27 December 2012

സ്വയം സംസാരം

ജെനിത് വചനം


"തന്നത്താന്‍ സംസാരിക്കുന്നതിനെ സമൂഹം ഭ്രാന്ത് എന്ന് പറയാറുണ്ടെങ്കിലും ഇടയ്ക്കൊക്കെ അവനവനോട് തന്നെയുള്ള സംസാരം  നല്ലതാണ്. ഒരുപക്ഷേ, "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍" എന്ന ചോദ്യം ഒഴിവാക്കാന്‍ ഇത് സഹായിച്ചേക്കും..."

21/12/12 ന് പുലര്‍ച്ചയ്ക്ക് പറഞ്ഞത് :)

05 December 2012

സങ്കടങ്ങളുടെ ആയുസ്സ്

"ന്റെ സങ്കടങ്ങളുടെ ആയുസ്സ് പലപ്പോഴും...
ഇഷ്ട്ട സിനിമയുടെ ക്ലൈമാക്സ്‌ വരെയാണ്
mp3 പ്ലെയറിലെ പ്രിയ ഗാനത്തിന്‍റെ പല്ലവി വരെയാണ്
മൊബൈലില്‍ എത്തുന്ന ഒരു ടിന്‍റു മോന്‍ sms വരെയാണ്
അമ്മയുണ്ടാക്കുന്ന ചെമ്മീന്‍ കറി മേശയിലെത്തുന്നത് വരെയാണ്
ഡയറി മില്‍ക്കിന്റെ ഗോള്‍ഡന്‍ ഫോയില്‍ നീങ്ങുന്നതു വരെയാണ്
ചിലപ്പോഴൊക്കെ, അത് ചിരിക്കും തളിക തുടങ്ങുന്നത് വരെയാണ്
കൂടിപ്പോയാല്‍ ബൈബിളിലെ 23 - മത് സങ്കീര്‍ത്തനത്തിന്റെ ഒരു വട്ട വായന വരെ..."

എന്നാല്‍ ചിലരുടെ സങ്കടങ്ങള്‍ ചിരഞ്ജീവികളാണ്
അവറ്റകളുടെ ജീവനൊടുക്കാനുള്ള ആയുധം ആരും തന്നെ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലത്രേ...!!

26 October 2012

കുളിമുറിയിലെ തവള / Frog in the bathroom


എന്‍റെ കുളിമുറിയിലെ തവള
ശല്യക്കാരി സരള
വിട്ടൊഴിയാത്തൊരു ലഹള

എന്‍റെ കുളിമുറിയിലെ തവള...
നല്ല തുടുത്തൊരു കവിളാ
മുതുകിനൊരിത്തിരി വളവാ
കയ്യില് മൊത്തം വെളവാ
പറയണ മൊത്തം കളവാ

എന്‍റെ കുളിമുറിയിലെ  തവള
ലക്ഷണമൊത്തൊരു തരള
നാണമില്ലാതൊരു മഹിള
എന്‍റെ കുളിസീന്‍ കാണുന്നതവളാ
എങ്കിലുമവളെന്‍റെ കരളാ... :)

15 October 2012

ജോലി - ധ്യാനം

ജെനിത് വചനം

"ആത്മാര്‍ത്ഥമായി 100% ആസ്വദിച്ചു കൊണ്ട് നിങ്ങള്‍ ഒരു ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതു തന്നെയാണ് ഏറ്റവും വലിയ ധ്യാനം..."

ഒരു രാത്രി ജോലി കഴിഞ്ഞു പോകുമ്പോള്‍ പറഞ്ഞത് :)

06 October 2012

സര്‍ഗാത്മകത

ജെനിത് വചനം


"ഒരു യദാര്‍ത്ഥ കലാകാരന്‍റെ സര്‍ഗാത്മകത എന്ന് പറയുന്നത് മറ്റേതു ശാരീരിക ചോദനകളേയും പോലെ തന്നെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതാത് സമയങ്ങളില്‍ അത് സംഭവിച്ചു കൊണ്ടേയിരിക്കും. അതിനെ അവഗണിക്കാന്‍ അവനൊരിക്കലും കഴിയില്ല..."


08/06/2012 ന് ഉച്ചയ്ക്ക് ഒരു പ്രത്യേക അവസരത്തില്‍ പറഞ്ഞത് :)

29 September 2012

ഒരു വടക്കന്‍ വീഡിയോ ഗാഥ

ഇത് ഒരു കാലഘട്ടത്തിന്‍റെ കഥയാണ്‌, ഒരു ദേശത്തിന്‍റെ കഥയാണ്‌, സിനിമയില്‍ വന്നിട്ടില്ലാത്ത സിനിമാ കഥയെ വെല്ലുന്ന ഒരു സമൂഹത്തിന്‍റെ കഥയാണ്, സര്‍വോപരി എന്‍റെ കഥയാണ്...

അത്രയധികം ശാലീന സുന്ദരമല്ലാത്ത, പ്രത്യേകിച്ചു ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ഒരു നാട്, ദൈവത്തിന്‍റെ സൃഷ്ട്ടി കര്‍മ്മ റിഹേഴ്സലിലെ ഫ്ലോപ്പ് ആയ ഒരു ഭാഗം അതായിരുന്നു 'കോണകമുക്ക്' എന്ന് പറയാം. ഗ്രാമം ആണോ എന്ന് ചോദിച്ചാല്‍ ഗ്രാമം അല്ല. എന്നാല്‍  പട്ടണമാണോ എന്ന് ചോദിച്ചാല്‍ പട്ടണവുമല്ല  ഒരുമാതിരി 'ഗ്രട്ടണം' എന്ന് പറയാവുന്ന ഒരു നാട്. അവിടെയാണ് ഈ കഥ നടക്കുന്നത്.

കോണകമുക്കിലെ പേരു കേട്ട  വ്യവസായ പ്രമുഖനും, സമുദായ പ്രമാണിയും, സര്‍വകാര്യ പ്രസക്തനുമായിരുന്നു സുഗതന്‍ മുതലാളി. പ്രകാശ സംശ്ലേഷണം എളുപ്പം നടക്കുന്ന കഷണ്ടി തല, ഒരു ജാതി ഇരുണ്ട കളര്‍ ടോണ്‍. നവരസങ്ങളില്‍ പെടാത്ത ഒരു തരം പുച്ഛഭാവം സദാ മുഖത്ത്, മുണ്ടും ജുബ്ബയും വേഷം, ബ്രേക്കിന് മുന്‍പ് ചാനല്‍ ലോഗോ വരുന്നത് പോലെ അലമ്പ് പറയുന്നതിന് മുന്‍പ് ഇടം കൈ കൊണ്ടുള്ള ചന്തി ചൊറിച്ചില്‍,  സര്‍വോപരി ഡയറി മില്‍കിന്‍റെ സില്‍വര്‍ ഫോയിഡ് 2 തവണയെങ്കിലും ചവയ്ച്ചൂറ്റുന്ന ആറു പിശുക്കന്‍... ഇതൊക്കെയായിരുന്നു സുഗതന്‍ മുതലാളി. ദീപസ്തംഭം Super like എനിക്കും കിട്ടണം പണം ഇതായിരുന്നു പുള്ളീടെ ഒരു ലൈന്‍. നാട്ടില്‍ ചെയ്യാവുന്ന ബിസിനസ്‌ എല്ലാം തന്നെ ചെയ്തു ബോറടിച്ച അദ്ദേഹത്തിന്‍റെ അടുത്ത സംരംഭം കോണകമുക്കിന്‍റെ ചരിത്രത്തില്‍ Glass ink കൊണ്ട് രേഘപ്പെടുത്തിയിട്ടുള്ളതാണ്. കലയുമായി distance relation പോലും ഇല്ലെങ്കിലും ഏകമകളായ സീതയുടെ പേരില്‍ അദ്ദേഹം തുടങ്ങിയതാണ് കോണകമുക്കിലെ ആദ്യ ഓഡിയോ വീഡിയോ ഷോപ്പ് ആയ സീത ഓഡിയോസ് n വീഡിയോസ്.അക്കാലത്ത്  ടേപ്പ് റെക്കോഡര്‍, VCR ഇതൊക്കെ ഉള്ള വീടുകള്‍ കോണകമുക്കില്‍ കുറവാണ്. ടേപ്പ് റെക്കോഡര്‍ ഉള്ളത് ദുബായിക്കാരന്‍ അഹമ്മദ് ഹാജിയുടെ പാര്‍ലമെന്‍റ് മന്ദിരം പോലുള്ള എക്കോ കേള്‍ക്കണ വീട്ടിലാണ്‌. ഒരു VCP (VCRന്‍റെ അനിയന്‍) ഉള്ളതാവട്ടെ കയറു കമ്പനിയില്‍ കയറു പിരിക്കാന്‍ വന്ന തമിഴന്‍മാര് താമസിക്കണ കോളനിയിലും. സ്വഭാവം  നോക്കിയാല്‍  അഹമ്മദ് ഹാജി 'അഹമ്മതി' ഹാജി ആയതു കൊണ്ട് അവിടെ നിന്ന് ടേപ്പ് റെക്കോഡര്‍ കിട്ടുക എന്നത് ഒരു പാട്ടുണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോളനിയിലാണെങ്കിലോ ഇടുന്നത് തമിഴ് പടമാണെങ്കിലും അത് കാണാന്‍ കുന്നുമല്‍ ശ്രീദേവി അടക്കം നാട്ടിലെ സകലമാന എരപ്പാളികളും അവിടെ ഉണ്ടാകും. അന്നൊക്കെ ഒരു രജനിപ്പടമൊക്കെ ഒരു തടവ്‌ കണ്ടാല്‍ നൂറു തടവ്‌ കണ്ട മാതിരി. ഒറ്റ കാഴ്ച്ചയില്‍ മനസിലെ ഹാര്‍ഡ് ഡിസ്കില്‍ ഫുള്‍ പടം സേവ്ഡ്! അങ്ങിനെയുള്ള നാട്ടില്‍ സീതയുടെ വരവോടു കൂടി ഉള്ളതില്‍ പലതും വിറ്റു തുലച്ചും, പലിശയ്ക്കു കാശെടുത്തും VCR, Tape Recorderകളുടെ കാര്യത്തില്‍ പലരും സ്വയം പര്യാപ്തരായി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ VCR, Tape Recorder കളുടെ  എണ്ണമാണെങ്കിലോ നാട്ടുകാരുടെ എണ്ണത്തിനൊപ്പവുമായി. മുറുക്കാനിടിച്ചിരുന്ന മുത്തശ്ശിമാരടക്കം സകലരും Tape Recorderന്‍റെ Head ക്ലീന്‍ ചെയ്യാനും കാസറ്റിലെ ഫംഗസ് കളയാനും പഠിച്ചു. അങ്ങാടിയില്‍ ചുമ്മാ വായ നോക്കി ഇരുന്നവനോക്കെ ലോക സിനിമകള്‍ കണ്ടു തുടങ്ങി (കിണ്ണം കട്ട കള്ളന്‍, അയലത്തെ അദ്ദേഹം etc.) എന്നുമുള്ള പാല് വാങ്ങിക്കാന്‍ പോക്കു പോലെ  കാസറ്റില്‍ പാട്ട് പിടിപ്പിക്കല്‍  പലരുടെയും ദിനചര്യയുടെ ഭാഗമായി. ദോശ മറിച്ചിടുന്ന ലാഘവത്തോടെ വീട്ടമ്മമാര് കാസറ്റ് മറിച്ചിട്ടു തുടങ്ങി. 

രാവിലെ 7 മണി മുതല്‍ ഭക്തിഗാനം, 8 മുതല്‍ 10 വരെ സോഫ്റ്റ്‌  സിനിമാ ഗാനങ്ങള്‍, 10 മുതല്‍ 11 വരെ ആല്‍ബം സോങ്ങ്സ്, 11 മുതല്‍ 1 വരെ കോമഡി കാസറ്റുകള്‍. ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയുള്ള lunch ബ്രേക്കിനു ശേഷം  മണിക്ക് Blockbuster ചലച്ചിത്രങ്ങളുടെ ശബ്ദരേഖ ആരംഭിക്കും, വൈകുന്നേരങ്ങളില്‍ അടിപൊളി പാട്ടുകള്‍. രാത്രികളില്‍ വീണ്ടും സിനിമാ ശബ്ദരേഖ. ഇതായിരുന്നു സീതയിലെ പ്രോഗ്രാം ചാര്‍ട്ട്.  ഇതൊക്കെയും വലിയ സ്പീക്കറുകളിലൂടെ അങ്ങാടിയെ ശബ്ദമുഖരിതമാക്കും. പല തവണ കേട്ട് കേട്ട് അന്നൊക്കെ ഇറങ്ങിയിരുന്ന കലാഭവന്‍ മണിയുടെ ഓരോ കോമഡി കാസറ്റും കോണകമുക്കുകാര്‍ക്ക് കാണാപാഠമായിരുന്നു. അതുകൊണ്ട് തന്നെ കോമഡി വരുന്നതിനു മുന്‍പേ പലരും ചിരി തുടങ്ങുമായിരുന്നു. സിനിമയുടെ ശബ്ദരേഖയില്‍ പിന്നെ മര്‍മ്മ പ്രധാനമായ ഭാഗങ്ങള്‍ മാത്രമേ കേള്‍പ്പിക്കൂ എന്ന പ്രത്യേകതയുണ്ട്. മുഴുവന്‍ കേള്‍പ്പിച്ചാല്‍ തീര്‍ന്നില്ലേ? ഇത് ആളുകളെ കാസറ്റ് എടുപ്പിക്കാനുള്ള  കാഞ്ഞ ബുദ്ധി. കഥയിലേക്ക്‌ ആകാംഷ ഉണര്‍ത്തി കാസറ്റി ലേക്ക് ആളുകളെ ആകര്‍ഷിക്കണ പരിപാടി. ഇന്ന് ചിന്തിക്കുമ്പോള്‍ പുതിയ കാസറ്റ് റിലീസുകളുടെ സുഗതന്‍ സ്റ്റൈല്‍ ഓഫ് ട്രെയിലര്‍ കൂടി ആയിരുന്നു അത്. Youtube ഇല്ലാത്ത അക്കാലത്തെ, കോണകമുക്കുകാരുടെ  S tube - Sugathan tube ആയിരുന്നു സീത.

താരങ്ങളുടെയും സിനിമകളുടെയും ആല്‍ബങ്ങളുടെയും കോമഡി കാസറ്റുകളുടെയും പോസ്റ്ററുകള്‍ക്കിടയില്‍ പുട്ടിനു പീര എന്ന പോലെ സിനിമാ മംഗളത്തിന്‍റെ center page ഒട്ടിച്ച രീതിയില്‍ ഉള്ളതായിരുന്നു കടയുടെ interior. ഇത് കാണാനായി മാത്രം കടയില്‍ വന്നു കുശലം പറയുന്നവരുടെ എണ്ണം കടയിലെ കാസറ്റുകളുടെ  എണ്ണത്തെക്കാള്‍ കൂടുതലായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാമുക്കോയയുടെ പല്ല് പോലെ പ്രീതി സിന്റയുടെ നുണക്കുഴി പോലെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണകമുക്കിന്‍റെ main attractionഉം, പ്രധാന landmarkഉം ആയി സീത മാറി. കച്ചവടം കൂടിയതിനു അനുസരിച്ച് കടയില്‍ ജീവനക്കാരി നിയമിതയായി. അത്താഴക്കുന്നിലെ ഷീലയുടെ മകള്‍ പ്രീതി. സുന്ദരി, സുമുഘി. എടുത്ത കാസറ്റിലെ നായികയെ മറന്നാലും അവളെ മറക്കില്ല എന്നതായിരുന്നു പ്രീതിയുടെ USP - Universal Selling Point. പ്രീതിയുടെ വരവോടെ അത്രയും കാലം കടയിലേക്ക് ശ്രദ്ധിക്കാതിരുന്ന മറ്റു പലരുടെയും ശ്രദ്ധ തിരിക്കാന്‍ സുഗതന്‍ മുതലാളിയ്ക്കായി എന്നുള്ളതായിരുന്നു സത്യം.

അതില്‍ ഒന്നാമനായിരുന്നു സുധീഷ്‌. പണി അറിയാമെങ്കിലും പണിക്കു പോകാതെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കുന്ന ഒരു പണിക്കരുടെ മകന്‍.  അഭ്യസ്ത വിദ്യന്‍, സുന്ദരന്‍.  ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കുങ്കുമപ്പൂവിലെ രുദ്രനെപ്പോലിരിക്കും. ചുമ്മാ കലുങ്കില്‍ ഇരിക്കുക, നാട്ടില്‍ നടക്കുന്ന എല്ലാ കളികളിലും, കല്യാണങ്ങളിലും പങ്കെടുക്കുക, പെണ്‍കുട്ടികളോടുള്ള താല്പര്യം, ഉപദേശങ്ങളോടും പണിയെടുത്തു ജീവിക്കുന്നവരോടുമുള്ള പുച്ഛം എന്നിങ്ങനെ ഒരു സാധാരണ ചെറുപ്പക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഉള്ള 916, ISO 9001 certified മുതല്. എന്നാല്‍ പ്രീതിയുടെ വരവോടെ സീതയോടുള്ള സുധീഷിന്‍റെ പ്രീതി പെട്ടന്ന് കൂടി. അങ്ങനെ സുധീഷ്‌ സീതയിലെ സ്ഥിരം സന്ദര്‍ശകനായി. ഷീല മേമയുടെ പാരമ്പര്യം വെച്ച് പ്രീതി സുധീഷിനു ഒരു tough subject ആയിരുന്നേയില്ല. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്ന് പറഞ്ഞ പോലെ വളയാനിരുന്ന പ്രീതി 'റ' പോലെ വളഞ്ഞു. ശേഷമുള്ള സുധീഷിന്‍റെ ഓരോ വരവുമാകട്ടെ കോണകമുക്കുകാര്‍ക്ക് സിനിമയേക്കാള്‍ രസമുള്ള കാഴ്ചകളുമായി...

ഒരു നട്ടുച്ച നേരത്താണ് ആ twist ഉണ്ടായത്. എന്തോ അത്യാവശ്യത്തിനായി ഉച്ച സമയത്ത് കടയില്‍ വന്ന സുഗതന്‍ മുതലാളി അടച്ചിട്ടുന്ന ഷട്ടര്‍ അപ്രതീക്ഷിതമായി  ഉയര്‍ത്തിയതും, പിന്നീട് സുധീഷും സുഗതനുമായി നടന്ന തല്ലും ബീപ് ചെയ്യാത്ത തെറി വിളിയും, പ്രീതിയുടെ മോങ്ങലും മാത്രമേ കോണകമുക്കുകാര്‍ കണ്ടുള്ളൂ. Rewind ചെയ്ത് ബാക്കിയുള്ളത് മനസില്‍ ഊഹിക്കുകയായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം കട അടവായിരുന്നു. പിറ്റേ ദിവസം മുതല്‍ കടയില്‍ പ്രീതി ഇല്ല. മറ്റെല്ലാ കച്ചവടങ്ങളും  നിര്‍ത്തി വെച്ച് പതിവിലും കാര്‍ക്കശ്യത്തോടെ സുഗതന്‍ മുതലാളി വീണ്ടും കടയുടെ ഐശ്വര്യമായി...

സുധീഷിനെ കുറിച്ച് കുറേ നാളത്തേക്ക് വിവരമൊന്നുമില്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ കുളിരുന്ന ആ വാര്‍ത്ത കേട്ടാണ് കോണകമുക്കുകാര്‍ ഉണര്‍ന്നത്. പുതിയ സംവിധാനങ്ങളുമായി കാലത്തിനു അനുയോജ്യമായി  Video CD ഷോപ്പ് സുധീഷ്‌ തുറക്കുന്നു. പേര് മേഘ ഓഡിയോസ് n വീഡിയോസ്.

അത് ഇന്റര്‍വെല്ലിനു ശേഷമുള്ള കഥയുടെ പുതിയ ഒരു വഴിത്തിരിവായിരുന്നു. 

സീതയുടെ നേരെ മുന്നിലായി കോണിപ്പടിയുടെ ചുവട്ടിലായല്ലാതെ വിശാലമായ ഒരു റൂമില്‍ നല്ല interior ഡിസൈനില്‍  Video CDകള്‍ നിരന്നു. സീതയിലെ വോളിയത്തെക്കാള്‍ ഉയര്‍ന്ന വോളിയത്തില്‍ മേഘയില്‍ പരിപാടികള്‍ ഗംഭീരമായി. റീല് കുടുങ്ങുന്ന പ്രശ്നമില്ല, ഫംഗസ് പേടിക്കണ്ട, ലങ്കാദഹനം കാണാനെടുത്തിട്ട് പകുതി വഴിക്ക് ഭക്തകുചേല കയറി വരണ പരിപാടിയില്ല, പുറമേ വാടകയോ, സീതയിലേതിനെക്കാള്‍ 5 രൂപ കുറവും. കോണകമുക്കുകാരുടെ മനസില്‍ ലഡ്ഡു  പൊട്ടാന്‍  അധിക സമയമൊന്നും വേണ്ടി വന്നില്ല. സുനാമി അടിച്ച പോലെ സിനിമാ പ്രാന്തന്‍മാരെല്ലാം മേഘയിലെത്തി. അതോടെ Video കാസറ്റുകള്‍ പഴങ്കഥകളായി.  ഓര്‍മ്മയായ കാസറ്റിന്‍റെ റീലുകള്‍  കൊണ്ടുള്ള ഏക പ്രയോജനം കാക്കയെ ഓടിക്കാം എന്നുള്ളത് മാത്രമായി. Sofware അപ്ഡേറ്റ് ചെയ്യാന്‍ അല്പം വൈകിയ സുഗതന്‍ മുതലാളിയാകട്ടെ Video CD ഇറക്കിയെങ്കിലും സുധീഷിന്‍റെ കസ്റ്റമര്‍ റിലേഷന് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നുള്ളത് Mission Impossible 5 ആയിരുന്നു.

ഏതു സമയത്തും സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ കടയില്‍ ഉണ്ടാകും, അതും സിനിമയെ കുറിച്ച് വിവരമുള്ളവന്‍. CDയോടൊപ്പം ചിരി + ചെറിയ ഒരു summary, CD തിരിച്ചു എത്തിക്കേണ്ട കാര്യത്തില്‍ ആവശ്യത്തിനു സാവകാശം, പരിചയക്കാര്‍ക്കുള്ള പ്രത്യേക  ഓഫറുകള്‍,  സിനിമാ പ്രാന്തന്‍മാരിലെ BPL വിഭാഗക്കാര്‍ക്ക് '2  രൂപയ്ക്ക് സിനിമ' പോലുള്ള കര്‍മ്മപരിപാടികള്‍ ഇതൊക്കെ മേഘയുടെ മാത്രം പ്രത്യേകതകള്‍ ആയിരുന്നു. സ്കൂള്‍ വിട്ട സമയമാണെങ്കില്‍ ബസ്‌ സ്റ്റോപ്പിലെ  പെണ്‍ സാന്നിധ്യത്തിന് അനുസരിച്ച് കാസെറ്റ് സൈഡ് മാറി അങ്ങാടി romantic songsലേക്ക് വീഴും. 2 രൂപയ്ക്ക് ഇഷ്ട്ടപ്പെടുന്നവര്‍ക്കായി song dedication പരിപാടി വരെ ഉണ്ടായിരുന്നു എന്നോര്‍ക്കണം. സുഗതന്‍ മുതലാളിയെ അപേക്ഷിച്ച് സുധീഷ്‌ ചെറുപ്പമായിരുന്നത് കൊണ്ട് ചെറുപ്പക്കാരുടെ കടയിലെ സാന്നിധ്യവും, പിന്തുണയും Olympics inaugural  ചടങ്ങൊക്കെ പോലെയുള്ള കാണേണ്ട കാഴച്ചകളായിരുന്നു. വാസ്തവത്തില്‍ മേഘയിലെ ജോലി അക്കാലത്തെ ചെറുപ്പക്കാരുടെ ഒരു Dream Job ആയിരുന്നു. അത് ശബളം കൊണ്ടോ ആനുകൂല്യങ്ങള്‍ കൊണ്ടോ അല്ല. ഏതു സമയവും പാട്ട് കേള്‍ക്കാം, എത്ര വേണമെങ്കിലും സിനിമ കാണാം, Wholesale ഷോപ്പില്‍ നിന്ന് CD എടുക്കാനെന്ന പേരില്‍ ബൈക്കില്‍ ടൌണില്‍ കറങ്ങാം. റോഡിന്‍റെ സൈഡിലും ബസ്‌ സ്റ്റോപ്പിന്‍റെ അടുത്തും ആയിരുന്നതിനാല്‍ ഇഷ്ട്ടം പോലെ പെണ്‍കുട്ടികളെ കാണാം. ഇതില്‍ കൂടുതല്‍ ഒരു ചെറുപ്പക്കാരന് എന്ത് വേണം?

അങ്ങനെ മേഘ കോണകമുക്കിന്‍റെ ദൃശ്യാനുഭവ ചരിത്രം തിരുത്തിയെഴുതി. പണത്തിനു മായ്ക്കാന്‍ കഴിയാത്ത ചീത്തപ്പേരില്ലല്ലോ. വരവ് കുറവായിരുന്നെങ്കിലും വരുത്തിയ പൈസ വാരിയെറിഞ്ഞ് സുധീഷ്‌ സ്വന്തം പേരിലുള്ള അഴുക്കു മായ്ച്ചു. ക്ലീനിങ്ങിന്‍റെ കാര്യത്തില്‍ പണം Harpicനേക്കാള്‍ ഗുണം ചെയ്യുമെന്ന് സുധീഷ്‌ തിരിച്ചറിഞ്ഞു. സുഗതന്‍റെ പരാജയം മാത്രം ലക്ഷ്യിട്ടിരുന്ന സുധീഷിനു പറ്റിയ അബദ്ധം കടയില്‍ ചെറുപ്പക്കാര്‍ക്കും നാട്ടുകാര്‍ക്കും കൊടുത്ത അമിത സ്വാതന്ത്ര്യമായിരുന്നു. അത് അധികം വൈകാതെ തന്നെ കോണകമുക്കില്‍ ഒരു വല്ലാത്ത സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു. ദേശാടന കിളികളെപ്പോലെ ഇടയ്ക്ക് അന്യദേശങ്ങളില്‍ നിന്ന് വന്നു പോകുന്ന ചെറുപ്പക്കാര്‍, ഷോപ്പിനകത്ത് ഇരുന്നുള്ള വെള്ളമടി, ചൂളമടി, ചെവിയുടെ Mother board തകര്‍ക്കുന്ന പാട്ട് വെയ്പ്പ്, ഇതൊക്കെ സിനിമയ്ക്കിടയിലെ commercial break പോലെ നാട്ടുകാര്‍ക്ക് അസഹ്യമായി തുടങ്ങി. ഇതിനു പുറമേ വാടകയ്ക്ക് കൊടുത്ത CD തിരിച്ചു ചോദിക്കുന്നു എന്നുള്ളത് ഒരു വിഭാഗത്തിന്റെ വ്യാപകമായ എതിര്‍പ്പിനിടയാക്കി. ബിറ്റ് CD കൊണ്ട് പോകുന്ന മാന്യന്‍മാരുടെ പേര് വിവരങ്ങള്‍ ഷോപ്പില്‍ നിന്ന ചില കുരുത്തം കെട്ടവന്‍മാര്‍ നാട്ടില്‍ ചോര്‍ത്തിയതും, നേരിട്ട് കാണുമ്പോള്‍ അര്‍ത്ഥതലങ്ങളുള്ള ഒരുമാതിരി മറ്റേ ചിരി ചിരിക്കുന്നു എന്നുള്ളതും വേലി തന്നെ വിളവു തിന്നു തുടങ്ങിയതുമൊക്കെ എരിതീയില്‍ സ്പിരിറ്റായി.

അങ്ങനെ പതിയെ പതിയെ ചായക്കടയിലെ ഒഴിഞ്ഞ കണ്ണാടിക്കൂടുകള്‍ പോലെ മേഘയിലെ ഷെല്‍ഫുകള്‍ മാറി. കച്ചോടം ചടങ്ങിനു മാത്രമായി. സുഗതന്‍റെ പരാജയം കാണുക എന്ന ലക്‌ഷ്യം മാത്രമായിരുന്നതിനാല്‍ സുധീഷിന്‍റെ താല്പര്യം കൂട്ടാന്‍ ഒരു മുസ്‌ലി പവറിനും ആയതുമില്ല. ഒപ്പം DVD, Blue-ray Technology, Internet, Mobile Phones എന്നിവയുടെ  വരവ് കൂടിയായപ്പോള്‍  അങ്ങനെ അങ്ങനെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ ആ ഒരു യുഗം കോണകമുക്കില്‍ നിന്നും Fade ആവുകയായിരുന്നു...


**************************

ഒറ്റ മകളുടെ വിവാഹമൊക്കെ കഴിഞ്ഞ സുഗതന്‍ മുതലാളി ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം. ബിസിനസുകള്‍ എല്ലാം തന്നെ ജോലിക്കാര്‍ ഏറ്റെടുത്തു നടത്തുന്നു. പുള്ളി മേല്‍നോട്ടം മാത്രം. സുധീഷ്‌ ഇപ്പോള്‍ Catering business ആണ് ചെയ്യുന്നത്. ഇത് പിന്നെ ജീവിക്കാന്‍ വേണ്ടിയായതു കൊണ്ട് ലാഭമുണ്ടാക്കാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് കാറ് വാങ്ങിച്ചു. ഇപ്പോള്‍ കല്യാണ ആലോചനകള്‍ തകൃതിയായി നടക്കുന്നു.

പ്രീതിയുടെ കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് മിലട്ടറി സുകുമാരന്‍. 2 കുട്ടികള്‍. സകുടുംബം ഇപ്പോള്‍ ഡറാഡൂണില്‍ ആണെന്ന് കേള്‍ക്കുന്നു.

സീതയുടെ സ്ഥലത്താണ് ഇപ്പോള്‍ പ്രകശേട്ടന്‍റെ മണ്ണെണ്ണ ചേര്‍ത്ത പെട്രോള്‍ വില്‍ക്കണ കട. മേഘയിപ്പോള്‍ നാട്ടിലെ പുതു തലമുറയിലെ പിറുങ്ങിണി പിള്ളാരുടെ ക്ലബ്‌ ആണ്. ഒരു കാലഘട്ടത്തിന്‍റെ സ്മാരകം പോലെ മേഘയിലെ BPL ടീവി ക്ലബ്ബില്‍ പ്രകാശം പൊഴിക്കുന്നു...

ഏറ്റവും വലിയ രസം മനോജേട്ടന്‍റെ മകന്‍ ചോട്ടുവിന്‍റെ സൈക്കിളിനു മുന്‍ ഭാഗം ഇപ്പോഴും അലങ്കരിക്കുന്നത് അന്ന് മേഘയില്‍ നിന്നെടുത്ത മേഘം സിനിമയുടെ CDയാണ്. വാസന്തിച്ചേച്ചി കൊപ്ര ഓണക്കാനിടുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കെട്ടുന്നതോ? പഴയ കാസറ്റിന്‍റെ റീലും... :)

24 September 2012

പണി തീരാത്ത സ്വപ്‌നങ്ങള്‍

നിദ്രയുടെ യാമങ്ങളില്‍ ഞാന്‍ കാണാറുണ്ട്
മോഹങ്ങളുടെ പ്ലാനുകള്‍
ആഗ്രഹങ്ങളുടെ ചാക്കുകള്‍
പ്രതീക്ഷകളുടെ പെട്ടികള്‍
ലകഷ്യങ്ങളുടെ കൂനകള്‍
പണിതീരാത്ത സ്വപ്നങ്ങളുടെ അടിത്തറകള്‍

ഒരുപക്ഷേ,

പൊടിപിടിച്ച മനസിലെ ഏതോ ഒരു കോണില്‍
ഇപ്പോഴും പണി നടക്കുന്നുണ്ടാകാം...

02 September 2012

An Interview with a കൊതുക്

കരണ്‍ ജോഹറിന്‍റെ കോഫി വിത്ത്‌ കരണ്‍ ഷോ പോലെ ജോണ്‍ ബ്രിട്ടാസിന്‍റെ സെലെബ്രിറ്റി Interview പോലെ ചുമ്മാ ഒരു രസത്തിനു വേണ്ടി ഞാനിന്നു ഒരാളെ Interview ചെയ്യാനായിട്ട് പോവുകയാണ്. അത് മറ്റാരുമല്ല... ഒരുപാട് രാത്രികളില്‍ നമ്മുടെയെല്ലാം ഉറക്കം കളഞ്ഞിട്ടുള്ള, ഒരു കയ്യകലത്തില്‍ കിട്ടാന്‍ നമ്മളൊരുപാട് കൊതിച്ചിട്ടുള്ള മിസ്റ്റര്‍ കൊതുക് നാണപ്പന്‍ന്‍ന്‍‍ന്‍ന്‍‍‍!!! അപ്പൊ മനസിലെ ഒരു മുറിയില്‍ ഇരു സോഫകളിലായി മുഖാമുഖമായി ഇരിക്കുന്ന എന്നെയും കൊതുകു നാണപ്പനേയും സങ്കല്പ്പിച്ചോളൂ...


ജെനിത്: എങ്ങനെ പോകുന്നു?
കൊതുകു നാണപ്പന്‍: പറന്നു പോകുന്നു...
ജെനിത്: Ha ha u r very funny...!!
കൊതുകു നാണപ്പന്‍: Thank u thank u...
ജെനിത്: എപ്പോഴാണ് നിങ്ങളുടെ വര്‍ക്ക്‌ തുടങ്ങുന്നത്?
KN: രാവിലെ എഴുന്നേറ്റു ഒരു Blood Coffee കുടിച്ച ഉടനെ ഞങ്ങള്‍ exercise ചെയ്യാന്‍ ഇറങ്ങും.
J: ഹോ നിങ്ങള്‍ വ്യായാമമൊക്കെ ചെയ്യാറുണ്ടോ?? 
KN: പിന്നില്ലാതെ...
J: എന്തൊക്കെ വ്യായാമമാണ് ചെയ്യാറുള്ളത്?
KN: അധികവും ഏകാഗ്രതയും മെയ്‌വഴക്കവും വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങളാണ് ചെയ്യാറുള്ളത്. ഇത് രണ്ടും ഞങ്ങളുടെ ജോലിയില്‍ വളരെ അത്യാവശ്യമാണ്. ആളുകള്‍ കൈ വീശുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മെയ്‌വഴക്കം വേണം. അതുപോലെ ആസ്വദിച്ച് ചോര കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അടി വീഴുന്നത് മനസിലാകണമെങ്കില്‍ ഏകാഗ്രത കൂടിയേ തീരൂ. പിന്നെ ചിലര് രണ്ടു കയ്യും കൂട്ടിയടിക്കുമ്പോള്‍ മധ്യത്തില്‍ രൂപപ്പെടുന്ന മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ നല്ല ശാരീരിക ബലം വേണ്ടി വരാറുള്ളത് കൊണ്ട് ഇതോടൊപ്പം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങളും ചെയ്യാറുണ്ട്.
ജെനിത്: Exercise കഴിഞ്ഞാല്‍??
KN: പിന്നെ മ്യൂസിക്‌ ക്ലാസ്സാണ്. അത് ഞങ്ങള്‍ മുടക്കാറില്ല. കാരണം രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴുള്ള പേടി മാറ്റാനും യാത്രയ്ക്കിടയിലെ ബോറടി മാറ്റാനുമൊക്കെ സംഗീതം ഞങ്ങളെ ചില്ലറയൊന്നുമല്ല സഹായിക്കുന്നത്... ഈ അടുത്ത് നടന്ന തുമ്പൈ സംഗീതോത്സവത്തില്‍ ഞാന്‍ കച്ചേരി അവതരിപ്പിച്ചിരുന്നു.
J: Oh nice... പിന്നെ?
KN: മ്യൂസിക്‌ ക്ലാസ്സ്‌ കഴിഞ്ഞാല്‍ കുടുംബപ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞേ ഞങ്ങള്‍ പണിക്കിറങ്ങാറുള്ളൂ...
J: ജോലിയില്‍ നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
KN: ആധുനിക കൊതുകുനിവാരണ മാര്‍ഗങ്ങള്‍ തന്നെ. ആദ്യകാലങ്ങളില്‍ കൊതുകുതിരികളായിരുന്നു പ്രശ്നം. ഇതില്‍ ചിലത് ശ്വസിച്ചാല്‍ നമ്മള് ചാകില്ല ഒരു തരം കിക്ക് ആയിരിക്കും. സ്ഥിരമായി ഇത് ശ്വസിച്ചു ഈ ലഹരിക്ക്‌ അടിമകളായ കൊതുകുകള്‍ ഒരുപാടുണ്ട്. അവരെ ചികില്‍സിയ്ക്കാനും ഇതില്‍ നിന്ന് രക്ഷ നേടാനുള്ള മാസ്കുകള്‍ ഉത്പാദിപ്പിക്കാനായുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
J: Thats really good!! I am very much impressed... കോയിലുകളില്‍ നിന്ന് രക്ഷ നേടാനും ഈ മാസ്ക് തന്നെയാണോ സഹായിക്കാറ്?
KN: അന്തരീക്ഷത്തില്‍ കലരുന്ന ഏതു തരം കൊതുക് നിവാരിണികളില്‍ നിന്ന് രക്ഷപ്പെടാനും മാസ്ക് തന്നെയാണ് ഞങ്ങള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ ബാറ്റില്‍ നിന്നും രക്ഷപ്പെടുക ഇത്തിരി ബുദ്ധിമുട്ടാണ്. അതിനുള്ള പ്രതിവിധി ഞങ്ങളുടെ പ്രതിരോധവിഭാഗം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്... പിന്നെ ആളുകളുടെ തൊലിക്കട്ടിയും ഒരുപരിധി വരെ പ്രശ്നമാണ്. ചിലുടെ ചോര കുടിച്ചിട്ട് എത്ര തവണ സൂചി വളഞ്ഞു പോയിട്ടുണ്ടെന്നോ...
J: അങ്ങനെ വളഞ്ഞാല്‍ സൂചി മാറ്റാന്‍ പറ്റുമോ?
KN: ഇപ്പോള്‍ വെപ്പുസൂചി ഇറങ്ങുന്നത് കൊണ്ട് വലിയ കുഴപ്പമില്ല.
J: മറ്റു വെല്ലുവിളികള്‍ എന്തെങ്കിലും?
KN: ചിലപ്പോഴൊക്കെ രാത്രി മറ്റു പ്രാണികളുമായി കൂട്ടിയിടിച്ച് പരിക്ക് പറ്റാറുണ്ട്. കഴിഞ്ഞയാഴ്ച ഒരു കരിവണ്ടുമായി കൂട്ടിയിടിച്ച് ഞങ്ങളുടെ ജനറല്‍ സെക്രട്ടറിക്ക് പരിക്ക് പറ്റിയിരുന്നു.
J: Ohh I See... ജോലിക്കിടയില്‍ ജീവന്‍ നഷ്ട്ടപ്പെടുന്ന കൊതുകുകളുടെ കുടുംബങ്ങള്‍ക്ക് ഏതെങ്കിലും സഹായം....???
KN: അതിനായിട്ട്‌ അസോസിയേഷന്‍റെ വക 2 രൂപയ്ക്ക് ബ്ലഡ്‌ റേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
J: നിങ്ങള്‍ ഒഴിവാക്കാറുള്ള ചോരകള്‍ വല്ലതുമുണ്ടോ?
KN: രാഷ്ട്രീയക്കാരുടെ ചോര ഞങ്ങള്‍ ഒഴിവാക്കറാണ് പതിവ്... കാരണം അത് കുടിച്ചു കഴിഞ്ഞാല്‍ 2, 3 ദിവസത്തേക്ക് വാക്കുമാറ്റം, കാലുമാറ്റം, കാലുവാരല്‍, അധികാരസ്ഥാനങ്ങളോടുള്ള അമിതമായ ആസക്തി ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാടാകാറുണ്ട്. അതുപോലെ ഉള്ളില്‍ ഭയങ്കര വിഷമുള്ള ചില ആളുകളുടെ ചോര കുടിച്ചു 1, 2 തവണ ഫുഡ്‌ പോയിസനും ആയിട്ടുണ്ട്‌. അത് നമ്മള്‍ക്ക് കഴിച്ചു കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. പിന്നെ ഭയങ്കര ചര്‍ദിയും വയറിളക്കവുമൊക്കെയായിരിക്കും.
J: നിങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്‌ ഏതു തരം ചോരയാണ്?
KN: b+ ചോരയാണ് ഞങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്‌. അത് ഞങ്ങളെ വല്ലാതെ പോസിറ്റീവ് ആക്കാറുണ്ട്. നെഗറ്റീവൊക്കെ കഴിക്കേണ്ടി വന്നാല്‍ പിന്നെ 2 ദിവസത്തേക്ക് പണിക്കു പോകാനൊന്നും തോന്നില്ല... അതാണൊരു പ്രശ്നം.
J: മറക്കാന്‍ പറ്റാത്ത രക്തബന്ധങ്ങളെക്കുറിച്ച് പറയാനുണ്ടോ?
KN: പിന്നില്ലാതെ... ഒരുപാട് ആളുകളുമായി വളരെ നല്ല രീതിയിലുള്ള രക്ത ബന്ധമുണ്ട്... ചിലരുടെ ചോര കുടിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് അവരെ മറക്കാന്‍ പറ്റില്ല... അത്രയ്ക്ക് നല്ല രുചിയായിരിക്കും... അങ്ങനെയുള്ളവരുമായിട്ടുള്ള ബന്ധം നല്ല രീതിയില്‍ കാത്തു സൂക്ഷിക്കാറുണ്ട്...
J: ഈ കള്ളിയങ്കാട്ടു നീലി ഡ്രാക്കുള ഇവരുമായൊക്കെയുള്ള ബന്ധം എങ്ങനെയാണ്?
KN: Actualy നല്ല പ്രൊഫെഷണല്‍ ബന്ധമാണുള്ളതെങ്കിലും മാന്ദ്യം നേരിടുമ്പോള്‍ ഞങ്ങള്‍ അവരുടെ ചോരയും കുടിക്കാറുണ്ട്...
J: അത് കൊള്ളാമല്ലോ... എങ്ങനെയാണ് ഈ ചോരയുടെ മൈലേജ്?
KN: ഒരു മില്ലി ചോരയ്ക്ക് ഒരു 60 km കിട്ടും...
J: ഇത്രയധികം സമയം എന്നോടൊപ്പം ചിലവിട്ടതിനും ഇത്രയധികം കാര്യങ്ങള്‍ എന്‍റെ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കായി പങ്കുവെച്ചതിലും വളരെയധികം നന്ദി Mr. കൊതുകുനാണപ്പന്‍
KN: അപ്പൊ ശരി... എല്ലാം പറഞ്ഞ പോലെ... പിന്നെ കാണാം...
J: അത് വേണോ???

ചിരിച്ചു കൊണ്ട് കൊതുകുനാണപ്പന്‍ യാത്രയാകുന്നു...

കഴിഞ്ഞു ഇത്രയേ ഉള്ളൂ... :)

***********************

NB: ഹാ പിന്നെ പുതിയതായി ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട് ട്ടോ. http://jkgraphy.blogspot.in/ സമയമുണ്ടെങ്കില്‍ ആ വഴി ഒന്ന് കയറീട്ട് പോണം. പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണമല്ലോ അതാ ഇവിടെ പറഞ്ഞത്. ഞാന്‍ ആരാ മോന്‍. ഹി ഹി ഹീ...

16 June 2012

ആമയും മുയലും Reloaded!!

ഒരിക്കല്‍ കൂടി ആമയും മുയലും പന്തയം വെച്ചു. അച്ഛനപ്പൂപ്പന്‍മാരുടെ ചരിത്രം തിരുത്തുമെന്ന് മുയല്‍ വെല്ലു വിളിച്ചു. അലസനായ മുയലിനെ അറിയാവുന്ന ആമ ചിരിച്ചു. എന്നാല്‍ അന്നും ഇന്നും അഹങ്കാരത്തിന് ഒരു കുറവില്ലാത്ത മുയല്‍ പതിവു പോലെ പാതി വഴിയില്‍ ഉറക്കമായി. കഠിനാധ്വാനിയായ ആമ വിജയത്തിലേക്ക് അടുത്തു...

എന്നാല്‍ ഇത്തവണ ഓട്ട മത്സരത്തില്‍ ജയിച്ചത്‌ മുയലായിരുന്നു. കാരണമെന്താ...???


ഉണരാനായി സ്മാര്‍ട്ട്‌ ഫോണില്‍ അലാറം വെച്ചിരുന്ന മുയല്‍ ഉണര്‍ന്ന ഉടനെ ഗൂഗിള്‍ മാപ്പ് നോക്കി ഫിനിഷിംഗ് പോയിന്റിലേക്കുള്ള ഷോര്‍ട്ട് കട്ട്‌ പിടിച്ചു.

അടുത്ത നിമിഷം തന്നെ 3G മുയല് താന്‍ ഫേസ് ബുക്കില്‍ അപ്‌ലോഡ്‌ ചെയ്ത ട്രോഫി ഉയര്‍ത്തി നില്‍ക്കുന്ന ഫോട്ടോയില്‍ കൂട്ടുകാരെ ടാഗ് ചെയ്തു. അതേ സമയം 2G ആമയോ  ഫ്ലിപ്പ്കാര്‍ട്ടില്‍ പുതിയ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു... :)

18 May 2012

Home - A Short Film By Jenith Kachappilly

അങ്ങനെ അവസാനം ആ സ്വപ്നം സത്യമായി... ഷോര്‍ട്ട് ഫിലിം ആണെങ്കിലും Writer, Director: Jenith Kachappilly എന്ന് സ്ക്രീനില്‍ തെളിഞ്ഞു... ആദ്യത്തെ പരീക്ഷണമാണ്,  ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള എന്‍റെയും കൂട്ടുകാരുടെയും കുറെ നാളത്തെ കഠിനാധ്വാനമാണ്. കണ്ടിട്ട് അഭിപ്രായം പറയണം. ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യണം...
ഏറ്റവും ചുരുങ്ങിയ ചിലവില്‍, കഴിയുന്നത്ര നല്ല നല്ല ക്വാളിറ്റിയില്‍, പകുതി ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കാവുന്ന, ഏതെങ്കിലും തരത്തില്‍ സാമൂഹിക പ്രസക്തിയുള്ള ഒന്ന്. അതായിരുന്നു ലക്‌ഷ്യം.

വഴക്കു പറയരുത്... അടുത്തത് ഇതിലും നന്നാക്കാം... സത്യം!! :)

21 April 2012

Addiction - Funny Film

സ്ഥലം: ഓഫീസ്‌. സമയം: സായംസന്ധ്യ. ചെറിയ മഴക്കോള് മാനത്ത്. തലയില്‍ ആശയത്തിന്‍റെ മിന്നല്‍. ബാഗില്‍ ഡിജിറ്റല്‍ ക്യാമറ. കഥാപാത്രങ്ങള്‍ മുന്നില്‍. പിന്നെ ഒന്നും നോക്കിയില്ല...... അവസാനം ദേ താഴെ കാണുന്ന കോലത്തില്‍ ആക്കിയിട്ടുണ്ട്...


നാളുകളേറെയായി മനസ്സില്‍ സൂക്ഷിക്കുന്ന ഷോര്‍ട്ട് ഫിലിം മോഹങ്ങളുടെ ഭാഗമായി പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് നടത്തിയ ഒരു ചെറിയ പരീക്ഷണമാണ് ഇത്. ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യണം. ഒരു പ്രൊഫഷണല്‍ ഷോര്‍ട്ട് ഫിലിം പണിപ്പുരയിലാണ്. ഉടന്‍ പ്രതീക്ഷിക്കാം. അതിന്‍റെ പോസ്റ്റര്‍ താഴെ കൊടുക്കുന്നു. വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതി...


എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...

12 March 2012

'സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്'

ഞാനൊരു സ്വപ്നത്തെ പ്രണയിച്ചിരുന്നു
അതെന്‍റെ ജീവിതത്തിനൊരു ലക്‌ഷ്യം നല്‍കി
അതെന്‍റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകി
അതെന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു
എന്നാല്‍ വൈകി ഞാനറിഞ്ഞു,
അതൊരു one-way പ്രണയമായിരുന്നു...
എന്‍റെ സ്വപ്നം എന്നെ പ്രണയിച്ചിരുന്നില്ല

അന്ന് ഞാന്‍ മനസിലാക്കി:-

സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ അവ നമ്മളെ തിരിച്ചും പ്രണയിക്കണം
അപ്പോഴേ ആ സ്വപ്നം സത്യമാകൂ...
ദൗര്‍ഭാഗ്യവശാല്‍ ചിലപ്പോളത് സംഭവിക്കാറില്ല
അപ്പോഴാണ്‌ സ്വപനങ്ങള്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നത്...

05 February 2012

ചമ്മല്‍

ജെനിത് വചനം

"ചമ്മല്‍ അതിജീവിക്കാനുള്ള  ഏറ്റവും നല്ല മാര്‍ഗം 'ചമ്മി' എന്നുള്ളത് സമ്മതിച്ചു കൊടുക്കുക എന്നതാണ്"

29/12/11 ന് വൈകുന്നേരം, ഒരു പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞത് :)

13 January 2012

ആശയങ്ങള്‍

അനുഭവങ്ങളും ചിന്തകളും തമ്മിലുള്ള വേഴ്ച്ചകളിലാണ്
ആശയങ്ങള്‍ ഉരുവാകുന്നത്...
ചിലപ്പോഴത് സുഖ പ്രസവമായിരിക്കാം, ചിലപ്പോഴത് സിസേറിയനും
മറ്റു ചിലപ്പോള്‍ മനസില്ലാ മനസ്സോടെ, കുറ്റബോധത്തോടെ അബോര്‍ഷന്‍ നടത്തേണ്ടിയും വന്നേക്കാം
ആശയങ്ങളുടെ ഗര്‍ഭകാലം എത്രയെന്നു പറയുക സാധ്യമല്ല
ആ പേറ്റുനോവ്‌ അനുഭവിച്ചറിഞ്ഞവര്‍ക്കറിയാം
ഒരിക്കലത് പുറം ലോകം കാണുമ്പോഴുള്ള സംതൃപ്തിയോ വാക്കുകള്‍ക്കതീതം
പുറത്തെത്തിക്കഴിഞ്ഞാലോ... ജനുസിന്‍റെ ഗുണമനുസരിച്ച് ചിലത് വളരും ചിലത് തളരും
ആരോഗ്യമുള്ളവ മറ്റു ആശയങ്ങള്‍ക്ക് ജന്‍മം നല്‍കി പെറ്റു പെരുകും
അതില്‍ ചിലത് കാലത്തെ അതിജീവിക്കും, അല്ലാത്തവ ണ്‍മറയും
അതിജീവിച്ചവ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കും...

"What an idea sir jee!!"

07 January 2012

പക്ഷേ...

ചിലപ്പോള്‍ തോന്നും എന്നിലൊരാകാശമുണ്ടെന്ന്
അതില്‍ കൊതി തീരെ പറന്നു നടക്കണമെന്ന്...
ചിലപ്പോഴെനിക്ക് തോന്നും എന്നിലൊരു സമുദ്രമുണ്ടെന്ന്
അതിന്‍റെ ആഴങ്ങളില്‍ ഊളിയിടണമെന്ന്...
ചിലപ്പോഴെനിക്കു തോന്നും എന്നില്‍ വിപ്ലവങ്ങളുറങ്ങുന്നുണ്ടെന്ന്
അതുകൊണ്ട് ലോകത്തെ മാറ്റണമെന്ന്...

പക്ഷേ...


അതെ,


അതാണ് പ്രശ്നം... 'പക്ഷേ'