. സിനിമയുടെ പേരില്‍ പ്രിയപ്പെട്ട ഒരാളുടെ കൂടെ ചുറ്റാന്‍ കിട്ടുന്ന ഒരവസരവുമല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 500 രൂപയുടെ ചിലവില്‍ ലോകം കാണാന്‍ കിട്ടുന്ന അവസരം. എന്നെ സംബന്ധിച്ചിടത്തോളം, നരകത്തില്‍ ചാട്ടയടി കൊള്ളുമ്പോഴും കാവല്‍ക്കാരന്‍റെ എണ്ണം തെറ്റിയത് പറഞ്ഞ് ചിരിക്കാന്‍ കൂടെ കാണുന്ന പ്രിയപ്പെട്ടവരുടെ ഒരു സംഘം മനോഹരമാക്കുന്ന യാത്ര. പൂരത്തിന് വെടിക്കെട്ട്‌ മോശമായാലും കഴിച്ച പാലൈസിന്‍റെ രുചിയില്‍ ലാഭം കാണാന്‍ കഴിയുന്ന മനസിന്‌ എളുപ്പത്തില്‍ ഭംഗി കണ്ടെത്താവുന്ന ഒരനുഭവം.

മേളയെന്നത് ശീതീകരിച്ച നാല് ചുവരുകള്‍ക്കുള്ളിലെ ഒരു സാക്ഷിയാകല്‍ എന്നതിലുപരിയാണ്... ഭക്ഷണം പോലും ഒഴിവാക്കി മണിക്കൂറുകള്‍ ക്യൂ നിന്നും ഇടിച്ചു കയറിയും സീറ്റ് കിട്ടാതെ നിലത്തിരുന്നും വാതില്‍ക്കല്‍ ഇറുകി നിന്നും ആസ്വദിക്കുന്ന ഒരനുഭൂതിയാണത്. ക്ഷമയുടെ പരിധി ഉറക്കത്തിലേക്ക് കടന്നാലും അടുത്തതിനായി ഓടാന്‍ മടി തോന്നാത്ത ഒരനുഭൂതി... അതില്‍ കൈരളിയിലെ അയ്യപ്പന്‍ പടിയിലെ ഇരുത്തമുണ്ട്, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്കുള്ള ഓട്ടമുണ്ട്, എത്ര മറിച്ചു നോക്കിയിട്ടും മതിയാകാതെ കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്ന സ്ക്രീനിംഗ് ഷെഡ്യൂളുണ്ട്, "കണ്ടോ? എങ്ങനെയുണ്ട്?" എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി സിനിമ എന്ന ഒറ്റ മാധ്യമത്തിന് പുറത്തുള്ള മനസ് കൈമാറ്റങ്ങളുണ്ട്, പുതിയതായി ഉണ്ടാകുന്ന സൗഹൃദങ്ങളുണ്ട്, വേദികളില്‍ ആശ്വാസം കണ്ടെത്തുന്ന മനസുകളുണ്ട്, കൂവലും ബഹളവും യോജിപ്പുകളും വിയോജിപ്പുകളും പ്രശ്നങ്ങളുമുണ്ട്, അനന്തപുരിയുടെ തെരുവുകളിലൂടെയുള്ള രാത്രിനടത്തമുണ്ട്, രാത്രി വൈകുവോളം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകളുണ്ട്, അധ്യാപക ഭവനിലേയും തമ്പുരുവിലേയും താമസമുണ്ട്, ഒടുവില്‍ അഭയം കിട്ടിയ ആനന്ദിന്‍റെ മുറിയുണ്ട്, ദീര്‍ഘ ചതുരമുള്ള ആ ഹാളിലെ ദ്രവിച്ചു തുടങ്ങിയ പ്ലാസ്റ്റിക്‌ പായയിലെ ഉറക്കമുണ്ട്, ഫ്ലഷ് കേടായ ടോയ്ലെറ്റ് ഉണ്ട്...

സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മേള ആത്മാര്‍ത്ഥമായ ഒരു ഇഷ്ട്ടത്തോടുള്ള അടങ്ങാത്ത ആവേശമാണ്, ചിലര്‍ക്കത് പതിവ് മടുപ്പുകളില്‍ നിന്നുള്ള ഒരു വിടുതല്‍... ഒരാഴ്ച്ചത്തെ ധ്യാനം... മറ്റു ചിലര്‍ക്ക് സമാന മനസുകളുടെ ഒത്തു ചേരല്‍, കലയെ സ്നേഹിക്കുന്നവര്‍ക്ക് മേന്മ മനസിലാക്കാനുള്ള അവസരം, സ്വയം വിലയിരുത്തുന്നവര്‍ക്ക് എത്ര നിസ്സാരനാണ്‌ ഞാന്‍ എന്ന തിരിച്ചറിവും സര്‍ഗാത്മകതയിലെ ഊര്‍ജ്ജവും പ്രചോദനവും, ഇനി ജീവിതത്തിലെ കുഞ്ഞു കാര്യങ്ങളില്‍ പോലും കൗതുകം കണ്ടെത്തുന്നവര്‍ക്കോ മേളയെന്നത് ഇതിനൊക്കെ പുറമേ എല്ലാറ്റിനോടുമോപ്പം ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളും...

എനിക്ക് ഇതെല്ലാമാണ്...

അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും മേള നഷ്ട്ടപ്പെടുന്ന  ചങ്കുകളുടെ പിടപ്പ് എനിക്ക് കേള്‍ക്കാം... മാസങ്ങള്‍ക്ക് മുന്‍പേ കള്ളങ്ങള്‍ പറഞ്ഞ് ചെല്ലുന്ന അവധിയപേക്ഷകള്‍ വായിക്കാം... ഡിസംബറില്‍ വരുന്ന കൂട്ടുകാരെ സ്വീകരിക്കനൊരുങ്ങുന്ന മുറികളും, വിസ ക്യാന്‍സല്‍ ചെയ്തും ലോണ്‍ എടുത്തും മേളയ്ക്ക് എത്തുന്ന ജീവിതങ്ങളും കാണാം...

നിനക്കറിയാമോ, ഈ മാസം അവസാനം താരയുടെ കല്യാണമാണ്. അവളെക്കൊണ്ട് എന്നെ വിളിപ്പിച്ചതും, അതിന് പോകണ്ടേ എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നതും ഒരു IFFKയാണ്. 2010 ഡിസംബറിന്‍റെ സൗഹൃദം. ആ വര്‍ഷം തന്നെയാണ് ബിജുവേട്ടനും സിജുവേട്ടനും സണ്ണിയേട്ടനും സൗഹൃദങ്ങളിലേക്ക് വരുന്നത്. അതുപോലെ ഇത്തവണ സിറിലും, ഗോപുവും, ഷിനോജും, ലൂയിസേട്ടന്‍റെ കവിതകളും... ഇതുപോലെ ഏറെയുണ്ട്... ആര്‍ട്ട്‌ സിനിമ എന്ന പേരിലുള്ള തട്ടിപ്പ് മനസിലാക്കി തന്നത് സഫയറും കളേഴ്സ് ഓഫ് ദി മൗണ്ടെനും റോസുമൊക്കെയാണെങ്കില്‍ മേള എന്നത് സിനിമയിലുപരി മറ്റു ചിലത് കൂടിയാണെന്ന തിരിച്ചറിവ് പകര്‍ന്നത് ഇതൊക്കെയാണ്...

കൂട്ടുകാരാ, ഇപ്പോഴും എന്‍റെ ആവേശം നിനക്ക് സ്വാഭാവികമായ ഒരത്ഭുതമായി തുടരുന്നുവെങ്കില്‍ എന്‍റെ മറുപടി സഹതാപത്തിന്‍റെ ഒരു ചിരിയില്‍ ഞാന്‍ ഒതുക്കുന്നു. കൂട്ടത്തില്‍ പരീക്ഷ പാസ് ആയ ഒരേയൊരുവന്‍റെ പൊടി അഹങ്കാരമുള്ള ചിരി... ആസ്വാദനം എന്ന വലിയ കലയുടെ സൗഭാഗ്യം തന്നതിന് പടച്ചവനോടുള്ള നന്ദിയുടെ ചിരി...

അത്ര മാത്രം :)

ശുഭദിനം.


'Dedicated to all the IFFK fans & genuine movie lovers'