19 November 2011

'സൗന്ദര്യം ഒരു ശാപം തന്നെയാണ്'

കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഏതൊരു സ്ഥലത്തിന്‍റെയും ഐശ്വര്യമാണ്, എന്നെപ്പോലുള്ള ആണുങ്ങളുടെ ദൗര്‍ബല്യവുമാണ് (തെറ്റിദ്ധരിക്കരുത്!!). അവരെ ചിരിപ്പിക്കാനായി സ്ക്രിപ്റ്റ് തയ്യാറാക്കി അവര് rehearsal നടത്തും. അവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അവര് പണയം വെയ്ക്കും. അവരെ പ്രീതിപ്പെടുത്താനായി എന്ത് കോപ്രായവും കാണിക്കും. ഇതിനൊക്കെയും ആ ഓഫീസിലെ ആണുങ്ങള്‍ സര്‍വസന്നാഹങ്ങളുമായി 24x7 സജ്ജമായിരുന്നുവെങ്കിലും. "ഓഫീസില്‍ പെണ്‍കുട്ടി വാഴില്ല" എന്ന സെക്യൂരിറ്റി മാധവന്‍ ചേട്ടന്‍റെ തിലകന്‍ സ്റ്റൈല്‍ ഡയലോഗ് അച്ചട്ടായി തുടര്‍ന്നു...

സൗന്ദര്യം പച്ചപ്പാണെങ്കില്‍ ഓഫീസ് അക്കാര്യത്തില്‍ മരുഭൂമിയായിരുന്നു. നല്ല ഒരു പച്ചപ്പുണ്ടെങ്കില്‍ ബോസാകുന്ന അറബാബിന്‍റെ കീഴില്‍ ഏതു മരുഭൂമിയിലും എത്ര നാളു വേണമെങ്കിലും ആടുജീവിതം നയിക്കാന്‍ കഴിയുമായിരുന്നു... അതിനു യോഗമില്ലാതിരുന്നതു കാരണം താല്‍കാലിക ആശ്വാസങ്ങളായിരുന്ന നിമ്മി, സുനിതമാരിലോക്കെ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചു ശ്രമിച്ചു മനസ്സു തളര്‍ന്നു. അപ്പോഴൊക്കെയും 'കാഴ്ച്ചയിലല്ല പെരുമാറ്റത്തിലും സ്വഭാവത്തിലുമാണ്‌ സൗന്ദര്യം' എന്ന് സ്വയം പറഞ്ഞു ആശ്വസിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും ചിലരിട്ടിരിക്കുന്ന Levis ജീന്‍സിന്‍റെ ഉള്ളിലൂടെ 'തളിര്‍' ബ്രാന്‍ഡ്‌ underware കാണേണ്ടി വരുന്നത് പോലെ ചില ആംഗിളുകളില്‍ വാസ്തവം bold letters ല്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. മനസിലാവാതെ കണ്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സിനിമയില്‍ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചു നിരാശപ്പെടാറുള്ള കിസ്സിംഗ് സീന്‍ പോലെ ഹെഡ് ഓഫീസില്‍ നിന്നും വരുന്ന പൊട്ടിക്കാത്ത ഓരോ ലെറ്ററുകളിലും ഒരു സുന്ദരിയുടെ നിയമനം പലരും വെറുതെ സ്വപ്നം കണ്ടു. ഒരു female joinee യ്ക്കു വേണ്ടി കുരിശുപള്ളിയില്‍ മെഴുകുതിരികള്‍ ഉരുകിയൊലിച്ചു. അമ്പലമുറ്റത്ത്‌ കരച്ചിലിന്‍റെ ശബ്ദത്തില്‍ തേങ്ങകള്‍ ഉടഞ്ഞു കൊണ്ടിരുന്നു. അപ്പോഴൊക്കെയും കള്ളച്ചിരിയോടെ ദൈവം യഥാക്രമം കണ്ണടച്ചു, headphone വെച്ചു. "എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ" എന്ന ഡയലോഗ് റെയില്‍വേ സ്റ്റേഷന്‍ anouncement കണക്കെ ഓഫീസില്‍ മാറ്റൊലി കൊണ്ടു. അവസാനം ഗതി കെട്ട് എനിക്കൊരു പെണ്‍കുട്ടിയുണ്ടായാല്‍ അവളെ ഞാന്‍ ഈ ഓഫീസില്‍ ജോയിന്‍ ചെയ്യിക്കും എന്നു വരെ ആരോ പറഞ്ഞു. അങ്ങനെ വിരസമായ ഓഫീസ് ജീവിതം അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്...


വേനലിലെ മഴ പോലെ, ചിക്കന്‍ റോളിലെ ചിക്കന്‍ പീസ്‌ പോലെ, center fresh ലെ  centre പോലെ അന്നാ അറിയിപ്പ് ബോസ്സ് വായിച്ചു...


"ഒരു പെണ്‍കുട്ടി ജോയിന്‍ ചെയ്യാനെത്തുന്നു... പേര് കനിഷ്ക!!"


ആ പേര് പറഞ്ഞത് പലരും കേട്ടത് എക്കോയിലായിരുന്നു. തലയ്ക്കു ചുറ്റും ദിവ്യപ്രകാശവുമായി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന HR മാനേജരുടെ രൂപം മനസ്സില്‍ കണ്ടു പലരും അറിയാതെ കൈ കൂപ്പിപ്പോയി. എല്ലാവരും പ്ലാനിംഗ് തുടങ്ങി. കനീ എന്നു വിളിക്കണോ? അതോ ഹണീ എന്നു വിളിക്കണോ?? അവളുടെ കാബിന്‍ എന്‍റെയടുത്തായിരിക്കുമോ അതോ എന്‍റെത് അങ്ങോട്ട്‌ മാറ്റേണ്ടി വരുമോ?? ചക്രമുള്ള ചെയര് പലരും ഒരു ആശ്വാസമായി കണ്ടു. How to attract Kanishka? Kanishka's favorites?? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെ ഗൂഗിള്‍ വലഞ്ഞു. ഏതായാലും മുന്‍പൊരിക്കല്‍ സംഭവിച്ചതു പോലെയായില്ല. ആരുടേയും പ്രതീക്ഷകള്‍ തകര്‍ക്കാതെ കനിഷ്ക ലാന്‍ഡ്‌ ചെയ്തു. കനിഷ്കയെ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "ഇതാണ് ഉച്ചയുറക്കത്തില്‍ ഞാന്‍ സ്വപനം കണ്ട പെണ്‍കുട്ടി" അത് സത്യമായിരുന്നു പലരുടെയും സ്വപ്നങ്ങളിലും ചിന്തകളിലും ചര്‍ച്ചകളിലും കടന്നു വന്ന അതേ രൂപം അതേ ഭാവം അതേ സൗന്ദര്യം. ഓഫീസില്‍ വന്നതിനു ശേഷം അന്നു ആദ്യമായി, കഷണ്ടിയായത്തില്‍ ഫാസിലിനു വിഷമം തോന്നി...


അതോടെ മരണ വീട് പോലെയിരുന്ന ഓഫീസ് കല്യാണ വീട് പോലെയായി. നന്നാക്കാനായി കമ്പ്യൂട്ടര്‍ അഴിച്ചാല്‍ 4 സ്ക്രൂകളില്‍ 3 എണ്ണം മാത്രം മുറുക്കിയിരുന്ന അനീഷേട്ടന്‍ 4 എഎണ്ണവും മുറുക്കാന്‍ തുടങ്ങി. ചായ കൊണ്ടു വരുന്ന പ്യൂണ്‍ ദിനേശേട്ടന്‍റെ മുഖത്ത് ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ നേരത്തെ പോലത്തെ ചിരി confirm ആയി. കൂറ മണം നിറഞ്ഞിരുന്ന ഓഫീസില്‍ room freshner സുഗന്ധം പരത്തി. പലരുടെയും ബാഗുകള്‍
Hair gel, Deodorant, Fairness cream, Mouth freshener, Facewash, Lip cream, Hair dye എന്നിങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ടു നിറഞ്ഞു. ജോലിക്കിടയിലും ആ സൗന്ദര്യധാമത്തെ ആരുമറിയാതെ നോക്കാനായി റോഡ്‌ സൈഡിലെ കൂളിംഗ് ഗ്ലാസ്‌ കച്ചവടക്കാരനെ ഓടിച്ചിട്ട്‌  പിടിച്ചു പലരും ഗ്ലാസ്സുകള്‍ വാങ്ങിച്ചു വെച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വികസ് ഗുളിക കഴിച്ച തൊണ്ട പോലെ, ഓഫീസിലെ കിച് കിച് എല്ലാം മാറി മൊത്തത്തില്‍ ഒരു കുളിര്‍മ നിറഞ്ഞു.

കനിഷ്ക വന്നതിന്‍റെ മൂന്നാം ദിവസം വൈകിട്ട് ഓഫീസിനു വെളിയില്‍ നില്‍ക്കുകയായിരുന്ന നിഖിലിന് മുന്നില്‍ പതിവു പോലെ അന്നും സ്കൂട്ടി നിര്‍ത്തി നിമ്മി ചോദിച്ചു...

"കയറുന്നില്ലേ??"


ഒരല്‍പം ചമ്മലോടു കൂടി നിഖില്‍ പറഞ്ഞു...


"അ... അ... അല്ല... അതേ കനിഷ്ക കാര്‍ കൊണ്ട് വന്നിട്ടുണ്ട്... അവള്‍ക്കു ടൌണില്‍ ഒന്ന് കറങ്ങണമെന്ന്"

വന്ന അന്ന് മുതല്‍ ബാക്ക് സീറ്റ് booked ആയിരുന്ന ആ സ്കൂട്ടിയുടെ ബാക്ക് ടയറിനു അന്ന് മുതല്‍ ഒരു 65 കിലോയില്‍ നിന്നും മോക്ഷമായി...

അതൊരു തുടക്കമായിരുന്നു...

അന്ന് മുതല്‍ കേബിള്‍ ടീവിയുടെ വരവോടെ  വിസ്മൃതിയിലാണ്ട ദൂരദര്‍ശന്‍റെ അവസ്ഥയായി നിമ്മി സുനിതമാരുടെത്. അടക്കം പറച്ചിലുകളും ആള്‍ക്കൂട്ടങ്ങളും പൊട്ടിച്ചിരികളും നിറം കൊടുത്തിരുന്ന അവരുടെ കാബിനുകള്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പുകളെ ഓര്‍മ്മിപ്പിച്ചു. ഉച്ചയൂണിന്‍റെ സമയത്ത് ഒരുപാട് കൈകള്‍ അവകാശം സ്ഥാപിക്കാറുണ്ടായിരുന്ന അവരുടെ ചോറ്റും പാത്രങ്ങള്‍ ഉറുമ്പരിച്ചു കിടക്കുന്നത് ചില സര്‍ക്കാര്‍ പരസ്യങ്ങള്‍ പോലെ ബോറടിപ്പിക്കുന്ന കാഴ്ചയായി...

അതേ സമയം ഓഫീസില്‍ കനിഷ്ക പന്നിപ്പനി പോലെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ ഇഷ്ട്ടങ്ങളും
ഇഷ്ട്ടക്കേടുകളും കമ്പനി പോളിസികള്‍ പോലെ പലര്‍ക്കും കാണാപ്പാഠമായി. ഒന്നു പറഞ്ഞു രണ്ടാമത്തേത്തിന് മൊട പറഞ്ഞിരുന്നവന്‍മാരും പ്രശ്നങ്ങളെ തേടിപ്പിടിച്ച് അങ്ങോട്ട്‌ ചെന്ന് റേപ് ചെയ്തിരുന്നവന്‍മാരുമൊക്കെ  സാദാ സമയവും പുഞ്ചിരി പൊഴിച്ച് കൊണ്ട് അത്രയും നാളും കാണിക്കാതിരുന്ന പ്രൊഫഷണലിസത്തിന്‍റെ
ഉദാത്ത മാതൃകകളായി. അവളുടെ പ്രിയ നടന്‍ മഹേഷ്‌ ബാബു ആണെന്നുള്ള അറിവ് കേരളത്തില്‍ മഹേഷ്‌ ബാബുവിന്‍റെ ആരാധകരുടെ എണ്ണം കൂട്ടി . പിന്നെ കുറേ നാളത്തേക്ക് ഏമണ്ടി മഹേഷ്‌ ബാബുലു സ്റ്റൈലെല്ലാം പഠിക്കലു ഓഫീസിലുള്ളവരുടെ അനൗദ്യോഗിക ജോലിയായി. ഡ്രെസ്സിങ്ങിലെ അവളുടെ പരീക്ഷണങ്ങള്‍ ഓഫീസില്‍ തരംഗമായി. മീറ്റിങ്ങുകളില്‍ അവളുടെ അഭിപ്രായങ്ങള്‍ക്കായി പലരും കാതോര്‍ത്തു. അവളുടെ മണ്ടത്തരങ്ങള്‍ പലരും കണ്ടില്ലെന്നു നടിച്ചു. തമാശ പറയാനുള്ള അവളുടെ ശ്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പേ ഓഫീസില്‍ ചിരി മുഴങ്ങി.
കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി കൊടുക്കാനും എന്തെങ്കിലും കാര്യത്തിന് സഹായിക്കാനുമൊക്കെയാണെങ്കിലോ എല്ലാവര്‍ക്കും ഒടുക്കത്തെ ഉത്സാഹം. കനിഷ്ക ലീവെടുക്കുന്ന ദിവസം ഓഫീസിലെ ഹാജര്‍ വരെ കുറഞ്ഞു. ഇങ്ങനെ കനിഷ്കാജ്വരം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഒരു തിങ്കളാഴ്ച ദിവസം ആ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും അറിയുന്നത്...

'ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒരു ബോംബേക്കാരനുമായി കനിഷ്ക ഒളിച്ചോടി'

അപ്രതീക്ഷിതമായ ആ പവര്‍ കട്ടില്‍ പലരും തപ്പിത്തടഞ്ഞു. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ പലരും ഉലഞ്ഞു. ആ ഷോക്കില്‍ നിന്നും പലരെയും കര കയറ്റാനായി കോഫി കൊടുത്ത് കൊടുത്ത് കോഫി മെഷീനും സിഗരറ്റ് കൊടുത്ത് കൊടുത്ത് തൊട്ടടുത്ത സ്റ്റേഷനറി കടക്കാരനും ക്ഷീണിച്ചു. അന്നത്തെ ഓരോ മിനിറ്റിനും മണിക്കൂറിന്‍റെ ദൈര്‍ഘ്യമുള്ളതായി പലര്‍ക്കും തോന്നി. എങ്ങനെയൊക്കെയോ തള്ളി നീക്കിയ ആ ദിവസത്തിന്‍റെ The End ഓടു കൂടി ഒരു മാസത്തോളം നീണ്ട വിസ്മയക്കാഴ്ച്ചകള്‍ക്ക് അവസാനമായി.‍..

അന്ന് വൈകിട്ട് ബസ്‌ കയറാനായി നടക്കുകയായിരുന്ന നിഖിലിനു മുന്നില്‍ പതിവു പോലെ നിമ്മിയുടെ സ്കൂട്ടി വന്നു നിന്നു...

പരസ്പരം 2 പേരും നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല...

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം നിഖില്‍ കയറി ഇരുന്നു...

സ്കൂട്ടി മുന്നോട്ട് നീങ്ങി...

ഒന്നും മിണ്ടാതെ ഒന്ന് ഇളകി ഇരിക്കുക മാത്രം ചെയ്ത നിഖിലിനോട് നിമ്മി ചോദിച്ചു...

"ചന്തി പൊള്ളുന്നുണ്ടോ...??"


ആ ചോദ്യത്തിന് നിഖിലിന് ഉത്തരമില്ലായിരുന്നു...

******************

ഈ സൗന്ദര്യമൊരു ശാപം തന്നെയാണ്...
  1. അത് ഉള്ളവര്‍ക്ക്
  2. അത് ഇല്ലാത്തവര്‍ക്ക്
  3. ആഗ്രഹമുണ്ടായിട്ടും അത് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍ക്ക് :)

08 November 2011

അപ്പൊ അതിനു മുന്‍പ്???

ബൈബിളില്‍ പറയുന്നു 6 ദിവസം മഹത്തായ സൃഷ്ട്ടി കര്‍മത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന്. എനിക്കൊരു സംശയം... അപ്പൊ അതിനു മുന്‍പ് ദൈവം എന്തായിരിക്കും ചെയ്തു കൊണ്ടിരുന്നത്??? :)