19 December 2014

മറ്റൊരു IFFK കൂടി കടന്നുപോകുമ്പോള്‍...

വ്യാഴം. സമയം രാത്രി 8.40. മാംഗളൂര്‍ എക്സ്പ്രസ്സ്‌ പുറപ്പെടുകയാണ്... ജനാലയ്ക്കരികില്‍ ഞാനുണ്ട്... അതെന്നെ തിരിച്ചു കൊണ്ടുപോകുന്നത് അടുത്ത ഡിസംബര്‍ വരെ നീളുന്ന പുതിയ കാത്തിരിപ്പിലേക്കാണ്, 2010 മുതല്‍ ശീലമായ ഒരു വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട കാത്തിരുപ്പുകളില്‍ ഒന്നിലേക്ക്... സ്കൂള് തുറക്കുന്നതിനു തലേ ദിവസത്തെ കുട്ടിയുടെ മനസോടെ ഞാന്‍ ഇരിക്കുന്നു... മടക്കയാത്രയില്‍ പുറം കാഴ്ച്ചകളോടൊപ്പം പുറകോട്ടു പോകുന്നത് 19ആം അന്താരാഷ്ട്ര ചലച്ചിത്ര മേളയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഇടനെഞ്ചില്‍ ഒരു ചെറിയ ഭാരം, ഒരു കുഞ്ഞു നീര്‍ക്കെട്ട്. രണ്ടാമത്തെ പെഗ് തലച്ചോറിലേക്ക് എത്തുമ്പോഴുള്ള മന്ദത.  കഴുത്തില്‍ കിടക്കുന്ന ഡെലിഗേറ്റ് പാസ് അഴിച്ച് മാറ്റുമ്പോള്‍ കടല്‍തീരത്ത് പുതിയ ലോകം തീര്‍ത്ത് ചേര്‍ന്ന് നടന്നിരുന്ന പ്രിയപ്പെട്ടവളുടെ കൈ മനസില്ലാ മനസോടെ വിട്ടു പിരിയും പോലെ...

വിളക്കുകള്‍ അണഞ്ഞ സ്ലീപ്പര്‍ കൂപ്പയിലെ അപ്പര്‍ ബര്‍ത്തില്‍ ഇപ്പോള്‍ കണ്ണ് തുറന്നു പിടിച്ച്‌ ചിന്തിച്ചു കൊണ്ട് കിടക്കുമ്പോള്‍ എന്‍റെ പ്രിയ കൂട്ടുകാരാ അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടുന്നുണ്ട്... അന്നത്തേക്കാള്‍ വ്യക്തമായി, ഒരുപക്ഷേ ഹൃദയത്തില്‍ നിന്ന്...

"എന്തുകൊണ്ട് നീ ചലച്ചിത്ര മേളയെ ഇത്രയധികം ഇഷ്ട്ടപ്പെടുന്നു? Don't you think you have been overrating IFFK?"

മേളയുടെ വര്‍ഷങ്ങളുടെ അനുഭവം സ്വന്തമായുള്ളവര്‍ക്ക് പോലും മേളയുടെ വികാരം അതേ അര്‍ത്ഥത്തില്‍ ആസ്വദിക്കാനായിട്ടില്ല എന്നതിരിക്കെ IFFK എന്ന എന്‍റെ എന്നത്തേയും വികാരതീക്ഷ്ണതയോടുള്ള നിന്‍റെ സംശയം തികച്ചും ന്യായമാണ്. അതിനു ഉത്തരം പറയേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉത്തരമിതാണ്...

ഇല്ല സുഹൃത്തേ, ഒരിക്കലുമല്ല.

കാരണം ബുദ്ധി കൊണ്ടുള്ള കാഴ്ച്ചയുടെ ഒരു ചടങ്ങല്ല... ഹൃദയം കൊണ്ടുള്ള അനുഭവത്തിന്‍റെ ഒരനുഷ്ടാനമാണ് എനിക്ക് മേള... അല്ലാതെ അത് സിനിമാക്കാരന്‍റെ പുറം പൂച്ചോ ബുദ്ധിജീവിയുടെ നാട്ട്യമോ അല്ല. സിനിമയുടെ പേരില്‍ പ്രിയപ്പെട്ട ഒരാളുടെ കൂടെ ചുറ്റാന്‍ കിട്ടുന്ന ഒരവസരവുമല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 500 രൂപയുടെ ചിലവില്‍ ലോകം കാണാന്‍ കിട്ടുന്ന അവസരം. എന്നെ സംബന്ധിച്ചിടത്തോളം, നരകത്തില്‍ ചാട്ടയടി കൊള്ളുമ്പോഴും കാവല്‍ക്കാരന്‍റെ എണ്ണം തെറ്റിയത് പറഞ്ഞ് ചിരിക്കാന്‍ കൂടെ കാണുന്ന പ്രിയപ്പെട്ടവരുടെ ഒരു സംഘം മനോഹരമാക്കുന്ന യാത്ര. പൂരത്തിന് വെടിക്കെട്ട്‌ മോശമായാലും കഴിച്ച പാലൈസിന്‍റെ രുചിയില്‍ ലാഭം കാണാന്‍ കഴിയുന്ന മനസിന്‌ എളുപ്പത്തില്‍ ഭംഗി കണ്ടെത്താവുന്ന ഒരനുഭവം.

മേളയെന്നത് ശീതീകരിച്ച നാല് ചുവരുകള്‍ക്കുള്ളിലെ ഒരു സാക്ഷിയാകല്‍ എന്നതിലുപരിയാണ്... ഭക്ഷണം പോലും ഒഴിവാക്കി മണിക്കൂറുകള്‍ ക്യൂ നിന്നും ഇടിച്ചു കയറിയും സീറ്റ് കിട്ടാതെ നിലത്തിരുന്നും വാതില്‍ക്കല്‍ ഇറുകി നിന്നും ആസ്വദിക്കുന്ന ഒരനുഭൂതിയാണത്. ക്ഷമയുടെ പരിധി ഉറക്കത്തിലേക്ക് കടന്നാലും അടുത്തതിനായി ഓടാന്‍ മടി തോന്നാത്ത ഒരനുഭൂതി... അതില്‍ കൈരളിയിലെ അയ്യപ്പന്‍ പടിയിലെ ഇരുത്തമുണ്ട്, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്കുള്ള ഓട്ടമുണ്ട്, എത്ര മറിച്ചു നോക്കിയിട്ടും മതിയാകാതെ കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്ന സ്ക്രീനിംഗ് ഷെഡ്യൂളുണ്ട്, "കണ്ടോ? എങ്ങനെയുണ്ട്?" എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി സിനിമ എന്ന ഒറ്റ മാധ്യമത്തിന് പുറത്തുള്ള മനസ് കൈമാറ്റങ്ങളുണ്ട്, പുതിയതായി ഉണ്ടാകുന്ന സൗഹൃദങ്ങളുണ്ട്, വേദികളില്‍ ആശ്വാസം കണ്ടെത്തുന്ന മനസുകളുണ്ട്, കൂവലും ബഹളവും യോജിപ്പുകളും വിയോജിപ്പുകളും പ്രശ്നങ്ങളുമുണ്ട്, അനന്തപുരിയുടെ തെരുവുകളിലൂടെയുള്ള രാത്രിനടത്തമുണ്ട്, രാത്രി വൈകുവോളം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകളുണ്ട്, അധ്യാപക ഭവനിലേയും തമ്പുരുവിലേയും താമസമുണ്ട്, ഒടുവില്‍ അഭയം കിട്ടിയ ആനന്ദിന്‍റെ മുറിയുണ്ട്, ദീര്‍ഘ ചതുരമുള്ള ആ ഹാളിലെ ദ്രവിച്ചു തുടങ്ങിയ പ്ലാസ്റ്റിക്‌ പായയിലെ ഉറക്കമുണ്ട്, ഫ്ലഷ് കേടായ ടോയ്ലെറ്റ് ഉണ്ട്...

സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മേള ആത്മാര്‍ത്ഥമായ ഒരു ഇഷ്ട്ടത്തോടുള്ള അടങ്ങാത്ത ആവേശമാണ്, ചിലര്‍ക്കത് പതിവ് മടുപ്പുകളില്‍ നിന്നുള്ള ഒരു വിടുതല്‍... ഒരാഴ്ച്ചത്തെ ധ്യാനം... മറ്റു ചിലര്‍ക്ക് സമാന മനസുകളുടെ ഒത്തു ചേരല്‍, കലയെ സ്നേഹിക്കുന്നവര്‍ക്ക് മേന്മ മനസിലാക്കാനുള്ള അവസരം, സ്വയം വിലയിരുത്തുന്നവര്‍ക്ക് എത്ര നിസ്സാരനാണ്‌ ഞാന്‍ എന്ന തിരിച്ചറിവും സര്‍ഗാത്മകതയിലെ ഊര്‍ജ്ജവും പ്രചോദനവും, ഇനി ജീവിതത്തിലെ കുഞ്ഞു കാര്യങ്ങളില്‍ പോലും കൗതുകം കണ്ടെത്തുന്നവര്‍ക്കോ മേളയെന്നത് ഇതിനൊക്കെ പുറമേ എല്ലാറ്റിനോടുമോപ്പം ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങളും ഓര്‍മ്മകളും...

എനിക്ക് ഇതെല്ലാമാണ്...

അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും മേള നഷ്ട്ടപ്പെടുന്ന  ചങ്കുകളുടെ പിടപ്പ് എനിക്ക് കേള്‍ക്കാം... മാസങ്ങള്‍ക്ക് മുന്‍പേ കള്ളങ്ങള്‍ പറഞ്ഞ് ചെല്ലുന്ന അവധിയപേക്ഷകള്‍ വായിക്കാം... ഡിസംബറില്‍ വരുന്ന കൂട്ടുകാരെ സ്വീകരിക്കനൊരുങ്ങുന്ന മുറികളും, വിസ ക്യാന്‍സല്‍ ചെയ്തും ലോണ്‍ എടുത്തും മേളയ്ക്ക് എത്തുന്ന ജീവിതങ്ങളും കാണാം...

നിനക്കറിയാമോ, ഈ മാസം അവസാനം താരയുടെ കല്യാണമാണ്. അവളെക്കൊണ്ട് എന്നെ വിളിപ്പിച്ചതും, അതിന് പോകണ്ടേ എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നതും ഒരു IFFKയാണ്. 2010 ഡിസംബറിന്‍റെ സൗഹൃദം. ആ വര്‍ഷം തന്നെയാണ് ബിജുവേട്ടനും സിജുവേട്ടനും സണ്ണിയേട്ടനും സൗഹൃദങ്ങളിലേക്ക് വരുന്നത്. അതുപോലെ ഇത്തവണ സിറിലും, ഗോപുവും, ഷിനോജും, ലൂയിസേട്ടന്‍റെ കവിതകളും... ഇതുപോലെ ഏറെയുണ്ട്... ആര്‍ട്ട്‌ സിനിമ എന്ന പേരിലുള്ള തട്ടിപ്പ് മനസിലാക്കി തന്നത് സഫയറും കളേഴ്സ് ഓഫ് ദി മൗണ്ടെനും റോസുമൊക്കെയാണെങ്കില്‍ മേള എന്നത് സിനിമയിലുപരി മറ്റു ചിലത് കൂടിയാണെന്ന തിരിച്ചറിവ് പകര്‍ന്നത് ഇതൊക്കെയാണ്...

കൂട്ടുകാരാ, ഇപ്പോഴും എന്‍റെ ആവേശം നിനക്ക് സ്വാഭാവികമായ ഒരത്ഭുതമായി തുടരുന്നുവെങ്കില്‍ എന്‍റെ മറുപടി സഹതാപത്തിന്‍റെ ഒരു ചിരിയില്‍ ഞാന്‍ ഒതുക്കുന്നു. കൂട്ടത്തില്‍ പരീക്ഷ പാസ് ആയ ഒരേയൊരുവന്‍റെ പൊടി അഹങ്കാരമുള്ള ചിരി... ആസ്വാദനം എന്ന വലിയ കലയുടെ സൗഭാഗ്യം തന്നതിന് പടച്ചവനോടുള്ള നന്ദിയുടെ ചിരി...

അത്ര മാത്രം :)

ശുഭദിനം.


'Dedicated to all the IFFK fans & genuine movie lovers'