09 February 2016

'TOILET-ന് ഒരു പ്രണയലേഖനം'

നീ എനിക്ക് ആരാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്... ആ ചിന്തകള്‍ പൂര്‍ണ്ണമാകണമെങ്കില്‍ പോലും നിന്‍റെ ചുവരുകളുടെ സ്വകാര്യത വേണമെന്നത് അത്ഭുതമാകുന്നു. നിനക്കല്ലാതെ മറ്റൊന്നിനും നല്‍കനാകാത്ത ഏകാന്തത, നീ പകര്‍ന്ന ആശ്വാസം, നിന്നില്‍ ഇറക്കി വെച്ച ഭാരങ്ങള്‍ ഇതൊന്നും ഫ്ലഷ് ചെയ്ത് കളയാനാകാത്ത സത്യങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു... മറ്റേതു ചുവരുകളെക്കാളും നിന്‍റെ 4 ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ കണ്ടെത്തിയ ഇന്ത്യ അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളുകളില്‍ നീ കണ്ട ഇന്ത്യ ആയിരുന്നില്ല. നീ കൃസ്തുവിനെ ക്രിസ്തുവാക്കി, ബുദ്ധനെ ബുദ്ധനാക്കി, ഹിറ്റ്ലറെ ഹിറ്റ്ലറും... പ്രസന്നമായ മുഖങ്ങള്‍ക്ക്, നല്ല ദിവസങ്ങള്‍ക്ക്, അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്ക്, എന്നും നിന്നോടാണ് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത്... നീ ഇല്ലാതെ ഒരു ജീവിതവും പൂര്‍ണ്ണമാകുന്നില്ല. അതുകൊണ്ട് തന്നെ എവിടെ പോയാലും ഞാന്‍ നിന്നെയാണ് ആദ്യം തേടുന്നത്. എന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടെ നീ തൊട്ടടുത്ത്‌ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റെന്തു നഷ്ട്ടമായാലും നിന്നെ നഷ്ട്ടമാകാന്‍ ഇടയാകരുതേയെന്ന് സര്‍വേശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു കാരണം നീ എന്നെ ചിന്തകനാക്കി, നീ എന്നെ എഴുത്തുകാരനാക്കി, ഇപ്പോള്‍ കവിയും,

Teri closet ki namkeen mastiyaan
Teri flush ki beparwaah gustakhiyaan
Teri tiles ki lehrati angdaiyaan
Nahi bhoolunga main
Jab tak hai ഞാന്‍, Jab tak hai ഞാന്‍.

അവസാനിക്കാത്ത പ്രണയത്തോടെ <3
ജെനിത് കാച്ചപ്പിള്ളി (JK)  ;) :P


#Nov19 #WorldToiletDay

ച ശേ നായര്‍

നി കൊ ഞാ ചാ എന്ന സിനിമാ പേര് കേട്ടപ്പോള്‍ മനസില്‍ തോന്നിയ ഒരാവേശമുണ്ട്. ഞാനടങ്ങുന്ന ന്യൂ ജനറേഷന്‍റെ പുതുമയില്‍ അന്ന് ഊറ്റം കൊണ്ടിരുന്നു. ആ വിളിയുടെ സുഖം കേറുമ്പോള്‍ ഞങ്ങളുടെ ജനറേഷന് മറ്റു ജനറേഷനുകളില്‍ നിന്നും എന്തോ തിളക്കം കൂടുതലുണ്ട് എന്ന് അധികം ആയുസ്സില്ലാത്ത ഒരു തോന്നലും ഉണ്ടായിരുന്നു. ആ വിശേഷണത്തില്‍ ഒരു കാര്യവുമില്ലെന്നും അത് കാലാകാലങ്ങളില്‍ സംഭവിക്കുന്ന ഒന്ന് മാത്രമാണ് എന്നും അധികം വൈകാതെ ഉണ്ടായ തിരിച്ചറിവിന്‍റെ കൂടെ ചേര്‍ക്കേണ്ട ഒന്ന് കഴിഞ്ഞ ദിവസം സംഭവിച്ചു. ബഷീറിന്‍റെ കത്തുകള്‍ എന്ന പുസ്തകത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ 'പ്രിയപ്പെട്ട ച ശേ നായര്‍' എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈക്കം ചന്ദ്രശേഖരന്‍ നായരെ അഭിസംബോധന ചെയ്തിരിക്കുന്നു. അത്ഭുതം തോന്നുന്നു. മഹാന്മാര്‍ മുന്‍പേ നടക്കുന്നു എന്ന് പറയുന്നത് എത്ര ശരിയാണെന്ന് ഒരിക്കല്‍ കൂടി അറിയുന്നു.


യാന്‍

ചടങ്ങ് പ്രകാരം പ്രസവം കഴിഞ്ഞ് മൂന്നാം മാസം പെങ്ങളേയും കുഞ്ഞിനേയും അളിയന്‍റെ അടുത്ത് തിരിച്ചു കൊണ്ടാക്കി. ഇറങ്ങാന്‍ നേരം അമ്മ പതിവ് തെറ്റിക്കാതെ സത്യന്‍ അന്തിക്കാട് സിനിമയിലെ കെ പി എസി ലളിതയായി. തൊട്ട് മുന്‍പും അമ്മ തന്നെയുറക്കിയ ചെറുതിന് ഉമ്മയും കൊടുത്തിറങ്ങുമ്പോള്‍ കണ്ണ് നിറച്ച ആളോട് പാതി തമാശയായി ഞാന്‍ പറഞ്ഞു "അതേ, 2 ദിവസത്തേക്ക് ആ കുറവ് ഞാന്‍ മേയ്ക്ക്-അപ് ചെയ്തോളാട്ടാ... തേച്ച് കുളിപ്പിക്കേണ്ടി വരുമെന്ന് മാത്രം..." അപ്പോള്‍ ചിരിച്ചെങ്കിലും ആള് വണ്ടിയിലിരുന്നു പറയുന്നുണ്ടായിരുന്നു "അതേ 3 മാസം അതെന്‍റെ കൊച്ചായിരുന്നു. നിനക്കറിയാമ്മേല..." ഇത്തരം സില്ലി ഇമോഷനുകളില്‍ വീഴാത്ത ന്യൂ ജനറേഷന്‍റെ പ്രതിരൂപമായി വണ്ടിയില്‍ ഇരുന്നെങ്കിലും  ഇപ്പോള്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ കളിയാക്കിയവന്‍റെ കണ്ണെരിയുന്നു... മനസൊരു ഭാരമില്ലാത്ത തൊട്ടിലായി ആടുന്നു...

#യാന്‍ #അനന്തിരവന്‍

കുരുക്ക്

ചില സമയത്ത് ഇയര്‍ ഫോണിന്‍റെ കുരുക്കഴിക്കുന്നതിനേക്കാള്‍ വലിയ പ്രശ്നമൊന്നും ഈ ലോകത്ത് വേറെയില്ല എന്ന് തോന്നിപ്പോകാറുണ്ട്.

#കുരുക്ക്

മനസിലാകായ്കകള്‍

പറഞ്ഞു മനസിലാക്കുന്നതും, പറയാതെ മനസിലാക്കുന്നതും, പറയും മുന്പേ മനസിലാക്കുന്നതും ഒക്കെ മനസിലാക്കാം. എന്നാല്‍ എത്ര നന്നായി പറഞ്ഞിട്ടും മനസിലാക്കുന്നില്ല എന്നുള്ളതാണ് മനസിലാകാത്തത്.

#മനസ്

പ്രണയമിട്ടായി

"ഇന്ന് കോളേജ് വിട്ടു വരുവാരുന്നേ..." അവള് പറഞ്ഞു തുടങ്ങി...

"വീട്ടിലെത്തി കഴിഞ്ഞപ്പോഴാ ഓര്‍ത്തത് ഒരു കടല മിട്ടായി വാങ്ങിക്കാമായിരുന്നല്ലോന്ന്. കടയുടെ മുന്നിക്കൂടെയാ വീട്ടിലേക്ക് വരുന്നത് എന്നിട്ടും മറന്നു പോയി. ശ്ശെ ഇനിയിപ്പോ എന്തു ചെയ്യുമെന്നു വിചാരിച്ചിരിക്കുമ്പോഴാ പപ്പ വന്നത്." അവളൊന്നു നിര്‍ത്തി എന്നിട്ട് ഗമയില്‍ തുടര്‍ന്നു. "എന്നിട്ട് ഇന്ന് പപ്പ എനിക്കു വേണ്ടി വാങ്ങിച്ചു കൊണ്ട് വന്നതെന്താണെന്ന് അറിയാമോ?" ഊഹിക്കാവുന്നതെങ്കിലും അവിടെ നിന്നു തന്നെ വെളിപ്പെടുത്തുന്ന ഉത്തരം. "കടല മിട്ടായി..." കൊച്ചു കുട്ടികള്‍ 'ഹായ് ഐസ് ക്രീം' എന്നു പറയും പോലെ തന്നെ തോന്നിച്ചു അപ്പോള്‍ അത്. അവസാനം അവള്‍ ഇത് കൂടി പറഞ്ഞു. "കണ്ടോ ഞാന്‍ മനസില്‍ കണ്ടപ്പോഴേക്കും പപ്പ വാങ്ങിക്കൊണ്ട് വന്നു... അതാണ് എന്റെ പപ്പ!!!"

സത്യത്തില്‍ കടല ഗ്യാസ് മാത്രമല്ല അസൂയയും കുശുമ്പുമുണ്ടാക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം. പെണ്‍മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛന്‍മാര്‍ കാമുക കുലത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി തന്നെ. ആ ചിന്തയുടെ ഞൊടിയില്‍ ഞാന്‍ വീണ്ടും ആഴ്ചപ്പതിപ്പിലെ കാമുകനായി. അധികം വൈകാതെ ആ പരമ്പരാഗത പൈങ്കിളി ചോദ്യം എന്റെ വായില്‍ നിന്നു വീണു. "എന്നെയാണോ പപ്പയെയാണോ കൂടുതല്‍ ഇഷ്ടം?" അവിടെ നിന്ന് ഒരു ചിരി വന്നു. പുറകെ ഉത്തരവും. "അതിലെന്താ സംശയം പപ്പയെ." തമാശയാണ്... എന്നെ ചൊടിപ്പിക്കാന്‍ മാത്രമുള്ളത്... അറിയാം... എങ്കിലും അവളുടെ സ്നേഹത്തിന്റെ സ്വത്ത് ഭാഗം വെപ്പില്‍ മറ്റൊരാള്‍ക്കുള്ള അവകാശം സഹിക്കാന്‍ കഴിയാത്തത്ര സ്വാര്‍ത്ഥനായതു കൊണ്ട് എനിക്കത് അത്ര തമാശയായി തോന്നിയില്ല.

ഒരു പാക്കറ്റ് കടല മിട്ടായി വാങ്ങിച്ച് അവളറിയാത്ത പോക്കറ്റടിക്കാരുടെ വൈദഗ്ദ്ധ്യത്തോടെ അവളുടെ വാനിറ്റിയില്‍ വെയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അതാണ്.

പപ്പയോടുള്ള അപ്രഖ്യാപിത മല്‍സരം എന്നതിലുപരി അവളുടെ സന്തോഷവും ആ ചിരിയും കാണാനുള്ള അടുത്ത അവസരം... തൊട്ടടുത്ത കൂടിക്കാഴ്ചയില്‍ പിരിയും മുന്‍പ് ബാഗില്‍ ആ കടലമിട്ടായി പാക്കറ്റ് വിജയകരമായി വെച്ച ശേഷം വീട്ടിലെത്തും മുന്‍പ് അവളെ വിളിക്കുന്നതും, 'ഇന്ന് കടല മിട്ടായി കഴിക്കാന്‍ ആഗ്രഹമുണ്ടോ?' എന്നു ചോദിക്കുന്നതും, 'ഇല്ലെന്ന്' പറഞ്ഞു ഞാന്‍ പ്ലിങ്ങിയില്ലെങ്കില്‍, ബസില്‍ വെച്ച് തന്നെ ബാഗ് നോക്കാന്‍ പറയുന്നതും, കയ്യില്‍ തടയുന്ന മിട്ടായി പാക്കറ്റിലൂടെ അവിടെ വിരിയുന്ന സന്തോഷം ഇങ്ങേത്തലയ്ക്കല്‍ അറിയുന്നതും മനക്കണക്ക് കൂട്ടി.

എന്നാല്‍ കണക്ക് തെറ്റിച്ച് അങ്ങോട്ട് വിളിക്കും മുന്നേ ഇങ്ങോട്ട് വിളി വന്നു. സ്നേഹത്തിന്റെ കള്ളം കണ്ടു പിടിച്ച കുസൃതിയുടെ ചോദ്യം തന്നെ ആദ്യം. "അതേ ഇന്ന് കടല മിട്ടായി കഴിക്കാന്‍ തോന്നുന്നു. എന്താ ചെയ്യാ?" അറിയിയ്ക്കും മുന്നേ അവളതറിഞ്ഞിരിക്കുന്നു.. ഞാന്‍ ചിരിച്ചു... അവളും ചിരിച്ചു... ഞങ്ങള്‍ ചിരിച്ചു... രണ്ടിടങ്ങളിലായി ബസ്സിലിരിക്കുന്ന രണ്ടു മനസുകള്‍ നിറഞ്ഞു... വഴിയരികിലെ ഒരു വീട്ടു മുറ്റത്ത് കത്തിയുയര്‍ന്ന പൂത്തിരിയ്ക്ക് പതിവില്‍ കൂടുതല്‍ പ്രകാശം... അന്ന് ദീപാവലിയായിരുന്നു...

വാല്‍ക്കഷ്ണം: ഇന്നും എന്നിലെ കുശുമ്പന്‍ അവളോടു പറയാറുണ്ട് അതേ പപ്പ തന്നത് ഒരു കഷ്ണമല്ലേ... ഞാന്‍ തന്നത് ഒരു പാക്കറ്റാ... ;)

#her #love #life

പിടിവിട്ട മനസ്

ബ്രേക്ക്‌ പോയ ബസ്‌ പോലെയാണ് ചില സമയത്ത് നിയന്ത്രണം വിട്ട മനസ്... എവിടെയെങ്കിലും ഇടിച്ചേ നില്‍ക്കൂ എന്നുള്ളത് ഉറപ്പാണ്. പിന്നെ പരമാവധി അപകടത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ ശ്രമിക്കാം എന്ന് മാത്രം.

Mathematics of love

When X becomes Y.

When she becomes prettier
When she behaves mature
When she finds a better choice
Above all when she looks happier than ever...

Then your eX (girlfriend) becomes Y... Your mind will ask yourself "Y I left her?" :P

ബഡ്ജറ്റിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍

"എനിക്കൊരു സാധനം വാങ്ങി തരാമോ?" അവള് ചോദിച്ചു. എന്‍റെ ഉള്ളൊന്നു കാളി. ഞാന്‍ ചോദിച്ചു എന്താ? "ഒരു കമ്മല്‍..." അവള് പറഞ്ഞു. പത്രത്തിലെ സ്വര്‍ണ്ണവിലയുടെ കോളമാണ് മനസ്സില്‍ വന്നത്. ദാരിദ്ര്യം തുപ്പലായിറക്കി വിക്കിക്കൊണ്ട് "തരാല്ലോ" എന്ന് പറയാനായി നാവു ഉയര്‍ത്തിയതാണ്‌. മനസ് കണ്ട് അവിടെ നിന്ന് അവള് പറഞ്ഞു "അതേ 50 രൂപയില്‍ കുറഞ്ഞത് മതി. ഇയാള് തന്നെ തിരഞ്ഞെടുത്ത് വാങ്ങിത്തരണം..." പാതിയില്‍ കുടുങ്ങിക്കിടന്ന ഉമിനീരിറങ്ങി... എല്ലാം വാങ്ങി വെച്ചതല്ലാതെ ഒന്നും വാങ്ങിക്കൊടുക്കാന്‍ ഇതുവരെ തോന്നാതിരുന്ന എന്‍റെ ബോധമില്ലായ്മയില്‍ നാണം തോന്നി. ഉള്ളില്‍ മിന്നിത്തെളിഞ്ഞ ജോസ് ആലുക്കാസും മലബാര്‍ ഗോള്‍ഡുമെല്ലാം മായ്ച്ച് സഫ ഫാന്‍സി സ്വപ്നം കണ്ട് കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു അവളുമിപ്പോള്‍ ബഡ്ജറ്റില്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിരിക്കുന്നു...

‪#‎her‬ ‪#‎love‬ ‪#‎life‬

പുതിയ അഡ്മിഷന്‍

ഏറ്റവുമധികം ക്രിയേറ്റിവ് ആകുന്ന സമയങ്ങളില്‍ ഒന്ന് പ്രിയപെട്ടവരുടെ വര്‍ക്ക് കണ്ട് അഭിപ്രായം പറയേണ്ടി വരുമ്പോഴാണ് wink emoticon ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ എങ്ങനെ അത് ഭംഗിയായി അവതരിപ്പിക്കും എന്നത് ഉള്ളിലാളുന്ന ഒരു തീയാണ്. സര്‍ഗാത്മക ശ്രമങ്ങളുടെ വേദനയും ബുദ്ധിമുട്ടും നന്നായി അറിയാമെങ്കിലും ഉള്ളില്‍ ശരിക്കും തോന്നിയത് പറയാതിരുന്നാല്‍ വല്ലാത്ത നെഞ്ചെരിപ്പും പുളിച്ചു തികട്ടലുമാണ്. അവിടെയൊക്കെ വിയോജിപ്പുകളും ഇഷ്ട്ടക്കേടുകളും എങ്ങനെ വിഷമിപ്പിക്കാതെ അറിയിക്കാം എന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. അപ്പോഴൊക്കെയും സാഹസികമായ ആ കര്‍മ്മം വിജയകരമായി നിര്‍വ്വഹിച്ച് അഭിമാനത്തോടെ സ്വയം തോളത്ത് തട്ടിയിട്ടുമുണ്ട്. ആ ആത്മവിശ്വാസത്തോട് കൂടി അറിയിക്കുന്നു ഈ വിഭാഗത്തില്‍ പുതിയ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ 10 രൂപയുടെ റീച്ചാര്‍ജ് കൂപ്പണോടൊപ്പം അപേക്ഷിക്കുക ;)

മാറ്റമില്ലാത്ത മറവി

ഒരു സ്ഥലത്തേക്ക് വണ്ടി കയറിക്കഴിഞ്ഞാല്‍, അവിടെ എത്തിക്കഴിഞ്ഞാല്‍, എത്താൻ ലേറ്റ് ആയാല്‍... അത് വീട്ടിൽ വിളിച്ചറിയിക്കാൻ മറക്കുന്നതും, "എനിക്കറിയാം നീ മറക്കുമെന്ന്" എന്ന് പറഞ്ഞ് കൊണ്ട് അമ്മ ഇങ്ങോട്ട് വിളിക്കുന്നതും ഇന്നും മാറ്റമില്ലാതെ തുടരുന്നു...

പുതുക്കിയ പട്ടിക

ഭക്ഷണം, ജലം, വായു, പാര്‍പ്പിടം, സെല്‍ഫി എടുക്കാന്‍ പറ്റിയ ഫ്രന്‍റ് ക്യാമറ ഉള്ള മൊബൈല്‍ഫോണ്‍...

അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ നിന്ന്.

യാന്‍


ആക്സിനേയും നിവിയയേയും തോല്‍പ്പിച്ച് ശരീരത്തിന് മുലപ്പാലിന്‍റെയും ബേബി സോപ്പിന്‍റെയും പൌഡറിന്‍റെയും ഗന്ധം തന്ന്... നെഞ്ചില്‍ തന്നെ കാര്യം നടത്തി ഉണക്കിയെടുത്ത ഷര്‍ട്ടുകളെയും ടീ ഷര്‍ട്ടുകളേയും വീണ്ടും അയയില്‍ വയറൊട്ടിച്ച് കമഴ്ത്തിയിട്ട്...  ഒരു മാസം കൊണ്ട് ബുദ്ധിജീവി-ചിന്തക- സിനിമാക്കാരന്‍ ഗൌരവത്തിന്‍റെ സ്റ്റിക്കര്‍ പറിച്ച് കളഞ്ഞ് കൊഞ്ചിക്കാന്‍ പഠിപ്പിച്ച്... ഇടയ്ക്കിടെ ആരും കാണാതെ തൊട്ടിലില്‍ തലയിടീച്ച്... മഴവില്ല് പോലെ തെളിയുന്ന ചിരിയില്‍ മനസിനെ മയിലാട്ടമാടിച്ച്... ഓടി വിളിച്ച് ആ ആട്ടത്തിന് ആളെക്കൂട്ടിച്ച്...  ആള് കൂടുമ്പോഴേക്കും മാഞ്ഞ മഴവില്ലില്‍ നിരാശനാക്കിച്ച്... രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വശീകരിച്ച് സമയം കളയിച്ച്... പുതിയ പുതിയ പോസുകളുമായി ഫോട്ടോകള്‍ എടുപ്പിച്ച്... ഡിപി മാറ്റിച്ച്... ഉമ്മകള്‍ ഏറ്റു വാങ്ങിച്ച് അങ്ങനെ അങ്ങനെ അങ്ങനെ എന്‍റെ ലോകം ഇപ്പോള്‍ ഈ രണ്ട് കണ്ണുകളിലേക്ക് ചുരുങ്ങുന്നു...

#യാന്‍ #അനന്തിരവന്‍ #ജെനിത്തമ്മാവന്‍ #jkgraphy

e-കാലത്തിന് 10 ലക്ഷം കാഴ്ച്ചക്കാര്‍

2 വര്‍ഷങ്ങള്‍ക്ക് മുന്‍പ്... ഇന്ന് കാണും വിധവുമുള്ള ഷോര്‍ട്ട് ഫിലിമുകളുടെ ഒഴുക്കു തുടങ്ങും മുന്‍പ്... റേഡിയോയെന്ന ഗുരുകുലത്തില്‍ അവസാന വര്‍ഷ കോഴ്സ് ചെയ്യുന്ന നേരത്ത്... സിനിമാമോഹം ശരീരത്തിലേക്ക് കൂടി പടര്‍ന്നു കൊണ്ടിരുന്ന കാലത്ത്, പ്രൊഫഷണല്‍ സിനിമാ ശ്രമങ്ങളുടെ ഭാഗമായി അങ്ങേയറ്റം പരിമിതികളില്‍ നിന്ന് കൊണ്ട് തന്നെ ഞങ്ങള്‍ ഒരു കുഞ്ഞു പടം പിടിച്ചിരുന്നു. പേര് 'e-കാലത്ത്'. എന്നെ സംബന്ധിച്ച് ആദ്യമായി ഒരു സിനിമയുടെ ഭാഗമാകാന്‍ അവസരം തന്ന ചിത്രം... എന്‍റെയും കൂട്ടുകാരുടെയും എന്നത്തേയും മേല്‍വിലാസങ്ങളില്‍ ഒന്ന്... കഴിഞ്ഞ മാസം അത് 10 ലക്ഷം കാഴ്ച്ചക്കാര്‍ തികച്ചു മുന്നേറുന്നു എന്നത് വലിയ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും പങ്കു വെയ്ക്കുന്നു.


ഇതോടൊപ്പം ക്യാമറാമാന്‍ Alex J Pulickal​ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട അലക്സ് ഇന്ന് എബ്രിഡ് ഷൈന്‍ സംവിധാനം ചെയുന്ന നിവിന്‍ പോളിയുടെ 25-ആം സിനിമ 'ആക്ഷന്‍ ഹീറോ ബിജു'വിന് ക്യാമറ ചെയ്ത് കൊണ്ട് സ്വതന്ത്ര ക്യാമറാമാന്‍ ആകുകയാണ് എന്ന ഇരട്ടി മധുരം കൂടി നീട്ടിയൊരു വിസില്‍ അടിച്ച് ഇഷ്ട്ടക്കാരെ അറിയിക്കുന്നു. ഏവര്‍ക്കും 10 ലക്ഷം നന്ദി.

e-കാലത്ത് കാണാത്തവര്‍ക്ക് ലിങ്ക്: https://www.youtube.com/watch?v=yqq7vElv7Tc

ഗുണപാഠം

എവിടെ പോയാലും ഒരു സിനിമാപ്രാന്തന്‍ അത്യാവശ്യമായി കയ്യില്‍ കരുതേണ്ട ഒന്നുണ്ട്;

ഒരു 'ഹാര്‍ഡ് ഡ്രൈവ്' ചുരുങ്ങിയത് ഒരു 'പെന്‍ഡ്രൈവ്'.

ലാസ്റ്റ് 2 ബോള്‍

നാളുകള്‍ക്ക് ശേഷം കസിന്‍റെ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ചു... പൊക്കി അടിച്ചാലും, ചില്ലില്‍ കൊണ്ടാലുമൊക്കെ ഔട്ട്‌ അടക്കം ഇട്ടാവട്ട ക്രിക്കറ്റിന്‍റെ ഡക്വര്‍ത്ത് ലൂയിസ് നിയമാവലിയില്‍ പുതിയ ചില നിയമങ്ങളും 3 ബോള്‍ എറിഞ്ഞപ്പോഴേക്കും വന്ന കിതപ്പുമൊഴിച്ചു നിര്‍ത്തിയാല്‍ ആ പഴയ ഉടായിപ്പ് മറുപടിക്ക് ഒരു മാറ്റവുമില്ലായിരുന്നു. 7 ബോള്‍ കഴിഞ്ഞിട്ടും എണ്ണാന്‍ മറന്ന ബോളറുടെ ചോദ്യത്തിന് ഒട്ടുമാലോചിക്കാതെ ഞാന്‍ പറഞ്ഞു "ലാസ്റ്റ് 2 ബോള്‍" :)

#Cricket #Childhood #Memories #Nostalgia

സ്വീറ്റ് ജീരകം

അര്‍ഹതപ്പെട്ടതേ ആഗ്രഹിക്കാവൂ എന്നാണെങ്കിലും എന്നും അര്‍ഹിക്കുന്നതിലും കൂടുതല്‍ ആഗ്രഹിച്ചിട്ടും സ്വന്തമാക്കിയിട്ടുമുള്ള ഒന്ന്... സത്യത്തില്‍ ചെയ്യുന്നത് കള്ളമാണോ കൊള്ളയാണോ എന്ന സംശയം ഭക്ഷണം കഴിഞ്ഞ് ഇത് വാരിയെടുക്കുന്ന കാര്യത്തില്‍ ഇന്നും ബാക്കിയാണ്.


#ശീലം #വീക്ക്നെസ് #സംശയം #ചുറ്റുംനോക്കല്‍ #വാരിയെടുക്കല്‍

മടങ്ങിവരവുകള്‍

ഏറ്റവും മനോഹരമായ യാത്രകള്‍ എന്നും വീട്ടിലേക്കുള്ള മടങ്ങിവരവുകളാണ്...


ജാക്ക് ചിത്രം വരയ്ക്കുമ്പോള്‍

*സംഗതി നടക്കുന്നത് ഒരു ദൂരദര്‍ശന്‍ കാലത്താണ്. ടൈറ്റാനിക് ആണ് സിനിമ. ജാക്ക് റോസിന്‍റെ ചിത്രം വരയ്ക്കുകയാണ്...


സിനിമ കാണാന്‍ എത്തിയവരില്‍ ഏറിയ പങ്കും ഇംഗ്ലീഷ് സിനിമ തന്നെ ആദ്യമായി കാണുന്നവരാണ്. ചിലര്‍ ഞെട്ടുന്നു. ചിലര്‍ വാ പൊളിക്കുന്നു. ചിലര്‍ ഉമിനീരിറക്കുന്നു. ചില മാതാപിതാക്കള്‍ കുട്ടികളുടെ കണ്ണുകള്‍ പൊത്തുന്നു. ചരിത്രചിത്രം കാണിക്കാനായി കുട്ടികളെ സ്കൂളില്‍ നിന്ന് കൊണ്ട് വന്ന ടീച്ചേഴ്സ് എന്ത് ചെയ്യണമെന്നറിയാതെ ഉരുകുന്നു. ഒരുമിച്ചു വന്ന ചിലര്‍ ഇത് കഴിഞ്ഞ് എങ്ങനെ ഫേസ് ചെയ്യും എന്നാലോചിക്കുന്നു. ഇങ്ങനെയെങ്കിലും സ്ക്രീനില്‍ നിന്ന് ആരും കണ്ണെടുക്കുന്നുമില്ല. കണ്ണടയ്ക്കുന്നുമില്ല. തിയേറ്ററില്‍ ഉഷ്ണം കൂടുന്നു. സൂചി വീണാല്‍ എക്കോയില്‍ കേള്‍ക്കാവുന്ന അന്തരീക്ഷം. അപ്പോള്‍ തിയേറ്ററിലെ ഒരു കോണില്‍ നിന്നും ഒരു ശബ്ദം... പതിയെ... എങ്കിലും വ്യക്തമായത്... പാതി ആത്മഗതം പോലുള്ളത്...

"പതുക്കെയൊക്കെ വരച്ചാ മതി കേട്ടോ..." :P

*പറഞ്ഞു കേട്ടത്.