19 January 2013

ഡല്‍ഹിയും പറയാത്തത്...


683000 forcible rapes occur every year, which equals 1.3 per minute... ഇങ്ങനെയൊരു കണക്കു വായിക്കാനിടയായി. കണക്കല്ലേ... തെറ്റാന്‍ സാധ്യതയുണ്ട് എന്നു കരുതി ആശ്വസിക്കാം. എന്നാലും നമ്മള്‍ അറിയപ്പെടാതെ പോകുന്ന ലൈംഗിക അതിക്രമങ്ങള്‍ ഒരു ദിവസം എത്രയെണ്ണം നാട്ടില്‍ നടക്കുന്നുണ്ടാകും? അതില്‍ ബലാല്‍സംഗങ്ങള്‍ മാത്രമല്ല കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മുതല്‍ ഒരു ഭാര്യയ്ക്കോ വേശ്യയ്ക്കോ സഹിക്കേണ്ടി വരുന്ന ലൈംഗിക വൈകൃതങ്ങള്‍ വരെയുണ്ടാവും...

സത്യത്തില്‍, പലപ്പോഴായി അറിയാറുള്ള ഓരോ ബലാല്‍സംഗ വാര്‍ത്തയും ഒരു പുരുഷന്‍ എന്ന നിലയിലുള്ള എന്റെ അഭിമാനത്തെയാണ് ബലാല്‍സംഗം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും അവസ്ഥ വ്യത്യസ്തമല്ല എന്ന് കരുതുന്നു. എവിടെ നടന്നതായാലും എല്ലാം ഒരേ പോലെ ചിന്തിക്കപ്പെടേണ്ടതു തന്നെ. അല്ലാതെ സ്ത്രീയുടെ മാനത്തിന് ഡല്‍ഹിയില്‍ മാത്രം കൂടുതല്‍ വിലയൊന്നുമില്ലല്ലോ? അത് എല്ലായിടത്തും ഒന്ന് തന്നെയാണ്. എന്നാല്‍ പ്രതികള്‍ക്ക് പലയിടങ്ങളിലും പല മുഖമാണ്. അതില്‍ സാഹചര്യങ്ങള്‍ വളര്‍ത്തിയ ഒരു ഗോവിന്ദച്ചാമിയെ മാത്രമല്ല, വിദ്യ പകര്‍ന്നു നല്‍കേണ്ട അധ്യാപകനും, കാവലാവേണ്ട പട്ടാളക്കാരനും നില മറക്കുന്ന പിതാക്കന്‍മാരും കാണും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? അല്ലല്ലോ... ദിവസങ്ങളുടെ ആയുസ്സുള്ള പ്രതിഷേധങ്ങളും, പ്രതീക്ഷയറ്റ നിയമനിര്‍മ്മാണവും, താല്‍ക്കാലികമായ ചര്‍ച്ചകളും അല്ലാതെ എപ്പോഴെങ്കിലും കാരണങ്ങളുടെ വേരുകളിലേക്ക് ചിന്ത പോയിട്ടുണ്ടോ? ഞാനിപ്പോള്‍ നില്‍ക്കുന്നത് അവിടെയാണ്...

TV യില്‍ കോണ്ടത്തിന്റെ പരസ്യം കണ്ടിട്ട് "ഇതെന്താ അമ്മേ?" എന്ന് കുട്ടി ചോദിക്കുമ്പോള്‍ "മിണ്ടാതിരിയെടാ" എന്ന് പറഞ്ഞ് പേടിപ്പിക്കുന്നിടത്ത് പ്രശ്നം തുടങ്ങുകയാണ്. സാനിറ്ററി പാഡ് വാങ്ങിക്കാന്‍ കടലാസില്‍ എഴുതി കൊടുക്കുമ്പോള്‍ അത് എന്താണെന്ന് അറിയാനുള്ള അവന്റെ ആകാംഷയെ അവഗണിക്കാനുള്ള ശ്രമവും, മെഡിക്കല്‍ ഷോപ്പുകാരന്റെ മുന വെച്ചുള്ള സംസാരവും എല്ലാം പ്രശ്നമാണ് ഭായ്... പഠിക്കുന്ന സമയത്ത് ബയോളജി ക്ലാസ് എന്നുമൊരു ദുരൂഹതയായിരുന്നു. ബയോയാജി പഠിപ്പിക്കുന്ന ടീച്ചര്‍ പലപ്പോഴും ഒരു തമാശയും. പല കാര്യങ്ങളും ടീച്ചര്‍ മനപ്പൂര്‍വ്വം അങ്ങ് വിട്ടുകളയും. പലരുടെയും അവസ്ഥ ഇക്കാര്യത്തില്‍ വ്യത്യസ്തമല്ലായിരുന്നു എന്നത് അന്വേഷണത്തില്‍ നിന്നും മനസിലായ ഒന്നാണ്. ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്താനല്ലാതെ ശരിയായ ലൈംഗിക വിദ്യാഭ്യാസം തരാന്‍ എന്തു കൊണ്ട് കഴിയുന്നില്ല? എന്തു കൊണ്ട് കൂട്ടുകാരില്‍ നിന്നും, പരിചയക്കാരില്‍ നിന്നും, കൊച്ചു പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടികളില്‍ വളരാന്‍ അനുവദിക്കുന്നു? മൂടിവെയ്ക്കപ്പെട്ടത്‌ തുറന്നു നോക്കാന്‍ എന്നും ആകാംഷ കൂടും എന്നത് ഒരു യാദാര്‍ത്ഥ്യമല്ലേ? ഇന്നും ഒരു പെണ്‍കുട്ടി വയസറിയിക്കുമ്പോള്‍ സമപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ അറിയാന്‍ പാടില്ലാത്ത രഹസ്യമായിട്ടാണ് പലരും കരുതിപ്പോരുന്നത്. ഒരിക്കല്‍ ക്ലാസ് മുറിയില്‍ വെച്ച് രക്തം കണ്ട് വല്ലാത്ത അവസ്ഥയിലായിപ്പോയ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്. അന്ന് എന്താണ് സംഭവം എന്ന് അറിയാന്‍ ശ്രമിച്ചവരെയെല്ലാം ടീച്ചര്‍ ശകാരിച്ച് ഇരുത്തുകയാണ് ഉണ്ടായത്. പിന്നീട് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ ഞാനടക്കം മറ്റു കുട്ടികള്‍ ഒരു വിചിത്ര ജീവിയെപ്പോലെ അവളെ നോക്കിയതും ചില കുറുമ്പന്‍മാര്‍ അവളെ കളിയാക്കി ചിരിച്ചതും ഇന്നും ഞാന്‍ മറന്നിട്ടില്ല. സ്നേഹപൂര്‍വമായ ഭാഷയിലൂടെ ആശങ്കകള്‍ വളര്‍ത്താതെ സമാധാനിപ്പിക്കുന്ന ഒരു ഉത്തരം, അല്ലെങ്കില്‍ ഒരു നല്ല കള്ളമെങ്കിലും പറഞ്ഞ് ടീച്ചര്‍ക്ക് അന്ന് ആ ഒരു അവസ്ഥ ഒഴിവക്കാമായിരുന്നതല്ലേ?

പക്വത ഉറയ്ക്കുന്നതിനു മുന്‍പേ ഒരാള്‍ കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമടക്കം പ്രാചീനവും വര്‍ത്തമാനപരവുമായ സംസ്കാരങ്ങളും കാഴ്ച്ചപ്പാടുകളും അവന്റെ തന്നെ നിരീക്ഷണങ്ങളും എല്ലാമാണ് പിന്നീടുള്ള ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. അതില്‍ മായം കലര്‍ന്നാല്‍??? കുട്ടികള്‍ക്ക് ശരീരത്തെക്കുറിച്ചുള്ള ഒരു ബോധം വരുന്നതിനു മുന്‍പേ തന്നെ ലളിതമായ ഭാഷയില്‍ ഇതിനെക്കുറിച്ചൊക്കെയുള്ള ഒരു ചെറിയ ധാരണയെങ്കിലും കൊടുക്കാന്‍ കഴിയേണ്ടതല്ലേ? അത് ഇല്ലാത്തതു കൊണ്ട് പലരും സ്വയം പഠിക്കുന്നു. സ്വയം പഠിക്കുമ്പോള്‍ ചിലര്‍ക്ക് ശരിയായ വഴി കിട്ടിയേക്കാം, ചിലര്‍ മറ്റുള്ളവരെയും കൂടി വഴി തെറ്റിച്ചേക്കാം. നല്ല മാതാപിതാക്കളെങ്കിലും ഇതിനു മുന്‍കൈ എടുക്കണം. നന്‍മയുടേയും തിന്‍മയുടേയും മുത്തശ്ശിക്കഥകള്‍ കേട്ട് വളരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ആ സംസ്കാരവും മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പൊതിഞ്ഞു കൊടുത്തില്ലെങ്കിലും നേരിട്ടെങ്കിലും നന്‍മ ചൊല്ലിക്കൊടുക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തിയേ പറ്റൂ. നമ്മുടെ കുട്ടിയെ കണ്ടവര് പഠിപ്പിക്കുന്നതിന് മുന്‍പ് നമ്മള് നേര്‍ വഴി കാണിക്കുന്നതല്ലേ നല്ലത്. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ തന്തയുടെ തന്തയ്ക്കും ആ തള്ളയുടെ തള്ളയ്ക്കും വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.

ലൈംഗികതയ്ക്കും ശരീരത്തിനും ഒരു പരിധിയില്‍ കൂടുതല്‍ കൊടുക്കുന്ന രഹസ്യ സ്വഭാവവും അതിനെ സംബന്ധിച്ച  ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, ഊതിപ്പെരുപ്പിക്കലുകളും, അമിത പ്രാധാന്യവും എല്ലാം കൂട്ടു പ്രതികള്‍ തന്നെയാണ്. വാത്സ്യായനന്‍ കാമസൂത്രം രചിച്ച നാടാണ് എങ്കിലും Sex എന്ന് ഉറക്കെ പറയാന്‍ പോലും ഇപ്പോഴും പലര്‍ക്കും ചമ്മലാണ്. എന്നാല്‍ ആ ഒരു വാക്കിനോട് വല്ലാത്ത ഒരു ആര്‍ത്തിയാണ് താനും. Sex എന്ന ഒരു തലക്കെട്ട് കണ്ടാല്‍ പരസ്യമായി നോക്കിയെല്ലെങ്കിലും രഹസ്യമായി ഒന്ന് കണ്ണോടിച്ചിട്ടേ പോകൂ. അതില്‍ ധൈര്യം കുറയേണ്ട ഒരു കാര്യവുമില്ല. എന്നാലും അതങ്ങനെയാണ്. ബലാല്‍സംഗമുണ്ടെങ്കില്‍ പത്രം വായിക്കാന്‍ ഒരു ഹരമാണ് എന്ന് പറയുന്നവരും. ആ കഥ വായിച്ചു പുളകം കൊള്ളുന്നവരും കുറവല്ല. പീഡിപ്പിച്ചില്ലെങ്കിലും പീഡനത്തിന്റെ വീഡിയോ യൂ ട്യൂബില്‍ കിട്ടുമോ എന്ന് ശ്രമിച്ചു നോക്കുന്നവരും നമുക്കിടയില്‍ തന്നെയുണ്ട്‌. മാസികയിലെ ഡോക്ടറോട് ചോദിക്കാം പംക്തി ഒളിച്ചിരുന്ന് വായിക്കുന്നവരല്ലേ കൂടുതല്‍. പരസ്യമായി വായിക്കാന്‍ ധൈര്യം ഇല്ലാത്തത് പ്രശ്നമല്ലേ? ഈ ഒരു അവസ്ഥയിലേക്ക് എങ്ങനെയാണു നമ്മള്‍ എത്തുന്നത്‌? ഏവരും കൊട്ടിഘോഷിക്കുന്ന 'ആദ്യരാത്രി' തന്നെ ലൈംഗികതയ്ക്ക് നമ്മള്‍ കൊടുത്തു വരുന്ന അമിത പ്രാധാന്യത്തിന്റെ ഒരു ഉദാഹരണമല്ലേ? ആ ഒരു പ്രയോഗം തന്നെ പ്രശ്നമല്ലേ? ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന തെറികള്‍ ലൈംഗികതയും ലൈംഗിക അവയവങ്ങളുമായും ബന്ധപ്പെട്ടതാണ് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എന്ത് കൊണ്ട്??? ഏറ്റവും മനോഹരമായ ഒരു വികാരം, ഒരേ സമയം ആവശ്യമുള്ള സ്ഥലത്ത് രഹസ്യ സ്വഭാവവും അനാവശ്യ സ്ഥലത്ത് ഊതി പെരുപ്പിക്കലും വഴി വികൃതമായി മാറിയതാണ്. പലപ്പോഴായി നമ്മള്‍ തന്നെ അങ്ങനെയാക്കി മാറ്റിയതാണ്. കോണ്ടത്തിന്റെ ഫ്ലേവറുകളുടെ വൈവിധ്യം ചോക്കളേറ്റ് മുതല്‍ സ്ട്രോബെറി വരെയുണ്ട്. ഇതെന്തിന് തിന്നാനോ? ലൈംഗികതയുടെ പരമാവധി മുതലെടുപ്പ് അതല്ലേ കാര്യം. ഏറ്റവും താല്പര്യമുള്ള സ്രോതസ്സ് ഏറ്റവും വലിയ വിപണിയാവുന്നതില്‍ അതിശയിക്കേണ്ട കാര്യമില്ലല്ലോ?

സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായ ശ്രമം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. ആദ്യം മാറേണ്ടത് കാലങ്ങളായി വെച്ചു പുലര്‍ത്തിപ്പോരുന്ന കാഴ്ച്ചപ്പാടുകളാണ്. റോസ് എന്ന പോളിഷ് ചിത്രത്തില്‍ നായിക റോസ് പട്ടാളത്താലും വിമതരാലുമൊക്കെ പല തവണ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. നിരാലംബയായ അവള്‍ക്ക് ഒരവസരത്തില്‍ ഏക സഹായമായെത്തുന്ന നായകന് ഒരവസരത്തില്‍ ചികിത്സയുടെ ഭാഗമായുള്ള ക്ലീനിങ്ങിനായി അവളെ സഹായിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ ജനനേന്ദ്രിയം കാണിക്കാന്‍ മടിക്കുന്ന അവളോട്‌ അയാള്‍ ചോദിക്കുന്നുണ്ട് "എന്തിനാണു മടിക്കുന്നത് മറ്റേത് അവയവങ്ങളേയും പോലെ തന്നെയുള്ള ഒരു അവയവമല്ലേ ഇതും?" എന്ന്. എന്റെ ഭാര്യയെ പട്ടാളം കളങ്കപ്പെടുത്തി എന്ന് പരിതപിക്കുന്ന കൂട്ടുകാരനോട് എല്ലാമറിഞ്ഞു കൊണ്ട് റോസിനെ അങ്ങേയറ്റം സ്നേഹിക്കുന്ന അയാള്‍ റോസിന്റെ അവസ്ഥ സൂചിപ്പിച്ചു കൊണ്ട് "എന്താണ് കളങ്കമെന്ന്?" ചോദിക്കുന്നുമുണ്ട്. കന്യകാത്വത്തെക്കുറിച്ചും വിശുദ്ധിയെ കുറിച്ചുമുള്ള തെറ്റായ ധാരണകള്‍ക്ക് എതിരെയുള്ള വലിയ ഒരു ചോദ്യം അവിടെ ഉയരുന്നുണ്ട്. മുന്‍പ് വായിച്ച ഒരു ലേഖനത്തിന്‍റെ തലക്കെട്ട് ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ് 'Is virginity a BIG issue or a small Tissue???'

പുരാതന കാലം മുതല്‍ക്കേ നിലനിന്ന് പോരുന്ന പുരുഷ മേല്‍ക്കോയ്മ, ഇന്ന ഇന്ന കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് സ്ത്രീ എന്ന് ബോധത്തില്‍ ഉറഞ്ഞ്‌ കൂടി കല്‍ക്കരി പോലെ രൂപം കൊണ്ട കാഴ്ച്ചപ്പാടുകള്‍... ഇതൊക്കെ മാറണം . വാത്സ്യായനന്റെ കാമസൂത്രം പോലും തികച്ചും പുരുഷ പക്ഷത്തു നിന്നുള്ള ഒരു രചനയാണെന്നുള്ളതല്ലേ സത്യം? അതിനൊരു ബദല്‍ - സ്ത്രൈണ കാമസൂത്രം ഉണ്ടാകാന്‍ 2012 ആവേണ്ടി വന്നു. പുരുഷന് ഒരു തുണയായാണ്‌ ദൈവം സ്ത്രീയെ സൃഷ്ട്ടിച്ചത് അവന്റെ അടിമയായല്ല എന്ന് ചില ആണുങ്ങള്‍ മനസിലാക്കിയെ പറ്റൂ. അതിനു സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ശ്രമമുണ്ടാകണം. ഇപ്പോഴും പ്രസവ മുറിയില്‍ ഭര്‍ത്താവിനെ നിര്‍ത്താന്‍ സമ്മതിക്കുന്ന എത്ര സ്ത്രീകള്‍ കാണും? ശ്വേത മേനോന്റെ  പ്രസവം ക്യാമറയ്ക്ക് മുന്നിലായത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നിട്ടും വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിതിരുന്നതും മാറേണ്ട സംസ്കാരത്തിന്റെ സൂചനകളാണ് നല്‍കുന്നത്. സത്യത്തില്‍ അതില്‍ എന്ത് പ്രശ്നമായിരുന്നു ഉണ്ടായിരുന്നത്? അതിന് അവരെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്? "നിനക്കൊന്നും അമ്മയും പെങ്ങമ്മാരും ഇല്ലേടാ?" എന്ന ചോദ്യം ഇനിയെങ്കിലും സ്ത്രീകള്‍ നിര്‍ത്തണം. സ്ത്രീകളെ അമ്മയും പെങ്ങളും മാത്രമായി മാത്രം മഹത്വവല്‍ക്കരിക്കാതെ സ്ത്രീയായി ബഹുമാനിക്കാന്‍ പുരുഷന്‍ പഠിക്കട്ടെ. അല്ലാത്തവനെ നമ്മക്ക് ഒരു പാഠം പഠിപ്പിക്കാം.

ഓര്‍ക്കണം സ്ത്രീ എന്നത് നമ്മുടെ സമൂഹത്തില്‍ പുരുഷന് ഇന്നും ഒരു അത്ഭുത വസ്തുവാണ്. അത് അവസാനിപ്പിക്കാന്‍ അവര്‍ക്കിടയിലെ മതിലുകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അക്കരെ നില്‍ക്കുന്നവന്‍ അടുത്ത് എത്തുന്നത്‌ വരെ അയാള്‍ ആകാംഷയാണ്. അവളും എന്നെപ്പോലെ തന്നെ ഉള്ള ഒരു ജീവിയാണ് എന്ന് മനസിലാക്കാന്‍ ഒന്നിച്ച്‌ ഇടപഴകാനുള്ള സാഹചര്യം കൂടുതല്‍ ഉണ്ടായേ തീരൂ. അതിനുള്ള സ്വാതത്ര്യവും സാഹചര്യവും ചെറുപ്പത്തിലേ ഉണ്ടാവുകയാണെങ്കില്‍ ബോധമുറയ്ക്കുമ്പോഴേക്കും അവര്‍ക്ക് പരസ്പരം ബഹുമാനിക്കാന്‍ കഴിയും. സ്ത്രീയ്ക്ക് വേണ്ടി പുരുഷനും പുരുഷന് വേണ്ടി സ്‌ത്രീയും സംസാരിച്ചോളും. അവര്‍ പരസ്പര പൂരകങ്ങള്‍ ആവും. ഇങ്ങനെ വളര്‍ന്നാല്‍ ഒരുത്തനും ഒരു പെണ്ണിനേയും തോണ്ടാന്‍ തോന്നില്ല. അവളുടെ വസ്ത്രത്തിന്‍റെ തുമ്പ് മാറുന്നത് ഒരിക്കലും അവനു പ്രലോഭാനമാവില്ല. ഇനി ആ ബന്ധത്തിനിടയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ കണ്ടെത്തട്ടെ. അവിടെ ഒരിക്കലും അനിഷ്ട്ടം ഉണ്ടാകുകയില്ല. ഇഷ്ട്ടത്തോട്‌ കൂടി മാത്രമേ അവര്‍ ഒന്നിക്കൂ. അതു കാണുമ്പോള്‍ എനിക്ക് കിട്ടാത്തത് അങ്ങനെയിപ്പോ മറ്റുള്ളവര്‍ക്കും കിട്ടണ്ട എന്ന സദാചാര പോലീസിന്‍റെ (സദാ... ചാര പോലിസ് എന്നും പറയാം) അഴുകിയ കാഴ്ച്ചപ്പാട് പടരാതിരിക്കട്ടെ. അതിനായി പൊതുസമൂഹം സ്ത്രീപുരുഷ ബന്ധങ്ങളെ വിശാലമായി നോക്കിക്കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ഇനി ചിന്തിക്കൂ... അങ്ങിനെയാണെങ്കില്‍ എന്തിനാണ് ഇവിടെ ബോയ്സ് ഒണ്‍ലി ഗേള്‍സ്‌ ഒണ്‍ലി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ്സില്‍ എന്തിനാണ് സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ്, എന്തിനാണ് പ്രത്യേക ക്യൂ, എന്തിനാണ് മഹിളാ സംഘടനകള്‍? ഞങ്ങള്‍ സൂക്ഷിക്കേണ്ട വിഭാഗമാണ് മറ്റവന്‍മാര്‍ കൂതറകളും പ്രശ്നക്കാരും എന്ന ചിന്ത സ്ത്രീകളില്‍ ഉറപ്പിക്കാനും അവരുടെ ആത്മ വിശ്വാസം കുറയ്ക്കാനും മാത്രമേ ഇത് സഹായിക്കൂ. സ്ത്രീപുരുഷ സമത്വം മാറ്റി നിര്‍ത്തി ഉണ്ടാക്കേണ്ട... അല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'അങ്ങനെ ഒണ്ടാക്കേണ്ട' ഒന്നല്ല. 

ഇപ്പറഞ്ഞ രീതിയിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതെ തെരുവു നായ്ക്കളെ പോലെ പീഡകരെ പിടിച്ചു വന്ധ്യംകരിച്ചതു കൊണ്ടോ, മറ്റു കാക്കളെ പേടിപ്പിക്കാന്‍ വേണ്ടി ചത്ത കാക്കയെ കെട്ടി തൂക്കുന്നതു പോലെ മുറിച്ച ലിംഗങ്ങള്‍ ഭീഷണിയാക്കിയതു കൊണ്ടോ, ശക്തമായ നിയമ നിര്‍മ്മാണം നടത്തിയതു കൊണ്ടോ ശാശ്വത പരിഹാരം ആവുന്നില്ല. അല്ലെങ്കില്‍ പിന്നെ മേല്‍പറഞ്ഞ മാറ്റങ്ങളിലൊക്കെ വ്യാവസായികമായ എന്തെങ്കിലും ലാഭം ഏതെങ്കിലും കുത്തകകള്‍ കണ്ടെത്തിയാല്‍ രക്ഷപ്പെട്ടു. നാട്ടില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കുത്തകള്‍ക്ക് മാത്രമല്ലേ കഴിയൂ. അതുവരെ My dear ladies, അവനവനെ അവനവന്‍ സൂക്ഷിക്കുക. സ്വയരക്ഷയ്ക്ക് എടുക്കാവുന്ന മുന്‍കരുതലുകള്‍ എടുക്കുക. ലഡാക്ക് ന്യായങ്ങളും വാദങ്ങളും നിര്‍ബന്ധബുദ്ധികളും ഒഴിവാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കണ്ട!!!

പുരുഷന്‍മാര്‍ മുഴുവന്‍ അധപ്പതിച്ചിട്ടില്ലെങ്കിലും, തല്‍ക്കാലം എന്നെക്കൊണ്ട് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് ഞാന്‍ വാക്ക് തരാം. മറ്റുള്ള ചില ****ളുടെ കാര്യം എനിക്ക് യാതൊരു ഉറപ്പുമില്ല...

വാല്‍ക്കഷ്ണം: ഒരുപക്ഷേ ഈ ലേഖനത്തിന്‍റെ തലക്കെട്ട്‌ 'കിടപ്പറയില്‍ വിജയിക്കാന്‍' എന്നോ അല്ലെങ്കില്‍ വല്ല 'ആനന്ദ മൂര്‍ച്ഛയ്ക്ക്' എന്നോ മറ്റോ ആയിരുന്നെങ്കില്‍ കുറച്ചു പേര് കൂടി ഇത് വായിച്ചേനെ. ആകെ മൊത്തം ടോട്ടലായി ചുരുക്കിപ്പറഞ്ഞാല്‍ ആ ഒരു ഒരു ചീഞ്ഞ ആര്‍ത്തി ഉണ്ടല്ലോ... അത് ഇല്ലാതാവുന്ന കാലത്ത് ഈ നാട് നന്നാവും :)

02 January 2013

സമ്മര്‍ദത്തില്‍ ജയിച്ച കളി

ഞാന്‍ സച്ചിന്‍ ടെണ്‍ഡുല്‍ക്കറിന് പഠിച്ചു കൊണ്ടിരിക്കുന്ന കാലം...

ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് ക്രിക്കറ്റ് എന്നൊരു വിചാരം മാത്രമേ ഉള്ളൂ. ഫോട്ടോ വെച്ച് പൂജിക്കാറോ അതിനു മുന്നില്‍ വണങ്ങാറോ ഇല്ലായിരുന്നുവെങ്കിലും സച്ചിനായിരുന്നു അന്നെന്‍റെ ദൈവം, ക്രിക്കറ്റായിരുന്നു അന്നെന്‍റെ മതം. കേകയുടെയും മന്ജരിയുടെയും ലക്ഷണം അറിയില്ലായിരുന്നുവെങ്കിലും LBW ന്‍റെ പൂര്‍ണരൂപം അന്നെനിക്ക് മനപ്പാഠമായിരുന്നു. കണക്കിലെ സമവാക്യങ്ങള്‍ ഒന്ന് പോലും അറിയില്ലായിരുന്നുവെങ്കിലും ഡക്ക് വര്‍ത്ത് ലൂയിസ് നിയമമെന്താണെന്ന് ഏതുറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഞാന്‍ പറയുമായിരുന്നു. മടലിന്‍റെയോ പലകയുടെയോ ബാറ്റില്‍ നിന്ന് ബാബു ചേട്ടന്‍റെ വീടിന്‍റെ മതിലാകുന്ന ബൗണ്ടറി കടക്കുന്ന പന്തുകള്‍, ആ പന്ത് പോലെ തന്നെ ഞാനും എത്തേണ്ടിടത്ത് എത്തേണ്ടവനാണെന്ന ഉള്‍പുളകത്തോട് കൂടിയുള്ള തോന്നലും രോമാഞ്ചവും അന്നെനിക്ക് സമ്മാനിച്ചിരുന്നു. നാടന്‍ പിച്ചുകളായത് കൊണ്ട്, ഒട്ടും പ്രതീക്ഷിക്കാതെ കല്ലില്‍ തട്ടി കുത്തിത്തിരിഞ്ഞ്‌ ബാറ്റ്സ്മാന്‍റെ വിക്കറ്റ് തെറിപ്പിക്കുന്ന പന്തുകള്‍ എനിക്ക് എന്നോട് തന്നെയുള്ള ബഹുമാനക്കൂടുതലിനു പലപ്പോഴും കാരണമായിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാണ് ഒരിക്കല്‍ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ വന്ന മാമന്‍റെ അരുമസന്താനത്തെ ഉറക്കത്തിനിടയില്‍ ഓഫ്‌ ഡ്രൈവ് ചെയ്ത് കട്ടിലിന്‍റെ ബൌണ്ടറി കടത്തിയതിലും, ഓംലെറ്റ്‌ ഉണ്ടാക്കാന്‍ കൊണ്ടു വന്ന മുട്ട overconfidence കയറി മുകളിലേക്കിട്ടു ക്യാച്ച് ചെയ്യാന്‍ ശ്രമിച്ചു പൊട്ടിച്ചതിലുമൊന്നും എനിക്കൊരു കുറ്റബോധവും തോന്നാതിരുന്നതും.



ഹാ... അതൊരു കാലമായിരുന്നു!! അന്നൊക്കെ സിക്സറടിച്ചു എന്തുമാത്രം ജനാലകള്‍ പൊട്ടിച്ചിരിക്കുന്നു. അനുവാദമില്ലാതെ എത്രയെത്ര പറമ്പുകള്‍ കയ്യേറിയിരിക്കുന്നു. അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും കളി തന്നെയായിരിക്കും. കളിയ്ക്കാന്‍ വിട്ടില്ലെങ്കിലോ പിന്നെ വീട്ടില്‍ ലഹളയാണ്. രാവിലെ തുടങ്ങുന്ന കളി നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ ബോള് കാണാതെ പോകണം അല്ലെങ്കില്‍ കച്ചറയുണ്ടാവണം. അതുമല്ലെങ്കില്‍ മഴ പെയ്യണം. അന്നൊക്കെ കളി മുടക്കാനായി പെയ്യുന്ന മഴയെ വിളിച്ച തെറിക്കു കയ്യും കണക്കുമില്ല. പരീക്ഷയുടെ തലേന്നൊക്കെ റൂമില്‍ അടച്ചിരുന്നു പഠിക്കുമ്പോഴും തൊട്ടപ്പുറത്തെ പറമ്പില്‍ കളി നടക്കുന്നുണ്ടെങ്കില്‍ പിന്നെ labour റൂമിന് പുറത്തിരിക്കുന്ന ഭര്‍ത്താവിന്‍റെ അവസ്ഥയായിരിക്കും എന്‍റെത്. ഒരു സമാധാനവും കിട്ടില്ല. മുട്ടയിടാന്‍ മുട്ടിയ കോഴി നടക്കുന്ന പോലെ ചുമ്മാ റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടും. അക്കാലത്ത് വെറുതെ നടക്കുന്നത് പോലും ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഷോട്ട് പ്രാക്റ്റീസു ചെയ്ത് കൊണ്ടായിരിക്കും. ഞാന്‍ ജനിച്ചത്‌ തന്നെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വേണ്ടിയാണ് എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. വീട്ടുകാരുടെ ശാസനയാകുന്ന യോര്‍ക്കറുകളേയും ടീച്ചര്‍മാരുടെ നടപടികളാകുന്ന ഗൂഗ്ലികളേയും അതിജീവിച്ച് ഇങ്ങനെ തരളിതമായി പൊയ്ക്കൊണ്ടിരുന്ന എന്‍റെ ക്രിക്കറ്റ്‌ ജീവിതത്തിന്‍റെ വിക്കറ്റ് തെറിച്ചത്‌ ഒരേയൊരു മാച്ചോടു കൂടിയായിരുന്നു...

അക്കരക്കാരന്‍ ബിജുവിന്‍റെ ടീമുമായുള്ള മാച്ചായിരുന്നു അത്. 25 രൂപ ബെറ്റിനാണ് കളി. ടീമംഗങ്ങളുടെ  കുറേ കാലത്തെ സമ്പാദ്യമാണ് ഈ തുക. ഇതേ തുക 2 ടീമും ഇടണം. അപ്പൊ വിജയികള്‍ക്ക് 50 രൂപ.  അത് ജയിക്കുക എന്നുള്ളത് ഞങ്ങളുടെ അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു. കഴിഞ്ഞ തവണത്തെ മാച്ച് ബിജുവിന്‍റെ അനിയന്‍ അമ്പയര്‍ ആയതു കൊണ്ടു മാത്രമാണ് അവര് ജയിച്ചത്‌. കള്ളക്കളി കണ്ടു പിച്ചത് തന്നെ അവനാണ്. അലമ്പുണ്ടാക്കി കളിയവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ അന്ന്  ബെറ്റു വെച്ച പൈസ ആദ്യമേ അവന്‍റെ കയ്യില്‍ കൊടുത്തു പോയി. അതാ പറ്റിയത്. പിന്നെ എന്ത് പ്രശ്നമുണ്ടാക്കിയാലും അവന്‍മാര് ഓടിക്കളയും. ക്രിക്കറ്റ്‌ മാന്യന്‍മാരുടെ കളിയാണെന്നുള്ളത് അന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലല്ലോ... അതുകൊണ്ട് അപ്പ്രാവശ്യം രണ്ടു കൂട്ടര്‍ക്കും സമ്മതനായ, മൂസാക്കാന്‍റെ മസാല പീടികയില്‍ സാധനം എടുത്തു കൊടുക്കുന്ന, ക്രിക്കറ്റ്‌ കണ്ടിട്ടു പോലുമില്ലാത്ത അബ്ദുവിനെ അമ്പയര്‍ ആക്കി. അവന്‍ സത്യം മാത്രമേ പറയൂ എന്നുള്ളത് എല്ലാവര്‍ക്കും ഉറപ്പാണ്.

ബെറ്റിന്‍റെ പൈസ ആദ്യമേ 2 കൂട്ടരും അവനെ ഏല്‍പ്പിച്ചു. കശുവണ്ടി വിറ്റും, കരഞ്ഞു വിളിച്ചും നിരാഹാരം കിടന്നും വീട്ടില്‍ നിന്ന് വാങ്ങിച്ചും, അമ്മയുടെ കാശ് കുടുക്കയില്‍ കയ്യിട്ടു വാരിയും, അപ്പച്ചന്‍റെ പേഴ്സില്‍ നിന്ന് മോഷ്ട്ടിച്ചുമൊക്കെ ഉണ്ടാക്കിയ മൂലധനം കൊണ്ടാണ് പന്ത് വാങ്ങിച്ചത്. അത് 'വിക്കി' തന്നെ വേണമെന്നുള്ളത് നിര്‍ബന്ധമാണ്‌. ബാറ്റ് ഗള്‍ഫുകാരന്‍ ബാബു ചേട്ടന്‍റെ മകന്‍ ഉണ്ണിയുടെ വകയാണ്. അവന്‍ പിണങ്ങാതെ നോക്കുക എന്നുള്ളതാണ് പ്രധാനം അതുകൊണ്ട് അവനെ ഓപ്പണര്‍ ആക്കി. ബാക്കിയെല്ലാ സെറ്റപ്പും ഓക്കേ ആണ്. അപ്പുറത്തെ വീട്ടിലെ മാളു, കൂടെ കളിക്കുന്ന ബബീഷിന്‍റെ പെങ്ങള്‍ കുക്കു, അവളുടെ കൂട്ടുകാരി ഇന്ദു എന്നിങ്ങനെ ചിയര്‍ ഗേള്‍സ്‌ റെഡിയാണ്. Strategik time out ല്‍ കുടിക്കാന്‍ അപ്പുറത്തെ പറമ്പിലെ നെല്ലിപ്പലകയിട്ട കിണറ്റിലെ വെള്ളവും, കഴിക്കാനായിട്ട്  വീട്ടില്‍ ചായയുടെ കൂടെ കൊടുക്കുമ്പോള്‍ അജീഷ് കീശയിലാക്കി കൊണ്ടുവരുന്ന മിക്സ്ച്ചറും റെഡി. Extra innings T-20 ഞങ്ങള് തന്നെ നടത്തിക്കോളും അതില്‍ guest ആയിട്ട് വഴിയേ പോണ ഏതെങ്കിലും ഒരുത്തന്‍ ഉണ്ടാവുകയും ചെയ്യും. ഗോപാലേട്ടന്‍റെ തെങ്ങിന്‍ തോപ്പാണ് ഞങ്ങളുടെ വാങ്കടെ സ്റ്റേഡിയം. അത് പ്രത്യേകിച്ച് ഒരുക്കണ്ട കാര്യമില്ല. പിച്ചിലെ പുല്ലു ടേസ്റ്റ് ചെയ്യുന്ന പശുക്കള് വല്ലതുമുണ്ടെങ്കില്‍ ഒന്ന് മാറ്റിക്കെട്ടിയാല്‍ മാത്രം മതി.

അങ്ങനെ എല്ലാം തയ്യാര്‍!! ടോസ് ഇടാന്‍ സമയമായി. കോയിനെല്ലാം തന്നെ അപ്പോഴേക്കും ബോള് വാങ്ങിക്കാറുള്ള അഷ്റഫിന്‍റെ ഫാന്‍സിയിലെ മേശവലിപ്പില്‍ ഉറക്കം തുടങ്ങിക്കാണും. അതുകൊണ്ട് ചരല് വാരി മുകളിലേക്ക് എറിഞ്ഞു പിടിച്ചിട്ട്, കൈ പൂട്ടി മുഷ്ട്ടിയിലുള്ള കല്ലുകളുടെ എണ്ണം ഒറ്റയോ ഇരട്ടയോ എന്ന് ചോദിക്കും. ഇതാണ് അന്നത്തെ ടോസ്. പറഞ്ഞത് ശരിയായാല്‍ തീരുമാനം അവരുടേതായിരിക്കും. ഇനി ടോസ് കിട്ടിയാലോ ബാറ്റിംഗേ തിരഞ്ഞെടുക്കൂ... അത് പിച്ചിന്‍റെ സ്വഭാവം കൊണ്ടല്ല, നമ്മുടെ ആക്ക്രാന്തം കൊണ്ടാണ്. അന്ന് ഏതു കളിയിലും ആദ്യമേ ഉറപ്പിക്കാവുന്ന ഇതുപോലുള്ള ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഓവര്‍ തുടങ്ങിയിട്ടില്ലെങ്കില്‍ പോലും എത്ര ബോള്‍ ആയെന്നു ചോദിച്ചാല്‍ വരാറുള്ള ലാസ്റ്റ് ബോള്‍ എന്ന ഉത്തരം. ഒന്നു കൂടി ചോദിച്ചാല്‍ വരുന്ന ലാസ്റ്റ് 2 ബോള്‍ എന്ന ഉത്രം. ബോള്‍ കാണാതെ പോകല്‍, അടിപിടി-പിണങ്ങിപ്പോക്ക്-വിക്കറ്റ് പൊട്ടിക്കല്‍-ബാറ്റ് വലിച്ചെറിയാല്‍, ഗ്രൗണ്ടിന്‍റെ പരിമിതികള്‍ക്ക്‌ അനുസരിച്ച് ഉണ്ടാക്കുന്ന, ക്രിക്കറ്റ്‌ കണ്ട്രോള്‍ ബോര്‍ഡിന്‍റെ പോലും കണ്ട്രോള് കളയുന്ന നിയമങ്ങള്‍ തുടങ്ങിയവ.

ഈ പരമ്പരാഗത രീതികളെല്ലാം തന്നെ വള്ളി പുള്ളി വിടാതെ പിന്തുടരുന്ന ബിജുവിന്‍റെ ടീമിനാണ് അന്നാദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.

ഇനിയുള്ള കളി കുറച്ചു fast forward ചെയ്യാം...

ഓവറിനാണ് കളി. 6 ഓവറില്‍ അവര് തട്ടിമുട്ടി 55 റണ്‍സ് എടുത്തു. ഞങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടത് 6 ഓവറില്‍ 56 റണ്‍സ്. ഇനി ഞങ്ങളുടെ ബാറ്റിംഗ് ആണ്. ഓപ്പണര്‍ ഉണ്ണി മക്കല്ലമായി. ആദ്യ ഓവറില്‍ തന്നെ 2 സിക്സും ഒരു ഫോറും. കാണികള്‍ ഇളകി മറിഞ്ഞു. ഇന്ന് ചിയര്‍ ഗേള്‍സ്‌ പാടുപെടും എന്നെനിക്കു തോന്നി. അന്നത്തെ അവന്‍റെ ഫോം കണ്ടപ്പോള്‍  എനിക്ക് ബാറ്റിങ്ങിന് ഇറങ്ങാന്‍ പറ്റില്ല എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചതാണ്. എന്നാല്‍ എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു... മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഉണ്ണി ഔട്ടാകുമ്പോള്‍ സ്കോര്‍ 35 റണ്‍സ്. അടുത്തത് ബബീഷിന്‍റെ ഊഴമായിരുന്നു കാരണം പന്ത് വാങ്ങിക്കാന്‍ കൂടുതല്‍ പൈസയിട്ടത് അവനാണ്. അങ്ങനെ അവന്‍ സുരേഷ് റെയ്ന കളിച്ച് സ്കോര്‍ 50 ല്‍ എത്തിച്ച് നില്‍ക്കുമ്പോഴാണ് എനിക്ക് വീണ്ടും ദൈവത്തിനു നന്ദി പറയാന്‍ അവസരം ലഭിച്ചത്.   നാലാമത്തെ ഓവറിലെ അവസാന പന്തില്‍ ബബീഷ് കീപ്പര്‍ കാച്ച്. അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ് എന്ന് പറഞ്ഞ പോലെ. ബാറ്റ് ചെയ്യാനിറങ്ങിയ ഞാന്‍ നോണ്‍  സ്ട്രൈക്കര്‍. അപ്പു ആണ് സ്ട്രൈക്കര്‍. ജയിക്കാന്‍ വേണ്ടത് 2 ഓവറില്‍ 6 റണ്‍സ് മാത്രം. ബിജുവിന്‍റെയും കൂട്ടരുടെയും മുഖത്തെ brightness കുറഞ്ഞു. അവര് തോല്‍വി ഉറപ്പിച്ചിരുന്നു. അപ്പു ആ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഒരു ഫോറടിച്ച് വിജയത്തിലേക്കുള്ള ദൂരം കുറച്ചു. അതോടെ ജയിച്ചതിനു ശേഷം 50 രൂപ കൊണ്ട് കുഞ്ഞിക്കയുടെ കടയില്‍ നിന്ന് കഴിക്കാന്‍ പോകുന്ന പൊറോട്ടയും ബീഫും മനസില്‍ തെളിഞ്ഞു.

അതിനിടയില്‍ രണ്ടാമത്തെ പന്തില്‍ അപ്പുവിന്‍റെ വിക്കറ്റ് തെറിച്ചുവെങ്കിലും ഒട്ടും സമ്മര്‍ദം തോന്നിയിരുന്നില്ല. കാരണം, ഞാന്‍ അവസാന ബാറ്റ്മാന്‍ ആണെങ്കിലും 10 പന്തില്‍ 2 റണ്‍സ് എനിക്ക് പൂവന്‍ പഴം തൊലി പൊളിക്കുന്നത് പോലെയുള്ള കാര്യമായിരുന്നു. അത് നന്നായി മനസിലാക്കിയിരുന്ന ഫാസ്റ്റ് ബൗളര്‍ ഷബീര്‍ എന്നാപ്പിന്നെ എത്രയും പെട്ടന്ന് ജയിച്ചോട്ടെ എന്ന മട്ടില്‍ വളരെ പതുക്കെ ഒരു ബാറ്റ്സ്മാന്‍റെ കണ്ട്രോള് കളയുന്ന തരത്തിലുള്ള  പന്തുകളാണ് പിന്നെയങ്ങോട്ട് എനിക്ക് ഇട്ടു തന്നതെങ്കിലും എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അടുത്ത 3 പന്തുകള്‍ ഞാന്‍ നെറ്റ് പ്രാക്ടീസ് ചെയ്യുന്നത് പോലെ കമന്നു കിടന്നു മുട്ടിയിട്ടു. എളുപ്പത്തില്‍ ജയിക്കാവുന്ന ആ അവസ്ഥയില്‍, എന്‍റെ ഉദ്ദേശമെന്താണെന്ന് മനസിലാകാതിരുന്ന ഉണ്ണിയടക്കമുള്ള ടീമംഗങ്ങളുടെ മുഖത്ത് വിരിഞ്ഞ ആശ്ചര്യചിഹ്നവും ചോദ്യചിഹ്നവും മനസിലാക്കിയ ഞാന്‍ ഉണ്ണിയെ നോക്കി പറഞ്ഞു...

"ഡാ സമ്മര്‍ദത്തില്‍ കളി ജയിക്കണം അതാണ്‌ രസം"

കൊച്ചു കുട്ടികള്‍ക്കു പോലും അടിക്കാന്‍ പറ്റുന്ന പാകത്തിന് വന്ന ആ ഓവറിലെ അവസാന പന്തും ഞാന്‍ വെറുതെ വിട്ടു...

ഇനി അവസാന ഒവറാണ്. അതില്‍ ജയിക്കാന്‍ വേണ്ടത് 6 ബോളില്‍. 2 റണ്‍സ്.

അവസാനത്തെ ഓവറിലെ ആദ്യത്തെ ബോളിലും വ്യത്യസ്തമായി ഒന്നും ചെയ്യാതിരുന്ന എന്നോട് ഉണ്ണി ചോദിച്ചു...


"നീ എന്തുവാടേ കാണിക്കുന്നത്?"

ഞാന്‍ വീണ്ടും പറഞ്ഞു...

"നീ പേടിക്കാതെ... സമ്മര്‍ദത്തില്‍ കളി ജയിക്കണം അപ്പോഴല്ലേ ഒരാവേശം ഉണ്ടാകുകയുള്ളൂ!!"

ഉണ്ണി ഒന്നും മിണ്ടിയില്ല. കൂടുതല്‍ മിണ്ടിയിട്ടു കാര്യമില്ലെന്ന് അവനു തോന്നിക്കാണും. രണ്ടാമത്തെ ബോള് നേരിടാനൊരുങ്ങുന്നതിനു മുന്‍പ്, ഇപ്പൊ തുളുമ്പി പോകുമെന്ന പാകത്തില്‍ നില്‍ക്കുന്ന അഹങ്കാരത്തോട്‌ കൂടി എതിര്‍ ടീമിലെ കളിക്കാരെയെല്ലാം അതീവ പുച്ഛത്തോടെ നോക്കിക്കൊണ്ട്‌, അനുവാദം ചോദിക്കുന്നത് പോലെ ഞാന്‍ ഉണ്ണിയോട് പറഞ്ഞു.

"അപ്പൊ ഇനി നോക്കാം അല്ലേ ഉണ്ണീ??"

ഉണ്ണി ദയനീയമായി എന്നെയൊന്നു നോക്കി. ആ ഒരു നോട്ടത്തില്‍ ഒരുപാട് വികാരങ്ങളുണ്ടായിരുന്നു...

എന്നാല്‍ വേളാങ്കണ്ണി മാതാവാണേ സത്യം!! രണ്ടാമത്തെ ബോളില്‍ ഒരു ഫോറടിച്ചു രാജകീയമായി ജയിക്കണം എന്ന്  ഞാന്‍ തീരുമാനിച്ചതും അതിനായി ബാറ്റ് വീശിയതുമാണ്, പക്ഷെ ഒഴിഞ്ഞു പോയി... അടുത്ത ബോളിലും അത് തന്നെ ചെയ്യണമെന്നാണ് ഞാന്‍ കരുതിയത്‌. എന്നാല്‍ അതൊരു യോര്‍ക്കറായിരുന്നു.

സ്കോര്‍: "3 ബോളില്‍ ജയിക്കാന്‍ വേണ്ടത് 2 റണ്‍സ്!!"

അതോടെ ഇട്ടിട്ടു പോയ പ്രതീക്ഷ ഓട്ടോ പിടിച്ചു വരുന്നുണ്ടെന്നു മനസിലാക്കിയ ബിജു ഫീല്‍ഡിംഗ് ശക്തമാക്കി, ബൌളര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊക്കെ അടുത്ത് വന്നു കൊടുക്കാന്‍ തുടങ്ങി. അതുകണ്ട ഞാന്‍ ഞാന്‍ ഉണ്ണിയോട് പറഞ്ഞു...

"പേടിക്കാതെ ഞാനില്ലേ..."

ഉണ്ണി അപ്പോഴും ഒന്നും മിണ്ടിയില്ല. പകരം അവന്‍റെ വള്ളി ട്രൌസര്‍ ഒന്ന് കയറ്റിയിടുക മാത്രമേ ചെയ്തുള്ളൂ...

ഞാന്‍ നാലാമത്തെ ബോളിനു തയ്യാറെടുത്തു. തീരുമാനം പഴയത് തന്നെ. ഇത്തവണ കണ്ണും പൂട്ടി അടിച്ചു, ബോള് ജീവനും കൊണ്ടോടി. റണ്ണിനായി ഞാനും ഓടി. എന്നാല്‍ അത് ഫീല്‍ഡറുടെ കൈകളിലേക്കയിരുന്നു എന്ന് മാത്രം. അത്രയും കാലം നേരെ ഉരുട്ടി വിട്ടാല്‍ പോലും പന്ത് പിടിക്കാത്ത മാക്രി ഹരീഷ് എന്‍റെ കഷ്ട്ടകാലത്തിന് അന്ന് ബോള് കൃത്യമായിട്ട്‌ പിടിച്ചു. ഇനിയുള്ളത് 2 ബോളുകള്‍ കൂടി മാത്രം. ബിജു ഫീല്‍ഡര്‍മാരെയെല്ലാം അടുപ്പിച്ചു നിര്‍ത്താന്‍ തുടങ്ങി. എന്നെ ചെറുതായിട്ട് വിറയ്ക്കാന്‍ തുടങ്ങിയോ എന്ന് തോന്നിത്തുടങ്ങിയിരുന്നു. സമ്മര്‍ദം ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം. ഞാന്‍ ഉണ്ണിയോട് പറഞ്ഞു

"2 ബോളില്ലേ, ഞാന്‍ ഏറ്റൂ...!!"

എന്നാല്‍ അഞ്ചാമത്തെ പന്ത് ഏതു വഴിയാണ് പോയതെന്ന് എനിക്ക് മനസിലായില്ല ബാറ്റു വീശിയെങ്കിലും അത് ഒഴിഞ്ഞുപോയെന്നു മാത്രം മനസിലായി. എന്നാലും അത്രേം സമ്മര്‍ദത്തിലാവുമെന്നു ഞാന്‍ കരുതിയിരുന്നില്ല. 9 ബോളില്‍ ജയിക്കാന്‍ 2  റണ്‍സ് മാത്രം എന്ന സാധാരണനിലയില്‍ നിന്നും ഇപ്പോള്‍ ഒരു ബോളില്‍ ജയിക്കാന്‍ 2 റണ്‍സ് എന്ന അത്യാസന്നനിലയിലെത്തിയിരിക്കുന്നു... അല്ല എത്തിച്ചിരിക്കുന്നു!! പേടിയല്ലെങ്കിലും എനിക്കാണെങ്കില്‍ ഉണ്ണിയെയും മറ്റു ടീമംഗങ്ങളെയും നോക്കനായിട്ട് ഒരു ധൈര്യക്കുറവ്. സച്ചിനാണ് നമ്മുടെ ദൈവമെങ്കിലും ആ സമയത്ത് ഞാന്‍ മനസ്സില്‍ വിളിച്ചത് "കര്‍ത്താവേ..." എന്നാണ്. കാര്യം നടക്കണമെങ്കില്‍ പുള്ളി വേണമെന്നുള്ളത് എനിക്കറിയാമായിരുന്നു.



ഇനിയുള്ള രംഗങ്ങളെല്ലാം slow motion ആണ്...


ബൗളര്‍ രഞ്ജിത്ത് ഓടിവരുന്നു. പുല്ലു തിന്നു കൊണ്ടിരുന്ന പശു തീറ്റ നിര്‍ത്തി. ഒറ്റക്കാലില്‍ നില്‍ക്കുകയായിരുന്ന കൊക്ക് മറ്റേക്കാലും താഴ്ത്തി. മാങ്ങാണ്ടിയുടെ മുകളില്‍ കൊത്തുപണി നടത്തുകയായിരുന്ന അണ്ണാന്‍ പെട്ടന്ന് pause ആയി. എല്ലാ കണ്ണുകളുടെയും ശ്രദ്ധ ഗ്രൗണ്ടിലേക്കായി....

കയ്യില്‍ നിന്ന് രഞ്ജിത്ത് പന്ത് വിടുന്നു... ഞാന്‍ ആഞ്ഞു വീശുന്നു... പന്ത് ഉയര്‍ന്നു പൊങ്ങുന്നു... എല്ലാ ണ്ണുളും ബോളിനോടൊപ്പം ഉയരുന്നു...

'അതേപോലെ തന്നെ ബൗണ്ടറി ലൈനിനടുത്തുള്ള തെങ്ങിലിടിച്ച് താഴെ വീഴുന്നു...'

**************

തെങ്ങിന്‍ തോപ്പില്‍ വെച്ചുള്ള കളിയായതു കാരണം തെങ്ങ് ചതിച്ചു. അങ്ങനെ 'സമ്മര്‍ദത്തില്‍ അവര് കളി ജയിച്ചു'. അന്ന് പുതിയ ഏതൊക്കെയോ വഴികളിലൂടെയാണ്‌ വീട്ടിലെത്തിയത് എന്നുള്ളത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഉണ്ണിയും കൂട്ടരും പിന്നെ എനിക്ക് പകരം വേറെ ആളെ കളിക്കാനെടുത്തു എന്നും അന്ന് ബിജുവും ടീമും കുഞ്ഞാക്കാന്‍റെ കടയില്‍ നിന്ന് കഴിച്ച പൊറോട്ടയും ബീഫും സൂപ്പറായിരുന്നു എന്നുമൊക്കെ ആരൊക്കെയോ പറയുന്നത് കേട്ടു. ഞാനായിട്ട് അതുപിന്നെ അന്വേഷിക്കാനൊന്നും പോയില്ല... :)