25 February 2011

'Take it easy policy'

കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന ഗൃഹനാഥന് ഹസ്തദാനം നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു...

"സര്‍ ഞാനൊരു insurace agent ആണ് സാറിനു ഞാനൊരു പുതിയ പോളിസി പരിചയപ്പെടുത്താം 'take it easy policy'. ഇതിന്‍റെ ഗുണങ്ങള്‍ സാറിനു ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റില്ല... ഈ പോളിസി എടുത്തിട്ടുള്ളവരെല്ലാം തന്നെ ഇന്ന് വളരെ happy ആണ് എന്ന് മാത്രമല്ല സാറിനി വേറെ ഏതു പോളിസി എടുത്തിട്ടുണ്ടെങ്കിലും ഈ പോളിസി സാറിനൊരു ഭാരമായി തോന്നില്ല, കാരണം ഈ പോളിസിയ്ക്ക് സാറ് pemium അടയ്ക്കേണ്ട കാര്യമേയില്ല!! സാറിന്‍റെ attitude ല്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ മാത്രം മതി.
ഇനി ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ സാറിനു എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ പോളിസി എടുത്തിട്ടുള്ള ആളുകളോട് ചോദിച്ചു നോക്കാവുന്നതാണ്... ഇതൊരെണ്ണം എടുത്തുകൂടെ സര്‍...???
ഗൃഹനാഥന്‍ : ഞാന്‍ ആലോചിച്ചിട്ട് പറയാം...
Agent : അപ്പൊ ഞാന്‍ നാളെ വിളിക്കാം സര്‍...
ഗൃഹനാഥന്‍ : വേണ്ട ഞാന്‍ അങ്ങോട്ട്‌ വിളിച്ചോളാം...

ഇതും പറഞ്ഞ് അയാള്‍ വാതില്‍ കൊട്ടിയടച്ചു. Agent മനസ്സില്‍ പറഞ്ഞു 'take it easy policy'...

23 February 2011

ചില തിയേറ്റര്‍ മര്യാദകള്‍...


'തിയേറ്ററില്‍ പോപ്‌കോ‍ണ്‍  കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ശബ്ദം കൂടിപ്പോയതിന്‍റെ പേരില്‍ വെടി കൊണ്ട് മരിച്ച ആ സായിപ്പിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പിടി കണ്ണീരില്‍ കുതിര്‍ന്ന പോപ്‌കോണുകള്‍ അര്‍പ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങുന്നു...'

 സിനിമയ്ക്കിടയില്‍ ശല്യമായി മാറിയ ഒരാളോട് ഇത്രയ്ക്കൊക്കെ വേണമായിരുന്നോ എന്ന സംശയം ബാക്കിയാണെങ്കിലും ചിലരെക്കുറിച്ച് പറയാതെ വയ്യ. ചിലരുണ്ട് സിനിമ തുടങ്ങുന്നതിനു മുന്‍പേ കാന്റീനില്‍ കയറി ഒരു റൗണ്ട് purchasing  നടത്തും. അവരെ കണ്ടാല്‍ സിനിമ കാണാനാണോ അതോ ഭക്ഷണം കഴിക്കാനാണോ കയറുന്നത് എന്ന് സംശയം തോന്നും. അവര് അകത്തു കയറിക്കഴിഞ്ഞാല്‍ പിന്നെയങ്ങു ബഹളമാണ് കവറ് തുറക്കലും കുപ്പി പൊട്ടിക്കലും തീറ്റലും കുടിപ്പിക്കലുമൊക്കെയായിട്ടു  പിന്നെ ആകെ മേളമാണ്. Silent ആയ പടം വല്ലതുമാണെങ്കില്‍ ഇങ്ങനെ ഒരു സംഘമായിട്ട് കയറുന്നവര് ചിപ്സ് വാങ്ങിക്കരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കാറ് കാരണം  ഒരു വരിയില്‍ ഉള്ളവര് മുഴുവന്‍ ഒരുമിച്ച് ചിപ്സ് തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും രാജാമണിയുടെ BGM ഉം സുരേഷ് ഗോപിയുടെ ഡയലോഗുമെല്ലാം നമ്മള്‍ മനസില്‍ സങ്കല്‍പ്പിക്കേണ്ടി വരും. ഇങ്ങനെയുള്ളവരുടെ കോലാഹലങ്ങള്‍ കൊണ്ട് എനിക്ക് ആകെയുണ്ടായിട്ടുള്ള ഒരു മെച്ചം ഒന്ന് രണ്ടു പ്രാവശ്യം ഇവര് ചിപ്സ് പാസ്‌ ചെയ്യുമ്പോള്‍ ഒരു കസേര കഴിഞ്ഞു അപ്പുറത്ത് സിനിമയില്‍ മുഴുകിയിരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ അപ്രതീക്ഷിതമായി ചിപ്സ് എത്തിയിട്ടുണ്ട് എന്നുള്ളതും, അങ്ങനെ 2 പ്രാവശ്യം എനിക്ക് ചിപ്സിന്‍റെ പൈസ ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതുമാണ്. ഇനി ഒറ്റയ്ക്കിരുന്നു കഴിക്കുന്നവരാണെങ്കില്‍ അധിക പേരും മറ്റുള്ളവരെ ശ്രദ്ധിക്കാനേ പോകില്ല. എങ്ങാനും കണ്ണുകള്‍ തമ്മിലുടക്കിയാല്‍ ഒരു പരിചയവും ഇല്ലാത്തവനാണെങ്കില്‍ പോലും ഒരു സാമാന്യ മര്യാദയ്ക്ക് "വേണോ...? എന്ന് ചോദിക്കണ്ടേ എന്ന  ചിന്തയായിരിക്കും മനസ്സില്‍.
മറ്റു ചിലര്‍ വേസ്റ്റ് സീറ്റിനടിയിലേക്ക്‌ തള്ളുന്നതിനിടയില്‍ കുപ്പികള്‍ ശ്രദ്ധിക്കാതെ വെയ്ക്കും. അച്ചടക്കമില്ലാതെ ആ കുപ്പികള്‍ പിന്നീടെ നടന്നു പോകേണ്ട സ്ഥലങ്ങളിലൂടെ ഓടി നടക്കുന്നത് കാരണം പലര്‍ക്കും അത് ശാരീരിക അസ്വസ്ഥതകള്‍ക്കു വഴിയാവാറുണ്ട്. ഒരിക്കല്‍ ഒരു ചേട്ടന്‍ ഒരു സീറ്റിനടിയില്‍ നിന്ന് മറ്റൊരു സീറ്റിനടിയിലേക്ക്‌ തിരക്കിട്ട് പോവുകയായിരുന്ന  ഒരു കുപ്പിയില്‍ ചവിട്ടി ബാലന്‍സ് കിട്ടാതെ നമിതയെ പോലിരുന്ന ഒരു ചേച്ചിയുടെ മടിയില്‍ crash land ചെയ്തതും ആര്‍നോള്‍നോഡിനെപ്പോലിരുന്ന അവരുടെ  ഭര്‍ത്താവ് തത്സമയം അദ്ദേഹത്തിന്‍റെ അഭിപ്രായം ആ ചേട്ടന്‍റെ മുഖത്ത് രേഖപ്പെടുത്തിയത് വഴി ബാക്കി സിനിമ കണ്ണട പോലും വെക്കാതെ 3D യില്‍ കാണാന്‍ ആ ചേട്ടന് ഭാഗ്യമുണ്ടായതും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.

ചിലരുടെ ശല്യം ഭക്ഷണം കൊണ്ടാണെങ്കില്‍ മറ്റു ചിലരുടെ ശല്യം ഫോണ്‍ കൊണ്ടായിരിക്കും. ചിലര് ഫോണ്‍ silent ആക്കില്ല, ചിലരാണെങ്കില്‍ ഫോണ്‍ വന്നാല്‍ silent ആവുകയുമില്ല. ചിലര് തിയറ്ററില്‍ കയറിയാല്‍ തിയേറ്റര്‍ കോളാമ്പിയാക്കി  മാറ്റും.  വേറെ ചിലരുടെ തല വലിയ ഒരു തലവേദന തന്നെയാണ്. ഇത്തിരി നീളം കൂടിപ്പോയത്‌ അവരുടെ തെറ്റല്ലെങ്കിലും, താഴ്ന്നിരിക്കാം എന്നേറ്റത്തിനു ശേഷം ബാക്കിലിരിക്കുന്നവന്‍മാരെ വെറും ഊളകളാക്കിക്കൊണ്ട് മൂന്നാം മിനിറ്റില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ത്തെഴുന്നെല്‍ക്കുന്നത്  അവരുടെ തെറ്റല്ലേ ? എനിക്ക് പലപ്പോഴും തല കൊയ്യാന്‍ തോന്നിയിട്ടുള്ളത് ഈ അവസരത്തിലാണ്. കഴിഞ്ഞിട്ടില്ല വേറെ ഒരു കൂട്ടരുണ്ട് അനാവശ്യമായി കമന്റ്സ് പാസാക്കി ബാക്കിയുള്ളവരെ കൂടി വെറുപ്പിക്കും (ചിലരുടെ ചില കമന്റുകള്‍ ചില സിനിമകള്‍ക്കിടയില്‍ ഒരു അനുഗ്രഹമാണെന്നുള്ള കാര്യം ഞാന്‍ മറക്കുന്നില്ല). എന്‍റെ അഭിപ്രായത്തില്‍ ഇങ്ങനെയുള്ള ചിലരെ നേരിടാനായി തിയേറ്ററുകളിലെല്ലാം തന്നെ പ്രൊജക്ടര്‍ റൂമിലിരുന്ന് പ്രശ്നക്കാരുടെ സീറ്റ്‌ നോക്കി ഷോക്ക് അടിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍  ഒരു സംവിധാനം വല്ലതും വരണം. ഇങ്ങനെയുള്ള കടുത്ത നടപടികളിലേക്ക് ആരെങ്കിലുമൊക്കെ നീങ്ങുന്നതിനു മുന്‍പ് സ്വയം മനസിലാക്കാനും തിരുത്താനും അവര്‍ക്കൊക്കെ കഴിയട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു...

*മുകളില്‍ സൂചിപ്പിച്ച ശല്യക്കാര്‍ക്കെല്ലാം  മുന്നറിയിപ്പായിരിക്കാന്‍ വേണ്ടി, മറ്റു കാക്കകളെ പേടിപ്പിക്കാന്‍ ചത്ത കാക്കയെ കെട്ടിത്തൂക്കുന്നത് പോലെ ഈ സായിപ്പിന്റെ ഫോട്ടോ തിയേറ്റര്‍ കാന്റീനുകളില്‍ തൂക്കുന്നതും തിയേറ്റര്‍ മര്യാദകള്‍ നോട്ടീസടിച്ച് ടിക്കറ്റിന്‍റെ കൂടെ ഫ്രീ ആയിട്ട് കൊടുക്കുന്നതും നന്നായിരിക്കില്ലേ...?

11 February 2011

Ad തോമ on Valentines Day

സ്വന്തമായി ഒരു കാമുകനോ കാമുകിയോ ഇല്ലാത്തവര്‍ക്ക് മുന്നില്‍ ഇത് സമര്‍പ്പിക്കുന്നു...
 

ആശംസകള്‍...

10 February 2011

College Days Part 2 ('മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചത്')

സ്നേഹത്തിനു പിന്നിലെ ഗുട്ടന്‍സും അവിടുത്തെ ക്ലാസ്സുകളും...


റിസല്‍റ്റ് വന്നു കഴിയുമ്പോള്‍ പാസ്സായ വിദ്യാര്‍ത്ഥികളുടെയും ഫസ്റ്റ് ക്ലാസ് വാങ്ങിച്ച വിദ്യാര്‍ത്ഥികളുടെയുമൊക്കെ ഫോട്ടോ വെച്ച് പാരലല്‍ കോളേജുകള്‍ നോട്ടീസ് ഇറക്കുന്ന ഒരു പതിവുണ്ട്. മറ്റു കോളേജുകളെല്ലാം തന്നെ ഇങ്ങനെ നോട്ടീസ് ഇറക്കുമ്പോള്‍ അത് വാങ്ങിച്ച് വായിച്ചു നോട്ടീസിന്‍റെ lay out നെക്കുറിച്ച് കുറ്റം പറയാന്‍ മാത്രമായിരുന്നു എന്‍റെ കോളേജിന്‍റെ യോഗം. പഠിത്തത്തില്‍ ഉഴപ്പുന്നന്നതില്‍ ഡിഗ്രി എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികകള് കാരണം പ്രസ്സിന് മുന്നിലൂടെ പോകുമ്പോള്‍ ഒരു നീണ്ട നെടുവീര്‍പ്പിട്ടും, പരസ്പരം തോളത്തു തട്ടി ആശ്വസിപ്പിച്ചും, മറ്റു കോളേജുകളുടെ നോട്ടീസുകള്‍ കോളേജില്‍ എത്താതെ ശ്രദ്ധിച്ചും (അത് കണ്ടു ഉള്ള പിള്ളേരു കൂടി കോളേജ് മാറണ്ട എന്ന് കരുതിയിട്ടാണ്) ഒരു രക്ഷകനെ കാത്തിരിക്കുകയായിരുന്നു അവിടുത്തെ ടീച്ചര്‍മാരും മാഷുമ്മാരും...

അപ്പോഴാണ് ഒരു CBSE സ്കൂളില്‍ നിന്നും ഒരു കൊല്ലം പാഴാക്കി എന്‍റെ വരവ്. എന്‍റെ SSLC മാര്‍ക്ക്‌ ലിസ്റ്റ് കണ്ട പ്രിന്‍സിപ്പലിന്റെ കണ്ണ് തള്ളുന്നത് കണ്ടപ്പോള്‍ അത് ചാടിപ്പിടിക്കേണ്ടി വരുമോ എന്ന് ഞാന്‍ ഒരു നിമിഷം ഞാന്‍ ശങ്കിച്ചിരുന്നു. 422 മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ എങ്കിലും  അത്രയും മാര്‍ക്ക്‌ കിട്ടിയ ഒരു വിദ്യാര്‍ത്ഥിയെ ഒരു പാരലല്‍ കോളെജിനു കിട്ടുന്നത് മുജ്ജന്മ സുകൃതവും, പൂര്‍വികര് ചെയ്ത പുണ്യവുമൊക്കെയായിട്ടാണ് അവര് കണ്ടിരുന്നത്‌. അതുകൊണ്ടുതന്നെ എന്നില്‍ അവരൊരു രക്ഷകനെ കണ്ടു. അതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കിട്ടിയ ബംഗ്ലാദേശ് ടീം പോലെയായി നമ്മുടെ കോളേജ്. നല്ല രീതിയില്‍ ഞാന്‍ സഹകരിക്കുകയാണെങ്കില്‍ എനിക്കൊരു ഫസ്റ്റ് ക്ലാസും അത് വെച്ച് ഇറക്കാവുന്ന നോട്ടീസും അവര് സ്വപ്നം കണ്ടു. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആവുമെന്ന് കരുതിയ ഞാന്‍ റിസള്‍ട്ട്‌ വന്നപ്പോള്‍ ആശിഷ് നെഹറയായി, ഫസ്റ്റ് ക്ലാസിനു 2 മാര്‍ക്ക്‌ കുറവ്. അതുതന്നെ എന്തുമാത്രം ഉഴപ്പിയിട്ടു കിട്ടിയതാണെന്ന് എനിക്ക് മാത്രമേ അറിയൂ. പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ഉന്നതര് മരിച്ചാലത്തെ ദൂരദര്‍ശന്‍ പോലെയായി മനസ്. ഏതൊക്കെയോ സിനിമകളിലെ ശോകഗാനങ്ങള്‍ മനസ്സില്‍ മുഴങ്ങി (അതില്‍ ഒന്ന് 'മാനസ മൈനേ...' ആയിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട്). പിന്നെ അക്കൊല്ലം പഠിച്ച 40 - ഓളം കുട്ടികളില്‍ നിന്നും പാസ്സായ 2 പേരില്‍ ഒരാള്‍ ഞാനായില്ലേ എന്ന് പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അങ്ങേയറ്റം ആത്മാര്‍ഥതയോടെ എന്നെ പഠിപ്പിച്ച കോളെജിനോടും ടീച്ചര്‍മാരോടുമുള്ള സ്നേഹം എന്‍റെ കുറ്റബോധം വര്‍ധിപ്പിച്ചു അതുകൊണ്ട് ഞാന്‍ economics improvement exam എഴുതി ഫസ്റ്റ് ക്ലാസ്സ്‌ വാങ്ങിച്ചെങ്കിലും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്‍റെ ജന്‍മം ബാക്കിയായിരുന്നു. University ചതിച്ചു അതിന്‍റെ സര്‍ട്ടിഫിക്കറ്റ് മാത്രം വേറെ തന്നു. സത്യം പറഞ്ഞാല്‍ ആദ്യ ചാന്‍സില്‍ തന്നെ ഫസ്റ്റ് ക്ലാസ്സ്‌ വാങ്ങിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും വളരെയധികം സാമൂഹികാവബോധമുള്ള എന്‍റെ  extra carricular activities കാരണം കാരണം അത് നടന്നില്ല. പിന്നെ രത്ന ടീച്ചറുടെ accountancy യും സിബി മാഷുടെ ബിസിനസ് സ്റ്റഡീസുമെല്ലാം ആദ്യ ചാന്‍സില്‍ തന്നെ ഫസ്റ്റ് ക്ലാസ്സ്‌ നേടാന്‍ മാത്രം പ്രപ്തമാക്കുന്നതായിരുന്നുമില്ല. കാരണം രത്ന ടീച്ചറുടെയും സിബി മാഷുടെയുമൊന്നും ക്ലാസുകള്‍ മോശമായതല്ല, പാരലല്‍ കോളേജുകളില്‍ ഒരു പരിധിയില്‍ കൂടുതല്‍ strict  ആകാന്‍ പറ്റില്ല അങ്ങനെ ആയാല്‍ ചിലരെയൊന്നും പിന്നെ കോളെജിലേക്ക് കാണുകയേ ഉണ്ടാവില്ല അത് എന്നെപ്പോലുള്ള ചില കാപാലികന്‍മാര്‍ മുതലെടുക്കുന്നതാണ്. പഠിക്കാന്‍ തീരുമാനിച്ചിട്ടുള്ളവന് എവിടെ ചെന്നാലും പഠിക്കാം ഓണാട്ടുകരയിലെ കോളേജും രത്ന ടീച്ചറുടെയും സിബി മാഷുടെയുമൊക്കെ
ക്ലാസ്സുകളും അതിനു ധാരാളമായിരുന്നു...

ക്ലാസ്സുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ രത്ന ടീച്ചറുടെ accountancy ക്ലാസ്സ്‌ രസമായിരുന്നു. അന്ന് പഠിച്ചതില്‍ debit what comes in, credit what goes out എന്നതൊഴികെ വേറെ ഒന്നും ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലെങ്കിലും ക്ലാസ്സ്‌ ഞാന്‍ നന്നായിട്ട് ഓര്‍ക്കുന്നുണ്ട്. ഇത് പറയുമ്പോള്‍ ന്‍റെയൊപ്പം +2 വിന് പഠിച്ച സുബിന്‍ ചിരിക്കും അവനു accountancy ക്ലാസ്സ്‌ പോലും ഓര്‍മ്മയില്ല, ക്ലാസ്സില്‍ കയറിയാലല്ലേ  ഓര്‍ക്കാന്‍ പറ്റൂ. accountancy ക്ലാസ്സ്‌ എടുക്കുന്ന രത്ന ടീച്ചര്‍ തന്നെയാണ് പ്രിന്‍സിപ്പലും. ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ് ടീച്ചറുടെ ഒരു പ്രാര്‍ത്ഥനയുണ്ട്. അതിപ്രകാരമായിരുന്നു...

"കുട്ടികളെ ദയവു ചെയ്തു നിങ്ങള്‍ മാസത്തെ ഫീസ്‌ തരണം (ചിലരോട് മാസത്തെയെങ്കിലും...) ടീച്ചര്‍മാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല, റൂമിന്‍റെ വാടക കൊടുത്തിട്ടില്ല പുതിയ ടെക്സ്റ്റ്‌ ബുക്കുകള്‍ വാങ്ങിച്ചിട്ടില്ല  എന്നെക്കൊണ്ട് ഇനിയും നിങ്ങള്‍ പറയിക്കരുത്‌... അതുപറയുമ്പോള്‍ പഴയ മഞ്ഞച്ച accountancy ടെക്സ്റ്റ്‌ ബുക്ക്‌ ടീച്ചറുടെ കൈയ്യിലിരുന്ന് ഞെരിപിരികൊള്ളും, ചില സമയത്ത് അതില്‍ നിന്നും ചിതലിറങ്ങി ഓടിപ്പോകുന്നതു വരെ ഞാന്‍ കണ്ടിട്ടുണ്ട്. ശരിക്കും ചിതലിന്റെ വൈറ്റ് ഹൗസ്ആയിരുന്നു രത്ന ടീച്ചറുടെ accountancy ടെക്സ്റ്റ്‌ ബുക്ക്‌. അവിടുത്തെ ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും സ്വൈര്യ ജീവിതത്തിനു തടസം നേരിടുന്ന ഒരേ ഒരു സമയമാണ് രത്ന ടീച്ചറുടെ accountancy പീരീഡ്‌...

ഏറ്റവും രസം ഒരിക്കലും ബുക്ക്‌ തുറക്കാത്തവര് പോലും ടീച്ചര്‍ ഫീസ് ചോദിക്കുന്ന സമയത്ത് കളഞ്ഞു പോയ സൂചി തിരയുന്നത് പോലെ ബുക്കില്‍ തല പൂഴ്ത്തി തിരഞ്ഞുകൊണ്ടിരിക്കും, ഒരാളും ടീച്ചറുടെ മുഖത്ത് നോക്കൂല്ല. അതുകൊണ്ട് തന്നെ ഫീസ്‌ കൃത്യമായിട്ട്‌ കൊടുക്കുന്നവരോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു ടീച്ചര്‍ക്ക്, നന്നായി പഠിക്കുന്ന കുട്ടികളോട് അതിലേറെയും. പിന്നെ രത്ന ടീച്ചറുടെ മറ്റൊരു പ്രത്യേകത ക്ലാസ്സ്‌ തുടങ്ങി ഒരു 6 മാസമൊക്കെ കഴിയുമ്പോഴയിരിക്കും അറിയുന്നത് സിലബസ് വേറെയായിരുന്നൂ എന്ന്. പിന്നെ ഓടിച്ചിട്ട്‌ ഒരു എടുക്കലാണ്. അതുപോലെ മറ്റൊരു പ്രത്യേകത ഫീസ്‌ കൊടുക്കാന്‍ കാശുണ്ടെങ്കില്‍ ടീച്ചറുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്നുള്ളതാണ്. അങ്ങനെ ഒരു രംഗം താഴെ കൊടുക്കുന്നു...

രത്നടീച്ചര്‍ : സിഗിന്‍ലാല്‍... What is coast accounting?
സിഗിന്‍ലാല്‍ : അത്... അത്... കോസ്റ്റ് accounting is the... is the... അല്ല ടീച്ചര്‍ ഇന്ന് ഓഫീസില്‍ ഉണ്ടാവില്ലേ? ഫീസ്‌ അടയ്ക്കാനുണ്ടായിരുന്നു!!!
രത്നടീച്ചര്‍ : ഞാന്‍ ഓഫീസിലുണ്ടാവും സിഗിന്‍ ഇരുന്നോളൂ ഇനി ഷനോബ് പറയൂ What is coast accounting?

ഇങ്ങനെയൊക്കെയായിരുന്നു എങ്കിലും മനസ്സില്‍ സ്നേഹവും നന്‍മയും മാത്രമുള്ള ടീച്ചറായിരുന്നു ഞങ്ങളുടെ  രത്നടീച്ചര്‍. രത്ന ടീച്ചര്‍ പഠിപ്പിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ accountancy പാസ്‌ ആയത്. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞതില്‍ ചിലതെല്ലാം എഴുത്തിന്റെ ഭംഗിക്ക് വേണ്ടി ചേര്‍ത്തിട്ടുള്ളവയാണ് എന്ന കാര്യം ഞാന്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

തുടരും...

05 February 2011

അമ്മ അറിയാന്‍... (ഒരു അനുഭവ കഥ)

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന അമ്മയോട് മകന്‍...

"അതിനമ്മ എന്തിനാ ഇത്രയ്ക്ക് സങ്കടപ്പെടുന്നത്? മുടി നീട്ടി വളര്‍ത്തുന്നത് ഒരു സ്റൈല്‍ അല്ലേ? അതുകൊണ്ടിപ്പോ എന്ത് ഭൂകമ്പമാണ് ഉണ്ടാകാന്‍ പോകുന്നത്? ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റൂ...
അമ്മ : "മുടി നീട്ടി വളര്‍ത്തുന്നത് ആണ്‍കുട്ടികള്‍ക്ക് ചേരുന്നതല്ല മോനേ... നമ്മക്കതോന്നും ശരിയാകില്ല എന്‍റെ പൊന്നുമോന്‍ അമ്മ പറയുന്നത് കേള്‍ക്ക് അമ്മയ്ക്കതു തീരെ ഇഷ്ടമല്ല അതുകൊണ്ടാ...
മകന്‍ : "അമ്മ എന്തൊക്കെ പറഞ്ഞാലും ശരി ഞാന്‍ മുടി നീട്ടി വളര്‍ത്താന്‍ തീരുമാനിച്ചു എന്നിട്ട് വേണം കാതില്‍ കടുക്കനിടാന്‍...
ഇതും പറഞ്ഞ് ദേഷ്യപ്പെട്ട് അകത്തേക്ക് പോകുന്ന മകന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു 'കുരുത്തം കെട്ടവന്‍' റിംഗ്ടോണ്‍ റൂമിലാകെ മുഴങ്ങി... അവന്‍ ഫോണെടുത്തു.
"ഹലോ ജാന്‍സീ
ജാന്‍സി : എവിടാടാ
മകന്‍ : വീട്ടിലാ, നീയെവിടെയാ?
ജാന്‍സി : ഞാനും വീട്ടിലാണ്...
മകന്‍ : ഡീ ഞാന്‍ മുടി വളര്‍ത്താന്‍ തീരുമാനിച്ചു അതുകഴിഞ്ഞ് കാതില്‍ കടുക്കനിടും...
ജാന്‍സി : അതുവേണോ dear?  Thats very boring, men with long hair... I dont like that kind of persons...
മകന്‍ : Hey coooll.. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ ജാന്‍സീ... നിനക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും ഞാന്‍ ചെയ്യുമോ?? (റൂമിലേക്ക്‌ അമ്മ വരുന്നത് കണ്ട മകന്‍) ദേ അമ്മ വരുന്നു ഞാന്‍ പിന്നെ വിളിക്കാം bye..."
അമ്മ വന്ന് മകന്‍റെ അടുത്തിരുന്നു, മകന്‍ പറഞ്ഞു...
"അമ്മ ഇനി വിഷമിക്കണ്ട ഞാന്‍ മുടി വളര്‍ത്തുന്നില്ല സന്തോഷമായില്ലേ...??
അമ്മ : "നന്നായി മോനെ എനിക്കറിയാമായിരുന്നു എന്തൊക്കെ പറഞ്ഞാലും നീ അമ്മയ്ക്കിഷ്ടമല്ലാത്ത ഒന്നും ചെയ്യില്ല എന്ന്...
എന്നിട്ട് ആ മകനെ കെട്ടിപ്പിടിച്ചു നെറ്റിയിലൊരു മുത്തം കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു "അമ്മയ്ക്ക് സന്തോഷമായി...

അതുപറയുമ്പോഴും ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
Silent  ആക്കിയിട്ടിരുന്ന മൊബൈലിന്‍റെ സ്ക്രീനില്‍ വീണ്ടും തെളിഞ്ഞു Jansi calling...