17 April 2011

ഓപ്പറേഷന്‍ പാല്‍പ്പൊടിയും ദോസ്ത് ജിംനേഷ്യവും... (College Days Part 4)


ഓണാട്ടുകര പാരലല്‍ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ റൂം ഒരു ഫാസ്റ്റ് ഫുഡിന്‍റെ സെറ്റപ്പിലുള്ളതായിരുന്നു എന്ന് ഞാന്‍ മുന്‍ഭാഗങ്ങളില്‍ സൂചിപ്പിച്ചിരുന്നല്ലോ. അവിടെ ഹീറ്ററിനും ചായപ്പൊടിക്കും ഗ്ലാസ്സുകള്‍ക്കും ഒക്കെ അപ്പുറത്ത്, ഒരു സൈഡിലായി ATM countar ന് മുന്നിലിരിക്കുന്ന സെക്യൂരിറ്റിയെ പോലെ, പ്രത്യേകിച്ചൊരു വികാരവുമില്ലാതെ ഇരിക്കുന്ന പാല്‍പ്പൊടിക്കുപ്പിയിലായിരുന്നു പലപ്പോഴും +2 പാസ്‌ ആവുന്നതിനെക്കാള്‍ ശ്രദ്ധ ഓണാട്ടുകര കോളേജിലെ പഠനകാലയളവില്‍ ഞങ്ങള്‍ കൊടുത്തിരുന്നത്.

'ഓപ്പറേഷന്‍ പാല്‍പ്പൊടിയുടെ' മാസ്റര്‍ പ്ലാന്‍ ഇങ്ങനെ...

ഓഫീസ് റൂമില്‍ ആരുമില്ലാത്ത സമയം നോക്കി ഞങ്ങള്‍ അവിടെ കയറും, ഒരുത്തനെ റൂമിന് പുറത്തു കാവല്‍ നിര്‍ത്തും. മൂന്നാം നിലയില്‍ നടന്നു കൊണ്ടിരിക്കുന്ന ക്ലാസുകള്‍ എപ്പോഴാണ് നില്‍ക്കുക എന്നറിയാന്‍ പറ്റില്ല. സാധാരണ കോളേജുകളിലെല്ലാം ക്ലാസുകള്‍ നിലയ്ക്കുമ്പോഴാണല്ലോ കുട്ടികളുടെ ഒച്ച പൊങ്ങാറുള്ളത്, അപ്പോള്‍ ക്ലാസ്സ്‌ കഴിഞ്ഞു എന്നുള്ളത് മനസിലാക്കാം. എന്നാല്‍ ഓണാട്ടുകര കോളേജിലെ ക്ലാസ്സുകളില്‍ ടീച്ചര്‍മാര്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം ഒരേ ശബ്ദകോലാഹലമാണ്. അതുകൊണ്ട് ക്ലാസുകള്‍ കഴിഞ്ഞു ടീച്ചര്‍മാര്‍ രണ്ടാമത്തെ നിലയിലെ പ്രിന്‍സിപ്പലിന്‍റെ റൂമിലേക്ക്‌ ഇറങ്ങുന്നുണ്ടോ എന്ന് നോക്കാനായി പ്രിന്‍സിപ്പലിന്‍റെ റൂമിന് പുറത്ത് ഒരുത്തനെ കാവല്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അവന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ മേജര്‍ മഹാദേവനും കൂട്ടരും അണ്ണാക്കിലേക്കും കൈയിലേക്കും പാല്‍പ്പൊടി തട്ടുന്ന പ്രവര്‍ത്തി stop ചെയ്യുകയും resume ചെയ്യുകയുമൊക്കെ ചെയ്തിരുന്നത്. പിന്നെ എല്ലാ ടീച്ചര്‍മാരും കൂടി എന്തിനാണ് പ്രിന്‍സിപ്പലിന്‍റെ റൂമിലേക്ക്‌ വരുന്നത് എന്ന് ചോദിച്ചാല്‍... അവര് പിന്നെ വേറെ എവിടെ പോകും? എല്ലാവര്‍ക്കും കൂടി ആകെ ഒരു റൂമേ ഉള്ളൂ. ഒരുമയുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്‍റെ റൂമിലും കഴിയാം എന്നുള്ള ഒരു ചൊല്ല് തന്നെ അക്കാലത്തു ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.

പലര്‍ക്കും പാറാവുകാരന്‍റെ റോള്‍ ഏറ്റെടുക്കാന്‍ മടിയായിരുന്നു. അതിനു പുറകിലുള്ള കാരണം പലപ്പോഴും കാവല്‍ നില്‍ക്കുന്നവന് risk ഉം കാലിയായ പാല്‍പ്പൊടിക്കുപ്പി കാണാനുള്ള സുവര്‍ണാവസരവുമായിരിക്കും മിച്ചം എന്നുള്ളതാണ്. അധികവും അതിനു ഭാഗ്യം കിട്ടിയിരുന്നത് ബബീഷിനായിരുന്നു. എങ്ങനെ കാലിയാവാതിരിക്കും അത്രയ്ക്ക് ടേസ്റ്റ് അല്ലായിരുന്നോ!! അമൂല്യ കമ്പനിക്കാര് ഞങ്ങളുടെ ഓണാട്ടുകര കോളേജിനു വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന പാല്‍പ്പൊടിയാണോ എന്നു വരെ അന്ന് ഞാന്‍ സംശയിച്ചിരുന്നു. അന്ന് കട്ട് തിന്ന പാല്‍പ്പൊടിയുടെ ടേസ്റ്റ് പിന്നെ പൈസ കൊടുത്തു വാങ്ങിച്ചു കഴിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അതുപിന്നെ കട്ട് തിന്നുന്ന മുതലിന് ടേസ്റ്റ് കൂടും എന്നല്ലേ മഹാനായ ചെത്തുകാരന്‍ ചന്ദ്രേട്ടന്‍ ഒരിക്കല്‍ പനയുടെ മുകളിലിരുന്നപ്പോള്‍ പനച്ചിക്കാട്ടു ഭഗവതിയെ സത്യം ചെയ്തു പറഞ്ഞത്. ഈ മഹദ് വചനം കേട്ടിട്ടുള്ളതു കൊണ്ടും, പാല്‍പ്പൊടിക്കുപ്പിയുടെ വലിപ്പം അറിയാവുന്നത് കൊണ്ടും കുപ്പി പകുതിയാവാനുള്ള സമയം മനസ്സില്‍ കണക്കു കൂട്ടി "ദേ... ടീച്ചര്‍!! എന്ന് വിളിച്ച് ബബീഷ് ഞങ്ങളെ റൂമിന് പുറത്ത് എത്തിച്ച് കുപ്പി കൈക്കലാക്കാറുണ്ടായിരുന്നു.

ഒരു കാര്യം പറയാതെ വയ്യ ഓഫീസ് റൂമില്‍ വെച്ച് പാല്‍പ്പൊടി കട്ട് തിന്നാന്‍ സാധിക്കുന്ന ഏക കോളേജ് ആയിരുന്നു ഞങ്ങളുടെ ഓണാട്ടുകര കോളേജ്...

ആ പാല്‍പ്പൊടിയും 'ദോസ്ത്' ജിംനേഷ്യവുമായിരുന്നു ഞങ്ങളുടെ ആരോഗ്യത്തിന്‍റെ രഹസ്യം. മൂന്നാമത്തെ നിലയില്‍ ഒരു ഭാഗത്ത്‌ ക്ലാസ്സ്‌ റൂമുകളും മറു ഭാഗത്ത്‌ ജിംനേഷ്യവുമായിരുന്നു. കയറിച്ചെല്ലുമ്പോള്‍ വലത്തോട്ട് തിരിയണോ ഇടത്തോട്ട് തിരിയണോ എന്നുള്ള കണ്‍ഫ്യൂഷന്‍ ടോസ് ഇട്ടു തീര്‍ക്കും. Head വീണാല്‍ ക്ലാസ്സ്‌, tail വീണാല്‍ ജിംനേഷ്യം. ചില സമയത്ത് എട്ടു പ്രാവശ്യം ഇട്ടാലൊക്കെയാണ് tail വീഴാറ്. 'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ, ആരോഗ്യമുള്ള മനസിലേ പാഠഭാഗങ്ങള്‍ നില്‍ക്കൂ...' ഈ സത്യം ഞാന്‍ മനസിലാക്കിയത് എന്‍റെ ഓണാട്ടുകര കോളേജ് ദിനങ്ങളിലാണ്. എന്നേക്കാള്‍ വൈകിയാണ് ഇത് മനസിലാക്കിയതെങ്കിലും പിന്നെയങ്ങോട്ട് accountancy ക്ലാസ്സ്‌ കട്ട്‌ ചെയ്തു 2 കൈയ്യിലേയും മസിലുകള്‍ tally ആക്കാന്‍ പാടുപെട്ടിരുന്ന സുനീഷിന്‍റെ മുഖവും മസിലുകളും ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. പലരും ക്ലാസ്സില്‍ കൃത്യമായിട്ട്‌ ഹാജരാവാറില്ലായിരുന്നൂവെങ്കിലും ജിമ്മില്‍ കൃത്യമായിട്ട്‌ ഹാജരാവാറുണ്ടായിരുന്നു. മര്യാദയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ students ന് ഫീസ്‌ ഇളവൊക്കെ കിട്ടുമെങ്കിലും ജിംനേഷ്യത്തിലെ എല്ലാവരും സ്വന്തം മസിലുകളെ ഒരു നിലയില്‍ എത്തിക്കാനുള്ള തത്രപ്പാടിലായത് കൊണ്ട് ഞങ്ങളായിട്ട് ആരെയും ശല്യം ചെയ്യാന്‍ നില്‍ക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ എലി ബേക്കറിയില്‍ കയറിയ പോലെ ആവശ്യമുള്ളതൊക്കെ തോന്നിയ പോലെ എടുത്തു ഉപയോഗിച്ച് ഞങ്ങള്‍ അവിടെ കുന്തളിച്ചിരുന്നു.

ഈ ജിം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്നത് ഞങ്ങളുടെ കോളേജിലെ അഭിലാഷാണ് (ഞങ്ങള്‍ 'കട്ട' എന്ന് വിളിക്കും). അഭിലാഷിനെ കാണാന്‍ ഏതാണ്ട് നമ്മുടെ സിനിമാ നടന്‍ ഇന്ദ്രന്‍സിനെ പോലിരിക്കും. അവന്‍റെ ശരീരത്തില്‍ മസിലുകള്‍ വെച്ച് പിടിപ്പിക്കുകയല്ലാതെ വ്യായാമം വഴി അത് ഉണ്ടാക്കുക അസാധ്യമാണെന്നും എല്ലില്‍ മസില് വളര്‍ത്തുന്ന ഉപകരണങ്ങളൊന്നും തന്നെ അവിടെയില്ലെന്നും ജിം ഇന്‍സ്ട്രക്ട്ടര്‍ സ്വയം അവനോടു മോഴിഞ്ഞിട്ടുള്ളതാണെങ്കിലും അവന്‍റെ ഒരു സന്തോഷത്തിന് ജിമ്മില്‍ പോകുന്നു അത്രയേ ഉള്ളൂ. ഒരിക്കല്‍ ഈ ജിമ്മില്‍ ചേരാനായി വന്നവര്‍ കാര്യങ്ങള്‍ തിരക്കിയത് അപ്പോള്‍ ജിമ്മില്‍ കളിച്ചു കൊണ്ടിരുന്ന അഭിലാഷിനോടാണ് എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം അവര് ചോദിച്ചു...എത്ര കാലമായി നിങ്ങള്‍ ഇവിടെ കളിയ്ക്കാന്‍ തുടങ്ങിയിട്ട്...? അഭി : ഒരു 2 , 3 കൊല്ലമായി... അഭിലാഷിനെ അടിമുടി ഒന്ന് നോക്കിയിട്ട് യാത്ര പറഞ്ഞിറങ്ങിയ അവര് പിന്നെ വേറെ ഇതു ജിമ്മിലാണ് പോയത് എന്നത് കുറേക്കാലം ആ ജിം ഇന്‍സ്ട്രക്ട്ടറുടെ ഉറക്കം കളഞ്ഞ ഒരു ചോദ്യമായിരുന്നു...

ഭാര്‍ഗവീ നിലയം പോലിരുന്ന ദോസ്തിനെക്കുറിച്ച് പറയാന്‍ കുറച്ചുണ്ട്. അവിടുത്തെ ട്രെഡ്മില്ലിന്റെ പ്രത്യേകത അത് automatic  അല്ല എന്നുള്ളതാണ്, അത് നമ്മള്‍ കഷ്ടപ്പെട്ട് ചവിട്ടി നീക്കണം. അതില്‍ കയറി 2 മിനിട്ട് ഓടുമ്പോഴേക്കും (ചവിട്ടി നീക്കുമ്പോഴേക്കും) നമ്മള്‍ ഒരു വഴിയാകും. ഇനി അത് വഴി അവര് ജിംനേഷ്യത്തിലേക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരുന്നോ എന്നു ഞാന്‍ ഇപ്പൊ സംശയിക്കുന്നു. കാരണം അന്ന് ഞങ്ങളത് ചവിട്ടി നീക്കുമ്പോള്‍ ജിംനേഷ്യത്തിലെ ബള്‍ബുകളുടെ വോള്‍ട്ടേജ് കൂടിയിരുന്നതായി മങ്ങിയ ഒരു ഓര്‍മയുണ്ട്... ഓര്‍മയ്ക്ക് വോള്‍ട്ടേജ് കുറവായത് കാരണം അത് ഉറപ്പിക്കുന്നില്ല. പിന്നെ അവിടുത്തെ ഡമ്പലൊക്കെ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അതെങ്ങാനും കാലില്‍ വീണാല്‍ കാലു ചതയും എന്നു മാത്രവുമല്ല കാലു സെപ്റ്റിക് ആവുകയും ചെയ്യും, അത്രയ്ക്ക് തുരുമ്പാണേ! അതുപോലെ, പുഷ്-അപ്പ്‌ എടുത്തുകൊണ്ടിരുന്ന ഒരു മസിലന്‍ പുഷ്-അപ്പ്‌ ബാറ് ഒടിഞ്ഞു നെഞ്ച് കുത്തി വീണതും 2 മാസത്തെ ഫീസ്‌ തരണ്ട എന്നുള്ള കരാറില്‍ ജിം ഇന്‍സ്ട്രക്ട്ടര്‍ പ്രശ്നം പരിഹരിച്ചതും ആ സമയത്തായിരുന്നു.

ഇതൊക്കെയാണ് അവസ്ഥയെങ്കിലും ദോസ്ത് ജിംനേഷ്യം മസിലന്‍മാരുടെ ദോസ്ത് ആയിരുന്നു. "യേ ദോസ്തീ... ഹം നഹീ ചോടേംഗേ...!! എന്ന് മസിലന്‍മാര്‍ ഇടയ്ക്ക് മൂളാറുമുണ്ടായിരുന്നു. ദോസ്ത് ജിംനേഷ്യത്തോടുള്ള മസിലന്‍മാരുടെ ഈ സ്നേഹം അറിയാവുന്നത് കൊണ്ടും അവരുടെ മസിലുകള്‍ മറക്കാന്‍ കഴിയാത്തത് കൊണ്ടുമാണ് ക്ലാസ്സിന്‍റെ സമയത്ത് ജിമ്മില്‍ raid നടത്തി, പഠിത്തത്തെക്കാളുപരി സ്വന്തം മസിലുകളില്‍ ശ്രദ്ധ പതിച്ചിരുന്ന കുട്ടികളെ പൊക്കാന്‍ അവിടുത്തെ മാഷുമ്മാരും ടീച്ചര്‍മാരും മടിച്ചിരുന്നത്‌...

തുടരും...

04 April 2011

കാലന്‍റെ ആയുസ്സെത്ര?


"നമസ്കാരം യമപുരി ന്യൂസ്‌ ബുള്ളറ്റിനിലേക്ക് സ്വാഗതം...
യമപുരിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന യമരാജന്‍ അഥവാ കാലന്‍ ഓര്‍മ്മയായി...!!! മാസാവസാനം ടാര്‍ഗറ്റ് തികയ്ക്കാനുള്ള ഓട്ടത്തിനിടയില്‍ കേരളത്തില്‍ വെച്ച്  യമാരജനെയും സന്തതസഹചാരിയായിരുന്ന പോത്തിനെയും ഒരു 'ടിപ്പര്‍ ലോറി' ഇടിച്ചിട്ടിട്ട് പോവുകയായിരുന്നു, പോത്ത് സംഭവസ്ഥലത്ത് വെച്ചും യമരാജന്‍ യമപുരി മെഡിക്കല്‍ കോളെജിലേക്കുള്ള  യാത്രയ്ക്കിടയിലുമാണ് പരലോകവസം വെടിഞ്ഞത്... ഒരു കൊല്ലം ഏറ്റവും അധികം ആളുകളെ യമലോകത്ത്‌ എത്തിച്ച നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് ടിപ്പര്‍ മത്തായിക്ക് സമ്മാനിരിക്കാന്‍ ഒരുങ്ങുകയായിരുന്ന യമപുരി ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇനിയിപ്പോള്‍ യമരാജന്‍റെ പിന്‍ഗാമി ആര്? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹത്തിന്‍റെ ജോലികള്‍ അദ്ദേഹത്തിനെക്കാള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്ന ടിപ്പര്‍ മത്തായിയെത്തന്നെ നിയമിക്കാന്‍ ആലോചന നടക്കുന്നതായി യമപുരിയില്‍ നിന്നും യമരാജന്‍റെ PA ചിത്രഗുപ്തന്‍ പറഞ്ഞു..."

സ്വപ്നത്തില്‍ നിന്നും ഞെട്ടി എണീറ്റ കാലന്‍ നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ തുടച്ചു കളഞ്ഞ് റൂമിലെ A /C കൂട്ടി  ശേഷം പതിവ് പോലെ അന്നത്തെ മനോരമ പത്രം എടുത്തു നോക്കി. എല്ലാ ദിവസത്തെയും പോലെ തന്നെ അന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ടിപ്പര്‍ അപകടങ്ങളുടെ വാര്‍ത്തകള്‍ വായിച്ചു നെടുവീര്‍പ്പിട്ട കാലന്‍ പറഞ്ഞു "ദൈവമേ കാത്തോളണേ...!!!