02 January 2013

സമ്മര്‍ദത്തില്‍ ജയിച്ച കളി

ഞാന്‍ സച്ചിന്‍ ടെണ്‍ഡുല്‍ക്കറിന് പഠിച്ചു കൊണ്ടിരിക്കുന്ന കാലം...

ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് ക്രിക്കറ്റ് എന്നൊരു വിചാരം മാത്രമേ ഉള്ളൂ. ഫോട്ടോ വെച്ച് പൂജിക്കാറോ അതിനു മുന്നില്‍ വണങ്ങാറോ ഇല്ലായിരുന്നുവെങ്കിലും സച്ചിനായിരുന്നു അന്നെന്‍റെ ദൈവം, ക്രിക്കറ്റായിരുന്നു അന്നെന്‍റെ മതം. കേകയുടെയും മന്ജരിയുടെയും ലക്ഷണം അറിയില്ലായിരുന്നുവെങ്കിലും LBW ന്‍റെ പൂര്‍ണരൂപം അന്നെനിക്ക് മനപ്പാഠമായിരുന്നു. കണക്കിലെ സമവാക്യങ്ങള്‍ ഒന്ന് പോലും അറിയില്ലായിരുന്നുവെങ്കിലും ഡക്ക് വര്‍ത്ത് ലൂയിസ് നിയമമെന്താണെന്ന് ഏതുറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഞാന്‍ പറയുമായിരുന്നു. മടലിന്‍റെയോ പലകയുടെയോ ബാറ്റില്‍ നിന്ന് ബാബു ചേട്ടന്‍റെ വീടിന്‍റെ മതിലാകുന്ന ബൗണ്ടറി കടക്കുന്ന പന്തുകള്‍, ആ പന്ത് പോലെ തന്നെ ഞാനും എത്തേണ്ടിടത്ത് എത്തേണ്ടവനാണെന്ന ഉള്‍പുളകത്തോട് കൂടിയുള്ള തോന്നലും രോമാഞ്ചവും അന്നെനിക്ക് സമ്മാനിച്ചിരുന്നു. നാടന്‍ പിച്ചുകളായത് കൊണ്ട്, ഒട്ടും പ്രതീക്ഷിക്കാതെ കല്ലില്‍ തട്ടി കുത്തിത്തിരിഞ്ഞ്‌ ബാറ്റ്സ്മാന്‍റെ വിക്കറ്റ് തെറിപ്പിക്കുന്ന പന്തുകള്‍ എനിക്ക് എന്നോട് തന്നെയുള്ള ബഹുമാനക്കൂടുതലിനു പലപ്പോഴും കാരണമായിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാണ് ഒരിക്കല്‍ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ വന്ന മാമന്‍റെ അരുമസന്താനത്തെ ഉറക്കത്തിനിടയില്‍ ഓഫ്‌ ഡ്രൈവ് ചെയ്ത് കട്ടിലിന്‍റെ ബൌണ്ടറി കടത്തിയതിലും, ഓംലെറ്റ്‌ ഉണ്ടാക്കാന്‍ കൊണ്ടു വന്ന മുട്ട overconfidence കയറി മുകളിലേക്കിട്ടു ക്യാച്ച് ചെയ്യാന്‍ ശ്രമിച്ചു പൊട്ടിച്ചതിലുമൊന്നും എനിക്കൊരു കുറ്റബോധവും തോന്നാതിരുന്നതും.



ഹാ... അതൊരു കാലമായിരുന്നു!! അന്നൊക്കെ സിക്സറടിച്ചു എന്തുമാത്രം ജനാലകള്‍ പൊട്ടിച്ചിരിക്കുന്നു. അനുവാദമില്ലാതെ എത്രയെത്ര പറമ്പുകള്‍ കയ്യേറിയിരിക്കുന്നു. അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും കളി തന്നെയായിരിക്കും. കളിയ്ക്കാന്‍ വിട്ടില്ലെങ്കിലോ പിന്നെ വീട്ടില്‍ ലഹളയാണ്. രാവിലെ തുടങ്ങുന്ന കളി നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ ബോള് കാണാതെ പോകണം അല്ലെങ്കില്‍ കച്ചറയുണ്ടാവണം. അതുമല്ലെങ്കില്‍ മഴ പെയ്യണം. അന്നൊക്കെ കളി മുടക്കാനായി പെയ്യുന്ന മഴയെ വിളിച്ച തെറിക്കു കയ്യും കണക്കുമില്ല. പരീക്ഷയുടെ തലേന്നൊക്കെ റൂമില്‍ അടച്ചിരുന്നു പഠിക്കുമ്പോഴും തൊട്ടപ്പുറത്തെ പറമ്പില്‍ കളി നടക്കുന്നുണ്ടെങ്കില്‍ പിന്നെ labour റൂമിന് പുറത്തിരിക്കുന്ന ഭര്‍ത്താവിന്‍റെ അവസ്ഥയായിരിക്കും എന്‍റെത്. ഒരു സമാധാനവും കിട്ടില്ല. മുട്ടയിടാന്‍ മുട്ടിയ കോഴി നടക്കുന്ന പോലെ ചുമ്മാ റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടും. അക്കാലത്ത് വെറുതെ നടക്കുന്നത് പോലും ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഷോട്ട് പ്രാക്റ്റീസു ചെയ്ത് കൊണ്ടായിരിക്കും. ഞാന്‍ ജനിച്ചത്‌ തന്നെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വേണ്ടിയാണ് എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. വീട്ടുകാരുടെ ശാസനയാകുന്ന യോര്‍ക്കറുകളേയും ടീച്ചര്‍മാരുടെ നടപടികളാകുന്ന ഗൂഗ്ലികളേയും അതിജീവിച്ച് ഇങ്ങനെ തരളിതമായി പൊയ്ക്കൊണ്ടിരുന്ന എന്‍റെ ക്രിക്കറ്റ്‌ ജീവിതത്തിന്‍റെ വിക്കറ്റ് തെറിച്ചത്‌ ഒരേയൊരു മാച്ചോടു കൂടിയായിരുന്നു...

അക്കരക്കാരന്‍ ബിജുവിന്‍റെ ടീമുമായുള്ള മാച്ചായിരുന്നു അത്. 25 രൂപ ബെറ്റിനാണ് കളി. ടീമംഗങ്ങളുടെ  കുറേ കാലത്തെ സമ്പാദ്യമാണ് ഈ തുക. ഇതേ തുക 2 ടീമും ഇടണം. അപ്പൊ വിജയികള്‍ക്ക് 50 രൂപ.  അത് ജയിക്കുക എന്നുള്ളത് ഞങ്ങളുടെ അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു. കഴിഞ്ഞ തവണത്തെ മാച്ച് ബിജുവിന്‍റെ അനിയന്‍ അമ്പയര്‍ ആയതു കൊണ്ടു മാത്രമാണ് അവര് ജയിച്ചത്‌. കള്ളക്കളി കണ്ടു പിച്ചത് തന്നെ അവനാണ്. അലമ്പുണ്ടാക്കി കളിയവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ അന്ന്  ബെറ്റു വെച്ച പൈസ ആദ്യമേ അവന്‍റെ കയ്യില്‍ കൊടുത്തു പോയി. അതാ പറ്റിയത്. പിന്നെ എന്ത് പ്രശ്നമുണ്ടാക്കിയാലും അവന്‍മാര് ഓടിക്കളയും. ക്രിക്കറ്റ്‌ മാന്യന്‍മാരുടെ കളിയാണെന്നുള്ളത് അന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലല്ലോ... അതുകൊണ്ട് അപ്പ്രാവശ്യം രണ്ടു കൂട്ടര്‍ക്കും സമ്മതനായ, മൂസാക്കാന്‍റെ മസാല പീടികയില്‍ സാധനം എടുത്തു കൊടുക്കുന്ന, ക്രിക്കറ്റ്‌ കണ്ടിട്ടു പോലുമില്ലാത്ത അബ്ദുവിനെ അമ്പയര്‍ ആക്കി. അവന്‍ സത്യം മാത്രമേ പറയൂ എന്നുള്ളത് എല്ലാവര്‍ക്കും ഉറപ്പാണ്.

ബെറ്റിന്‍റെ പൈസ ആദ്യമേ 2 കൂട്ടരും അവനെ ഏല്‍പ്പിച്ചു. കശുവണ്ടി വിറ്റും, കരഞ്ഞു വിളിച്ചും നിരാഹാരം കിടന്നും വീട്ടില്‍ നിന്ന് വാങ്ങിച്ചും, അമ്മയുടെ കാശ് കുടുക്കയില്‍ കയ്യിട്ടു വാരിയും, അപ്പച്ചന്‍റെ പേഴ്സില്‍ നിന്ന് മോഷ്ട്ടിച്ചുമൊക്കെ ഉണ്ടാക്കിയ മൂലധനം കൊണ്ടാണ് പന്ത് വാങ്ങിച്ചത്. അത് 'വിക്കി' തന്നെ വേണമെന്നുള്ളത് നിര്‍ബന്ധമാണ്‌. ബാറ്റ് ഗള്‍ഫുകാരന്‍ ബാബു ചേട്ടന്‍റെ മകന്‍ ഉണ്ണിയുടെ വകയാണ്. അവന്‍ പിണങ്ങാതെ നോക്കുക എന്നുള്ളതാണ് പ്രധാനം അതുകൊണ്ട് അവനെ ഓപ്പണര്‍ ആക്കി. ബാക്കിയെല്ലാ സെറ്റപ്പും ഓക്കേ ആണ്. അപ്പുറത്തെ വീട്ടിലെ മാളു, കൂടെ കളിക്കുന്ന ബബീഷിന്‍റെ പെങ്ങള്‍ കുക്കു, അവളുടെ കൂട്ടുകാരി ഇന്ദു എന്നിങ്ങനെ ചിയര്‍ ഗേള്‍സ്‌ റെഡിയാണ്. Strategik time out ല്‍ കുടിക്കാന്‍ അപ്പുറത്തെ പറമ്പിലെ നെല്ലിപ്പലകയിട്ട കിണറ്റിലെ വെള്ളവും, കഴിക്കാനായിട്ട്  വീട്ടില്‍ ചായയുടെ കൂടെ കൊടുക്കുമ്പോള്‍ അജീഷ് കീശയിലാക്കി കൊണ്ടുവരുന്ന മിക്സ്ച്ചറും റെഡി. Extra innings T-20 ഞങ്ങള് തന്നെ നടത്തിക്കോളും അതില്‍ guest ആയിട്ട് വഴിയേ പോണ ഏതെങ്കിലും ഒരുത്തന്‍ ഉണ്ടാവുകയും ചെയ്യും. ഗോപാലേട്ടന്‍റെ തെങ്ങിന്‍ തോപ്പാണ് ഞങ്ങളുടെ വാങ്കടെ സ്റ്റേഡിയം. അത് പ്രത്യേകിച്ച് ഒരുക്കണ്ട കാര്യമില്ല. പിച്ചിലെ പുല്ലു ടേസ്റ്റ് ചെയ്യുന്ന പശുക്കള് വല്ലതുമുണ്ടെങ്കില്‍ ഒന്ന് മാറ്റിക്കെട്ടിയാല്‍ മാത്രം മതി.

അങ്ങനെ എല്ലാം തയ്യാര്‍!! ടോസ് ഇടാന്‍ സമയമായി. കോയിനെല്ലാം തന്നെ അപ്പോഴേക്കും ബോള് വാങ്ങിക്കാറുള്ള അഷ്റഫിന്‍റെ ഫാന്‍സിയിലെ മേശവലിപ്പില്‍ ഉറക്കം തുടങ്ങിക്കാണും. അതുകൊണ്ട് ചരല് വാരി മുകളിലേക്ക് എറിഞ്ഞു പിടിച്ചിട്ട്, കൈ പൂട്ടി മുഷ്ട്ടിയിലുള്ള കല്ലുകളുടെ എണ്ണം ഒറ്റയോ ഇരട്ടയോ എന്ന് ചോദിക്കും. ഇതാണ് അന്നത്തെ ടോസ്. പറഞ്ഞത് ശരിയായാല്‍ തീരുമാനം അവരുടേതായിരിക്കും. ഇനി ടോസ് കിട്ടിയാലോ ബാറ്റിംഗേ തിരഞ്ഞെടുക്കൂ... അത് പിച്ചിന്‍റെ സ്വഭാവം കൊണ്ടല്ല, നമ്മുടെ ആക്ക്രാന്തം കൊണ്ടാണ്. അന്ന് ഏതു കളിയിലും ആദ്യമേ ഉറപ്പിക്കാവുന്ന ഇതുപോലുള്ള ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഓവര്‍ തുടങ്ങിയിട്ടില്ലെങ്കില്‍ പോലും എത്ര ബോള്‍ ആയെന്നു ചോദിച്ചാല്‍ വരാറുള്ള ലാസ്റ്റ് ബോള്‍ എന്ന ഉത്തരം. ഒന്നു കൂടി ചോദിച്ചാല്‍ വരുന്ന ലാസ്റ്റ് 2 ബോള്‍ എന്ന ഉത്രം. ബോള്‍ കാണാതെ പോകല്‍, അടിപിടി-പിണങ്ങിപ്പോക്ക്-വിക്കറ്റ് പൊട്ടിക്കല്‍-ബാറ്റ് വലിച്ചെറിയാല്‍, ഗ്രൗണ്ടിന്‍റെ പരിമിതികള്‍ക്ക്‌ അനുസരിച്ച് ഉണ്ടാക്കുന്ന, ക്രിക്കറ്റ്‌ കണ്ട്രോള്‍ ബോര്‍ഡിന്‍റെ പോലും കണ്ട്രോള് കളയുന്ന നിയമങ്ങള്‍ തുടങ്ങിയവ.

ഈ പരമ്പരാഗത രീതികളെല്ലാം തന്നെ വള്ളി പുള്ളി വിടാതെ പിന്തുടരുന്ന ബിജുവിന്‍റെ ടീമിനാണ് അന്നാദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.

ഇനിയുള്ള കളി കുറച്ചു fast forward ചെയ്യാം...

ഓവറിനാണ് കളി. 6 ഓവറില്‍ അവര് തട്ടിമുട്ടി 55 റണ്‍സ് എടുത്തു. ഞങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടത് 6 ഓവറില്‍ 56 റണ്‍സ്. ഇനി ഞങ്ങളുടെ ബാറ്റിംഗ് ആണ്. ഓപ്പണര്‍ ഉണ്ണി മക്കല്ലമായി. ആദ്യ ഓവറില്‍ തന്നെ 2 സിക്സും ഒരു ഫോറും. കാണികള്‍ ഇളകി മറിഞ്ഞു. ഇന്ന് ചിയര്‍ ഗേള്‍സ്‌ പാടുപെടും എന്നെനിക്കു തോന്നി. അന്നത്തെ അവന്‍റെ ഫോം കണ്ടപ്പോള്‍  എനിക്ക് ബാറ്റിങ്ങിന് ഇറങ്ങാന്‍ പറ്റില്ല എന്ന് തന്നെ ഞാന്‍ ഉറപ്പിച്ചതാണ്. എന്നാല്‍ എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു... മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഉണ്ണി ഔട്ടാകുമ്പോള്‍ സ്കോര്‍ 35 റണ്‍സ്. അടുത്തത് ബബീഷിന്‍റെ ഊഴമായിരുന്നു കാരണം പന്ത് വാങ്ങിക്കാന്‍ കൂടുതല്‍ പൈസയിട്ടത് അവനാണ്. അങ്ങനെ അവന്‍ സുരേഷ് റെയ്ന കളിച്ച് സ്കോര്‍ 50 ല്‍ എത്തിച്ച് നില്‍ക്കുമ്പോഴാണ് എനിക്ക് വീണ്ടും ദൈവത്തിനു നന്ദി പറയാന്‍ അവസരം ലഭിച്ചത്.   നാലാമത്തെ ഓവറിലെ അവസാന പന്തില്‍ ബബീഷ് കീപ്പര്‍ കാച്ച്. അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ് എന്ന് പറഞ്ഞ പോലെ. ബാറ്റ് ചെയ്യാനിറങ്ങിയ ഞാന്‍ നോണ്‍  സ്ട്രൈക്കര്‍. അപ്പു ആണ് സ്ട്രൈക്കര്‍. ജയിക്കാന്‍ വേണ്ടത് 2 ഓവറില്‍ 6 റണ്‍സ് മാത്രം. ബിജുവിന്‍റെയും കൂട്ടരുടെയും മുഖത്തെ brightness കുറഞ്ഞു. അവര് തോല്‍വി ഉറപ്പിച്ചിരുന്നു. അപ്പു ആ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഒരു ഫോറടിച്ച് വിജയത്തിലേക്കുള്ള ദൂരം കുറച്ചു. അതോടെ ജയിച്ചതിനു ശേഷം 50 രൂപ കൊണ്ട് കുഞ്ഞിക്കയുടെ കടയില്‍ നിന്ന് കഴിക്കാന്‍ പോകുന്ന പൊറോട്ടയും ബീഫും മനസില്‍ തെളിഞ്ഞു.

അതിനിടയില്‍ രണ്ടാമത്തെ പന്തില്‍ അപ്പുവിന്‍റെ വിക്കറ്റ് തെറിച്ചുവെങ്കിലും ഒട്ടും സമ്മര്‍ദം തോന്നിയിരുന്നില്ല. കാരണം, ഞാന്‍ അവസാന ബാറ്റ്മാന്‍ ആണെങ്കിലും 10 പന്തില്‍ 2 റണ്‍സ് എനിക്ക് പൂവന്‍ പഴം തൊലി പൊളിക്കുന്നത് പോലെയുള്ള കാര്യമായിരുന്നു. അത് നന്നായി മനസിലാക്കിയിരുന്ന ഫാസ്റ്റ് ബൗളര്‍ ഷബീര്‍ എന്നാപ്പിന്നെ എത്രയും പെട്ടന്ന് ജയിച്ചോട്ടെ എന്ന മട്ടില്‍ വളരെ പതുക്കെ ഒരു ബാറ്റ്സ്മാന്‍റെ കണ്ട്രോള് കളയുന്ന തരത്തിലുള്ള  പന്തുകളാണ് പിന്നെയങ്ങോട്ട് എനിക്ക് ഇട്ടു തന്നതെങ്കിലും എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അടുത്ത 3 പന്തുകള്‍ ഞാന്‍ നെറ്റ് പ്രാക്ടീസ് ചെയ്യുന്നത് പോലെ കമന്നു കിടന്നു മുട്ടിയിട്ടു. എളുപ്പത്തില്‍ ജയിക്കാവുന്ന ആ അവസ്ഥയില്‍, എന്‍റെ ഉദ്ദേശമെന്താണെന്ന് മനസിലാകാതിരുന്ന ഉണ്ണിയടക്കമുള്ള ടീമംഗങ്ങളുടെ മുഖത്ത് വിരിഞ്ഞ ആശ്ചര്യചിഹ്നവും ചോദ്യചിഹ്നവും മനസിലാക്കിയ ഞാന്‍ ഉണ്ണിയെ നോക്കി പറഞ്ഞു...

"ഡാ സമ്മര്‍ദത്തില്‍ കളി ജയിക്കണം അതാണ്‌ രസം"

കൊച്ചു കുട്ടികള്‍ക്കു പോലും അടിക്കാന്‍ പറ്റുന്ന പാകത്തിന് വന്ന ആ ഓവറിലെ അവസാന പന്തും ഞാന്‍ വെറുതെ വിട്ടു...

ഇനി അവസാന ഒവറാണ്. അതില്‍ ജയിക്കാന്‍ വേണ്ടത് 6 ബോളില്‍. 2 റണ്‍സ്.

അവസാനത്തെ ഓവറിലെ ആദ്യത്തെ ബോളിലും വ്യത്യസ്തമായി ഒന്നും ചെയ്യാതിരുന്ന എന്നോട് ഉണ്ണി ചോദിച്ചു...


"നീ എന്തുവാടേ കാണിക്കുന്നത്?"

ഞാന്‍ വീണ്ടും പറഞ്ഞു...

"നീ പേടിക്കാതെ... സമ്മര്‍ദത്തില്‍ കളി ജയിക്കണം അപ്പോഴല്ലേ ഒരാവേശം ഉണ്ടാകുകയുള്ളൂ!!"

ഉണ്ണി ഒന്നും മിണ്ടിയില്ല. കൂടുതല്‍ മിണ്ടിയിട്ടു കാര്യമില്ലെന്ന് അവനു തോന്നിക്കാണും. രണ്ടാമത്തെ ബോള് നേരിടാനൊരുങ്ങുന്നതിനു മുന്‍പ്, ഇപ്പൊ തുളുമ്പി പോകുമെന്ന പാകത്തില്‍ നില്‍ക്കുന്ന അഹങ്കാരത്തോട്‌ കൂടി എതിര്‍ ടീമിലെ കളിക്കാരെയെല്ലാം അതീവ പുച്ഛത്തോടെ നോക്കിക്കൊണ്ട്‌, അനുവാദം ചോദിക്കുന്നത് പോലെ ഞാന്‍ ഉണ്ണിയോട് പറഞ്ഞു.

"അപ്പൊ ഇനി നോക്കാം അല്ലേ ഉണ്ണീ??"

ഉണ്ണി ദയനീയമായി എന്നെയൊന്നു നോക്കി. ആ ഒരു നോട്ടത്തില്‍ ഒരുപാട് വികാരങ്ങളുണ്ടായിരുന്നു...

എന്നാല്‍ വേളാങ്കണ്ണി മാതാവാണേ സത്യം!! രണ്ടാമത്തെ ബോളില്‍ ഒരു ഫോറടിച്ചു രാജകീയമായി ജയിക്കണം എന്ന്  ഞാന്‍ തീരുമാനിച്ചതും അതിനായി ബാറ്റ് വീശിയതുമാണ്, പക്ഷെ ഒഴിഞ്ഞു പോയി... അടുത്ത ബോളിലും അത് തന്നെ ചെയ്യണമെന്നാണ് ഞാന്‍ കരുതിയത്‌. എന്നാല്‍ അതൊരു യോര്‍ക്കറായിരുന്നു.

സ്കോര്‍: "3 ബോളില്‍ ജയിക്കാന്‍ വേണ്ടത് 2 റണ്‍സ്!!"

അതോടെ ഇട്ടിട്ടു പോയ പ്രതീക്ഷ ഓട്ടോ പിടിച്ചു വരുന്നുണ്ടെന്നു മനസിലാക്കിയ ബിജു ഫീല്‍ഡിംഗ് ശക്തമാക്കി, ബൌളര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊക്കെ അടുത്ത് വന്നു കൊടുക്കാന്‍ തുടങ്ങി. അതുകണ്ട ഞാന്‍ ഞാന്‍ ഉണ്ണിയോട് പറഞ്ഞു...

"പേടിക്കാതെ ഞാനില്ലേ..."

ഉണ്ണി അപ്പോഴും ഒന്നും മിണ്ടിയില്ല. പകരം അവന്‍റെ വള്ളി ട്രൌസര്‍ ഒന്ന് കയറ്റിയിടുക മാത്രമേ ചെയ്തുള്ളൂ...

ഞാന്‍ നാലാമത്തെ ബോളിനു തയ്യാറെടുത്തു. തീരുമാനം പഴയത് തന്നെ. ഇത്തവണ കണ്ണും പൂട്ടി അടിച്ചു, ബോള് ജീവനും കൊണ്ടോടി. റണ്ണിനായി ഞാനും ഓടി. എന്നാല്‍ അത് ഫീല്‍ഡറുടെ കൈകളിലേക്കയിരുന്നു എന്ന് മാത്രം. അത്രയും കാലം നേരെ ഉരുട്ടി വിട്ടാല്‍ പോലും പന്ത് പിടിക്കാത്ത മാക്രി ഹരീഷ് എന്‍റെ കഷ്ട്ടകാലത്തിന് അന്ന് ബോള് കൃത്യമായിട്ട്‌ പിടിച്ചു. ഇനിയുള്ളത് 2 ബോളുകള്‍ കൂടി മാത്രം. ബിജു ഫീല്‍ഡര്‍മാരെയെല്ലാം അടുപ്പിച്ചു നിര്‍ത്താന്‍ തുടങ്ങി. എന്നെ ചെറുതായിട്ട് വിറയ്ക്കാന്‍ തുടങ്ങിയോ എന്ന് തോന്നിത്തുടങ്ങിയിരുന്നു. സമ്മര്‍ദം ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം. ഞാന്‍ ഉണ്ണിയോട് പറഞ്ഞു

"2 ബോളില്ലേ, ഞാന്‍ ഏറ്റൂ...!!"

എന്നാല്‍ അഞ്ചാമത്തെ പന്ത് ഏതു വഴിയാണ് പോയതെന്ന് എനിക്ക് മനസിലായില്ല ബാറ്റു വീശിയെങ്കിലും അത് ഒഴിഞ്ഞുപോയെന്നു മാത്രം മനസിലായി. എന്നാലും അത്രേം സമ്മര്‍ദത്തിലാവുമെന്നു ഞാന്‍ കരുതിയിരുന്നില്ല. 9 ബോളില്‍ ജയിക്കാന്‍ 2  റണ്‍സ് മാത്രം എന്ന സാധാരണനിലയില്‍ നിന്നും ഇപ്പോള്‍ ഒരു ബോളില്‍ ജയിക്കാന്‍ 2 റണ്‍സ് എന്ന അത്യാസന്നനിലയിലെത്തിയിരിക്കുന്നു... അല്ല എത്തിച്ചിരിക്കുന്നു!! പേടിയല്ലെങ്കിലും എനിക്കാണെങ്കില്‍ ഉണ്ണിയെയും മറ്റു ടീമംഗങ്ങളെയും നോക്കനായിട്ട് ഒരു ധൈര്യക്കുറവ്. സച്ചിനാണ് നമ്മുടെ ദൈവമെങ്കിലും ആ സമയത്ത് ഞാന്‍ മനസ്സില്‍ വിളിച്ചത് "കര്‍ത്താവേ..." എന്നാണ്. കാര്യം നടക്കണമെങ്കില്‍ പുള്ളി വേണമെന്നുള്ളത് എനിക്കറിയാമായിരുന്നു.



ഇനിയുള്ള രംഗങ്ങളെല്ലാം slow motion ആണ്...


ബൗളര്‍ രഞ്ജിത്ത് ഓടിവരുന്നു. പുല്ലു തിന്നു കൊണ്ടിരുന്ന പശു തീറ്റ നിര്‍ത്തി. ഒറ്റക്കാലില്‍ നില്‍ക്കുകയായിരുന്ന കൊക്ക് മറ്റേക്കാലും താഴ്ത്തി. മാങ്ങാണ്ടിയുടെ മുകളില്‍ കൊത്തുപണി നടത്തുകയായിരുന്ന അണ്ണാന്‍ പെട്ടന്ന് pause ആയി. എല്ലാ കണ്ണുകളുടെയും ശ്രദ്ധ ഗ്രൗണ്ടിലേക്കായി....

കയ്യില്‍ നിന്ന് രഞ്ജിത്ത് പന്ത് വിടുന്നു... ഞാന്‍ ആഞ്ഞു വീശുന്നു... പന്ത് ഉയര്‍ന്നു പൊങ്ങുന്നു... എല്ലാ ണ്ണുളും ബോളിനോടൊപ്പം ഉയരുന്നു...

'അതേപോലെ തന്നെ ബൗണ്ടറി ലൈനിനടുത്തുള്ള തെങ്ങിലിടിച്ച് താഴെ വീഴുന്നു...'

**************

തെങ്ങിന്‍ തോപ്പില്‍ വെച്ചുള്ള കളിയായതു കാരണം തെങ്ങ് ചതിച്ചു. അങ്ങനെ 'സമ്മര്‍ദത്തില്‍ അവര് കളി ജയിച്ചു'. അന്ന് പുതിയ ഏതൊക്കെയോ വഴികളിലൂടെയാണ്‌ വീട്ടിലെത്തിയത് എന്നുള്ളത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഉണ്ണിയും കൂട്ടരും പിന്നെ എനിക്ക് പകരം വേറെ ആളെ കളിക്കാനെടുത്തു എന്നും അന്ന് ബിജുവും ടീമും കുഞ്ഞാക്കാന്‍റെ കടയില്‍ നിന്ന് കഴിച്ച പൊറോട്ടയും ബീഫും സൂപ്പറായിരുന്നു എന്നുമൊക്കെ ആരൊക്കെയോ പറയുന്നത് കേട്ടു. ഞാനായിട്ട് അതുപിന്നെ അന്വേഷിക്കാനൊന്നും പോയില്ല... :)

23 comments:

  1. സൂര്യപ്രകാശമേല്‍ക്കാതെ, മണ്ണ് പറ്റാതെ, കൃത്യ സമയത്ത് കിട്ടുന്ന പ്രോട്ടീന്‍ മാത്രം കഴിച്ചു വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ചില കുട്ടികള്‍ക്ക് വരും കാലങ്ങളില്‍ ആവേശത്തോടെ പറയാന്‍ ഇതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കുമോ എന്ന് ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. ഒപ്പം ഒരല്‍പം അഹങ്കാരത്തോടെയും അതിലേറെ അഭിമാനത്തോടെയും ഈ ഓര്‍മകളെ തലോലിയ്ക്കാറുമുണ്ട്... :)

    ReplyDelete
  2. ഇന്‍ഡ്യന്‍ ടീമിനെ മഴ ചതിയ്ക്കുന്നപോലെ ഇവിടെ തെങ്ങ് ചതിച്ചു അല്ലേ?

    ReplyDelete
  3. കല്ലില്‍ തട്ടി കുത്തിത്തിരിഞ്ഞ്‌ ബാറ്റ്സ്മാന്‍റെ വിക്കറ്റ് തെറിപ്പിക്കുന്ന പന്തുകള്‍ എനിക്ക് എന്നോട് തന്നെയുള്ള ബഹുമാനക്കൂടുതലിനു പലപ്പോഴും കാരണമായിരുന്നു. :))

    ഞാന്‍ ഒരു ഷയ്ന്‍വോണ്‍ ആവോന്നു വരെ എനിക്കും തോനിരുന്നു... എന്താരുന്നു ടേണ്‍ :))

    ReplyDelete
  4. കുറച്ചു നീണ്ടു പോയി എന്ന് തോന്നി .. എങ്കിലും കഥയുടെ രസം ചോരാതെ അവതരിപ്പിച്ചു.. ഇഷ്ട്ടായി.

    ReplyDelete
  5. കൊള്ളാം എഴുത്ത് തുടരുക

    ReplyDelete
  6. സച്ചിനു പഠിച്ചിട്ട് നെഹ്ര ആകാനെ പറ്റിയുള്ളു അല്ലേ....സാരമില്ല....ഇന്ത്യൻ ടീമിൽ കയറിപ്പറ്റാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്നു ...അന്നു സെലക്ഷൻ കമ്മറ്റിയുടെ കണ്ണിൽ പെടാഞ്ഞത് ആരുടെയൊക്കെയോ ഭാഗ്യം.

    ത്രിൽ നിലനിർത്തിയ അവതരണം...തുടരുക....ആശംസകൾ

    ReplyDelete
  7. Good One...It was really thrilling like watching the final over of a One-day match!!

    Keeep writing...:)

    ReplyDelete
  8. ഓര്‍മ്മകള്‍ രസകരമായിത്തന്നെ അവതരിപ്പിച്ചു.
    കുട്ടികള്‍ക്ക് വരും കാലങ്ങളില്‍ ആവേശത്തോടെ പറയാന്‍ ഇതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കുമോ എന്നല്ല,ഇതുപോലെ പറയാന്‍ കഴിയുമോ എന്നാണ് ചിന്തിക്കുന്നത്.
    ആശംസകളോടെ..

    ReplyDelete
  9. hahahhaa ഇങ്ങനെ എത്ര ഓർമകൾ അല്ലെ,.
    ക്രിക്കറ്റ് ഭ്രാന്ത്

    ReplyDelete
  10. അടിപൊളി ആയിട്ടുണ്ട്‌..ട്ടോ..
    " പരീക്ഷയുടെ തലേന്നൊക്കെ റൂമില്‍ അടച്ചിരുന്നു പഠിക്കുമ്പോഴും തൊട്ടപ്പുറത്തെ പറമ്പില്‍ കളി നടക്കുന്നുണ്ടെങ്കില്‍ പിന്നെ labour റൂമിന് പുറത്തിരിക്കുന്ന ഭര്‍ത്താവിന്‍റെ അവസ്ഥയായിരിക്കും എന്‍റെത്."
    labour റൂം....ഭര്‍ത്താവ്....ഭാര്യ....കൊച്ച് ....അമ്പടാ കള്ളാ.....ഞങ്ങള്‍ക്ക് ഒരു ബിരിയാണി പോലും തരാതെ പണി പറ്റിച്ചു...അല്ലെ ?
    അനിയന്‍ ആണത്രേ...അനിയന്‍....













    ReplyDelete
  11. ഹ ഹ ഈ സംഭവം എന്‍റെ കുട്ടിക്കാലം ഓര്‍മ്മപ്പെടുത്തി....ഇത് പോലെ മരങ്ങള്‍ എന്നെയും ചതിചിട്ടുണ്ട്... എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.... അടി പൊളി... ഇത് പോലെ ആയിരുന്നു എന്‍റെയും കുട്ടിക്കാലം...

    ReplyDelete
  12. ഇത് പൊളിച്ചുട്ടാ .. ;)
    വളരെ നന്നായിട്ടുണ്ട് ..
    പഴയ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി .. :) :)

    ReplyDelete
  13. വളരെ നന്നായിട്ടുണ്ട് ജെനിത്ത് . ക്രിക്കറ്റ്‌ ഇഷ്ടമല്ലാത്ത ഞാന്‍ പോലും വളരെ ആകാംക്ഷയോടെ ആണ് വായിച്ചത് . cheer girls description അടിപൊളി ആയി :) writing is your forte. Keep up the great work

    ReplyDelete
  14. തെങ്ങിൻ തോപ്പിലെ പ്രാദേശിക നിയമങ്ങൾ! നല്ല എഴുത്ത്. കുട്ടിക്കാലം (കുറച്ചധികം വലുതാകുന്നതു വരേ) മനസ്സിലെക്കോടിയെത്തി

    ReplyDelete
  15. Kalakanayittunde Mashe! Ormakal!

    ReplyDelete
  16. അമിതമായ ആത്മവിശ്വാസം വരുത്തിയ വിന. അതോടെ ക്രിക്കറ്റിനോട് വിട പറഞ്ഞു അല്ലേ.

    ReplyDelete
  17. നന്നായി എഴുതി.

    ReplyDelete
  18. ishtappettu..nannayi avatharippichu jenith...

    ReplyDelete
  19. അപ്പോൾ തെങ്ങും ചതിക്കും അല്ലേ ഭായ്

    ReplyDelete
  20. classic one bhai... aa otta iratta angot nallonam ishtai :)

    ReplyDelete
  21. Machane kalakkitto.... kidu... Super.... Same avasthayokkeya... he he... :) good luck dude... :D <3 <3 <3

    ReplyDelete