09 February 2016

പ്രണയമിട്ടായി

"ഇന്ന് കോളേജ് വിട്ടു വരുവാരുന്നേ..." അവള് പറഞ്ഞു തുടങ്ങി...

"വീട്ടിലെത്തി കഴിഞ്ഞപ്പോഴാ ഓര്‍ത്തത് ഒരു കടല മിട്ടായി വാങ്ങിക്കാമായിരുന്നല്ലോന്ന്. കടയുടെ മുന്നിക്കൂടെയാ വീട്ടിലേക്ക് വരുന്നത് എന്നിട്ടും മറന്നു പോയി. ശ്ശെ ഇനിയിപ്പോ എന്തു ചെയ്യുമെന്നു വിചാരിച്ചിരിക്കുമ്പോഴാ പപ്പ വന്നത്." അവളൊന്നു നിര്‍ത്തി എന്നിട്ട് ഗമയില്‍ തുടര്‍ന്നു. "എന്നിട്ട് ഇന്ന് പപ്പ എനിക്കു വേണ്ടി വാങ്ങിച്ചു കൊണ്ട് വന്നതെന്താണെന്ന് അറിയാമോ?" ഊഹിക്കാവുന്നതെങ്കിലും അവിടെ നിന്നു തന്നെ വെളിപ്പെടുത്തുന്ന ഉത്തരം. "കടല മിട്ടായി..." കൊച്ചു കുട്ടികള്‍ 'ഹായ് ഐസ് ക്രീം' എന്നു പറയും പോലെ തന്നെ തോന്നിച്ചു അപ്പോള്‍ അത്. അവസാനം അവള്‍ ഇത് കൂടി പറഞ്ഞു. "കണ്ടോ ഞാന്‍ മനസില്‍ കണ്ടപ്പോഴേക്കും പപ്പ വാങ്ങിക്കൊണ്ട് വന്നു... അതാണ് എന്റെ പപ്പ!!!"

സത്യത്തില്‍ കടല ഗ്യാസ് മാത്രമല്ല അസൂയയും കുശുമ്പുമുണ്ടാക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം. പെണ്‍മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛന്‍മാര്‍ കാമുക കുലത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി തന്നെ. ആ ചിന്തയുടെ ഞൊടിയില്‍ ഞാന്‍ വീണ്ടും ആഴ്ചപ്പതിപ്പിലെ കാമുകനായി. അധികം വൈകാതെ ആ പരമ്പരാഗത പൈങ്കിളി ചോദ്യം എന്റെ വായില്‍ നിന്നു വീണു. "എന്നെയാണോ പപ്പയെയാണോ കൂടുതല്‍ ഇഷ്ടം?" അവിടെ നിന്ന് ഒരു ചിരി വന്നു. പുറകെ ഉത്തരവും. "അതിലെന്താ സംശയം പപ്പയെ." തമാശയാണ്... എന്നെ ചൊടിപ്പിക്കാന്‍ മാത്രമുള്ളത്... അറിയാം... എങ്കിലും അവളുടെ സ്നേഹത്തിന്റെ സ്വത്ത് ഭാഗം വെപ്പില്‍ മറ്റൊരാള്‍ക്കുള്ള അവകാശം സഹിക്കാന്‍ കഴിയാത്തത്ര സ്വാര്‍ത്ഥനായതു കൊണ്ട് എനിക്കത് അത്ര തമാശയായി തോന്നിയില്ല.

ഒരു പാക്കറ്റ് കടല മിട്ടായി വാങ്ങിച്ച് അവളറിയാത്ത പോക്കറ്റടിക്കാരുടെ വൈദഗ്ദ്ധ്യത്തോടെ അവളുടെ വാനിറ്റിയില്‍ വെയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അതാണ്.

പപ്പയോടുള്ള അപ്രഖ്യാപിത മല്‍സരം എന്നതിലുപരി അവളുടെ സന്തോഷവും ആ ചിരിയും കാണാനുള്ള അടുത്ത അവസരം... തൊട്ടടുത്ത കൂടിക്കാഴ്ചയില്‍ പിരിയും മുന്‍പ് ബാഗില്‍ ആ കടലമിട്ടായി പാക്കറ്റ് വിജയകരമായി വെച്ച ശേഷം വീട്ടിലെത്തും മുന്‍പ് അവളെ വിളിക്കുന്നതും, 'ഇന്ന് കടല മിട്ടായി കഴിക്കാന്‍ ആഗ്രഹമുണ്ടോ?' എന്നു ചോദിക്കുന്നതും, 'ഇല്ലെന്ന്' പറഞ്ഞു ഞാന്‍ പ്ലിങ്ങിയില്ലെങ്കില്‍, ബസില്‍ വെച്ച് തന്നെ ബാഗ് നോക്കാന്‍ പറയുന്നതും, കയ്യില്‍ തടയുന്ന മിട്ടായി പാക്കറ്റിലൂടെ അവിടെ വിരിയുന്ന സന്തോഷം ഇങ്ങേത്തലയ്ക്കല്‍ അറിയുന്നതും മനക്കണക്ക് കൂട്ടി.

എന്നാല്‍ കണക്ക് തെറ്റിച്ച് അങ്ങോട്ട് വിളിക്കും മുന്നേ ഇങ്ങോട്ട് വിളി വന്നു. സ്നേഹത്തിന്റെ കള്ളം കണ്ടു പിടിച്ച കുസൃതിയുടെ ചോദ്യം തന്നെ ആദ്യം. "അതേ ഇന്ന് കടല മിട്ടായി കഴിക്കാന്‍ തോന്നുന്നു. എന്താ ചെയ്യാ?" അറിയിയ്ക്കും മുന്നേ അവളതറിഞ്ഞിരിക്കുന്നു.. ഞാന്‍ ചിരിച്ചു... അവളും ചിരിച്ചു... ഞങ്ങള്‍ ചിരിച്ചു... രണ്ടിടങ്ങളിലായി ബസ്സിലിരിക്കുന്ന രണ്ടു മനസുകള്‍ നിറഞ്ഞു... വഴിയരികിലെ ഒരു വീട്ടു മുറ്റത്ത് കത്തിയുയര്‍ന്ന പൂത്തിരിയ്ക്ക് പതിവില്‍ കൂടുതല്‍ പ്രകാശം... അന്ന് ദീപാവലിയായിരുന്നു...

വാല്‍ക്കഷ്ണം: ഇന്നും എന്നിലെ കുശുമ്പന്‍ അവളോടു പറയാറുണ്ട് അതേ പപ്പ തന്നത് ഒരു കഷ്ണമല്ലേ... ഞാന്‍ തന്നത് ഒരു പാക്കറ്റാ... ;)

#her #love #life

No comments:

Post a Comment