24 February 2015

ഫോര്‍വേര്‍ഡ് മെസ്സേജ്

കത്തുകള്‍ ഇല്ലാതായി സേവനം അവസാനിപ്പിച്ച ആ പോസ്റ്റ്‌ ഓഫീസില്‍ അവസാനം വന്ന കത്ത് പോസ്റ്റ്‌മാന്‍ തന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്തതായിരുന്നു. ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ കത്ത് അയാളുടെ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ തുടങ്ങുന്നു "അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രിയ സുധാകരന്..."

22 February 2015

പ്രായം കുറയ്ക്കുന്ന മരുന്ന്


ഇതിലേക്ക് തന്നെ ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍ എനിക്കാ ബെല്ലടി കേള്‍ക്കാം... ഇന്‍റര്‍വെല്ലിനു തോല് പോയ മുട്ടില്‍ നീറ്റല്‍... പാന്‍സിന്‍റെ ഇടത്തേ പോക്കറ്റില്‍ ഓട്ടയുണ്ട്... വായില്‍ മുന്‍നിരയിലെ പല്ലുകള്‍ക്ക് പുറകില്‍ മുകളിലായി പല്ലിന്‍മേലൊട്ടി പറ്റിപ്പിടിച്ചിരിക്കുന്നു......

എത്ര എന്തൊക്കെ നേടിയാലും സമ്പാദിച്ചാലും സ്കൂള്‍ ഫോട്ടോ സൂക്ഷിച്ചു വെയ്ക്കാത്തവന്‍ എത്രയോ നിസ്സാരന്‍ ആണ് സുഹൃത്തുക്കളേ... കാരണം ഇതൊരു മരുന്നാണ്... ഏതൊരാളുടെ ഫസ്റ്റ് എയ്ഡ് ബോക്സിലും ഉണ്ടായിരിക്കേണ്ട മരുന്ന്. വല്ലാതെ മടുക്കുമ്പോ ഇടയ്ക്കിങ്ങനെ ഇതെടുത്തു വെച്ച് നോക്കണം... അപ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്... തലവേദനയ്ക്ക് ബാം തേയ്ക്കുന്ന പോലെ തലച്ചോറിലേക്ക് തണുപ്പ് മെല്ലെ കയറും. ടൈം മെഷീനിലെന്ന പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറകോട്ടു പോയി, കാലം പോയപ്പോള്‍ വന്നു ചേര്‍ന്ന കേടുകളില്‍ നിന്ന് അല്‍പനേരത്തേക്ക് ആശ്വാസം നേടിക്കൊണ്ട് മനസും ശരീരവും ഇളയതാകുന്ന ഒരു കായകല്‍പ സുഖം. അങ്ങനെയൊരു ആശ്വാസത്തിന്‍റെ തണുപ്പില്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട് ഫോട്ടോകളെ ഫംഗസുകള്‍ കയ്യടക്കുന്നത് എന്തുകൊണ്ടാണെന്ന്... ഓര്‍മ്മകളുടെ തീരാത്ത വിശപ്പാണവറ്റകള്‍ക്ക്... നൊസ്റ്റാള്‍ജിയ ഇല്ലെങ്കില്‍ മരിച്ചു പോകുന്ന പാവങ്ങള്‍...

NB: കക്കോടി പഞ്ചായത്ത്‌ യു പി സ്കൂള്‍ ഏഴാം ക്ലാസ്സ്‌ ഡിവിഷന്‍ B ഗ്രൂപ്പ്‌ ഫോട്ടോ. നിറമുള്ള വരയന്‍ കുപ്പായത്തില്‍ ഞാന്‍ :)

12 February 2015

ഹൃദയമില്ലാത്തവന്‍

തിരക്കുള്ള കമ്പാര്‍ട്ടുമെന്റിലെ വിന്‍ഡോ സീറ്റില്‍ കണ്ട അവളോട്‌ ഞാന്‍ ചോദിച്ചു "അരികില്‍ ആളുണ്ടോ?" നില്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അവള്‍ക്കരികില്‍ ഒന്നിരിക്കാനുള്ള കൊതി കൊണ്ട്... എന്നാല്‍ മനോഹരമായ ആ രൂപം 'ആളുണ്ട്' എന്ന് ചന്തത്തില്‍ തലയാട്ടി. നിരാശയില്‍ വാതില്‍പ്പടി റിസര്‍വ് ചെയ്യാനായി നീങ്ങിയ ഞാന്‍  അറിയുന്നുണ്ടായിരുന്നു ഇടം പക്കം ഒരു ഭാരക്കുറവ്. തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ഹൃദയം അവള്‍ക്കരികില്‍ ഇരിക്കുന്നു. ചോരത്തുള്ളികളില്‍ സല്‍വാര്‍ തുമ്പ് മുട്ടിക്കൊണ്ട്... യാത്രകളില്‍ അപൂര്‍വ്വമായി സംഭവിക്കാറുള്ള ഈ സൌഭാഗ്യത്തിന്‍റെ ആഹ്ലാദ മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു സ്റ്റേഷനില്‍ അവളോടൊപ്പമിറങ്ങിയ എന്‍റെ ഹൃദയത്തെ ഞാന്‍ നോക്കി നിന്നു. ഒപ്പം പറ്റിച്ചേര്‍ന്നു നീങ്ങുന്ന ആ ചോരത്തുണ്ട് അല്പം മുന്നോട്ട് ചെന്ന ശേഷം ഒന്ന് തിരിഞ്ഞ് കൈവീശിക്കാണിച്ചു. അപ്പോള്‍ ബുദ്ധി ചോദിച്ചു. "ഇനി എന്നാ മടക്കം?" ഹൃദയം കുസൃതിച്ചിരിയില്‍ പറഞ്ഞു "തീര്‍ച്ചയില്ല... ഒരുപക്ഷേ യാത്രകള്‍ ഇനിയും വേണ്ടി വന്നേക്കും" ഞാനും ചിരിച്ചു... അന്നേരമുള്ള എന്‍റെ മനംമയക്കത്തില്‍ പടി കയറാന്‍ കൈ സഹായം പ്രതീക്ഷിച്ചു പരാജയപ്പെട്ട് അവസാനം സ്വയം ഏന്തിക്കയറിയ ആ വൃദ്ധന്‍ മനസ്സില്‍ വിളിച്ചിരുന്നിരിക്കണം "ഹൃദയമില്ലാത്തവന്‍..."

മനസ്സില്‍ ഇഷ്ട്ടം തോന്നിയ എല്ലാ പെണ്‍കുട്ടികള്‍ക്കുമായ്, കുഞ്ഞു കഥകളുടെ കൂമ്പാരത്തില്‍ നിന്നൊരെണ്ണം... :)

09 January 2015

'വധുവിനെ ആവശ്യമുണ്ട്'

(ധാരാളം പ്രതികരണങ്ങള്‍ കിട്ടിയ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ബ്ലോഗിലേക്ക് റീ ഷെയര്‍ ചെയ്യുന്നു)

'വധുവിനെ ആവശ്യമുണ്ട്'

കലാകാരനും കഠിനാധ്വാനിയുമായ ചെറുപ്പക്കാരന്‍ വധുവിനെ തേടുന്നു...

തല്‍ക്കാലത്തേക്ക് അണ്‍ലിമിറ്റെഡ് സ്നേഹവും കരുതലും സ്വതന്ത്ര്യവും വീട്ടുജോലികളില്‍ പങ്കാളിത്തവും മാത്രം പ്രതീക്ഷിക്കാം... എഴുത്തിന്‍റെ ഇടവേളകളില്‍ അവള്‍ക്കായ്‌ കവിതകളും പ്രണയലേഖനങ്ങളും എഴുതും... ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ക്ക് കൃത്യമായി ലൈക്കും കമന്റും... ഭാര്യയെ പുകഴ്ത്തി പോസ്റ്റുകള്‍ ഇടും. ദിവസവും ഒരു പുതിയ കഥയെങ്കിലും പറഞ്ഞ് ഉറക്കും...

പെണ്‍കുട്ടിക്ക് സാമ്പത്തിക ഭദ്രത നിര്‍ബന്ധം. പയ്യന് വരുമാനമാകും വരെ പറ്റ് വ്യവസ്ഥയില്‍ ചിലവിനു കൊടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത കുട്ടികള്‍ക്ക് മുന്‍ഗണന. എല്ലാ തരം കലകളോടുമുള്ള താല്‍പര്യവും കലാകരന്മാരോടുള്ള ബഹുമാനവും വേണം. സിനിമ എഴുത്ത് എന്നൊക്കെ പറഞ്ഞിറങ്ങി പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചു വന്നു കയറുമ്പോള്‍ ശവത്തില്‍ കുത്താത്ത പ്രകൃതമായിരിക്കണം.

പേടിക്കണ്ട പാവമാണ്. മൊത്തത്തില്‍ നഷ്ട്ടം വരൂല്ല. അത് ഗ്യാരണ്ടി :P

എന്ന്

ജെനിത് കാച്ചപ്പിള്ളി
28 December, 2014


03 January 2015

കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്

അവള് പിണങ്ങുമ്പോള്‍ വന്നിരുന്ന് ആവലാതിപ്പെടാന്‍
അവളിട്ടേച്ചു പോകുമ്പോള്‍ വന്നു കിടന്ന് കിടന്ന് മാനം നോക്കി കരയാന്‍
വഴക്കിട്ട് വീട് വിട്ട രാത്രികളില്‍ പുല്‍പ്പായയില്‍ അഭയമാകാന്‍
കംബൈന്‍ സ്റ്റഡി എന്ന പേരില്‍ പുതിയ സൊറകളുടെ കെട്ടഴിക്കാന്‍
നുള്ളിപ്പെറുക്കി വാങ്ങിയ ബിയര്‍ ബോട്ടിലുകളുടെ ചിയേഴ്സ് പറയാന്‍
അയല്‍പക്കത്തെ ചന്ദ്രികയെ നോക്കി ഏകാന്ത ചന്ദ്രികേ പാടാന്‍
പുതിയ കുരുത്തക്കേടുകളുടെ കുരുത്തോല മെടയാന്‍
എനിയ്ക്കൊരിടമുണ്ട്...

ആശ്രയത്തിന്‍റെ ഒന്നാമിടം-
ഒരിക്കലുമടയാത്ത സൗഹൃദത്തിന്‍റെ മനോഹരമായ മട്ടുപ്പാവ്...
കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്...

19 December 2014

മറ്റൊരു IFFK കൂടി കടന്നുപോകുമ്പോള്‍...

വ്യാഴം. സമയം രാത്രി 8.40. മാംഗളൂര്‍ എക്സ്പ്രസ്സ്‌ പുറപ്പെടുകയാണ്... ജനാലയ്ക്കരികില്‍ ഞാനുണ്ട്... അതെന്നെ തിരിച്ചു കൊണ്ടുപോകുന്നത് അടുത്ത ഡിസംബര്‍ വരെ നീളുന്ന പുതിയ കാത്തിരിപ്പിലേക്കാണ്, 2010 മുതല്‍ ശീലമായ ഒരു വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട കാത്തിരുപ്പുകളില്‍ ഒന്നിലേക്ക്... സ്കൂള് തുറക്കുന്നതിനു തലേ ദിവസത്തെ കുട്ടിയുടെ മനസോടെ ഞാന്‍ ഇരിക്കുന്നു... മടക്കയാത്രയില്‍ പുറം കാഴ്ച്ചകളോടൊപ്പം പുറകോട്ടു പോകുന്നത് 19ആം അന്താരാഷ്ട്ര ചലച്ചിത്ര മേളയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു ചെറിയ ഭാരം, ഒരു കുഞ്ഞു നീര്‍ക്കെട്ട്. രണ്ടാമത്തെ പെഗ് തലച്ചോറിലേക്ക് എത്തുമ്പോഴുള്ള മന്ദത.  കഴുത്തില്‍ കിടക്കുന്ന ഡെലിഗേറ്റ് പാസ് അഴിച്ച് മാറ്റുമ്പോള്‍ കടല്‍തീരത്ത് പുതിയ ലോകം തീര്‍ത്ത് ചേര്‍ന്ന് നടന്നിരുന്ന പ്രിയപ്പെട്ടവളുടെ കൈ മനസില്ലാ മനസോടെ വിട്ടു പിരിയും പോലെ...

വിളക്കുകള്‍ അണഞ്ഞ സ്ലീപ്പര്‍ കൂപ്പയിലെ അപ്പര്‍ ബര്‍ത്തില്‍ ഇപ്പോള്‍ കണ്ണ് തുറന്നു പിടിച്ച്‌ ചിന്തിച്ചു കൊണ്ട് കിടക്കുമ്പോള്‍ എന്‍റെ പ്രിയ കൂട്ടുകാരാ അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടുന്നുണ്ട്... അന്നത്തേക്കാള്‍ വ്യക്തമായി, ഒരുപക്ഷേ ഹൃദയത്തില്‍ നിന്ന്...

"എന്തുകൊണ്ട് നീ ചലച്ചിത്ര മേളയെ ഇത്രയധികം ഇഷ്ട്ടപ്പെടുന്നു? Don't you think you have been overrating IFFK?"

മേളയുടെ വര്‍ഷങ്ങളുടെ അനുഭവം സ്വന്തമായുള്ളവര്‍ക്ക് പോലും മേളയുടെ വികാരം അതേ അര്‍ത്ഥത്തില്‍ ആസ്വദിക്കാനായിട്ടില്ല എന്നതിരിക്കെ IFFK എന്ന എന്‍റെ എന്നത്തേയും വികാരതീക്ഷ്ണതയോടുള്ള നിന്‍റെ സംശയം തികച്ചും ന്യായമാണ്. അതിനു ഉത്തരം പറയേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉത്തരമിതാണ്...

ഇല്ല സുഹൃത്തേ, ഒരിക്കലുമല്ല.

കാരണം ബുദ്ധി കൊണ്ടുള്ള കാഴ്ച്ചയുടെ ഒരു ചടങ്ങല്ല... ഹൃദയം കൊണ്ടുള്ള അനുഭവത്തിന്‍റെ ഒരനുഷ്ടാനമാണ് എനിക്ക് മേള... അല്ലാതെ അത് സിനിമാക്കാരന്‍റെ പുറം പൂച്ചോ ബുദ്ധിജീവിയുടെ നാട്ട്യമോ അല്ല. സിനിമയുടെ പേരില്‍ പ്രിയപ്പെട്ട ഒരാളുടെ കൂടെ ചുറ്റാന്‍ കിട്ടുന്ന ഒരവസരവുമല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 500 രൂപയുടെ ചിലവില്‍ ലോകം കാണാന്‍ കിട്ടുന്ന അവസരം. എന്നെ സംബന്ധിച്ചിടത്തോളം, നരകത്തില്‍ ചാട്ടയടി കൊള്ളുമ്പോഴും കാവല്‍ക്കാരന്‍റെ എണ്ണം തെറ്റിയത് പറഞ്ഞ് ചിരിക്കാന്‍ കൂടെ കാണുന്ന പ്രിയപ്പെട്ടവരുടെ ഒരു സംഘം മനോഹരമാക്കുന്ന യാത്ര. പൂരത്തിന് വെടിക്കെട്ട്‌ മോശമായാലും കഴിച്ച പാലൈസിന്‍റെ രുചിയില്‍ ലാഭം കാണാന്‍ കഴിയുന്ന മനസിന്‌ എളുപ്പത്തില്‍ ഭംഗി കണ്ടെത്താവുന്ന ഒരനുഭവം.

മേളയെന്നത് ശീതീകരിച്ച നാല് ചുവരുകള്‍ക്കുള്ളിലെ ഒരു സാക്ഷിയാകല്‍ എന്നതിലുപരിയാണ്... ഭക്ഷണം പോലും ഒഴിവാക്കി മണിക്കൂറുകള്‍ ക്യൂ നിന്നും ഇടിച്ചു കയറിയും സീറ്റ് കിട്ടാതെ നിലത്തിരുന്നും വാതില്‍ക്കല്‍ ഇറുകി നിന്നും ആസ്വദിക്കുന്ന ഒരനുഭൂതിയാണത്. ക്ഷമയുടെ പരിധി ഉറക്കത്തിലേക്ക് കടന്നാലും അടുത്തതിനായി ഓടാന്‍ മടി തോന്നാത്ത ഒരനുഭൂതി... അതില്‍ കൈരളിയിലെ അയ്യപ്പന്‍ പടിയിലെ ഇരുത്തമുണ്ട്, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്കുള്ള ഓട്ടമുണ്ട്, എത്ര മറിച്ചു നോക്കിയിട്ടും മതിയാകാതെ കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്ന സ്ക്രീനിംഗ് ഷെഡ്യൂളുണ്ട്, "കണ്ടോ? എങ്ങനെയുണ്ട്?" എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി സിനിമ എന്ന ഒറ്റ മാധ്യമത്തിന് പുറത്തുള്ള മനസ് കൈമാറ്റങ്ങളുണ്ട്, പുതിയതായി ഉണ്ടാകുന്ന സൗഹൃദങ്ങളുണ്ട്, വേദികളില്‍ ആശ്വാസം കണ്ടെത്തുന്ന മനസുകളുണ്ട്, കൂവലും ബഹളവും യോജിപ്പുകളും വിയോജിപ്പുകളും പ്രശ്നങ്ങളുമുണ്ട്, അനന്തപുരിയുടെ തെരുവുകളിലൂടെയുള്ള രാത്രിനടത്തമുണ്ട്, രാത്രി വൈകുവോളം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകളുണ്ട്, അധ്യാപക ഭവനിലേയും തമ്പുരുവിലേയും താമസമുണ്ട്, ഒടുവില്‍ അഭയം കിട്ടിയ ആനന്ദിന്‍റെ മുറിയുണ്ട്, ദീര്‍ഘ ചതുരമുള്ള ആ ഹാളിലെ ദ്രവിച്ചു തുടങ്ങിയ പ്ലാസ്റ്റിക്‌ പായയിലെ ഉറക്കമുണ്ട്, ഫ്ലഷ് കേടായ ടോയ്ലെറ്റ് ഉണ്ട്...

സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മേള ആത്മാര്‍ത്ഥമായ ഒരു ഇഷ്ട്ടത്തോടുള്ള അടങ്ങാത്ത ആവേശമാണ്, ചിലര്‍ക്കത് പതിവ് മടുപ്പുകളില്‍ നിന്നുള്ള ഒരു വിടുതല്‍... ഒരാഴ്ച്ചത്തെ ധ്യാനം... മറ്റു ചിലര്‍ക്ക് സമാന മനസുകളുടെ ഒത്തു ചേരല്‍, കലയെ സ്നേഹിക്കുന്നവര്‍ക്ക് മേന്മ മനസിലാക്കാനുള്ള അവസരം, സ്വയം വിലയിരുത്തുന്നവര്‍ക്ക് എത്ര നിസ്സാരനാണ്‌ ഞാന്‍ എന്ന തിരിച്ചറിവും സര്‍ഗാത്മകതയിലെ ഊര്‍ജ്ജവും പ്രചോദനവും, ഇനി ജീവിതത്തിലെ കുഞ്ഞു കാര്യങ്ങളില്‍ പോലും കൗതുകം കണ്ടെത്തുന്നവര്‍ക്കോ മേളയെന്നത് ഇതിനൊക്കെ പുറമേ എല്ലാറ്റിനോടുമോപ്പം ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളും...

എനിക്ക് ഇതെല്ലാമാണ്...

അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും മേള നഷ്ട്ടപ്പെടുന്ന  ചങ്കുകളുടെ പിടപ്പ് എനിക്ക് കേള്‍ക്കാം... മാസങ്ങള്‍ക്ക് മുന്‍പേ കള്ളങ്ങള്‍ പറഞ്ഞ് ചെല്ലുന്ന അവധിയപേക്ഷകള്‍ വായിക്കാം... ഡിസംബറില്‍ വരുന്ന കൂട്ടുകാരെ സ്വീകരിക്കനൊരുങ്ങുന്ന മുറികളും, വിസ ക്യാന്‍സല്‍ ചെയ്തും ലോണ്‍ എടുത്തും മേളയ്ക്ക് എത്തുന്ന ജീവിതങ്ങളും കാണാം...

നിനക്കറിയാമോ, ഈ മാസം അവസാനം താരയുടെ കല്യാണമാണ്. അവളെക്കൊണ്ട് എന്നെ വിളിപ്പിച്ചതും, അതിന് പോകണ്ടേ എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നതും ഒരു IFFKയാണ്. 2010 ഡിസംബറിന്‍റെ സൗഹൃദം. ആ വര്‍ഷം തന്നെയാണ് ബിജുവേട്ടനും സിജുവേട്ടനും സണ്ണിയേട്ടനും സൗഹൃദങ്ങളിലേക്ക് വരുന്നത്. അതുപോലെ ഇത്തവണ സിറിലും, ഗോപുവും, ഷിനോജും, ലൂയിസേട്ടന്‍റെ കവിതകളും... ഇതുപോലെ ഏറെയുണ്ട്... ആര്‍ട്ട്‌ സിനിമ എന്ന പേരിലുള്ള തട്ടിപ്പ് മനസിലാക്കി തന്നത് സഫയറും കളേഴ്സ് ഓഫ് ദി മൗണ്ടെനും റോസുമൊക്കെയാണെങ്കില്‍ മേള എന്നത് സിനിമയിലുപരി മറ്റു ചിലത് കൂടിയാണെന്ന തിരിച്ചറിവ് പകര്‍ന്നത് ഇതൊക്കെയാണ്...

കൂട്ടുകാരാ, ഇപ്പോഴും എന്‍റെ ആവേശം നിനക്ക് സ്വാഭാവികമായ ഒരത്ഭുതമായി തുടരുന്നുവെങ്കില്‍ എന്‍റെ മറുപടി സഹതാപത്തിന്‍റെ ഒരു ചിരിയില്‍ ഞാന്‍ ഒതുക്കുന്നു. കൂട്ടത്തില്‍ പരീക്ഷ പാസ് ആയ ഒരേയൊരുവന്‍റെ പൊടി അഹങ്കാരമുള്ള ചിരി... ആസ്വാദനം എന്ന വലിയ കലയുടെ സൗഭാഗ്യം തന്നതിന് പടച്ചവനോടുള്ള നന്ദിയുടെ ചിരി...

അത്ര മാത്രം :)

ശുഭദിനം.


'Dedicated to all the IFFK fans & genuine movie lovers'

13 November 2014

കളമശ്ശേരി ഡേയ്സ്

സിനിമ സ്വപ്നം കാണുന്നവര്‍ക്കൊരു മുറിയുണ്ട് കളമശ്ശേരിയില്‍... കാര്‍പ്പെറ്റിനടിയില്‍ നിന്ന് സൗഹൃദത്തിന്‍റെ താക്കോലെടുത്ത്‌ കൂട്ടുകാര്‍ക്ക് തുറക്കാവുന്നത്... ഇടുങ്ങിയ അവിടുത്തെ ചുവരുകള്‍ക്കുള്ളില്‍ വാരി വലിച്ചിട്ടിരിക്കുന്ന സാധനങ്ങള്‍ക്കിടയില്‍, 10 ആളുകള്‍ക്കിടയിലും ഇരുന്നു കഥയെഴുതുന്ന ഒരു കൂട്ടുകാരനുണ്ട്... നല്ല സിനിമാക്കാലത്തേക്കുള്ള വരങ്ങള്‍ക്കായി നാളുകളായി മുടങ്ങാതെ തപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസി... ഞങ്ങള്‍ പ്രശോബ് എന്ന് വിളിക്കുന്ന ആ കുറിയ മനുഷ്യനൊപ്പം ആദിമ മനുഷ്യരെ പോലെ വിശക്കുമ്പോള്‍ തിന്നും തോന്നുമ്പോള്‍ ഉറങ്ങിയും സിനിമ മാത്രം ഉരുവിട്ട് കൂടിയിരുന്നു അവിടെ.

അന്നവിടെ ഞങ്ങള്‍ക്കായി രാത്രി സൂര്യനുദിച്ചിരുന്നു... പകല്‍ ചന്ദ്രനും...

പകല്‍ മുഴുവന്‍ ഉറക്കം, പുലരും വരെ കഥകള്‍, ചാനല്‍ മാറും പോലെ മടുക്കാത്ത വിഷയങ്ങള്‍, പള്ളിക്കരയിലെ രാത്രി റെസ്റ്റോറന്റില്‍ നിന്ന് ദോശ, പുലര്‍ച്ചെ 3 മണിക്കുള്ള ചായ കുടിക്കാന്‍ പോക്ക്, ഇരുട്ടിന് മുഴുവനായും വഴങ്ങിയ കളമശ്ശേരി ജംങ്ങ്ഷന്‍ ബസ്‌ സ്റ്റോപ്പിലെ പ്രതീക്ഷകളുടെ കാറ്റ്, എല്ലാറ്റിലുമുപരിയായി സമാന മനസുകളുടെ ഒത്തുചേരലും മറ്റെല്ലാ ആകുലതകളില്‍ നിന്നുമുള്ള വിടുതലും തരുന്ന ആന്തരിക സൗഖ്യം...

അവിടെ എന്നെ കാത്ത് ഇങ്ങനെ ചിലതുണ്ടായിരുന്നു...

ചുരുക്കിയാല്‍, നാളെ ഞാന്‍ എവിടെ ആയിരിക്കും എന്ന ആകാംക്ഷയേക്കാള്‍ ഇന്നലെ ഞാന്‍ എവിടെയായിരുന്നു എന്ന അഭിമാനം ആയുസ്സിലേക്ക് തന്ന 4 ദിവസങ്ങള്‍... ഒരുപക്ഷേ ഒടുക്കം ജീവിതത്തില്‍ ബാക്കിയാവുന്ന തുച്ഛമായ സമ്പാദ്യങ്ങളില്‍ ഏറ്റവും അമൂല്യമായി കണ്ടേക്കാവുന്ന ഒന്ന്...

നന്ദി: പ്രശോബിന്, ധനേഷിന്, ജോബിന് :)

11 October 2014

കുമ്പസാരം

ഞാന്‍ കള്ളനാണ്...

മോഹങ്ങളുടെ ആകാശയാത്രയ്ക്കിടെ നിനക്കു വേണ്ടി നക്ഷത്രങ്ങളും മേഘങ്ങളും മഴവില്ലുകളും ഞാന്‍  മോഷ്ട്ടിച്ചിട്ടുണ്ട്
കീശയില്‍ ഒളിപ്പിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ കൊണ്ട് ഞാന്‍ നമ്മുടെ രാത്രികളുടെ തിളക്കം കൂട്ടും
വിറകുപുരയുടെ ചായ്പ്പില്‍ സൂക്ഷിച്ചിരിക്കുന്ന മേഘങ്ങള്‍ കൊണ്ട് നിനക്ക് വേണ്ടി ഞാന്‍ മഴ പെയ്യിക്കും
തട്ടിന്‍പുറത്ത് ചുരുട്ടി വെച്ചിരിക്കുന്ന മഴവില്ലുകള്‍ കൊണ്ട് നമ്മുടെ വഴികളില്‍ ഞാന്‍ കമാനങ്ങള്‍ തീര്‍ക്കും

അതെ ഞാന്‍ കള്ളനാണ്,
എന്റെയീ കളവുകളൊക്കെയും നിനക്ക് ഇഷ്ട്ടവുമാണ്

എങ്കിലും പറയുകയാണ്‌... ഒടുക്കം ഒറ്റരുതെന്നെ.

01 September 2014

ഏകലവ്യന്‍

നാട്ടിന്‍പുറത്തേക്കാള്‍ സൗകര്യം നഗരത്തിനുണ്ടെന്ന് പഠിപ്പിച്ചത് സൗകര്യങ്ങളാണ്

അമ്മ നനച്ചു തരുന്ന അവലിനേക്കാള്‍ രുചി ന്യൂഡില്‍സിനുണ്ടെന്നു പഠിപ്പിച്ചത് മാഗിയാണ്

ചുണ്ട് നനയാതെ കുടിക്കാന്‍ സ്ട്രോ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ജ്യൂസ്‌ കടക്കാരനാണ്

പ്രണയം പൈങ്കിളിയല്ല പ്രാക്റ്റിക്കല്‍ ആണെന്ന് പഠിപ്പിച്ചത് കാമുകിയാണ്

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ല ലംഘിക്കപ്പെടാനുള്ളതാണെന്ന് പഠിപ്പിച്ചത് നേതാക്കന്മാരാണ്

ഏതിലും സംശയം കാണാന്‍ പഠിപ്പിച്ചതോ സാമൂഹിക വ്യവസ്ഥയും.

പാഠങ്ങള്‍ അനേകമാണ്, ഗുരുക്കന്മാരും...

പുനര്‍വിചിന്തനങ്ങളുടെ നാളുകളില്‍ ഞാന്‍ ഇന്നും നിങ്ങളെ ഓര്‍ക്കാറുണ്ട്... ആ പാഠങ്ങളും... ഒറ്റ ഇംപോസിഷന്‍ പോലുമെഴുതിക്കാതെ എന്‍റെ മനസിലേറ്റിയ ആ പാഠങ്ങള്‍ക്കുള്ള ഗുരുദക്ഷിണയായി ഓരോ തവണയും നിങ്ങളെന്നില്‍ നിന്നുമെടുത്തത് എന്‍റെ നിഷ്കളങ്കതയായിരുന്നു.

രക്ഷപ്പെടാനാകാത്ത വിധേയത്വം വരിസംഖ്യയായി ഇന്നും ഞാന്‍ കെട്ടിക്കൊണ്ടിരിക്കുന്നു.

09 August 2014

വെളിപാടിന്‍റെ മിന്നല്‍ വെട്ടം

എഴുത്ത് അത്ഭുതകരമായ ഒരു വെളിപാടാണെന്ന് താഹ മാടായി എഴുതുമ്പോള്‍ പേന വെച്ച് കീഴടങ്ങുന്നത് എഴുത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിര്‍വചനങ്ങളില്‍ ഒന്നായി സ്വാനുഭവം ചുവന്ന മഷി കൊണ്ട് അതില്‍ അടിവരയിടുന്നത് കൊണ്ടാണ്. തിരിച്ചറിവിന്‍റെ ഭാഷയില്‍, നമ്മള്‍ വാക്കുകളെയല്ല വാക്കുകള്‍ നമ്മളെ നടത്തുകയാണ്... നമ്മിലൂടെ വാക്കുകള്‍ സംഭവിക്കുകയാണ്... ഒഴിഞ്ഞു മാറാനാകാത്ത വൈദ്യതനിമിഷങ്ങളില്‍ കണ്ണിലേക്ക് നോക്കി തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രണയിനിയെപ്പോലെ പേപ്പറിലേക്ക്‌ കൈകളെ ചേര്‍ത്തു വെയ്ക്കുകയാണ്... ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ്രഹിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ നമ്മിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്ന ആത്മകഥകളും പുനര്‍ജന്മം പോലെ സംഭവിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്.


ജെനിത് കാച്ചപ്പിള്ളി
06.08.2014, കോഴിക്കോട്

02 August 2014

സൈക്കിൾയജ്ഞം

ജീവിതം ഹൈസ്കൂള്‍ തീക്ഷ്ണവും ഹൃദയം സൈക്കിള്‍ സുരഭിലവുമായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌...

അന്ന് സൈക്കിള്‍ അഭിമാനത്തിന്‍റെ ചിഹ്നമായിരുന്നു. ആഡംബരത്തിന്റെ അടയാളമായിരുന്നു. സൈക്കിള്‍ ഉള്ളവന്‍ ഉദയനാണ് താരമായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ വയലാര്‍ മാധവന്‍കുട്ടിയുടെ ജ്വാലയായ്‌ പോലെ എന്നും ഞാന്‍ മുടങ്ങാതെ കണ്ടിരുന്ന ഒരു മെഗാ സ്വപ്നമായിരുന്നു. അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ പട്ടികയില്‍ ഭക്ഷണം ജലം വായു പാര്‍പ്പിടം ഇതിനൊക്കെ മുന്നില്‍ സൈഡ് സ്റ്റാന്റ് ഇട്ട്, ലാലേട്ടന്റെ ചരിവോട് കൂടി സൈക്കിള്‍ നില്‍ക്കുകയായിരുന്നു. കരുണന്‍ മാഷിന്റെ കണക്കു ക്ലാസിനും സുരഭി ടീച്ചറുടെ കെമിസ്ട്രി ക്ലാസ്സിനുമൊന്നും നേടിത്തരാന്‍ കഴിയാത്ത ഒന്ന് സൈക്കിളിലൂടെ നേടിയെടുക്കാമെന്ന് അന്ന് ഞാന്‍ വ്യാമോഹിച്ചിരുന്നു. ആനയുടെ കൊമ്പില്‍ പിടിച്ച് തലയെടുപ്പോടെ പാപ്പാന്‍ നില്‍ക്കുന്ന പോലെ സൈക്കിളിന്‍റെ ഹാന്‍ഡിലില്‍ പിടിച്ച് തലയെടുപ്പോടെ ഞാന്‍ നില്‍ക്കുന്ന ഫ്രെയിം ചെയ്ത ഒരു ചിത്രം മനസിന്‍റെ ഭിത്തിയില്‍ പൊടിപിടിക്കാതെ അന്ന് സൂക്ഷിച്ചു പോന്നിരുന്നു.

അതെ... അന്ന് ഭൂമിയുടെ സ്പന്ദനം സൈക്കിളിലായിരുന്നു.

ഒഫീഷ്യല്‍ കുടുംബ മീറ്റിങ്ങുകളായ ചക്ക പുഴുക്ക് മഹോല്‍സവം, പവര്‍കട്ട് ശിവരാത്രികള്‍ എന്നിവയിലൊക്കെ ഞാന്‍ ശക്തിയുക്തം സൈക്കിളിനു വേണ്ടി വാദിച്ചു. ഓരോ വാദങ്ങളും വലിച്ചെറിയപ്പെടുന്ന ചക്കക്കുരു പോലെയും റാന്തല്‍ വെളിച്ചത്തില്‍ ആര്‍ക്കുന്ന ഈയാം പാറ്റകളുടെ നിമിഷങ്ങളുടെ ആയുസ്സ് പോലെയും അവസാനിച്ചു. തിരിച്ചറിയപ്പെടാതെ പോകുന്ന സൈക്കിള്‍ സ്നേഹം മനസിന്‍റെ വിങ്ങലായും പ്രതിഷേധങ്ങളില്‍ പലതും മോങ്ങലായും അവസാനിച്ചു. വിപ്ലവം ജയിക്കട്ടെ എന്ന് പുതപ്പിനുള്ളിലും കുളിമുറിയുടെ ചുവരുകള്‍ക്കുള്ളിലും പതിയെ പ്രസ്താവിച്ചു കൊണ്ട് ഒരു നല്ല സൈക്കിള്‍ നാളേയ്ക്കായി ഞാന്‍ കാത്തിരുന്നു. സമ്പൂര്‍ണ്ണ സൈക്കിള്‍ സാക്ഷര ഗ്രാമമായ ഓലവങ്കോട് നിത്യേന സ്വപ്നം കണ്ടു പോന്നു.

ആയിടയ്ക്കാണ് സ്വന്തം സൈക്ക്ലിക ജീവിതത്തില്‍ അമ്മയുടെ ആങ്ങളയുടെ മകന് ഒരു വിരക്തി തോന്നി തുടങ്ങുന്നതും സാധാരണ സൈക്കിളില്‍ നിന്നും ഗിയര്‍ ഉള്ള സൈക്കിളിലേക്ക് താല്പര്യത്തിന്റെ ഗിയര്‍ മാറുന്നതും. സാഹചര്യങ്ങള്‍ കൊണ്ട് പുള്ളി സിദ്ധാര്‍ഥ് മല്ല്യയും ഞാന്‍ വെറും അരശുംമൂട്ടില്‍ അപ്പുക്കുട്ടനുമായതുകൊണ്ട് ആഗ്രഹത്തിലേക്കുള്ള ആ ഗിയര്‍ മാറ്റം പുള്ളിക്ക് വളരെ എളുപ്പമായിരുന്നു. ആഗ്രഹിച്ചതിന്റെ അന്നേ ദിവസം തന്നെ പഴയ സൈക്കിളിനെ ഡൈവോഴ്സ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുള്ളി ഗിയര്‍ ഉള്ള സൈക്കിളുമായി പുതിയ ജീവിതം ആരംഭിച്ചു. അതോടെ മുത്തശ്ശന്‍ മുത്തശ്ശി എന്നിവരൊക്കെ കുടികൊള്ളുന്ന കുടുംബ തറവാടിന്‍റെ പിബിയില്‍ Antique പീസുകളുടെ എണ്ണം ഇനിയും കൂട്ടേണ്ട അഭിപ്രായത്തില്‍ പഴയ സൈക്കിള്‍ എനിക്ക് തരാന്‍ തീരുമാനമായി.

അങ്ങനെയാണ് എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ബെല്‍ മുഴക്കിക്കൊണ്ട് സൈക്കിള്‍ കടന്നുവരുന്നത്... ഒരു BSA SLR… Zero Figure… പിന്നീട് എന്‍റെ ജീവചരിത്രം സൈക്കിളിന് മുന്‍പും സൈക്കിളിന് ശേഷവും എന്നിങ്ങനെ നിര്‍ണ്ണായകമായ രണ്ട് ഏടുകളിലേക്ക് വിഭജിക്കപ്പെടുകയായിരുന്നു....

ഗണപതിക്ക് എലിയെന്ന പോലെ മുരുകന് മയിലെന്ന പോലെ ലുട്ടാപ്പിക്ക് കുന്തമെന്ന പോലെ സൈക്കിള്‍ എനിക്ക് സാരഥിയായി. ഞാന്‍ സൈക്കിളിന് മുകളില്‍ നിന്നും ഇറങ്ങാതായി. ഇതോടുകൂടി വീടിനോടും പറമ്പിനോടും ചേര്‍ന്ന ഒരു 10 കിലോമീറ്റര്‍ ചുറ്റളവിലായി ഒതുങ്ങി നിന്നിരുന്ന എന്‍റെ പ്രവര്‍ത്തന മേഖല ഒരു 50 കിലോമീറ്റര്‍ ചുറ്റളവിലേക്കു കൂടി വ്യാപിപ്പിക്കാനായി എന്നതായിരുന്നു നിര്‍ണ്ണായകമായ വഴിത്തിരിവ്.

പിന്നീടങ്ങോട്ട് ജീവിതം ഒരു സൈക്കിള്‍ യജ്ഞമായി മാറുകയായിരുന്നു...
സൈക്കിള്‍ യാത്രകള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഒന്ന് പോലും ഞാന്‍ പാഴാക്കിയില്ല. ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഓലവങ്കോടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ എന്‍റെ വിനോദങ്ങള്‍ക്കായുള്ള സൈക്കിള്‍ സഞ്ചാരങ്ങളിലൂടെ ഞാന്‍ മനസിലാക്കി. നാട്ടിലെത്ര പ്ലാവ് മാവ് കശുമാവ്? അതിലൊക്കെയും എത്ര ചക്ക മാങ്ങ കശുമാങ്ങ? എപ്പോഴാണ് എറിയാനും പറിക്കാനും പറ്റിയ സമയം? കശുവണ്ടിയുടെ അങ്ങാടി വിലയെത്ര? ഒരു കിലോ അണ്ടി വിറ്റാല്‍ കിട്ടുന്ന പൈസ കൊണ്ട് എത്ര മിട്ടായി വാങ്ങാം? എന്നിങ്ങനെയുള്ള നാട്ടറിവുകള്‍ സൈക്കിള്‍ യാത്രകളിലൂടെ ഞാന്‍ ആര്‍ജിച്ചു. ഇതിനൊക്കെ പുറമേ അങ്ങാടികള്‍, ആഴ്ച്ചചന്തകള്‍, റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, കല്യാണ വീടുകള്‍, തെയ്യം, തിറ, കുരുതി, കൂടിയാട്ടം, നാഗപ്പാട്ട്, അന്നദാന മഹോല്‍സവങ്ങള്‍, കക്കവാരല്‍, ഞാറു നടല്‍, മുച്ചീട്ടുകളി എന്നിങ്ങനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം ഒരുപോലെ ഞാന്‍ എത്തിത്തുടങ്ങി. എന്തിനേറെ JCB മണ്ണു മാന്തുന്നത് പോലും ഞാന്‍ മുടങ്ങാതെ പോയി കണ്ടു നില്‍ക്കാറുണ്ടായിരുന്നു...

ഏറ്റവും ശ്രദ്ധേയം ഇവിടെയെല്ലാം തന്നെ സാന്നിദ്ധ്യമറിയിക്കുക എന്നതിലുപരി ഇതില്‍ പല കര്‍മ്മമണ്ഡലങ്ങളിലും എന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും എനിക്കായി എന്നുള്ളതായിരുന്നു.

അതായത്...

ഉത്സവപ്പറമ്പുകളില്‍ നാട കുത്തില്‍ പങ്കെടുത്ത് കുത്തുപാളയെടുത്തു നില്‍ക്കുന്ന മനുഷ്യന്‍റെ അടുത്ത് ചെന്ന് ദയനീയമായി മുഖത്ത് നോക്കിക്കൊണ്ട്

“കള്ളക്കളിയാ ഞാന്‍ കണ്ടതാ” എന്ന നിഷ്കളങ്കമായ ഒരു പ്രസ്താവനയിറക്കുക. ശേഷം അവിടെ നടക്കുന്ന തല്ല് പാല്‍ ഐസും കഴിച്ചു കൊണ്ട് മാറി നിന്ന് കണ്ട് രസിക്കുക.

അതുപോലെ മുച്ചീട്ട് കളി വേദികളില്‍ ചെന്ന് “പോലീസ്‌... പോലീസ്‌...” എന്ന് വിളിച്ച് പറഞ്ഞ് നടുക്ക് ഉല്‍ക്ക വീണ പോലെ നാല് പാടും ചിതറിയോടുന്ന ആളുകളെ കണ്ട് നിര്‍വൃതിയടയുക.

വിളിക്കാത്ത കല്യാണങ്ങളുണ്ട് അവിയലിന് ഉപ്പു പോരാ, സാമ്പാറില് മുരിങ്ങയ്ക്ക കുറഞ്ഞു പോയി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ കണ്ടു പിടിക്കുക. എന്നിങ്ങനെ ഏക്‌സട്രാ ഏക്‌സട്രാ ഏക്‌സട്രാ...

ഇതിനൊക്കെയും എല്ലായ്പ്പോഴും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. മിക്കപ്പോഴും ചില ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. അതങ്ങനെയാണല്ലോ അത്യാവശ്യ സഹായങ്ങള്‍ക്ക് Search resultല്‍ പോലും കിട്ടില്ലെങ്കിലും ഇമ്മാതിരി എരണം കെട്ട പരിപാടികളുടെ നാട മുറിക്കും മുന്‍പ്‌ ഇവരൊക്കെ എവിടെ നിന്നെങ്കിലും വന്നു വീണോളും.

മറ്റൊരു മുന്നേറ്റം അയല്‍പക്ക മാര്‍ക്കറ്റില്‍ എനിക്കുണ്ടായ വിലക്കയറ്റമാണ്. സൈക്കിളിന്‍റെ വരവോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിഫ്റ്റിയും സെന്‍സെക്സും കയറണ പോലെ അയല്‍ വീട്ടുകാര്‍ക്കിടയില്‍ എന്‍റെ ഗ്രാഫ്‌ ഉയര്‍ന്നു. ടീവി കാണാനും, അവിടുത്തെ പെമ്പിള്ളേരുടെ കൂടെ കൊത്തംകല്ല്‌ കളിക്കാനും മാത്രം ചെന്ന് ശല്യം ചെയ്തിരുന്ന എന്നില്‍ അവര്‍ക്ക് ഒരു പ്രതീക്ഷ വന്നു. കടം കൊടുത്തവന് ലോട്ടറിയടിക്കുമ്പോഴുണ്ടാകുന്ന അതേ വികാരം തന്നെ... അതിനു കാരണമുണ്ട് അപ്രതീക്ഷിത വിരുന്നുകാരുടെ ആക്രമണങ്ങളിലും പലച്ചരക്കുകളുടെ അടിയന്തിര ആവശ്യങ്ങളിലും അവര്‍ എന്നെ തുണയായി കണ്ടു. മിന്നാരം സിനിമയുടെ ക്ലൈമാക്സില്‍ എയര്‍പോര്‍ട്ടില്‍ നിന്നും മരുന്ന് വാങ്ങിച്ച് ഹോസ്പിറ്റലിലേക്ക് സ്വന്തം ബൈക്കില്‍ മോഹന്‍ലാല് കുതിക്കുന്ന പോലെ അത്യാവശ്യഘട്ടങ്ങളില്‍ പല വീടുകളിലേക്കും ചായപ്പൊടിയും പഞ്ചസാരയുമൊക്കെയായി ഞാന്‍ സൈക്കിളില്‍ കുതിച്ചു. അങ്ങനെ പലരുടെയും മാനം രക്ഷിച്ചു. പാരിതോഷികമായി അവശേഷിക്കുന്ന ചില്ലറകളുടെ മിട്ടായികളും വിരുന്നുകാര് ബാക്കിവെച്ചതിന്റെ തിരുശേഷിപ്പുകളും ഞാന്‍ നിര്‍ബാധം അനുഭവിച്ചു പോന്നു. റേഷന്‍ കടയില്‍ മണ്ണെണ്ണയും പഞ്ചാരയും എത്തിയിട്ടുണ്ടോ? വാരികയുടെ പുതിയ ലക്കം എത്തിയോ? എന്നിങ്ങനെയുള്ള Mobile SubscriptionSMS alert ടൈപ്പ് അലര്‍ട്ടുകള്‍ മേല്‍പ്പറഞ്ഞ സേവനങ്ങളോടോപ്പം ഞാന്‍ നല്‍കിപോന്നിരുന്ന അധിക സൗജന്യ സൈക്കിള്‍ സേവനങ്ങളില്‍ ചിലത് മാത്രമായിരുന്നു.

രണ്ടു കയ്യും വിട്ട് സൈക്കിള്‍ ഓടിക്കുക, സ്കിഡ് ചെയ്യിച്ച് നിര്‍ത്തുക, പവനമുക്താസനം പോലെ ആസനം ബാക്കിലെ കാരിയറില്‍ വെച്ച് കൈ നീട്ടി ഹാന്‍ഡിലില്‍ പിടിച്ചു കൊണ്ടുള്ള സൈക്കിളോടിക്കല്‍ ഇതൊക്കെ അന്നത്തെ എന്‍റെ ചില സ്പെഷ്യല്‍ ഐറ്റംസ് ആയിരുന്നു. ഇതിന്‍റെയൊക്കെ പ്രത്യേക പ്രദര്‍ശനങ്ങള്‍ വഴി അയല്‍ വീട്ടുകാര്‍ക്കിടയില്‍ മാത്രമല്ല അവിടുത്തെ കുട്ടികള്‍ക്കിടയിലും  അത്യാവശ്യം ഒരു നിലയും വിലയും നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ സ്വകാര്യമായി അന്നൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. സൈക്കിളില്‍ കാറ്റാടി പിടിപ്പിക്കുക, CD വെയ്ക്കുക, Dynamo പിടിപ്പിക്കുക എന്നിങ്ങനെ കാലത്തിനനുസരിച്ചുള്ള അലങ്കോലപ്പണികള്‍ നടത്തിയും എന്നും തുടച്ചു മിനുക്കിയും ഒമനിച്ചും ഞാന്‍ എന്‍റെ സൈക്കിള്‍ ജീവിതത്തിന്‍റെ ഹണിമൂണ്‍ കാലം ആസ്വദിച്ചു കൊണ്ടിരുന്നു...

നാളുകള്‍ പഞ്ചര്‍ ആയ ടയറിലെ കാറ്റ് പോലെ വളരെ പെട്ടന്ന് കടന്നു പോയി. ഹണിമൂണിലെ ഹണിയൊക്കെ തീര്‍ന്നു തുടങ്ങി. ഇനിയെന്ത്? എന്ന ചോദ്യത്തോടൊപ്പം പുതുമോടിയുടെ പുറം മോടിയില്‍ ചെറിയ ചില പായലും പൂപ്പലും പിടിച്ചു തുടങ്ങുമ്പോഴാണ് Guest appearance പോലെ അസ്കറിന്റെ എന്‍ട്രി.

പുലര്‍ച്ചെ അപ്പുറത്തെ ശോഭേച്ചീടെ വീട്ടിലെ പട്ടി ടോമി പതിവില്ലാതെ ഒരിയിടുന്നത് കണ്ടപ്പോഴേ ഞാന്‍ കരുതിയതാ എന്തോ ആപത്ത്‌ വരാനുണ്ടല്ലോ എന്ന്. സുനാമിക്ക് മുന്‍പ്‌ പക്ഷികളും മൃഗങ്ങളുമൊക്കെ അത് തിരിച്ചറിഞ്ഞ് സൂചനകള്‍ തരാരുണ്ടല്ലോ... ഈ അസ്കര്‍ ഒരു മിനി സുനാമിയാണ്‌. മിനാമി എന്നും പറയാം. വല്ലപ്പോഴുമേ വരൂ. വന്നാല്‍ എന്തെങ്കിലും ഒരു പ്രശ്നം ഉറപ്പാണ്. ടൌണിലാണ് പഠിക്കുന്നത്. ഇപ്പൊ വേനലവധിക്ക് അപ്പുറത്തുള്ള അമ്മാവന്‍റെ വീട്ടില്‍ വന്നിരിക്കുകയാണ്. വന്നയുടനെ എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ട് ഒന്ന് ചുറ്റും നോക്കി ആഗമനോദ്ദേശം അസ്കര്‍ വെളിപ്പെടുത്തി.

“ഡാ നമുക്ക് കുന്നത്ത് രാജീവില്‍ പോയി മദാലസ രാത്രി കണ്ടാലോ...?”

ഞാനൊന്ന് ഞെട്ടി. തല്പര്യമില്ലാഞ്ഞിട്ടല്ല. പേടിച്ചിട്ടാണ്. അടുത്ത ടൌണിലെ ബിറ്റ്‌ പടം കളിക്കുന്ന ഫേമസ് തിയേറ്റര്‍ ആണ് കുന്നത്ത് രാജീവ്‌. സൈക്കിളില്‍ അവിടെ പോയി പടം കണ്ടു വരുന്ന കാര്യമാണ് അസ്കര്‍ പറഞ്ഞത്. കുന്നത്ത് രാജീവ്‌ എന്ന് പറയേണ്ടി വന്നാല്‍ പോലും തവണ പല്ല് തേച്ച് Mouth freshener ഉപയോഗിച്ച് വായ ശുദ്ധമാക്കുന്ന ആളുകളുള്ള നാടാണ് എന്റേത്. അപ്പോഴാ...

“അത് വേണോ?” താല്‍പര്യമുള്ളായ്മയും ആശങ്കയും ഉദയകൃഷ്ണ-സിബി കെ തോമസുമാരെപ്പോലെ ഒരുമിച്ച സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

അസ്കര്‍ ഒന്നുകൂടി അടുത്ത് വന്നു. ഇപ്പൊ ഉമ്മ തരും എന്ന മട്ടില്‍ അടുത്തെത്തി നിന്നുകൊണ്ട് ഒരൊറ്റ ചോദ്യമാണ്.

“തെറ്റ് ചെയ്യാത്തവരായി ആരാ ഉള്ളത് ഗോപു മോനേ?”

വല്ലാത്തൊരു ചോദ്യമായിപ്പോയി. ഞാന്‍ മെല്ലെ തലയുയര്‍ത്തി അസ്കറിനെ ഒന്ന് നോക്കി. എന്‍റെ ചുണ്ടില്‍ വളവു തിരിഞ്ഞ് ഒരു ലോല ചിരി വന്നു നിന്നു.അടുത്ത കട്ട് തിയേറ്ററിനുള്ളിലാണ്.
ആശങ്കയുടെയുടെയും ആവേശത്തിന്റെയും ഉന്മാദത്തിന്റെയും ഉയര്‍ന്ന താപനിലയില്‍ പടം കഴിഞ്ഞ് ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാരോടും അസ്കറിനോടുമൊപ്പം ഞാന്‍ പുറത്തിറങ്ങി. തിരിച്ചു പോകാനായി സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ ഞെട്ടി.

സൈക്കിള്‍ കാണുന്നില്ല...!!!


കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. ഇല്ല എന്‍റെ സൈക്കിള്‍ മാത്രം ഇല്ല.


ഞെട്ടല്‍ പടര്‍ന്നു. എല്ലാരും ഞെട്ടി.


സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ എക്കിളെടുക്കാന്‍ തുടങ്ങി. ടെന്‍ഷന്‍ വന്നാല്‍ ഞാന്‍ അങ്ങനെയാണ്. എല്ലായിടത്തും നോക്കി. കുടത്തിലും തപ്പി. പക്ഷേ സൈക്കിള്‍ ആ പരിസരത്തെങ്ങും ഇല്ല.


എന്‍റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി. കയ്യും കാലും വിറയ്ക്കുന്നു. വീട്ടിലെന്തു പറയും. എന്‍റെ സൈക്കിള്‍... എന്‍റെ ജീവന്‍... അയ്യോ...


എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് എന്നേം അസ്കറിനേം അവന്മാര് അവന്മാരുടെ സൈക്കിളില്‍ നാട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ സമയം വൈകുന്നേരം 6.30 കഴിഞ്ഞിട്ടുണ്ട്. ഭാഗ്യം... മുറ്റത്തെങ്ങും ആരുമില്ല. അതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിഞ്ഞു കിട്ടി. എങ്ങനെയോ അകത്തു കയറിക്കൂടി. ടെന്‍ഷന്‍ കാരണം എവിടെയും ഇരിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒന്നിലും ശ്രദ്ധിക്കാനും പറ്റുന്നില്ല. ഞാന്‍ കുളിയ്ക്കാനെന്ന വ്യാജേന കുളിമുറിയില്‍ കയറി കതകടച്ചു. ഞാന്‍ വിയര്‍ത്തുകുളിച്ചു. ദൈവമേ എന്‍റെ സൈക്കിള്‍... ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, എന്‍റെ കറക്കങ്ങള്‍, എന്‍റെ സേവനങ്ങള്‍... എല്ലാം പോട്ടെ... ഇത് എങ്ങനെ പോയെന്നു പറയും, എവിടെ വെച്ച് പോയെന്നു പറയും. കുന്നത്ത് രാജീവ്‌ എന്നോ മദാലസ രാത്രികള്‍ എന്നോ മിണ്ടാന്‍ പറ്റുമോ... വാങ്ങിച്ചു തന്നതല്ലെങ്കിലും കൊണ്ടു വന്ന കൂട് ഓട്ടോയുടെ കാശിന് എന്തായാലും അച്ഛന്‍ കണക്ക് പറയും. കുറച്ചു നാളത്തേക്ക് എന്‍റെ കാര്യത്തില്‍ ഒരു ട്രോളിംഗ് നിരോധനം ഉറപ്പാണ്... ഹമ്മേ...


ഉള്ളിലെ ആന്തലില്‍ സമയം ഉന്തിത്തള്ളി ഉന്തിത്തള്ളി എങ്ങനെയൊക്കെയോ ഒരു മണി ആക്കി. ഞാന്‍ കുളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അത് സംഭവിച്ചത്.


‘കറന്‍റ് പോയി’.


എന്‍റെ അവസ്ഥ കണ്ട് ദൈവം മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതായിരിക്കണം. അല്ലാതെ തരമില്ല.


തീപ്പെട്ടിക്കും വിളക്കിനുമായുള്ള തിരച്ചില്‍ വീട്ടില്‍ നടക്കുന്നുണ്ട്. “ഈ ചെക്കന്റെ കുളി കഴിഞ്ഞില്ലേ എന്നൊക്കെ കേള്‍ക്കാം.” എന്‍റെ ചങ്കിടിപ്പ് കൂടി. ചൂടും പുകച്ചിലും പറഞ്ഞ് ഇപ്പൊ എല്ലാരും കൂടെ പുറത്തു വരും. ഇറയത്ത് സൈക്കിള്‍ കണ്ടില്ലെങ്കില്‍ പ്രശ്നമാണ്. ഒരുമാതിരിപ്പെട്ട ഒരു കാരണവും ഏശില്ല. ചങ്കിടിപ്പിന്റെ വോളിയം കൂടിയിട്ട് ബാക്കി ശബ്ദമൊന്നും കേള്‍ക്കാനും പറ്റുന്നില്ല.


പെട്ടന്നാണ് ഉമ്മറത്ത്‌ നിന്ന് എന്തോ ഒരു ശബ്ദം കേട്ടത്. ഏതായാലും ചങ്കിടിപ്പിന്റെ ശബ്ദമല്ല. ഷീറ്റിന് മുകളില്‍ ചക്ക വീണതോ മറ്റോ ആവണം. എന്തായാലും ശബ്ദം കേട്ട് ടോര്‍ച്ചും കൊണ്ട് അച്ഛന്‍ പുറത്തേക്ക് പോകുന്നുണ്ട്. അമ്മയും പുറകേയുണ്ട്. പോകുമ്പോ അച്ഛന്‍ പറയുന്നത് കേള്‍ക്കാം.


“കള്ളന്മാരുടെ ശല്യം കൂടുന്നു എന്ന് ഇന്നും കൂടെ പത്രത്തില്‍ ഉണ്ടായിരുന്നു. ആ ചെക്കന്റെ സൈക്കിള്‍ ഒന്ന് അകത്തേക്ക് എടുത്തു വെച്ചേക്കാം...”


‘കള്ളന്‍’ ആ വാക്കില്‍ എന്‍റെ തലയില്‍ കറന്‍റ് വന്നു. അടുത്ത നീക്കം പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അച്ഛന്‍റെ ഞെട്ടലോടു കൂടിയുള്ള ഡയലോഗ് വന്നു.


“അയ്യോ ഇവിടെ ഉണ്ടായിരുന്ന സൈക്കിള്‍ എവിടെ പോയി?


ഇത് തന്നെ തക്കം. കൂട് തുറന്നു വിട്ട പട്ടിയെപ്പോലെ ഞാന്‍ കുളമുറിയില്‍ നിന്നും ഉമ്മറത്തേക്ക് ഓടി. ചെന്നയുടനെ ഇറയത്ത് ഒന്ന് നോക്കി സീനില്‍ ഒരു ഡയലോഗ് കയ്യില്‍ നിന്നിട്ട് എന്‍റെ ഭാഗം സേഫ് ആക്കി.


“ഞാന്‍ ഇവിടെ വെച്ചിരുന്നതാ... അയ്യോ എന്‍റെ സൈക്കിള് കള്ളന്‍ കൊണ്ടുപോയി...!!!”


പിന്നെ സീന്‍ കൊണ്ടുപോയത് അമ്മയാണ്. നെഞ്ചത്തടിച്ച് ഒറ്റ അലര്‍ച്ചയാണ്.


“കള്ളന്‍... കള്ളന്‍... അയ്യോ എന്‍റെ മോന്‍റെ സൈക്കിള്‍ കള്ളന്‍ കൊണ്ടു പോയേ...”


പിന്നെ ആകെ ഒരു ബഹളമായിരുന്നു. ചേട്ടന്‍ ഇറങ്ങി കള്ളനെ തിരഞ്ഞ് ഇടവഴി ഓടുന്നു. അമ്മയുടെ കരച്ചിലിന് കോറസായി ചേച്ചിയും ശോഭേച്ചിയും കൂടുന്നു. അയല്‍പക്കക്കാര് വരുന്നു. തിരയലും പിടിക്കലും ആകെ മൊത്തം ടോട്ടലി പറഞ്ഞാ പഞ്ചാരിമേളം ഡോള്‍ബി DTS.


ഇതിനിടയില്‍ ആരൊക്കെയോ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്‌ അതാണ്‌ ട്രാജഡി. എല്ലാം കണ്ടും കൊണ്ടും നിര്‍വികാരനായി നീറുന്ന മനസോടെ ഞാന്‍ ഒരു മൂലയ്ക്ക്... സൈക്കിള് നഷ്ട്ടപ്പെട്ടത്തിന്റെ വിഷമത്തിലാണെങ്കിലും ഉള്ളില്‍ എവിടെയോ ഒരു ചിരി സിഗ്നല്‍ തിരയുന്നില്ലേ എന്നൊരു സംശയം.


പിന്നെ കുറച്ചു നാളത്തേക്ക് കള്ളനെ പിടിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കലും, സംശയം തോന്നുന്ന കമ്പിളിപുതപ്പ് വില്‍പ്പനക്കാരെയും, കുപ്പി-പാട്ട പെറുക്കല്കാരെയും ചോദ്യം ചെയ്യലും, ഗൂര്‍ഘയെ നിയമിക്കലുമൊക്കെയായി പഞ്ചായത്ത്‌ പ്രസിഡന്റും പഞ്ചായത്തിന് ഉപകാരമില്ലാത്ത കുറച്ചു മെമ്പര്‍മാരും ഒന്ന് സജീവമായി എന്നുള്ളതും. ചില ഭഗീരഥന്‍പിള്ളമാരുടെ രാത്രി സഞ്ചാരങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചു എന്നതുമായിരുന്നു ഒലവങ്കോടിന് ടിയാന്‍റെ സൈക്കിള്‍ മോഷണം ചെയ്ത ഉപകാരം.


എന്നാലും എന്‍റെ സൈക്കിള്... അത്...???

01 August 2014

ഫ്ലാറ്റ് നമ്പര്‍ 7D

ശിഖിരങ്ങളുണ്ട് ശാഖകളും
കൂടുകളുണ്ട് കനവുകളും
ഉയരുന്നുണ്ട് നാടുനീളെ
മണ്ണകന്ന ജീവിതങ്ങള്‍...
വളരുന്നുണ്ട് വഴികള്‍ തോറും
വേരുകളില്ലാത്ത വൃക്ഷങ്ങള്‍...


05 July 2014

മുത്തശ്ശി വളര്‍ത്തിയ പെണ്‍കുട്ടി

നിയമപരമായി ബന്ധം വേര്പെടുത്തിയ ഭാര്യയും ഭര്ത്താവും പോലെയാണ് ഇപ്പോള്നമ്മളും കോളേജും. പ്രത്യക്ഷത്തില്അവകാശങ്ങളൊന്നും ഇല്ല... എന്നാല്പരോക്ഷമായി ഒരു സ്വാധീശക്തി എന്നുമുണ്ടാകും... അല്ലേ?”

കയ്യിലെ ബിയര്ബോട്ടിലിലെ അവസാന ഇറക്കുകളില്ഒന്നെടുത്തു കൊണ്ട് മധു ചോദിച്ചു നിര്ത്തി. മറുപടി പറയാതെ ആശ ചെറുതായൊന്ന് ചിരിച്ചു. അവളുടെ കയ്യിലെ ബോട്ടിലിലെ അവസാന തുള്ളികള്ഇളകി.

BBD വിമന്സ്ഹോസ്റ്റലിലെ രണ്ടാം നിലയില്പതിവു പോലെ മധുമിതയുടെ ശബ്ദം ഉയര്ന്നു. ആവേശത്തിന്റെ-ഉന്മാദത്തിന്റെ-കെട്ടു പൊട്ടുന്ന വേദനയുടെ ശബ്ദം...

ബിയര്ബോട്ടിലോടു കൂടി രണ്ടു കൈകളും വായുവിലേക്ക് ഉയര്ത്തി അവള്പറഞ്ഞു തുടങ്ങി.

BSC ബോട്ടണിയുടെ മുഴുവന്പരിഭവങ്ങളും കുശുമ്പുകളും സ്വപ്നങ്ങളും ഏറ്റു വാങ്ങിയിരുന്ന ചുവരുകളേ നിങ്ങള്ക്ക് വിട, ഞങ്ങള്ക്കു വേണ്ടി ബീവറേജസില്ക്യൂ നിന്നിരുന്ന പാല്ക്കാരന്പയ്യനേ നിനക്ക് വിട, 3 കൊല്ലം ഞങ്ങളുടെ വിശപ്പടക്കിയ മോശം ദോശയായ മോശയ്ക്ക് വിട, മേരി മൂരാച്ചി വാര്ഡന്റെ തുഗ്ലക്ക്പരിഷ്കാരങ്ങള്ക്ക് വിട, ഉറക്കമിളച്ചിരുന്ന് ഞങ്ങള്വിളിച്ചു വരുത്തിയ ആത്മാക്കളേ ഇനിയീ മുറി നിങ്ങള്ക്ക് സ്വന്തം... ഞങ്ങള്ക്കു വിട തരിക... നിങ്ങളിനി വരും തലമുറയെ പ്രാപിച്ചു കൊള്...”

അതും പറഞ്ഞു കൊണ്ട് അവള്ബോട്ടിലിലെ അവസാന ഇറക്കും കുടിച്ചു വറ്റിച്ചു.

കൈ മടക്കി വെച്ച ഫുള്കൈ ഷര്ട്ടും ജീന്സുമിട്ട്, ബോബ് ചെയ്ത തലമുടിയുമായി തീപ്പൊരി പ്രസംഗം നടത്തിയിരുന്ന കോളേജ് യൂണിയന്ചെയര്മാന്അവളില്എവിടെയൊക്കെയോ ബാക്കിയുള്ളതുപോലെ ആശയ്ക്ക് തോന്നി.

നന്നായി തലയ്ക്കു പിടിച്ചിട്ടുണ്ടല്ലോആശ ചോദിച്ചു.

സാഹചര്യങ്ങളാണ് ലഹരി കൂട്ടുന്നത്ആശ മോളേ...” മൂടല്വീണ ഒരു ചിരിയോടെ മധു പറഞ്ഞു.

ലഹരിയ്ക്ക് മായ്ക്കാനാകാത്ത പതര്ച്ച കീഴ്പ്പെടുത്തിയ ശബ്ദത്തില്ആശ ചോദിച്ചു.

ഇനിയിതുപോലെ ഒരു ദിവസം വരുമോടീ?”

അത് നമ്മുടെയൊക്കെ കെട്ടിയവന്മാരുടെ സ്വഭാവം അനുസരിച്ചിരിക്കുംമുഖത്ത് നോക്കാതെ അത് പറഞ്ഞു തീര്ത്തു മധു കയ്യിലുള്ള ബിയര്ബോട്ടില്അരികിലുള്ള ജനലിലൂടെ പുറകിലെ കാടു മൂടിയ ചവറുകളിലേക്ക് എറിഞ്ഞു. മറ്റ് ബിയര്ബോട്ടിലുകളുടെ കൂട്ടത്തിലേക്ക് ഒരു കുപ്പി കൂടി ശബ്ദമുണ്ടാക്കാതെ ചെന്നു ചേര്ന്നു.

പാതി കുടിച്ച ബോട്ടില്ആശ മധുവിന് നേരെ നീട്ടി.

ഇന്നും നീ മുഴുവനാക്കിയില്ലേ?” ബോട്ടില്വാങ്ങിച്ചു കൊണ്ട് മധു ചോദിച്ചു.

മതിയെടീ എനിക്കിത് തന്നെ ധാരാളമാണെന്ന് നിനക്കറിഞ്ഞു കൂടേഅതും പറഞ്ഞു കൊണ്ട് പായ്ക്ക് ചെയ്ത ബാഗുകള്എടുത്ത് ആശ എഴുന്നേറ്റു.

കാറ് ഇപ്പൊ വരും... ഞാന്ഇറങ്ങട്ടേടീ...”

ആശയുടെ കണ്ണുകളില്കണ്ണുനീരിന്റെ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു.

മധു വന്ന് കെട്ടിപ്പിടിച്ചു ആര്ക്കും വിട്ടുകൊടുക്കാന്‍ മനസില്ലാത്ത പോലെ... തൂക്കി നോക്കാനാകാത്ത വേദനയുടെ ഭാരമുള്ള ഒരു തുള്ളി കണ്ണുനീര്‍, മധുവിന്റെ കണ്ണില്നിന്നും ആശയുടെ തോളില്പതിച്ചു. മധു കരയുകയാണ്.

എടോ മാധവന്നായരേ, താന്ഞങ്ങടെ ആണ്കുട്ടിയാ... താന്കരഞ്ഞാ ഞങ്ങള്ക്ക് നാണക്കേടാ...” സ്വയം നിയന്ത്രിച്ചു കൊണ്ട് ആശ പറഞ്ഞു.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മധു പറഞ്ഞു.

ശരിയാ... ആണ്കുട്ടികള് കരയാന്പാടില്ലെന്നാ മുത്തശ്ശി പറയാറ്.. പക്ഷേ മുത്തശ്ശി വളര്ത്തിയ പെണ്കുട്ടികള്ഒരിക്കലും ആണ്കുട്ടികളാവാറില്ലെന്ന് മുത്തശ്ശിയ്ക്ക് അറിയില്ലല്ലോ... മുഖംമൂടി വല്ലപ്പോഴുമെങ്കിലും അഴിക്കണ്ടേടോ?”

തോളത്തു നിന്നും തലയെടുത്ത് കൈകള്കൊണ്ട് മധുവിന്റെ മുഖമുയര്ത്തിക്കൊണ്ട് ആശ പറഞ്ഞുപാടില്ല... തനിക്കീ മുഖംമൂടി ആവശ്യമാണെടോ..”

താഴെ നിന്നും കാറിന്റെ ഹോണ്‍.

ദേ വണ്ടി വന്നു... ഡീ സ്മെല്ഉണ്ടോ?” ഊതിക്കൊണ്ട് ആശ ചോദിച്ചു.

ഒന്നരക്കുപ്പി ബിയറിന് എന്തോന്ന് സ്മെല്ലാടീ പോത്തേ...” വെള്ളത്തില്ചേര്ന്ന ഓയില്പോലെ ചിരി പാതി ചേര്ന്ന ഒരു കരച്ചിലോടെ പാതി ബാക്കി വെച്ച ബോട്ടിലുമായി മധു ചോദിച്ചു.

അല്ല നീയെങ്ങനെയാ പോണേ? ഞാന്ഡ്രോപ്പ് ചെയ്യണോ?” കണ്ണു തുടച്ചു കൊണ്ട് ആശ ചോദിച്ചു.

വേണ്ട അച്ഛന്ഓട്ടോയും കൊണ്ട് വരും

കയ്യിലെ ബിയര്ബോട്ടില്നോക്കി ആശ പറഞ്ഞുഇനി കഴിക്കണ്ട... അച്ഛന് മനസിലായാലോ?”

ഹും.. മനസിലാക്കേണ്ടത് മനസിലാക്കാനുള്ള ബോധം അയാള്ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് കുഴപ്പമില്ല നീ ഇറങ്ങിക്കോ”. നിര്വികാരതയുടെ പുച്ഛം കലര്ന്ന സ്വരത്തില്മധു പറഞ്ഞു.

നിസ്സഹായതയുടെ ഒരു ചിരിയില്മധുവിന്റെ കവിളില്തലോടി ആശ പറഞ്ഞു

പോട്ടേ...”

മം...” മധുവിന്റെ മൂളല്പാതിയില്നിന്നു.

ഒരു കാലഘട്ടത്തിന്റെ ഓര്മ്മകള്പകുത്തെടുത്തു കൊണ്ട് ആശ ഇറങ്ങി. മറുപാതിയും, പാതിയായ ബോട്ടിലുമായി മുറിയില്മധു ഒറ്റയ്ക്കായി...

നന്ദി: മണിക്കുട്ടിയ്ക്ക് :)

28 December 2013

തൊഴില്‍രഹിതന്‍ - സിനിമാSCOPE (ആത്മകഥ / മിനിക്കഥ)

ഇറയത്ത്‌ ചാരുപടിയില്‍ പേനയും കടിച്ചു പിടിച്ച് ശൂന്യതയില്‍ നിന്ന് ആശയങ്ങളെ ആവാഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് രസം കൊല്ലി കമേഴ്സ്യല്‍ ബ്രേക്ക് പോലെ അമ്മയുടെ അറിയിപ്പ്: അരി തീര്ന്നിരിക്ക്യാ പോയി വാങ്ങിച്ചോണ്ട് വാ...

സ്വതസിദ്ധമായ BIS 916 ഹാള്‍മാര്‍ക്ക്‌ (50 ല്‍ 28) പുച്ഛത്തില്‍, ഞാന്‍: ഞാനിവിടെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടിരിക്കുന്നത് കണ്ടില്ലേ... അപ്പച്ചനോട് പറ.

അമ്മ:ഫ്ഭ!!! (with എക്കോ) നിനക്കൊക്കെ വേണ്ടി പണിയെടുത്തു ക്ഷീണിച്ചു ഇപ്പൊ വന്നു കയറിയ ആ മനുഷ്യന്‍ തന്നെ പോണം അല്ലേടാ... അത്താഴത്തിനു പാത്രത്തില്‍ കഥ വല്ലതും ഉള്‍ക്കൊണ്ട് കാണണമെങ്കില്‍ മര്യാദയ്ക്ക് വേഗം പോയി വാങ്ങിച്ചോണ്ട് വന്നോ...

അരി വാങ്ങിക്കാന്‍ അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ ആത്മഗതം: ങാ... നമ്മുടെ സിനിമയൊന്നിറങ്ങട്ടേ......

02 December 2013

ആഴ്ചപ്പതിപ്പിലെ സുന്ദരികള്‍

ജീവിതത്തില്‍ കണ്ടിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും സുന്ദരികള്‍ മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകളിലെ പെന്‍സില്‍ ഡ്രോയിംഗ് സുന്ദരികളാണ്. ആ ഒരു സൗന്ദര്യത്തിന്റെ വശ്യത വേറൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ല. അത് വരയ്ക്കുന്ന ആള്‍ക്ക് ആ ചിത്രങ്ങളോട് പ്രണയം തോന്നിപ്പോകില്ലേ എന്ന് ചിന്തിക്കാറുണ്ട്.

10 October 2013

ചരിത്രത്തില്‍ ഇടം നേടാത്ത പോരാട്ടങ്ങള്‍

ജെനിത് വചനം 

ഒരു ജീവചരിത്രത്തിലെ ഏറ്റവും ശക്തമായ ഏടുകളില്‍ ഒന്ന് തന്റെ തന്നെ പേടികളോടും, ദൗര്‍ബല്യങ്ങളോടും, അരക്ഷിതാവസ്ഥകളോടുമുള്ള ഒരുവന്റെ പോരാട്ടമാണ്.

ഒരു നിവൃത്തികേടിന്റെ വേളയില്‍ പറഞ്ഞത് :)

30 June 2013

പരസ്യം

ജെനിത്  വചനം

ഒരു കാര്യം മറ്റുള്ളവരെ അറിയിക്കണം എന്നുണ്ടെങ്കില്‍ അതിനെ ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നേരെ ചൊവ്വേ പറഞ്ഞിട്ട് മൈന്‍ഡ് ചെയ്യാതിരുന്ന പല കാര്യങ്ങളിലും ഈ രീതിയാണ് ഗുണം ചെയ്തിട്ടുള്ളത്

05/04/13 ന് ഉച്ചയ്ക്ക് പറഞ്ഞത് :)

02 May 2013

അവസരങ്ങള്‍ തേടുന്നു...

"100 ല്‍  95 പേര്‍ക്കും സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട് എന്നാല്‍ 90 പേരും അത് തുറന്നു പറയുന്നില്ലെന്നെയുള്ളൂ...!!!

ബെസ്റ്റ് ആക്ടര്‍ സിനിമയിലെ ഈ ഡയലോഗ് അക്ഷരം പ്രതി ശരിയാണെന്ന് ബെസ്റ്റ് ആക്ടര്‍ സിനിമ കണ്ടപ്പോഴല്ല ചില സിനിമാ മാസികകളിലെ അവസരങ്ങള്‍ തേടുന്നു കോളത്തിലൂടെ ഈയിടെ കണ്ണോടിക്കേണ്ടി വന്നപ്പോഴാണ് എനിക്ക് മനസിലായത്. പലരും കൊടുത്തിട്ടുള്ള പരസ്യങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍ ഓഫീസില്‍ കൂട്ടച്ചിരി ഉയരാറുണ്ട്. രസകരമായിട്ടു തോന്നിയ ചിലത് ഞാന്‍ വിവരിക്കാം...

(പേരുകള്‍ ഒറിജിനലല്ല)
  • ബേബി അങ്കിത സുല്ലുമോള്‍ - പാട്ടിലും ഡാന്‍സിലും കമ്പമുള്ള 3 വയസുകാരി ബേബി അങ്കിത സുല്ലുമോള്‍ക്ക് സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട്. 3 വയസുകാരിക്ക് സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. സിനിമ എന്താണെന്നു തന്നെ ആ കുട്ടി അറിഞ്ഞു വരുന്നേ ഉള്ളൂ. ഇതിലും ഭേദം സുല്ലുമോളെ സിനിമയിലഭിനയിപ്പിച്ചാല്‍ കൊള്ളാമെന്നു മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ട് എന്ന് കൊടുക്കുന്നതല്ലായിരുന്നോ?
  • ബബീഷ്, വയസ് 25 - കരാട്ടെ കളരി എന്നീ ആയോധനകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ബബീഷ് നാടകങ്ങളിലും സജീവമാണ്, സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട്. ഫോട്ടോ കൊടുത്തിട്ടുണ്ട്‌, കാണാനൊക്കെ കൊള്ളാം എന്നാല്‍ ഇയാള്‍ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള സിനിമയെടുത്താല്‍ അവര് പോലും ചാന്‍സ് കൊടുക്കില്ല. അത്രയ്ക്ക് ഭീകര ഫോട്ടോയാണ്.
  • രാമന്‍, വയസ് 45 - തിരക്കഥാകൃത്തായി സിനിമയില്‍ ത്തണമെന്നാന്നഗ്രഹിച്ച രാമന്‍ അഭിനയിക്കാനും തയ്യാര്‍. എങ്ങനെയുണ്ട്? മന്ത്രി ആവാന്‍ പറ്റിയില്ലെങ്കിലും കുഴപ്പമില്ല പ്രധാനമന്ത്രി ആവാന്‍ ഞാന്‍ തയ്യാറാണ് എന്ന് പറയുന്നത് പോലെയല്ലേ ഇത്.

ചിലതില്‍ പറയുന്നത് 'സര്‍ എന്തെങ്കിലും ഒരു ചാന്‍സ് തരണം എന്നാണ്... അത് നേരെ പറയുന്നില്ല എന്നേ ഉള്ളൂ. മറ്റു ചിലതില്‍ സൂചിപ്പിക്കുന്നത് 'ഞാനൊരു സംഭവമാണ് എന്നേ നിങ്ങള്‍ സിനിമയിലെടുത്താല്‍ ഞാന്‍ വേണമെങ്കില്‍ ഒന്നോ രണ്ടോ ഓസ്കറൊക്കെ വാങ്ങിച്ചു തരാം പക്ഷെ നിങ്ങള്‍ നിര്‍ബന്ധിക്കണം' എന്നും. ഇതുപോലെ കുറേയുണ്ട്... വെറുതെ ഇരിക്കുമ്പോള്‍ സിനിമാ മാസികകളിലെ അവസരങ്ങള്‍ തേടുന്നു കോളം എടുത്തു വെച്ച് വായിച്ചാല്‍ കുറച്ചു നേരം ചിരിക്കാനുള്ള വക കിട്ടും.

ഈ പാവങ്ങളെയൊക്കെ ഇങ്ങനെ കളിയാക്കാന്‍ ഞാന്‍ ഹൃതിക് റോഷനോ ഷാരൂഖ്‌ ഖാനോ എന്തിന്‌ പാലക്കാട്‌ ഹരികുമാറ് പോലുമല്ല (അങ്ങനെ ഒരു നടനുണ്ട്‌). പിന്നെ പാവങ്ങളുടെ പ്രാക്ക് വാങ്ങിച്ചു മറിച്ചു വിക്കുന്ന ബിസിനസും എനിക്കില്ല. എങ്കില്‍ പിന്നെ എന്തിനീ അക്രമം എന്ന് ചോദിച്ചാല്‍ ഉത്തരമിതാണ്  'ഇത്രയും ഭ്രാന്തില്ലെങ്കിലും ഞാനും ഇവരില്‍ ഒരാളായതുകൊണ്ട്, ചിലരെങ്കിലും ഇത് മനസിലാക്കേണ്ടത് കൊണ്ട്'. ഇവരില്‍ പലരും നല്ല കഴിവുള്ളവരായിരിക്കും ഒരുപക്ഷെ നാളത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം എന്നാല്‍ ഇവര് കൊടുക്കുന്ന ഫോട്ടോയും ചില വിവരങ്ങളുമോക്കെയാണ്‌ ഇത് കോമഡി ആക്കി മാറ്റുന്നത്. അതൊകൊണ്ട് എന്‍റെ അഭിപ്രായത്തില്‍ സിനിമയില്‍ എത്തിയാലും ഇല്ലെങ്കിലും നമ്മുടെ ആഗ്രഹം മറ്റുള്ളവര്‍ക്ക് കളിയാക്കി ചിരിക്കാനുള്ള ഒന്നായി മാറാതിരിക്കാന്‍, ഇതുപോലുള്ള പരസ്യങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? എനിക്ക് പറ്റിയതാണോ ഇത്? എന്ന് സ്വയം ചോദിച്ചു നോക്കുക! ആഗ്രഹം എന്തുമാത്രം ശക്തമാണെന്ന് ചിന്തിക്കുക! എന്നിട്ടും  മുന്നോട്ടു പോകാനാണ് മനസ് പറയുന്നതെങ്കില്‍ സധൈര്യം മുന്നോട്ടു പോവുക ഒപ്പം കൊടുക്കാനുദ്ദേശിക്കുന്നത് കൊടുക്കുന്നതിനു മുന്‍പ് ഈ മേഖലയിലൊക്കെ പരിചയമുള്ള, വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒന്ന് കാണിക്കുക.

'പരിചയക്കാരായിട്ടുള്ള സിനിമാപ്രാന്തന്‍മാര്‍ക്ക് ഈ ഉപദേശം കൈമാറാന്‍ മറക്കില്ല എന്ന് കരുതുന്നു...'

10 April 2013

വെള്ളപ്പൂക്കള്‍

ആഗ്രഹങ്ങളെ കുഴിച്ചു മൂടിയ സന്ധ്യയില്‍ ഒരു നിമിഷം അവനാ ശവക്കുഴി നോക്കി നിന്നു. 

ഉറവ വറ്റിയ കണ്ണിലെ അവസാന തുള്ളി കണ്ണു നീരും ഉതിര്‍ന്നു വീണു.
മണ്ണതു വിഴുങ്ങാന്‍ പ്രയാസപ്പെട്ടു. അവനതു മറക്കാനും. 
അടര്‍ന്നു വീണ കണ്ണുനീരിന്‍റെ ഉപ്പുരസമാണോ വേദനയോടെ ചെയ്ത ത്യാഗമാണോ വളമായത് എന്നറിയില്ല
മൂന്നാം നാള്‍ അവിടെ കിളിര്‍ത്ത ചെടിയില്‍ വിരിഞ്ഞത് സമാധാനത്തിന്‍റെ വെള്ളപ്പൂക്കളായിരുന്നു.

കൊഴിയും തോറും വിരിയുന്ന, സുഗന്ധം പരത്തുന്ന വെള്ളപ്പൂക്കള്‍...

19 March 2013

വിമര്‍ശനവും വിലയിരുത്തലും

ജെനിത് വചനം

"സ്വയം വിലയിരുത്താനും വിമര്‍ശിക്കാനും കഴിയുന്ന ഒരാളെ പരാജയപ്പെടുത്തുക എളുപ്പമല്ല. ആ തലത്തിലേക്ക് ഉയരാന്‍ കഴിയുക എന്നുള്ളതോ അതിനെക്കാള്‍ പ്രയാസകരവും..."

15/02/2013 ന് ഉച്ചയൂണിന്‍റെ  സമയത്ത് പറഞ്ഞത് :)

04 March 2013

ഞാന്‍

ചുംബിച്ച ചുണ്ടിലെ ചൂട് വറ്റും മുന്‍പെങ്ങിനെ ഞാന്‍ നിനക്കന്യനായി?
ഒന്നിച്ചുറങ്ങിയ രാത്രികളോര്‍ക്കാതെ എന്തിനു നീയെന്നെ വിട്ടു പോയി??
എന്‍ വിരല്‍ വഴികളും എന്‍റെ നിശ്വാസങ്ങളും എന്ന് നിന്നുടലില്‍ നിന്നും മാഞ്ഞു പോയി???

ഉത്തരമറിഞ്ഞുള്ള ചോദ്യങ്ങളൊക്കെയും ഉത്തരങ്ങളാണെന്നറിഞ്ഞിടുമ്പോള്‍,
വീണ്ടു വിചാരത്തിന്‍ വൈകിയ വേളയിലൊന്നു മാത്രം ഞാന്‍ പറഞ്ഞിടട്ടെ
എന്നിലുമേറെ ഞാന്‍ നിന്നെ സ്നേഹിക്കുമെന്നോതിയ കള്ളത്തിനേകണമിന്നു നീ മാപ്പ്...

19 January 2013

ഡല്‍ഹിയും പറയാത്തത്...


683000 forcible rapes occur every year, which equals 1.3 per minute... ഇങ്ങനെയൊരു കണക്കു വായിക്കാനിടയായി. കണക്കല്ലേ... തെറ്റാന്‍ സാധ്യതയുണ്ട് എന്നു കരുതി ആശ്വസിക്കാം. എന്നാലും നമ്മള്‍ അറിയപ്പെടാതെ പോകുന്ന ലൈംഗിക അതിക്രമങ്ങള്‍ ഒരു ദിവസം എത്രയെണ്ണം നാട്ടില്‍ നടക്കുന്നുണ്ടാകും? അതില്‍ ബലാല്‍സംഗങ്ങള്‍ മാത്രമല്ല കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മുതല്‍ ഒരു ഭാര്യയ്ക്കോ വേശ്യയ്ക്കോ സഹിക്കേണ്ടി വരുന്ന ലൈംഗിക വൈകൃതങ്ങള്‍ വരെയുണ്ടാവും...

സത്യത്തില്‍, പലപ്പോഴായി അറിയാറുള്ള ഓരോ ബലാല്‍സംഗ വാര്‍ത്തയും ഒരു പുരുഷന്‍ എന്ന നിലയിലുള്ള എന്റെ അഭിമാനത്തെയാണ് ബലാല്‍സംഗം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും അവസ്ഥ വ്യത്യസ്തമല്ല എന്ന് കരുതുന്നു. എവിടെ നടന്നതായാലും എല്ലാം ഒരേ പോലെ ചിന്തിക്കപ്പെടേണ്ടതു തന്നെ. അല്ലാതെ സ്ത്രീയുടെ മാനത്തിന് ഡല്‍ഹിയില്‍ മാത്രം കൂടുതല്‍ വിലയൊന്നുമില്ലല്ലോ? അത് എല്ലായിടത്തും ഒന്ന് തന്നെയാണ്. എന്നാല്‍ പ്രതികള്‍ക്ക് പലയിടങ്ങളിലും പല മുഖമാണ്. അതില്‍ സാഹചര്യങ്ങള്‍ വളര്‍ത്തിയ ഒരു ഗോവിന്ദച്ചാമിയെ മാത്രമല്ല, വിദ്യ പകര്‍ന്നു നല്‍കേണ്ട അധ്യാപകനും, കാവലാവേണ്ട പട്ടാളക്കാരനും നില മറക്കുന്ന പിതാക്കന്‍മാരും കാണും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? അല്ലല്ലോ... ദിവസങ്ങളുടെ ആയുസ്സുള്ള പ്രതിഷേധങ്ങളും, പ്രതീക്ഷയറ്റ നിയമനിര്‍മ്മാണവും, താല്‍ക്കാലികമായ ചര്‍ച്ചകളും അല്ലാതെ എപ്പോഴെങ്കിലും കാരണങ്ങളുടെ വേരുകളിലേക്ക് ചിന്ത പോയിട്ടുണ്ടോ? ഞാനിപ്പോള്‍ നില്‍ക്കുന്നത് അവിടെയാണ്...

TV യില്‍ കോണ്ടത്തിന്റെ പരസ്യം കണ്ടിട്ട് "ഇതെന്താ അമ്മേ?" എന്ന് കുട്ടി ചോദിക്കുമ്പോള്‍ "മിണ്ടാതിരിയെടാ" എന്ന് പറഞ്ഞ് പേടിപ്പിക്കുന്നിടത്ത് പ്രശ്നം തുടങ്ങുകയാണ്. സാനിറ്ററി പാഡ് വാങ്ങിക്കാന്‍ കടലാസില്‍ എഴുതി കൊടുക്കുമ്പോള്‍ അത് എന്താണെന്ന് അറിയാനുള്ള അവന്റെ ആകാംഷയെ അവഗണിക്കാനുള്ള ശ്രമവും, മെഡിക്കല്‍ ഷോപ്പുകാരന്റെ മുന വെച്ചുള്ള സംസാരവും എല്ലാം പ്രശ്നമാണ് ഭായ്... പഠിക്കുന്ന സമയത്ത് ബയോളജി ക്ലാസ് എന്നുമൊരു ദുരൂഹതയായിരുന്നു. ബയോയാജി പഠിപ്പിക്കുന്ന ടീച്ചര്‍ പലപ്പോഴും ഒരു തമാശയും. പല കാര്യങ്ങളും ടീച്ചര്‍ മനപ്പൂര്‍വ്വം അങ്ങ് വിട്ടുകളയും. പലരുടെയും അവസ്ഥ ഇക്കാര്യത്തില്‍ വ്യത്യസ്തമല്ലായിരുന്നു എന്നത് അന്വേഷണത്തില്‍ നിന്നും മനസിലായ ഒന്നാണ്. ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്താനല്ലാതെ ശരിയായ ലൈംഗിക വിദ്യാഭ്യാസം തരാന്‍ എന്തു കൊണ്ട് കഴിയുന്നില്ല? എന്തു കൊണ്ട് കൂട്ടുകാരില്‍ നിന്നും, പരിചയക്കാരില്‍ നിന്നും, കൊച്ചു പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടികളില്‍ വളരാന്‍ അനുവദിക്കുന്നു? മൂടിവെയ്ക്കപ്പെട്ടത്‌ തുറന്നു നോക്കാന്‍ എന്നും ആകാംഷ കൂടും എന്നത് ഒരു യാദാര്‍ത്ഥ്യമല്ലേ? ഇന്നും ഒരു പെണ്‍കുട്ടി വയസറിയിക്കുമ്പോള്‍ സമപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ അറിയാന്‍ പാടില്ലാത്ത രഹസ്യമായിട്ടാണ് പലരും കരുതിപ്പോരുന്നത്. ഒരിക്കല്‍ ക്ലാസ് മുറിയില്‍ വെച്ച് രക്തം കണ്ട് വല്ലാത്ത അവസ്ഥയിലായിപ്പോയ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്. അന്ന് എന്താണ് സംഭവം എന്ന് അറിയാന്‍ ശ്രമിച്ചവരെയെല്ലാം ടീച്ചര്‍ ശകാരിച്ച് ഇരുത്തുകയാണ് ഉണ്ടായത്. പിന്നീട് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ ഞാനടക്കം മറ്റു കുട്ടികള്‍ ഒരു വിചിത്ര ജീവിയെപ്പോലെ അവളെ നോക്കിയതും ചില കുറുമ്പന്‍മാര്‍ അവളെ കളിയാക്കി ചിരിച്ചതും ഇന്നും ഞാന്‍ മറന്നിട്ടില്ല. സ്നേഹപൂര്‍വമായ ഭാഷയിലൂടെ ആശങ്കകള്‍ വളര്‍ത്താതെ സമാധാനിപ്പിക്കുന്ന ഒരു ഉത്തരം, അല്ലെങ്കില്‍ ഒരു നല്ല കള്ളമെങ്കിലും പറഞ്ഞ് ടീച്ചര്‍ക്ക് അന്ന് ആ ഒരു അവസ്ഥ ഒഴിവക്കാമായിരുന്നതല്ലേ?

പക്വത ഉറയ്ക്കുന്നതിനു മുന്‍പേ ഒരാള്‍ കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമടക്കം പ്രാചീനവും വര്‍ത്തമാനപരവുമായ സംസ്കാരങ്ങളും കാഴ്ച്ചപ്പാടുകളും അവന്റെ തന്നെ നിരീക്ഷണങ്ങളും എല്ലാമാണ് പിന്നീടുള്ള ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. അതില്‍ മായം കലര്‍ന്നാല്‍??? കുട്ടികള്‍ക്ക് ശരീരത്തെക്കുറിച്ചുള്ള ഒരു ബോധം വരുന്നതിനു മുന്‍പേ തന്നെ ലളിതമായ ഭാഷയില്‍ ഇതിനെക്കുറിച്ചൊക്കെയുള്ള ഒരു ചെറിയ ധാരണയെങ്കിലും കൊടുക്കാന്‍ കഴിയേണ്ടതല്ലേ? അത് ഇല്ലാത്തതു കൊണ്ട് പലരും സ്വയം പഠിക്കുന്നു. സ്വയം പഠിക്കുമ്പോള്‍ ചിലര്‍ക്ക് ശരിയായ വഴി കിട്ടിയേക്കാം, ചിലര്‍ മറ്റുള്ളവരെയും കൂടി വഴി തെറ്റിച്ചേക്കാം. നല്ല മാതാപിതാക്കളെങ്കിലും ഇതിനു മുന്‍കൈ എടുക്കണം. നന്‍മയുടേയും തിന്‍മയുടേയും മുത്തശ്ശിക്കഥകള്‍ കേട്ട് വളരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ആ സംസ്കാരവും മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പൊതിഞ്ഞു കൊടുത്തില്ലെങ്കിലും നേരിട്ടെങ്കിലും നന്‍മ ചൊല്ലിക്കൊടുക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തിയേ പറ്റൂ. നമ്മുടെ കുട്ടിയെ കണ്ടവര് പഠിപ്പിക്കുന്നതിന് മുന്‍പ് നമ്മള് നേര്‍ വഴി കാണിക്കുന്നതല്ലേ നല്ലത്. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ തന്തയുടെ തന്തയ്ക്കും ആ തള്ളയുടെ തള്ളയ്ക്കും വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.

ലൈംഗികതയ്ക്കും ശരീരത്തിനും ഒരു പരിധിയില്‍ കൂടുതല്‍ കൊടുക്കുന്ന രഹസ്യ സ്വഭാവവും അതിനെ സംബന്ധിച്ച  ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, ഊതിപ്പെരുപ്പിക്കലുകളും, അമിത പ്രാധാന്യവും എല്ലാം കൂട്ടു പ്രതികള്‍ തന്നെയാണ്. വാത്സ്യായനന്‍ കാമസൂത്രം രചിച്ച നാടാണ് എങ്കിലും Sex എന്ന് ഉറക്കെ പറയാന്‍ പോലും ഇപ്പോഴും പലര്‍ക്കും ചമ്മലാണ്. എന്നാല്‍ ആ ഒരു വാക്കിനോട് വല്ലാത്ത ഒരു ആര്‍ത്തിയാണ് താനും. Sex എന്ന ഒരു തലക്കെട്ട് കണ്ടാല്‍ പരസ്യമായി നോക്കിയെല്ലെങ്കിലും രഹസ്യമായി ഒന്ന് കണ്ണോടിച്ചിട്ടേ പോകൂ. അതില്‍ ധൈര്യം കുറയേണ്ട ഒരു കാര്യവുമില്ല. എന്നാലും അതങ്ങനെയാണ്. ബലാല്‍സംഗമുണ്ടെങ്കില്‍ പത്രം വായിക്കാന്‍ ഒരു ഹരമാണ് എന്ന് പറയുന്നവരും. ആ കഥ വായിച്ചു പുളകം കൊള്ളുന്നവരും കുറവല്ല. പീഡിപ്പിച്ചില്ലെങ്കിലും പീഡനത്തിന്റെ വീഡിയോ യൂ ട്യൂബില്‍ കിട്ടുമോ എന്ന് ശ്രമിച്ചു നോക്കുന്നവരും നമുക്കിടയില്‍ തന്നെയുണ്ട്‌. മാസികയിലെ ഡോക്ടറോട് ചോദിക്കാം പംക്തി ഒളിച്ചിരുന്ന് വായിക്കുന്നവരല്ലേ കൂടുതല്‍. പരസ്യമായി വായിക്കാന്‍ ധൈര്യം ഇല്ലാത്തത് പ്രശ്നമല്ലേ? ഈ ഒരു അവസ്ഥയിലേക്ക് എങ്ങനെയാണു നമ്മള്‍ എത്തുന്നത്‌? ഏവരും കൊട്ടിഘോഷിക്കുന്ന 'ആദ്യരാത്രി' തന്നെ ലൈംഗികതയ്ക്ക് നമ്മള്‍ കൊടുത്തു വരുന്ന അമിത പ്രാധാന്യത്തിന്റെ ഒരു ഉദാഹരണമല്ലേ? ആ ഒരു പ്രയോഗം തന്നെ പ്രശ്നമല്ലേ? ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന തെറികള്‍ ലൈംഗികതയും ലൈംഗിക അവയവങ്ങളുമായും ബന്ധപ്പെട്ടതാണ് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എന്ത് കൊണ്ട്??? ഏറ്റവും മനോഹരമായ ഒരു വികാരം, ഒരേ സമയം ആവശ്യമുള്ള സ്ഥലത്ത് രഹസ്യ സ്വഭാവവും അനാവശ്യ സ്ഥലത്ത് ഊതി പെരുപ്പിക്കലും വഴി വികൃതമായി മാറിയതാണ്. പലപ്പോഴായി നമ്മള്‍ തന്നെ അങ്ങനെയാക്കി മാറ്റിയതാണ്. കോണ്ടത്തിന്റെ ഫ്ലേവറുകളുടെ വൈവിധ്യം ചോക്കളേറ്റ് മുതല്‍ സ്ട്രോബെറി വരെയുണ്ട്. ഇതെന്തിന് തിന്നാനോ? ലൈംഗികതയുടെ പരമാവധി മുതലെടുപ്പ് അതല്ലേ കാര്യം. ഏറ്റവും താല്പര്യമുള്ള സ്രോതസ്സ് ഏറ്റവും വലിയ വിപണിയാവുന്നതില്‍ അതിശയിക്കേണ്ട കാര്യമില്ലല്ലോ?

സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായ ശ്രമം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. ആദ്യം മാറേണ്ടത് കാലങ്ങളായി വെച്ചു പുലര്‍ത്തിപ്പോരുന്ന കാഴ്ച്ചപ്പാടുകളാണ്. റോസ് എന്ന പോളിഷ് ചിത്രത്തില്‍ നായിക റോസ് പട്ടാളത്താലും വിമതരാലുമൊക്കെ പല തവണ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. നിരാലംബയായ അവള്‍ക്ക് ഒരവസരത്തില്‍ ഏക സഹായമായെത്തുന്ന നായകന് ഒരവസരത്തില്‍ ചികിത്സയുടെ ഭാഗമായുള്ള ക്ലീനിങ്ങിനായി അവളെ സഹായിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ ജനനേന്ദ്രിയം കാണിക്കാന്‍ മടിക്കുന്ന അവളോട്‌ അയാള്‍ ചോദിക്കുന്നുണ്ട് "എന്തിനാണു മടിക്കുന്നത് മറ്റേത് അവയവങ്ങളേയും പോലെ തന്നെയുള്ള ഒരു അവയവമല്ലേ ഇതും?" എന്ന്. എന്റെ ഭാര്യയെ പട്ടാളം കളങ്കപ്പെടുത്തി എന്ന് പരിതപിക്കുന്ന കൂട്ടുകാരനോട് എല്ലാമറിഞ്ഞു കൊണ്ട് റോസിനെ അങ്ങേയറ്റം സ്നേഹിക്കുന്ന അയാള്‍ റോസിന്റെ അവസ്ഥ സൂചിപ്പിച്ചു കൊണ്ട് "എന്താണ് കളങ്കമെന്ന്?" ചോദിക്കുന്നുമുണ്ട്. കന്യകാത്വത്തെക്കുറിച്ചും വിശുദ്ധിയെ കുറിച്ചുമുള്ള തെറ്റായ ധാരണകള്‍ക്ക് എതിരെയുള്ള വലിയ ഒരു ചോദ്യം അവിടെ ഉയരുന്നുണ്ട്. മുന്‍പ് വായിച്ച ഒരു ലേഖനത്തിന്‍റെ തലക്കെട്ട് ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ് 'Is virginity a BIG issue or a small Tissue???'

പുരാതന കാലം മുതല്‍ക്കേ നിലനിന്ന് പോരുന്ന പുരുഷ മേല്‍ക്കോയ്മ, ഇന്ന ഇന്ന കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് സ്ത്രീ എന്ന് ബോധത്തില്‍ ഉറഞ്ഞ്‌ കൂടി കല്‍ക്കരി പോലെ രൂപം കൊണ്ട കാഴ്ച്ചപ്പാടുകള്‍... ഇതൊക്കെ മാറണം . വാത്സ്യായനന്റെ കാമസൂത്രം പോലും തികച്ചും പുരുഷ പക്ഷത്തു നിന്നുള്ള ഒരു രചനയാണെന്നുള്ളതല്ലേ സത്യം? അതിനൊരു ബദല്‍ - സ്ത്രൈണ കാമസൂത്രം ഉണ്ടാകാന്‍ 2012 ആവേണ്ടി വന്നു. പുരുഷന് ഒരു തുണയായാണ്‌ ദൈവം സ്ത്രീയെ സൃഷ്ട്ടിച്ചത് അവന്റെ അടിമയായല്ല എന്ന് ചില ആണുങ്ങള്‍ മനസിലാക്കിയെ പറ്റൂ. അതിനു സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ശ്രമമുണ്ടാകണം. ഇപ്പോഴും പ്രസവ മുറിയില്‍ ഭര്‍ത്താവിനെ നിര്‍ത്താന്‍ സമ്മതിക്കുന്ന എത്ര സ്ത്രീകള്‍ കാണും? ശ്വേത മേനോന്റെ  പ്രസവം ക്യാമറയ്ക്ക് മുന്നിലായത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നിട്ടും വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിതിരുന്നതും മാറേണ്ട സംസ്കാരത്തിന്റെ സൂചനകളാണ് നല്‍കുന്നത്. സത്യത്തില്‍ അതില്‍ എന്ത് പ്രശ്നമായിരുന്നു ഉണ്ടായിരുന്നത്? അതിന് അവരെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്? "നിനക്കൊന്നും അമ്മയും പെങ്ങമ്മാരും ഇല്ലേടാ?" എന്ന ചോദ്യം ഇനിയെങ്കിലും സ്ത്രീകള്‍ നിര്‍ത്തണം. സ്ത്രീകളെ അമ്മയും പെങ്ങളും മാത്രമായി മാത്രം മഹത്വവല്‍ക്കരിക്കാതെ സ്ത്രീയായി ബഹുമാനിക്കാന്‍ പുരുഷന്‍ പഠിക്കട്ടെ. അല്ലാത്തവനെ നമ്മക്ക് ഒരു പാഠം പഠിപ്പിക്കാം.

ഓര്‍ക്കണം സ്ത്രീ എന്നത് നമ്മുടെ സമൂഹത്തില്‍ പുരുഷന് ഇന്നും ഒരു അത്ഭുത വസ്തുവാണ്. അത് അവസാനിപ്പിക്കാന്‍ അവര്‍ക്കിടയിലെ മതിലുകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അക്കരെ നില്‍ക്കുന്നവന്‍ അടുത്ത് എത്തുന്നത്‌ വരെ അയാള്‍ ആകാംഷയാണ്. അവളും എന്നെപ്പോലെ തന്നെ ഉള്ള ഒരു ജീവിയാണ് എന്ന് മനസിലാക്കാന്‍ ഒന്നിച്ച്‌ ഇടപഴകാനുള്ള സാഹചര്യം കൂടുതല്‍ ഉണ്ടായേ തീരൂ. അതിനുള്ള സ്വാതത്ര്യവും സാഹചര്യവും ചെറുപ്പത്തിലേ ഉണ്ടാവുകയാണെങ്കില്‍ ബോധമുറയ്ക്കുമ്പോഴേക്കും അവര്‍ക്ക് പരസ്പരം ബഹുമാനിക്കാന്‍ കഴിയും. സ്ത്രീയ്ക്ക് വേണ്ടി പുരുഷനും പുരുഷന് വേണ്ടി സ്‌ത്രീയും സംസാരിച്ചോളും. അവര്‍ പരസ്പര പൂരകങ്ങള്‍ ആവും. ഇങ്ങനെ വളര്‍ന്നാല്‍ ഒരുത്തനും ഒരു പെണ്ണിനേയും തോണ്ടാന്‍ തോന്നില്ല. അവളുടെ വസ്ത്രത്തിന്‍റെ തുമ്പ് മാറുന്നത് ഒരിക്കലും അവനു പ്രലോഭാനമാവില്ല. ഇനി ആ ബന്ധത്തിനിടയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ കണ്ടെത്തട്ടെ. അവിടെ ഒരിക്കലും അനിഷ്ട്ടം ഉണ്ടാകുകയില്ല. ഇഷ്ട്ടത്തോട്‌ കൂടി മാത്രമേ അവര്‍ ഒന്നിക്കൂ. അതു കാണുമ്പോള്‍ എനിക്ക് കിട്ടാത്തത് അങ്ങനെയിപ്പോ മറ്റുള്ളവര്‍ക്കും കിട്ടണ്ട എന്ന സദാചാര പോലീസിന്‍റെ (സദാ... ചാര പോലിസ് എന്നും പറയാം) അഴുകിയ കാഴ്ച്ചപ്പാട് പടരാതിരിക്കട്ടെ. അതിനായി പൊതുസമൂഹം സ്ത്രീപുരുഷ ബന്ധങ്ങളെ വിശാലമായി നോക്കിക്കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ഇനി ചിന്തിക്കൂ... അങ്ങിനെയാണെങ്കില്‍ എന്തിനാണ് ഇവിടെ ബോയ്സ് ഒണ്‍ലി ഗേള്‍സ്‌ ഒണ്‍ലി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ്സില്‍ എന്തിനാണ് സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ്, എന്തിനാണ് പ്രത്യേക ക്യൂ, എന്തിനാണ് മഹിളാ സംഘടനകള്‍? ഞങ്ങള്‍ സൂക്ഷിക്കേണ്ട വിഭാഗമാണ് മറ്റവന്‍മാര്‍ കൂതറകളും പ്രശ്നക്കാരും എന്ന ചിന്ത സ്ത്രീകളില്‍ ഉറപ്പിക്കാനും അവരുടെ ആത്മ വിശ്വാസം കുറയ്ക്കാനും മാത്രമേ ഇത് സഹായിക്കൂ. സ്ത്രീപുരുഷ സമത്വം മാറ്റി നിര്‍ത്തി ഉണ്ടാക്കേണ്ട... അല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'അങ്ങനെ ഒണ്ടാക്കേണ്ട' ഒന്നല്ല. 

ഇപ്പറഞ്ഞ രീതിയിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതെ തെരുവു നായ്ക്കളെ പോലെ പീഡകരെ പിടിച്ചു വന്ധ്യംകരിച്ചതു കൊണ്ടോ, മറ്റു കാക്കളെ പേടിപ്പിക്കാന്‍ വേണ്ടി ചത്ത കാക്കയെ കെട്ടി തൂക്കുന്നതു പോലെ മുറിച്ച ലിംഗങ്ങള്‍ ഭീഷണിയാക്കിയതു കൊണ്ടോ, ശക്തമായ നിയമ നിര്‍മ്മാണം നടത്തിയതു കൊണ്ടോ ശാശ്വത പരിഹാരം ആവുന്നില്ല. അല്ലെങ്കില്‍ പിന്നെ മേല്‍പറഞ്ഞ മാറ്റങ്ങളിലൊക്കെ വ്യാവസായികമായ എന്തെങ്കിലും ലാഭം ഏതെങ്കിലും കുത്തകകള്‍ കണ്ടെത്തിയാല്‍ രക്ഷപ്പെട്ടു. നാട്ടില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കുത്തകള്‍ക്ക് മാത്രമല്ലേ കഴിയൂ. അതുവരെ My dear ladies, അവനവനെ അവനവന്‍ സൂക്ഷിക്കുക. സ്വയരക്ഷയ്ക്ക് എടുക്കാവുന്ന മുന്‍കരുതലുകള്‍ എടുക്കുക. ലഡാക്ക് ന്യായങ്ങളും വാദങ്ങളും നിര്‍ബന്ധബുദ്ധികളും ഒഴിവാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കണ്ട!!!

പുരുഷന്‍മാര്‍ മുഴുവന്‍ അധപ്പതിച്ചിട്ടില്ലെങ്കിലും, തല്‍ക്കാലം എന്നെക്കൊണ്ട് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് ഞാന്‍ വാക്ക് തരാം. മറ്റുള്ള ചില ****ളുടെ കാര്യം എനിക്ക് യാതൊരു ഉറപ്പുമില്ല...

വാല്‍ക്കഷ്ണം: ഒരുപക്ഷേ ഈ ലേഖനത്തിന്‍റെ തലക്കെട്ട്‌ 'കിടപ്പറയില്‍ വിജയിക്കാന്‍' എന്നോ അല്ലെങ്കില്‍ വല്ല 'ആനന്ദ മൂര്‍ച്ഛയ്ക്ക്' എന്നോ മറ്റോ ആയിരുന്നെങ്കില്‍ കുറച്ചു പേര് കൂടി ഇത് വായിച്ചേനെ. ആകെ മൊത്തം ടോട്ടലായി ചുരുക്കിപ്പറഞ്ഞാല്‍ ആ ഒരു ഒരു ചീഞ്ഞ ആര്‍ത്തി ഉണ്ടല്ലോ... അത് ഇല്ലാതാവുന്ന കാലത്ത് ഈ നാട് നന്നാവും :)