24 January 2011

College Days Part 1 ('മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചത്')


കോളേജ് മാറ്റം... 


ടൈയും കെട്ടി കൊട്ടും സൂട്ടുമിട്ട് പഠിക്കുന്നവരുടെ CBSE സ്കൂള്‍ അവിടെയാണ് ഞാന്‍ +1 നു ചേര്‍ന്നത്‌. ആ സ്കൂളും ഞാനും തമ്മില്‍ ആശയപരമായ സംഘട്ടനം  ഉണ്ടാവാന്‍  മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അവിടെയെല്ലാര്‍ക്കും പഠിക്കണം പഠിക്കണം എന്നൊരു ചിന്ത മാത്രമേ ഉള്ളൂ മാഷുമ്മാരാണെങ്കില്‍ ഭയങ്കര strict ക്ലാസ്സ്‌ എടുക്കുന്നതാണെങ്കിലോ ഇംഗ്ലീഷിലും. ക്ലാസ്സില്‍ ഇരുന്നുറങ്ങുക, ക്ലാസ്സ്‌ എടുക്കുമ്പോള്‍ നാടിന്‍റെ സാംസ്കാരികവും പൈതൃകപരവുമായ മൂല്യച്ച്യുതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുക ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്ക് പോവുക തുടങ്ങിയ കാര്യങ്ങളിലൊന്നും അവിടെയാര്‍ക്കും ഒരു താല്പര്യവുമില്ല അതുകൊണ്ടാണ് ഞാന്‍ സ്കൂള് മാറുക എന്ന ഉറച്ച തീരുമാനമെടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടി പരിചയക്കാരും മാഷുമ്മാരും അപ്പച്ചനോട് പറഞ്ഞു "അവന്‍റെ ഭാവി തകരും... ചെയ്യുന്നത് മണ്ടത്തരമാണ്... " എന്നാല്‍ തീരുമാനത്തില്‍ നിന്നും ഞാന്‍ മാറിയില്ല. അത് നന്നായി എന്ന് എനിക്ക് ഇപ്പൊ തോന്നുന്നു ഒരു കൊല്ലം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും അവിടെ നിന്ന് മാറിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും റേഡിയോ മംഗോയില്‍ എത്തില്ലായിരുന്നു കാരണം എന്നെ ഞാനാക്കി മാറ്റുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചത് എന്‍റെ കോളേജ് ആയിരുന്നു...

തുടര്‍ന്ന് പഠിക്കാനായി ഞാന്‍ തിരഞ്ഞെടുത്തത് പാരലല്‍ കോളേജ് ആയിരുന്നു കാരണം പാരലല്‍ കോളേജ് ആവുമ്പോള്‍ പാരലല്‍ ആയിട്ട് നമ്മുടെ പല പരിപാടികളും നടക്കും മാത്രമല്ല കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയപാത്രമാണ്‌ പാരലല്‍ കോളേജുകള്‍. ഇന്ത്യയുടെ ആത്മാവ് കാണണമെങ്കില്‍ നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലൂ എന്ന് ഗാന്ധിജി പറഞ്ഞത് പോലെ  ഞാന്‍ പറയുന്നു "കോളേജുകളുടെ ആത്മാവ് കാണണമെങ്കില്‍  നിങ്ങള്‍ പാരലല്‍ കോളേജുകളിലേക്ക്  ചെല്ലണം...! അങ്ങനെയാണ് ഞാന്‍ ചരിത്രമുറങ്ങിക്കിടക്കുന്ന ഓണാട്ടുകരയുടെ (ഉറങ്ങിക്കിടക്കുന്ന ചരിത്രത്തെ ഞാനായിട്ട് വിളിച്ചെഴുന്നേല്‍പ്പിക്കാന്‍  പോയില്ല അതുകൊണ്ട് ഓണാട്ടുകരയുടെ ചരിത്രം ഇന്നും എനിക്ക് അറിയില്ല) ഹൃദയഭാഗത്തല്ല ലേശം മാറി കിഡ്നിയുടെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന Arts  and  Science Collegeല്‍ എത്തുന്നത്‌. ആ കോളേജ് ചൂണ്ടിക്കാണിക്കാന്‍ ഇന്നില്ല ഞാനൊക്കെ പഠിച്ചിറങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ അത് പൂട്ടിപ്പോയി. അപ്പൊ കഥയിലേക്ക്‌ വരാം വാസ്കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയ പോലെ  ഞാനും അമ്മയും കൂടി ഓണാട്ടുകര  ബസ്‌ ഇറങ്ങി slow motionല്‍ കോളേജിന്‍റെ പടികള്‍ കയറുകയാണ്... (നരസിംഹത്തിലെ മോഹന്‍ലാലിന്‍റെ intro scene BGM മനസ്സില്‍ സങ്കല്‍പ്പിക്കുക... ഇല്ലെങ്കിലും കുഴപ്പമില്ല) കോണിപ്പടി കയറുമ്പോള്‍ വഴിയില്‍ കണ്ട ഒരു പവിത്രനോട് പ്രിന്‍സിപ്പലിന്‍റെ റൂം തിരക്കി അവന്‍ വഴി പറഞ്ഞു തരുന്നതിനിടയ്ക്കു പടിയിറങ്ങി വന്ന ഒരു മാഷിന്‍റെ ചോദ്യം "എന്താടെ ഇന്ന് ക്ലാസ്സില്‍ കയറിയില്ലേ...?? അവന്‍റെ മറുപടി - "ഇന്നൊരു മൂഡില്ല സാറേ നാളെ കേറാം...! മാഷ്‌ ചിരിച്ചു കൊണ്ട് പടിയിറങ്ങി പോയി... എന്‍റെ മനസ്സില്‍ ആയിരം പടക്കങ്ങള്‍  ഒരുമിച്ചു പൊട്ടി, പൂത്തിരികള്‍ കത്തി, ഡപ്പാംകൂത്ത്‌ മ്യൂസിക്‌ പ്ലേ ആയി... ഞാന്‍ അമ്മയോട് പറഞ്ഞു "അമ്മേ ഇത് മതി ഇവിടെ ഞാന്‍ തകര്‍ക്കും...

പ്രിന്‍സിപ്പലിന്‍റെ ഓഫീസ് എന്നെ വല്ലാതെ ആകര്‍ഷിച്ചു ടീച്ചര്‍മാരെല്ലാം വളരെ down to earth  ആയിരുന്നു, ഒരു ടീച്ചര്‍ കണ്ണാടി നോക്കി മുടി ചീകുന്നു, മറ്റൊരു ടീച്ചര്‍ ചായ ഉണ്ടാക്കുന്നു... ഓഫീസില്‍ ഹീറ്ററൊക്കെ ഉണ്ട് വേറൊരു മാഷ്‌ വായും പൊളിച്ചു കിടന്നുറങ്ങുന്നു. ചായ തിളച്ചപ്പോള്‍ പുള്ളി എഴുന്നേറ്റു. ചായ ഞങ്ങള്‍ക്കായിരിക്കും എന്ന് ഒരു നിമിഷം വെറുതെ തെറ്റിദ്ധരിച്ചു നിരാശയായിരുന്നു ഫലം അതുകൊണ്ട് ഞാന്‍  മനസ്സില്‍ ഒരു ചായ ഇട്ടു എനിക്കൊരു വിത്തും അമ്മയ്ക്കൊരു വിത്ത്‌ ഔട്ടും... അതിനിടയ്ക്ക് ലുങ്കിയൊക്കെ ഉടുത്ത് മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി നമ്മുടെ സിനിമ നടന്‍ അബു സലിമിനെ  പോലിരിക്കുന്ന ഒരാള്‍ വന്നു കുറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം പ്രിന്‍സിപ്പലിന്റെ കയ്യില്‍ നിന്നും  പൈസ വാങ്ങിച്ചു ഒരു ലോറിയില്‍ കയറി പോകുന്നത് കണ്ടു പിന്നെയാണ് അറിഞ്ഞത് അത് അവിടുത്തെ ഏതോ ഒരു മാഷായിരുന്നു എന്ന്... പുള്ളിയെ ഞാന്‍ പിന്നീടു കണ്ടിട്ടില്ല. പ്രിന്‍സിപ്പലിന്‍റെ റൂമില്‍ വെച്ച് എന്‍റെ history നന്നായിട്ട് മനസിലാക്കിയ geography ടീച്ചര്‍ ചോദിച്ചു "ആലോചിച്ച് എടുത്ത തീരുമാനം തന്നെയല്ലേ...? ഞാന്‍ തലകുലുക്കി... നോക്കുമ്പോ അമ്മ തലകുലുക്കുന്നില്ല ശേഷം അമ്മയെ ഒന്ന് രൂക്ഷമായി നോക്കി അമ്മയെക്കൊണ്ടും തലകുലുക്കിപ്പിച്ചു. അതുവരെ കൊളപ്പുള്ളി ലീലയെപ്പോലിരുന്ന പ്രിന്‍സിപ്പല്‍ ഫീസ്‌ കൊടുത്തപ്പോള്‍ കവിയൂര്‍ പോന്നമ്മയായി, മറ്റുള്ള ടീച്ചര്‍മാരുടെ മുഖത്തും ഒരു ആത്മീയ ചൈതന്യം വിരിഞ്ഞു... കൂടെ അവരൊരു മുന്നറിയിപ്പും തന്നു "ഇതുപോലെ എല്ലാ മാസവും ഫീസ്‌ കൃത്യമായിട്ട്‌ തരണം കേട്ടോ...! സത്യം പറഞ്ഞാല്‍ അതൊരു മുന്നറിയിപ്പായിട്ടല്ല, ഒരു അപേക്ഷയായിട്ടാണ് എനിക്ക് തോന്നിയത്
അതോടെ കോളേജിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എനിക്ക് ഏതാണ്ടൊരു രൂപം കിട്ടി. 3 നിലയുള്ള കെട്ടിടത്തിന്‍റെ  മൂന്നാമത്തെ നിലയിലാണ് ക്ലാസുകള്‍ നടക്കുന്നത്. പ്രിന്‍സിപ്പല്‍ തന്നെയാണ് കൂടെ വന്നു ക്ലാസ്സ്‌ കാണിച്ചു തന്നത് ആട്ടിന്‍ കൂട് പോലെയുള്ള ഒരു കോളേജ് കാര്‍ഡ്ബോര്‍ഡുകള്‍ കയറില്‍ കെട്ടിതൂക്കിയിട്ടാണ് ക്ലാസുകള്‍ തരം തിരിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ ഇടയ്ക്ക് അപ്പുറത്തെ ക്ലാസ്സിലെ ചോദ്യത്തിനൊക്കെ നമ്മള്‍ ഉത്തരം പറഞ്ഞു പോകും അതാണ് അവസ്ഥ പിന്നെ അവിടെ ചെന്നപ്പോ മുതല്‍  ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്  ടീച്ചര്‍മാര്‍ക്കൊക്കെ എന്നോട് ഒരു പ്രത്യേക സ്നേഹം ആ സ്നേഹത്തിനു പിന്നിലെ ഗുട്ടന്‍സ് എനിക്ക് പിന്നെയല്ലേ മനസിലായത്...

തുടരും...

19 January 2011

സിനിമയും ബോള്‍ ഐസ് ക്രീമും...


കഴിഞ്ഞ ദിവസത്തെ അനുഭവത്തോടെ സിനിമ കാണാന്‍ പോകുമ്പോള്‍ ബോള്‍ ഐസ് ക്രീം വാങ്ങിക്കുന്നത് നിര്‍ത്തി. സിനിമയില്‍ നന്നായിട്ട് ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എന്നുള്ളതു തന്നെ കാരണം. ഐസ് ക്രീം തീര്‍ന്ന്‌ ground ഫ്ലോറില്‍ എത്തിയാല്‍ പിന്നെ അത് കഴിക്കാനയിട്ട് തിയേറ്ററിലെ ഇരുട്ടില്‍ കൂടുതല്‍ ശ്രദ്ധയും പരിശ്രമവും ആവശ്യമായിട്ടു വരും. സമയത്ത് നായികയെ പാമ്പ് കടിക്കാം നായകന്റെ തലയില്‍ ഇടിത്തീ വീഴാം ഒരു നല്ല കുളിസീന്‍ മുതല്‍ കഥയുടെ ഗതി മാറ്റുന്ന എന്തും സംഭവിക്കാം... അല്ലെങ്കില്‍ പിന്നെ ഐസ് ക്രീമിന്റെ ground ഫ്ലോറിലുള്ള ശിഷ്ടഭാഗം ഒഴിവാക്കാനുള്ള മനസും ചങ്കൂറ്റവും വേണം. പിന്നെ എന്റെ അളിയന്‍ അമുല്‍ കമ്പനിയില്‍ അല്ലാത്തതു കൊണ്ടും 12 രൂപയാണ് മുടക്കുന്നതെങ്കിലും അത് മാക്സിമം മുതലെടുക്കണമെന്ന് കാരണവന്മാര് കാര്യമായിട്ട് പറഞ്ഞിട്ടുള്ളതുകൊണ്ടും എനിക്കതില്‍ തന്നെ കൂടുതലായും ശ്രദ്ധിക്കേണ്ടി വരും... അപ്പോപ്പിന്നെ ചെയ്യാവുന്ന ഒരേയൊരു കാര്യം വഴിയില്‍ വെച്ച് പെങ്ങളെ ശല്യം ചെയ്തവനോടുള്ള തരം മനോഭാവം തിയേറ്റര്‍ കാന്റീനില്‍ ചെല്ലുമ്പോള്‍ ബോള്‍ ഐസ് ക്രീമിനോട് കാണിക്കുക എന്നുള്ളതാണ്...

16 January 2011

Ad തോമ...

സ്ഫടികത്തിലെ ആടുതോമയ്ക്ക് മുട്ടനാടിന്റെ ചങ്കിലെ ചോര കുടിയ്ക്കുന്നതായിരുന്നു ഇഷ്ടമെങ്കില്‍ ഈ Ad തോമയ്ക്ക് സ്വന്തം ചോര നീരാക്കി Ad ഉണ്ടാക്കുന്നതാണ് ഇഷ്ടം.ഈ അന്ന്യനും അംബിയും ഒരാള്‍ തന്നെയാണല്ലോ!!! അതുപോലെ തന്നെ Ad തോമയും ജെനിത്തും ഒരാള്‍ തന്നെ.അനീതി കണ്ടാല്‍ അംബിയുടെ ഉള്ളിലെ അന്ന്യന്‍ പുറത്തു വരുന്നത് പോലെ ഐഡിയ കിട്ടിയാല്‍ എന്നിലെ  Ad തോമ പുറത്തു വരും.ഇതാ ഈ  Ad തോമയുടെ ഒരു പരീക്ഷണം...
മുന്നറിയിപ്പ് : Ad തോമ ഇനിയും വരും...

13 January 2011

ഒരു തിരക്കഥ...


തിരക്കിട്ട് വരുന്ന ഒരു തിരയോട് അതിലേറെ തിരക്കിട്ട് വരുന്ന മറ്റൊരു തിരയുടെ തിരക്കിട്ട ചോദ്യം...
തിര 1 : തിരക്കിലാണോ ?
തിര 2 : അതെ...
തിര 1 : എങ്ങോട്ടാ ഇത്ര തിരക്കിട്ട് ?
തിര 2 : ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് ദേ കണ്ടില്ലേ... ആരോ കടലമ്മ കള്ളി എന്നെഴുതിയിരിക്കുന്നത് അത് മായ്ക്കണം പിന്നെ ഉറക്കം കഴിഞ്ഞു മാളത്തിനു പുറത്തെത്തുന്ന ഞണ്ടുകളെ കുളിപ്പിക്കണം തീരം വൃത്തിയാക്കണം കടല് കാണാന്‍ വരുന്നവര്‍ക്ക് തിരക്കാഴ്ച്ചകളൊരുക്കണം അവരുടെ കാലുകളെ നനയ്ക്കണം അങ്ങനെ ഒരുപടി ജോലികളുണ്ട് ചെയ്തു തീര്‍ക്കാന്‍...
തിര 1 : ഞാനും തിരക്കിലാ... ഹൗസിംഗ് ലോണ്‍ എടുക്കാതെ കാലങ്ങളുടെ കാത്തിരിപ്പും അധ്വാനവും ഇല്ലാതെ മണലു കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ പണിതു വെച്ചിരിക്കുന്ന താജ്മഹലുകള്‍ കണ്ടോ...? അതാണെന്റെ ലക്‌ഷ്യം...
തിര 2 : അയ്യോ അത് ക്രൂരതയല്ലേ...?
തിര 1 : ഒരു ക്രൂരതയുമില്ല ഒരു വീട് ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അവരിപ്പോഴേ മനസിലാക്കട്ടെ...
തിര 2 : അപ്പൊ ശരി തിരക്കില്ലാത്ത ഒരു സമയത്ത് വീണ്ടും കാണാം ചങ്ങാതീ...
തിര 1 : (ചിരിച്ചു കൊണ്ട്...) അതെ തിരക്കിട്ട ഈ ജീവിതത്തില്‍ വിധിയിനിയും അനുവദിച്ചാല്‍...
തിര 2 : bye...
തിര 1 : bye...
തിരകള്‍ വീണ്ടും തിരക്കിലേക്ക്... പതിവ് പോലെ ഞാനും...

05 January 2011

എല്ലാ ഹോമിയോ ഡോക്ടര്‍മാരും ഒരുപോലെയാണോ ?


എല്ലാ ഹോമിയോ ഡോക്ടര്‍മാരും ഒരുപോലെയാണോ??? ഇന്നലെ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. പനി കാണിക്കാനാണ് പോയത് മരുന്നും വാങ്ങിച്ചു. എന്നാല്‍ consulting റൂമില്‍ ഇരുന്ന സമയം മുഴുവന്‍ ഞാന്‍ ഡോക്ടറുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുകയായിരുന്നു. എന്തിനെന്നു ചോദിച്ചാല്‍ ഒന്നിനുമല്ല വെറുതെ ഒരു രസത്തിനു...

soft ആയിട്ടുള്ള പെരുമാറ്റം, ഹോമിയോ മരുന്ന് പോലെ തന്നെ മധുരത്തില്‍ പൊതിഞ്ഞു വിടുന്ന വാക്കുകള്‍, അത് effect ചെയ്യുന്നത് പോലെ തന്നെ പതുക്കെയുള്ള സംസാരം, അതുപോലെ കഴിക്കനെന്തെങ്കിലും ഉണ്ടാക്കുമ്പോള്‍ നമ്മള്‍ taste നോക്കാന്‍ കൊടുക്കില്ലേ ? അതുപോലെ മരുന്നു പായ്ക്ക് ചെയ്തു തരുമ്പോള്‍ അവിടെ നിന്ന് തന്നെ കുറച്ചു കഴിക്കാനായിട്ട് തരുന്ന ഒരു വഴക്കം ഇതെല്ലാം ഞാന്‍ കണ്ടിട്ടുള്ള ഹോമിയോ ഡോക്ടര്‍മാരില്‍ എല്ലാം തന്നെ common ആയിട്ടുള്ള കാര്യങ്ങള്‍ ആയിരുന്നു. ഒരുപക്ഷെ ഇതെന്റെ തോന്നലായിരിക്കാം അല്ലെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ളത് പ്രത്യേകതകള്‍ ഉള്ളവരെ മാത്രമായിരിക്കാം. എന്നാലും സംശയം ഇപ്പഴും ബാക്കിയാണ് അധികവും lite colour shirts ഇടുന്ന ഏത് അസുഖത്തിനും ഒരേ മരുന്ന് തന്നെ എടുത്തു തരുന്ന (നമ്മുടെ കാഴ്ചയില്‍) ഹോമിയോ ഡോക്ടര്‍മാരെല്ലാം ഒരുപോലെയാണോ...???

One Night @ ബാര്‍ബര്‍ ഷോപ്പ്


എനിക്ക് തോന്നുന്നു സമയം കളയാനായിട്ട് പലപ്പോഴും നമ്മള്‍ മറിച്ചുനോക്കിയിട്ടുള്ള ഒന്നാണ് മാസികകള്‍. മാസികകളുടെ ജന്മലക്‌ഷ്യം തന്നെ അതാണെന്ന് ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ തോന്നാറുണ്ട്. പൈസ കൊടുത്ത് ഒരു മാസിക വാങ്ങിച്ച് വായിച്ചു നോക്കുന്നതിനേക്കാള്‍ ആര്‍ത്തിയോടെയാണ് പല സ്ഥലങ്ങളിലും വെച്ച് സമയം കളയാനായി പലരും മാസികകള്‍ മറിച്ചു നോക്കി കണ്ടിട്ടുള്ളത്. അങ്ങനെ മറിച്ചു നോക്കുമ്പോള്‍ നമ്മുടെ കണ്ണില്‍ പതിയാറുള്ള കാര്യങ്ങള്‍ നേരെ മനസിലാണ് പതിയാറുള്ളതെന്നു തോന്നുന്നു. അത് എന്ത് മായാജാലമാണ്‌ എന്നറിയില്ല പലപ്പോഴും ഇങ്ങനെ വായിക്കുന്ന സമയത്തായിരിക്കും വളരെ usefull ആയിട്ടുള്ള പല കാര്യങ്ങളും അറിയനായിട്ടു പറ്റുന്നത്. ഇത്തരത്തില്‍ ആര്‍ത്തിയോടെ ഞാന്‍ മാസികകള്‍ മറിച്ചു നോക്കിയിട്ടുള്ളത് ബാര്‍ബര്‍ ഷോപ്പുകളില്‍ ഇരിക്കുമ്പോഴാണ്...

ബാര്‍ബര്‍ ഷോപ്പുകളില്‍ കയറുമ്പോള്‍ മുടി വെട്ടാനായിട്ടു കാത്തിരിക്കേണ്ടി വരുമെന്ന് അറിയുന്നതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചിട്ടുള്ളത് അവിടെയുള്ള മാസികകളുടെയും പത്രങ്ങളുടെയും അവകാശം ചിലര്‍ സ്വന്തമാക്കിയിരിക്കുന്നു എന്ന് അറിയുന്നതാണ്. അവിടെ വെച്ചാണ് വീട്ടില്‍ വെറുതെ കിടക്കുന്ന പേപ്പര്‍ ഒന്ന് മറിച്ചു പോലും നോക്കാത്തവര്‍ ആര്‍ത്തിയോടെ പേപ്പര്‍ വായിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. സമയത്ത് ഏതെങ്കിലും ഒരു തുണ്ട് പേപ്പര്‍ കിട്ടിയാല്‍ മതി അത് ചരമക്കോളം ആയാലും ഒന്ന് കണ്ണ് ഓടിച്ചിട്ടേ  കൈമാറൂ. തിരക്കുള്ള സമയത്ത് ചില ബാര്‍ബര്‍ ഷോപ്പുകളുടെ ഉള്‍ഭാഗം ഭാഗം കണ്ടുകഴിഞ്ഞാല്‍ ലൈബ്രറി ആണോ എന്ന് പോലും സംശയം തോന്നും.

ബാര്‍ബര്‍ ഷോപ്പിലെ പത്രങ്ങള്‍ എന്ന് പറയുമ്പോള്‍ ബാര്‍ബറുടെ താല്പര്യത്തിനും രാഷ്ട്രീയ അഭിരുചിക്കും അനുസരിച്ച് ഏത് പത്രവുമാകം, എന്നാല്‍ മാസികകള്‍ എന്ന് പറയുമ്പോള്‍ സിനിമാ മാസികകള്‍ ആണ് hilight. സിനിമാ മംഗളത്തിലെ centre പേജിനു ഒരിടക്കാലത്ത്‌ (ചിലയിടങ്ങളില്‍ ഇപ്പോഴും) പ്രചാരം കിട്ടിയിരുന്നത് ബാര്‍ബര്‍ ഷോപ്പുകളിലൂടെയാണ്. ചില ബാര്‍ബര്‍ ഷോപ്പുകള്‍ സിനിമാ നടിമാരായ ചില മസാല ദോശകളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന ഒരു ഒരു ആചാരം ഉണ്ട്. നമ്മുടെ തല ബാര്‍ബര്‍ ഏത് ദിശയിലേക്കു തിരിച്ചു വെച്ചാലും നമ്മുടെ ദൃഷ്ടി അവിടെ നിന്ന് കുറച്ചു നേരത്തേക്ക് പതറിപ്പോകതിരിക്കാനും തല തിരിക്കതിരിക്കാനും പാകത്തിന് ചിത്രങ്ങള്‍ ഒട്ടിച്ചിട്ടുണ്ടാവും ചില ബാര്‍ബര്‍ ഷോപ്പുകളില്‍. പല ബാര്‍ബര്‍മാരും മാഗസിനുകളുടെ പുതിയ ലക്കങ്ങള്‍ കൊണ്ട് വെക്കുന്ന കാര്യത്തില്‍ പുറകിലാണ് എന്നുള്ളതാണ് ഒരു ചെറിയ പ്രശ്നം. എന്നിരുന്നാലും ചിലര്‍ മാസികകളും പത്രങ്ങളും ആര്‍ത്തിയോടെ വായിച്ചു നോക്കുന്നത് കാണുമ്പോള്‍ തോന്നും നാളെ അവര്‍ക്ക് പരീക്ഷ ആണെന്ന്. അതുപോലെ ഒരു പത്രമോ മാസികയോ വായന കഴിയാനായി കാത്തുനിന്നു ഒരാള്‍ മറ്റൊരാളുടെ കയ്യില്‍ നിന്നും സ്വീകരിക്കുന്നത് കാണുമ്പോള്‍ റിലേയിലെ ബാറ്റന്‍ കൈമാറല്‍ ഓര്‍മ വരും.

എന്നാലിപ്പോള്‍ ചില ബാര്‍ബര്‍ ഷോപ്പുകളിലെങ്കിലും പത്രങ്ങളുടെയും മാസികകളുടെയും രാജവാഴ്ചയ്ക്ക് tv യുടെ വരവോടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. tv വന്നതിനു ശേഷം ഉള്ള ഒരു കുഴപ്പം എന്താണെന്നു ചോദിച്ചാല്‍ ഇടയ്ക്കിടയ്ക്ക് ബാര്‍ബറുടെ ശ്രദ്ധയും അങ്ങോട്ട്‌ പോകുമെന്നതിനാല്‍ മുടി വെട്ടലിന്റെ ദൈര്‍ഖ്യം കൂടുന്നു എന്നുള്ളതാണ്. പിന്നെ tv യുടെ വരവോടെ ബാര്‍ബര്‍മാര്‍ക്ക് മുടി വെട്ടാന്‍ ഇരിക്കുന്ന ആളുടെ തല പതിവിലും കൂടുതല്‍ തിരിക്കേണ്ടി വരുന്നുമുണ്ട്. കഴിഞ്ഞ ദിവസം എന്റെ തലയില്‍ ബാര്‍ബര്‍ കുത്തബ് മിനാര്‍ പണിതു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ചാനലിലെ റിയാലിറ്റി ഷോയുടെ elemination round. പ്രിയപ്പെട്ട contestant in ആവാന്‍ വേണ്ടി ബാര്‍ബര്‍ പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത്‌ വലിയ കുഴപ്പമില്ലാത്ത ഒരു തലയും കൊണ്ട് ഇവിടെ നിന്ന് ഒന്ന് out ആവാന്‍ പറ്റണേ ദൈവമേ എന്നായിരുന്നു.

ബാര്‍ബര്‍ ഷോപ്പുകളില്‍ tv വരേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ...???