09 August 2014

വെളിപാടിന്‍റെ മിന്നല്‍ വെട്ടം

എഴുത്ത് അത്ഭുതകരമായ ഒരു വെളിപാടാണെന്ന് താഹ മാടായി എഴുതുമ്പോള്‍ പേന വെച്ച് കീഴടങ്ങുന്നത് എഴുത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിര്‍വചനങ്ങളില്‍ ഒന്നായി സ്വാനുഭവം ചുവന്ന മഷി കൊണ്ട് അതില്‍ അടിവരയിടുന്നത് കൊണ്ടാണ്. തിരിച്ചറിവിന്‍റെ ഭാഷയില്‍, നമ്മള്‍ വാക്കുകളെയല്ല വാക്കുകള്‍ നമ്മളെ നടത്തുകയാണ്... നമ്മിലൂടെ വാക്കുകള്‍ സംഭവിക്കുകയാണ്... ഒഴിഞ്ഞു മാറാനാകാത്ത വൈദ്യതനിമിഷങ്ങളില്‍ കണ്ണിലേക്ക് നോക്കി തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രണയിനിയെപ്പോലെ പേപ്പറിലേക്ക്‌ കൈകളെ ചേര്‍ത്തു വെയ്ക്കുകയാണ്... ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ്രഹിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ നമ്മിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്ന ആത്മകഥകളും പുനര്‍ജന്മം പോലെ സംഭവിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്.


ജെനിത് കാച്ചപ്പിള്ളി
06.08.2014, കോഴിക്കോട്

02 August 2014

സൈക്കിൾയജ്ഞം

ജീവിതം ഹൈസ്കൂള്‍ തീക്ഷ്ണവും ഹൃദയം സൈക്കിള്‍ സുരഭിലവുമായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്‌...

അന്ന് സൈക്കിള്‍ അഭിമാനത്തിന്‍റെ ചിഹ്നമായിരുന്നു. ആഡംബരത്തിന്റെ അടയാളമായിരുന്നു. സൈക്കിള്‍ ഉള്ളവന്‍ ഉദയനാണ് താരമായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് സ്വന്തമായി ഒരു സൈക്കിള്‍ വയലാര്‍ മാധവന്‍കുട്ടിയുടെ ജ്വാലയായ്‌ പോലെ എന്നും ഞാന്‍ മുടങ്ങാതെ കണ്ടിരുന്ന ഒരു മെഗാ സ്വപ്നമായിരുന്നു. അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ പട്ടികയില്‍ ഭക്ഷണം ജലം വായു പാര്‍പ്പിടം ഇതിനൊക്കെ മുന്നില്‍ സൈഡ് സ്റ്റാന്റ് ഇട്ട്, ലാലേട്ടന്റെ ചരിവോട് കൂടി സൈക്കിള്‍ നില്‍ക്കുകയായിരുന്നു. കരുണന്‍ മാഷിന്റെ കണക്കു ക്ലാസിനും സുരഭി ടീച്ചറുടെ കെമിസ്ട്രി ക്ലാസ്സിനുമൊന്നും നേടിത്തരാന്‍ കഴിയാത്ത ഒന്ന് സൈക്കിളിലൂടെ നേടിയെടുക്കാമെന്ന് അന്ന് ഞാന്‍ വ്യാമോഹിച്ചിരുന്നു. ആനയുടെ കൊമ്പില്‍ പിടിച്ച് തലയെടുപ്പോടെ പാപ്പാന്‍ നില്‍ക്കുന്ന പോലെ സൈക്കിളിന്‍റെ ഹാന്‍ഡിലില്‍ പിടിച്ച് തലയെടുപ്പോടെ ഞാന്‍ നില്‍ക്കുന്ന ഫ്രെയിം ചെയ്ത ഒരു ചിത്രം മനസിന്‍റെ ഭിത്തിയില്‍ പൊടിപിടിക്കാതെ അന്ന് സൂക്ഷിച്ചു പോന്നിരുന്നു.

അതെ... അന്ന് ഭൂമിയുടെ സ്പന്ദനം സൈക്കിളിലായിരുന്നു.

ഒഫീഷ്യല്‍ കുടുംബ മീറ്റിങ്ങുകളായ ചക്ക പുഴുക്ക് മഹോല്‍സവം, പവര്‍കട്ട് ശിവരാത്രികള്‍ എന്നിവയിലൊക്കെ ഞാന്‍ ശക്തിയുക്തം സൈക്കിളിനു വേണ്ടി വാദിച്ചു. ഓരോ വാദങ്ങളും വലിച്ചെറിയപ്പെടുന്ന ചക്കക്കുരു പോലെയും റാന്തല്‍ വെളിച്ചത്തില്‍ ആര്‍ക്കുന്ന ഈയാം പാറ്റകളുടെ നിമിഷങ്ങളുടെ ആയുസ്സ് പോലെയും അവസാനിച്ചു. തിരിച്ചറിയപ്പെടാതെ പോകുന്ന സൈക്കിള്‍ സ്നേഹം മനസിന്‍റെ വിങ്ങലായും പ്രതിഷേധങ്ങളില്‍ പലതും മോങ്ങലായും അവസാനിച്ചു. വിപ്ലവം ജയിക്കട്ടെ എന്ന് പുതപ്പിനുള്ളിലും കുളിമുറിയുടെ ചുവരുകള്‍ക്കുള്ളിലും പതിയെ പ്രസ്താവിച്ചു കൊണ്ട് ഒരു നല്ല സൈക്കിള്‍ നാളേയ്ക്കായി ഞാന്‍ കാത്തിരുന്നു. സമ്പൂര്‍ണ്ണ സൈക്കിള്‍ സാക്ഷര ഗ്രാമമായ ഓലവങ്കോട് നിത്യേന സ്വപ്നം കണ്ടു പോന്നു.

ആയിടയ്ക്കാണ് സ്വന്തം സൈക്ക്ലിക ജീവിതത്തില്‍ അമ്മയുടെ ആങ്ങളയുടെ മകന് ഒരു വിരക്തി തോന്നി തുടങ്ങുന്നതും സാധാരണ സൈക്കിളില്‍ നിന്നും ഗിയര്‍ ഉള്ള സൈക്കിളിലേക്ക് താല്പര്യത്തിന്റെ ഗിയര്‍ മാറുന്നതും. സാഹചര്യങ്ങള്‍ കൊണ്ട് പുള്ളി സിദ്ധാര്‍ഥ് മല്ല്യയും ഞാന്‍ വെറും അരശുംമൂട്ടില്‍ അപ്പുക്കുട്ടനുമായതുകൊണ്ട് ആഗ്രഹത്തിലേക്കുള്ള ആ ഗിയര്‍ മാറ്റം പുള്ളിക്ക് വളരെ എളുപ്പമായിരുന്നു. ആഗ്രഹിച്ചതിന്റെ അന്നേ ദിവസം തന്നെ പഴയ സൈക്കിളിനെ ഡൈവോഴ്സ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുള്ളി ഗിയര്‍ ഉള്ള സൈക്കിളുമായി പുതിയ ജീവിതം ആരംഭിച്ചു. അതോടെ മുത്തശ്ശന്‍ മുത്തശ്ശി എന്നിവരൊക്കെ കുടികൊള്ളുന്ന കുടുംബ തറവാടിന്‍റെ പിബിയില്‍ Antique പീസുകളുടെ എണ്ണം ഇനിയും കൂട്ടേണ്ട അഭിപ്രായത്തില്‍ പഴയ സൈക്കിള്‍ എനിക്ക് തരാന്‍ തീരുമാനമായി.

അങ്ങനെയാണ് എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ബെല്‍ മുഴക്കിക്കൊണ്ട് സൈക്കിള്‍ കടന്നുവരുന്നത്... ഒരു BSA SLR… Zero Figure… പിന്നീട് എന്‍റെ ജീവചരിത്രം സൈക്കിളിന് മുന്‍പും സൈക്കിളിന് ശേഷവും എന്നിങ്ങനെ നിര്‍ണ്ണായകമായ രണ്ട് ഏടുകളിലേക്ക് വിഭജിക്കപ്പെടുകയായിരുന്നു....

ഗണപതിക്ക് എലിയെന്ന പോലെ മുരുകന് മയിലെന്ന പോലെ ലുട്ടാപ്പിക്ക് കുന്തമെന്ന പോലെ സൈക്കിള്‍ എനിക്ക് സാരഥിയായി. ഞാന്‍ സൈക്കിളിന് മുകളില്‍ നിന്നും ഇറങ്ങാതായി. ഇതോടുകൂടി വീടിനോടും പറമ്പിനോടും ചേര്‍ന്ന ഒരു 10 കിലോമീറ്റര്‍ ചുറ്റളവിലായി ഒതുങ്ങി നിന്നിരുന്ന എന്‍റെ പ്രവര്‍ത്തന മേഖല ഒരു 50 കിലോമീറ്റര്‍ ചുറ്റളവിലേക്കു കൂടി വ്യാപിപ്പിക്കാനായി എന്നതായിരുന്നു നിര്‍ണ്ണായകമായ വഴിത്തിരിവ്.

പിന്നീടങ്ങോട്ട് ജീവിതം ഒരു സൈക്കിള്‍ യജ്ഞമായി മാറുകയായിരുന്നു...
സൈക്കിള്‍ യാത്രകള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഒന്ന് പോലും ഞാന്‍ പാഴാക്കിയില്ല. ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഓലവങ്കോടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ എന്‍റെ വിനോദങ്ങള്‍ക്കായുള്ള സൈക്കിള്‍ സഞ്ചാരങ്ങളിലൂടെ ഞാന്‍ മനസിലാക്കി. നാട്ടിലെത്ര പ്ലാവ് മാവ് കശുമാവ്? അതിലൊക്കെയും എത്ര ചക്ക മാങ്ങ കശുമാങ്ങ? എപ്പോഴാണ് എറിയാനും പറിക്കാനും പറ്റിയ സമയം? കശുവണ്ടിയുടെ അങ്ങാടി വിലയെത്ര? ഒരു കിലോ അണ്ടി വിറ്റാല്‍ കിട്ടുന്ന പൈസ കൊണ്ട് എത്ര മിട്ടായി വാങ്ങാം? എന്നിങ്ങനെയുള്ള നാട്ടറിവുകള്‍ സൈക്കിള്‍ യാത്രകളിലൂടെ ഞാന്‍ ആര്‍ജിച്ചു. ഇതിനൊക്കെ പുറമേ അങ്ങാടികള്‍, ആഴ്ച്ചചന്തകള്‍, റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, കല്യാണ വീടുകള്‍, തെയ്യം, തിറ, കുരുതി, കൂടിയാട്ടം, നാഗപ്പാട്ട്, അന്നദാന മഹോല്‍സവങ്ങള്‍, കക്കവാരല്‍, ഞാറു നടല്‍, മുച്ചീട്ടുകളി എന്നിങ്ങനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം ഒരുപോലെ ഞാന്‍ എത്തിത്തുടങ്ങി. എന്തിനേറെ JCB മണ്ണു മാന്തുന്നത് പോലും ഞാന്‍ മുടങ്ങാതെ പോയി കണ്ടു നില്‍ക്കാറുണ്ടായിരുന്നു...

ഏറ്റവും ശ്രദ്ധേയം ഇവിടെയെല്ലാം തന്നെ സാന്നിദ്ധ്യമറിയിക്കുക എന്നതിലുപരി ഇതില്‍ പല കര്‍മ്മമണ്ഡലങ്ങളിലും എന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും എനിക്കായി എന്നുള്ളതായിരുന്നു.

അതായത്...

ഉത്സവപ്പറമ്പുകളില്‍ നാട കുത്തില്‍ പങ്കെടുത്ത് കുത്തുപാളയെടുത്തു നില്‍ക്കുന്ന മനുഷ്യന്‍റെ അടുത്ത് ചെന്ന് ദയനീയമായി മുഖത്ത് നോക്കിക്കൊണ്ട്

“കള്ളക്കളിയാ ഞാന്‍ കണ്ടതാ” എന്ന നിഷ്കളങ്കമായ ഒരു പ്രസ്താവനയിറക്കുക. ശേഷം അവിടെ നടക്കുന്ന തല്ല് പാല്‍ ഐസും കഴിച്ചു കൊണ്ട് മാറി നിന്ന് കണ്ട് രസിക്കുക.

അതുപോലെ മുച്ചീട്ട് കളി വേദികളില്‍ ചെന്ന് “പോലീസ്‌... പോലീസ്‌...” എന്ന് വിളിച്ച് പറഞ്ഞ് നടുക്ക് ഉല്‍ക്ക വീണ പോലെ നാല് പാടും ചിതറിയോടുന്ന ആളുകളെ കണ്ട് നിര്‍വൃതിയടയുക.

വിളിക്കാത്ത കല്യാണങ്ങളുണ്ട് അവിയലിന് ഉപ്പു പോരാ, സാമ്പാറില് മുരിങ്ങയ്ക്ക കുറഞ്ഞു പോയി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ കണ്ടു പിടിക്കുക. എന്നിങ്ങനെ ഏക്‌സട്രാ ഏക്‌സട്രാ ഏക്‌സട്രാ...

ഇതിനൊക്കെയും എല്ലായ്പ്പോഴും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. മിക്കപ്പോഴും ചില ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. അതങ്ങനെയാണല്ലോ അത്യാവശ്യ സഹായങ്ങള്‍ക്ക് Search resultല്‍ പോലും കിട്ടില്ലെങ്കിലും ഇമ്മാതിരി എരണം കെട്ട പരിപാടികളുടെ നാട മുറിക്കും മുന്‍പ്‌ ഇവരൊക്കെ എവിടെ നിന്നെങ്കിലും വന്നു വീണോളും.

മറ്റൊരു മുന്നേറ്റം അയല്‍പക്ക മാര്‍ക്കറ്റില്‍ എനിക്കുണ്ടായ വിലക്കയറ്റമാണ്. സൈക്കിളിന്‍റെ വരവോടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിഫ്റ്റിയും സെന്‍സെക്സും കയറണ പോലെ അയല്‍ വീട്ടുകാര്‍ക്കിടയില്‍ എന്‍റെ ഗ്രാഫ്‌ ഉയര്‍ന്നു. ടീവി കാണാനും, അവിടുത്തെ പെമ്പിള്ളേരുടെ കൂടെ കൊത്തംകല്ല്‌ കളിക്കാനും മാത്രം ചെന്ന് ശല്യം ചെയ്തിരുന്ന എന്നില്‍ അവര്‍ക്ക് ഒരു പ്രതീക്ഷ വന്നു. കടം കൊടുത്തവന് ലോട്ടറിയടിക്കുമ്പോഴുണ്ടാകുന്ന അതേ വികാരം തന്നെ... അതിനു കാരണമുണ്ട് അപ്രതീക്ഷിത വിരുന്നുകാരുടെ ആക്രമണങ്ങളിലും പലച്ചരക്കുകളുടെ അടിയന്തിര ആവശ്യങ്ങളിലും അവര്‍ എന്നെ തുണയായി കണ്ടു. മിന്നാരം സിനിമയുടെ ക്ലൈമാക്സില്‍ എയര്‍പോര്‍ട്ടില്‍ നിന്നും മരുന്ന് വാങ്ങിച്ച് ഹോസ്പിറ്റലിലേക്ക് സ്വന്തം ബൈക്കില്‍ മോഹന്‍ലാല് കുതിക്കുന്ന പോലെ അത്യാവശ്യഘട്ടങ്ങളില്‍ പല വീടുകളിലേക്കും ചായപ്പൊടിയും പഞ്ചസാരയുമൊക്കെയായി ഞാന്‍ സൈക്കിളില്‍ കുതിച്ചു. അങ്ങനെ പലരുടെയും മാനം രക്ഷിച്ചു. പാരിതോഷികമായി അവശേഷിക്കുന്ന ചില്ലറകളുടെ മിട്ടായികളും വിരുന്നുകാര് ബാക്കിവെച്ചതിന്റെ തിരുശേഷിപ്പുകളും ഞാന്‍ നിര്‍ബാധം അനുഭവിച്ചു പോന്നു. റേഷന്‍ കടയില്‍ മണ്ണെണ്ണയും പഞ്ചാരയും എത്തിയിട്ടുണ്ടോ? വാരികയുടെ പുതിയ ലക്കം എത്തിയോ? എന്നിങ്ങനെയുള്ള Mobile SubscriptionSMS alert ടൈപ്പ് അലര്‍ട്ടുകള്‍ മേല്‍പ്പറഞ്ഞ സേവനങ്ങളോടോപ്പം ഞാന്‍ നല്‍കിപോന്നിരുന്ന അധിക സൗജന്യ സൈക്കിള്‍ സേവനങ്ങളില്‍ ചിലത് മാത്രമായിരുന്നു.

രണ്ടു കയ്യും വിട്ട് സൈക്കിള്‍ ഓടിക്കുക, സ്കിഡ് ചെയ്യിച്ച് നിര്‍ത്തുക, പവനമുക്താസനം പോലെ ആസനം ബാക്കിലെ കാരിയറില്‍ വെച്ച് കൈ നീട്ടി ഹാന്‍ഡിലില്‍ പിടിച്ചു കൊണ്ടുള്ള സൈക്കിളോടിക്കല്‍ ഇതൊക്കെ അന്നത്തെ എന്‍റെ ചില സ്പെഷ്യല്‍ ഐറ്റംസ് ആയിരുന്നു. ഇതിന്‍റെയൊക്കെ പ്രത്യേക പ്രദര്‍ശനങ്ങള്‍ വഴി അയല്‍ വീട്ടുകാര്‍ക്കിടയില്‍ മാത്രമല്ല അവിടുത്തെ കുട്ടികള്‍ക്കിടയിലും  അത്യാവശ്യം ഒരു നിലയും വിലയും നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ സ്വകാര്യമായി അന്നൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. സൈക്കിളില്‍ കാറ്റാടി പിടിപ്പിക്കുക, CD വെയ്ക്കുക, Dynamo പിടിപ്പിക്കുക എന്നിങ്ങനെ കാലത്തിനനുസരിച്ചുള്ള അലങ്കോലപ്പണികള്‍ നടത്തിയും എന്നും തുടച്ചു മിനുക്കിയും ഒമനിച്ചും ഞാന്‍ എന്‍റെ സൈക്കിള്‍ ജീവിതത്തിന്‍റെ ഹണിമൂണ്‍ കാലം ആസ്വദിച്ചു കൊണ്ടിരുന്നു...

നാളുകള്‍ പഞ്ചര്‍ ആയ ടയറിലെ കാറ്റ് പോലെ വളരെ പെട്ടന്ന് കടന്നു പോയി. ഹണിമൂണിലെ ഹണിയൊക്കെ തീര്‍ന്നു തുടങ്ങി. ഇനിയെന്ത്? എന്ന ചോദ്യത്തോടൊപ്പം പുതുമോടിയുടെ പുറം മോടിയില്‍ ചെറിയ ചില പായലും പൂപ്പലും പിടിച്ചു തുടങ്ങുമ്പോഴാണ് Guest appearance പോലെ അസ്കറിന്റെ എന്‍ട്രി.

പുലര്‍ച്ചെ അപ്പുറത്തെ ശോഭേച്ചീടെ വീട്ടിലെ പട്ടി ടോമി പതിവില്ലാതെ ഒരിയിടുന്നത് കണ്ടപ്പോഴേ ഞാന്‍ കരുതിയതാ എന്തോ ആപത്ത്‌ വരാനുണ്ടല്ലോ എന്ന്. സുനാമിക്ക് മുന്‍പ്‌ പക്ഷികളും മൃഗങ്ങളുമൊക്കെ അത് തിരിച്ചറിഞ്ഞ് സൂചനകള്‍ തരാരുണ്ടല്ലോ... ഈ അസ്കര്‍ ഒരു മിനി സുനാമിയാണ്‌. മിനാമി എന്നും പറയാം. വല്ലപ്പോഴുമേ വരൂ. വന്നാല്‍ എന്തെങ്കിലും ഒരു പ്രശ്നം ഉറപ്പാണ്. ടൌണിലാണ് പഠിക്കുന്നത്. ഇപ്പൊ വേനലവധിക്ക് അപ്പുറത്തുള്ള അമ്മാവന്‍റെ വീട്ടില്‍ വന്നിരിക്കുകയാണ്. വന്നയുടനെ എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ട് ഒന്ന് ചുറ്റും നോക്കി ആഗമനോദ്ദേശം അസ്കര്‍ വെളിപ്പെടുത്തി.

“ഡാ നമുക്ക് കുന്നത്ത് രാജീവില്‍ പോയി മദാലസ രാത്രി കണ്ടാലോ...?”

ഞാനൊന്ന് ഞെട്ടി. തല്പര്യമില്ലാഞ്ഞിട്ടല്ല. പേടിച്ചിട്ടാണ്. അടുത്ത ടൌണിലെ ബിറ്റ്‌ പടം കളിക്കുന്ന ഫേമസ് തിയേറ്റര്‍ ആണ് കുന്നത്ത് രാജീവ്‌. സൈക്കിളില്‍ അവിടെ പോയി പടം കണ്ടു വരുന്ന കാര്യമാണ് അസ്കര്‍ പറഞ്ഞത്. കുന്നത്ത് രാജീവ്‌ എന്ന് പറയേണ്ടി വന്നാല്‍ പോലും തവണ പല്ല് തേച്ച് Mouth freshener ഉപയോഗിച്ച് വായ ശുദ്ധമാക്കുന്ന ആളുകളുള്ള നാടാണ് എന്റേത്. അപ്പോഴാ...

“അത് വേണോ?” താല്‍പര്യമുള്ളായ്മയും ആശങ്കയും ഉദയകൃഷ്ണ-സിബി കെ തോമസുമാരെപ്പോലെ ഒരുമിച്ച സ്വരത്തില്‍ ഞാന്‍ ചോദിച്ചു.

അസ്കര്‍ ഒന്നുകൂടി അടുത്ത് വന്നു. ഇപ്പൊ ഉമ്മ തരും എന്ന മട്ടില്‍ അടുത്തെത്തി നിന്നുകൊണ്ട് ഒരൊറ്റ ചോദ്യമാണ്.

“തെറ്റ് ചെയ്യാത്തവരായി ആരാ ഉള്ളത് ഗോപു മോനേ?”

വല്ലാത്തൊരു ചോദ്യമായിപ്പോയി. ഞാന്‍ മെല്ലെ തലയുയര്‍ത്തി അസ്കറിനെ ഒന്ന് നോക്കി. എന്‍റെ ചുണ്ടില്‍ വളവു തിരിഞ്ഞ് ഒരു ലോല ചിരി വന്നു നിന്നു.അടുത്ത കട്ട് തിയേറ്ററിനുള്ളിലാണ്.
ആശങ്കയുടെയുടെയും ആവേശത്തിന്റെയും ഉന്മാദത്തിന്റെയും ഉയര്‍ന്ന താപനിലയില്‍ പടം കഴിഞ്ഞ് ഗോവിന്ദന്‍കുട്ടി തോമസുകുട്ടി അപ്പുക്കുട്ടന്‍മാരോടും അസ്കറിനോടുമൊപ്പം ഞാന്‍ പുറത്തിറങ്ങി. തിരിച്ചു പോകാനായി സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ ഞെട്ടി.

സൈക്കിള്‍ കാണുന്നില്ല...!!!


കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. ഇല്ല എന്‍റെ സൈക്കിള്‍ മാത്രം ഇല്ല.


ഞെട്ടല്‍ പടര്‍ന്നു. എല്ലാരും ഞെട്ടി.


സൈക്കിളെടുക്കാന്‍ ചെന്ന ഞാന്‍ എക്കിളെടുക്കാന്‍ തുടങ്ങി. ടെന്‍ഷന്‍ വന്നാല്‍ ഞാന്‍ അങ്ങനെയാണ്. എല്ലായിടത്തും നോക്കി. കുടത്തിലും തപ്പി. പക്ഷേ സൈക്കിള്‍ ആ പരിസരത്തെങ്ങും ഇല്ല.


എന്‍റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി. കയ്യും കാലും വിറയ്ക്കുന്നു. വീട്ടിലെന്തു പറയും. എന്‍റെ സൈക്കിള്‍... എന്‍റെ ജീവന്‍... അയ്യോ...


എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് എന്നേം അസ്കറിനേം അവന്മാര് അവന്മാരുടെ സൈക്കിളില്‍ നാട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ സമയം വൈകുന്നേരം 6.30 കഴിഞ്ഞിട്ടുണ്ട്. ഭാഗ്യം... മുറ്റത്തെങ്ങും ആരുമില്ല. അതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിഞ്ഞു കിട്ടി. എങ്ങനെയോ അകത്തു കയറിക്കൂടി. ടെന്‍ഷന്‍ കാരണം എവിടെയും ഇരിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒന്നിലും ശ്രദ്ധിക്കാനും പറ്റുന്നില്ല. ഞാന്‍ കുളിയ്ക്കാനെന്ന വ്യാജേന കുളിമുറിയില്‍ കയറി കതകടച്ചു. ഞാന്‍ വിയര്‍ത്തുകുളിച്ചു. ദൈവമേ എന്‍റെ സൈക്കിള്‍... ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, എന്‍റെ കറക്കങ്ങള്‍, എന്‍റെ സേവനങ്ങള്‍... എല്ലാം പോട്ടെ... ഇത് എങ്ങനെ പോയെന്നു പറയും, എവിടെ വെച്ച് പോയെന്നു പറയും. കുന്നത്ത് രാജീവ്‌ എന്നോ മദാലസ രാത്രികള്‍ എന്നോ മിണ്ടാന്‍ പറ്റുമോ... വാങ്ങിച്ചു തന്നതല്ലെങ്കിലും കൊണ്ടു വന്ന കൂട് ഓട്ടോയുടെ കാശിന് എന്തായാലും അച്ഛന്‍ കണക്ക് പറയും. കുറച്ചു നാളത്തേക്ക് എന്‍റെ കാര്യത്തില്‍ ഒരു ട്രോളിംഗ് നിരോധനം ഉറപ്പാണ്... ഹമ്മേ...


ഉള്ളിലെ ആന്തലില്‍ സമയം ഉന്തിത്തള്ളി ഉന്തിത്തള്ളി എങ്ങനെയൊക്കെയോ ഒരു മണി ആക്കി. ഞാന്‍ കുളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അത് സംഭവിച്ചത്.


‘കറന്‍റ് പോയി’.


എന്‍റെ അവസ്ഥ കണ്ട് ദൈവം മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതായിരിക്കണം. അല്ലാതെ തരമില്ല.


തീപ്പെട്ടിക്കും വിളക്കിനുമായുള്ള തിരച്ചില്‍ വീട്ടില്‍ നടക്കുന്നുണ്ട്. “ഈ ചെക്കന്റെ കുളി കഴിഞ്ഞില്ലേ എന്നൊക്കെ കേള്‍ക്കാം.” എന്‍റെ ചങ്കിടിപ്പ് കൂടി. ചൂടും പുകച്ചിലും പറഞ്ഞ് ഇപ്പൊ എല്ലാരും കൂടെ പുറത്തു വരും. ഇറയത്ത് സൈക്കിള്‍ കണ്ടില്ലെങ്കില്‍ പ്രശ്നമാണ്. ഒരുമാതിരിപ്പെട്ട ഒരു കാരണവും ഏശില്ല. ചങ്കിടിപ്പിന്റെ വോളിയം കൂടിയിട്ട് ബാക്കി ശബ്ദമൊന്നും കേള്‍ക്കാനും പറ്റുന്നില്ല.


പെട്ടന്നാണ് ഉമ്മറത്ത്‌ നിന്ന് എന്തോ ഒരു ശബ്ദം കേട്ടത്. ഏതായാലും ചങ്കിടിപ്പിന്റെ ശബ്ദമല്ല. ഷീറ്റിന് മുകളില്‍ ചക്ക വീണതോ മറ്റോ ആവണം. എന്തായാലും ശബ്ദം കേട്ട് ടോര്‍ച്ചും കൊണ്ട് അച്ഛന്‍ പുറത്തേക്ക് പോകുന്നുണ്ട്. അമ്മയും പുറകേയുണ്ട്. പോകുമ്പോ അച്ഛന്‍ പറയുന്നത് കേള്‍ക്കാം.


“കള്ളന്മാരുടെ ശല്യം കൂടുന്നു എന്ന് ഇന്നും കൂടെ പത്രത്തില്‍ ഉണ്ടായിരുന്നു. ആ ചെക്കന്റെ സൈക്കിള്‍ ഒന്ന് അകത്തേക്ക് എടുത്തു വെച്ചേക്കാം...”


‘കള്ളന്‍’ ആ വാക്കില്‍ എന്‍റെ തലയില്‍ കറന്‍റ് വന്നു. അടുത്ത നീക്കം പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അച്ഛന്‍റെ ഞെട്ടലോടു കൂടിയുള്ള ഡയലോഗ് വന്നു.


“അയ്യോ ഇവിടെ ഉണ്ടായിരുന്ന സൈക്കിള്‍ എവിടെ പോയി?


ഇത് തന്നെ തക്കം. കൂട് തുറന്നു വിട്ട പട്ടിയെപ്പോലെ ഞാന്‍ കുളമുറിയില്‍ നിന്നും ഉമ്മറത്തേക്ക് ഓടി. ചെന്നയുടനെ ഇറയത്ത് ഒന്ന് നോക്കി സീനില്‍ ഒരു ഡയലോഗ് കയ്യില്‍ നിന്നിട്ട് എന്‍റെ ഭാഗം സേഫ് ആക്കി.


“ഞാന്‍ ഇവിടെ വെച്ചിരുന്നതാ... അയ്യോ എന്‍റെ സൈക്കിള് കള്ളന്‍ കൊണ്ടുപോയി...!!!”


പിന്നെ സീന്‍ കൊണ്ടുപോയത് അമ്മയാണ്. നെഞ്ചത്തടിച്ച് ഒറ്റ അലര്‍ച്ചയാണ്.


“കള്ളന്‍... കള്ളന്‍... അയ്യോ എന്‍റെ മോന്‍റെ സൈക്കിള്‍ കള്ളന്‍ കൊണ്ടു പോയേ...”


പിന്നെ ആകെ ഒരു ബഹളമായിരുന്നു. ചേട്ടന്‍ ഇറങ്ങി കള്ളനെ തിരഞ്ഞ് ഇടവഴി ഓടുന്നു. അമ്മയുടെ കരച്ചിലിന് കോറസായി ചേച്ചിയും ശോഭേച്ചിയും കൂടുന്നു. അയല്‍പക്കക്കാര് വരുന്നു. തിരയലും പിടിക്കലും ആകെ മൊത്തം ടോട്ടലി പറഞ്ഞാ പഞ്ചാരിമേളം ഡോള്‍ബി DTS.


ഇതിനിടയില്‍ ആരൊക്കെയോ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്‌ അതാണ്‌ ട്രാജഡി. എല്ലാം കണ്ടും കൊണ്ടും നിര്‍വികാരനായി നീറുന്ന മനസോടെ ഞാന്‍ ഒരു മൂലയ്ക്ക്... സൈക്കിള് നഷ്ട്ടപ്പെട്ടത്തിന്റെ വിഷമത്തിലാണെങ്കിലും ഉള്ളില്‍ എവിടെയോ ഒരു ചിരി സിഗ്നല്‍ തിരയുന്നില്ലേ എന്നൊരു സംശയം.


പിന്നെ കുറച്ചു നാളത്തേക്ക് കള്ളനെ പിടിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കലും, സംശയം തോന്നുന്ന കമ്പിളിപുതപ്പ് വില്‍പ്പനക്കാരെയും, കുപ്പി-പാട്ട പെറുക്കല്കാരെയും ചോദ്യം ചെയ്യലും, ഗൂര്‍ഘയെ നിയമിക്കലുമൊക്കെയായി പഞ്ചായത്ത്‌ പ്രസിഡന്റും പഞ്ചായത്തിന് ഉപകാരമില്ലാത്ത കുറച്ചു മെമ്പര്‍മാരും ഒന്ന് സജീവമായി എന്നുള്ളതും. ചില ഭഗീരഥന്‍പിള്ളമാരുടെ രാത്രി സഞ്ചാരങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചു എന്നതുമായിരുന്നു ഒലവങ്കോടിന് ടിയാന്‍റെ സൈക്കിള്‍ മോഷണം ചെയ്ത ഉപകാരം.


എന്നാലും എന്‍റെ സൈക്കിള്... അത്...???

01 August 2014

ഫ്ലാറ്റ് നമ്പര്‍ 7D

ശിഖിരങ്ങളുണ്ട് ശാഖകളും
കൂടുകളുണ്ട് കനവുകളും
ഉയരുന്നുണ്ട് നാടുനീളെ
മണ്ണകന്ന ജീവിതങ്ങള്‍...
വളരുന്നുണ്ട് വഴികള്‍ തോറും
വേരുകളില്ലാത്ത വൃക്ഷങ്ങള്‍...