01 December 2015

വയറുള്ളവന്‍റെ വേദന

ഫോട്ടോയില്‍ വയര്‍ കാണാതിരിക്കാനായി എയര്‍ പിടച്ചു നില്‍ക്കുന്നവന്‍റെ വിഷമം ക്ലിക്ക് ചെയ്യാന്‍ വൈകുന്ന ഫോട്ടോഗ്രാഫറുണ്ടോ അറിയുന്നു.

ഇരുളും മുന്നേ വെളുക്കുന്ന രാത്രികള്‍

ഇരുളും മുന്നേ വെളുക്കുന്ന രാത്രികളുണ്ട്...
പുലരും മുന്‍പേ അസ്തമിക്കുന്ന പകലുകളും...
മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ.


17 September 2015

അവള്‍ പറഞ്ഞത്

പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ പലപ്പോഴും തീരുമാനങ്ങളും നിലപാടുകളും ഇഷ്ട്ടങ്ങളുമെല്ലാം ശരി-തെറ്റുകള്‍ക്ക് അപ്പുറമാണെന്ന് നീ പറഞ്ഞത് എത്ര ശരിയാണ്...

#her #love #life

16 September 2015

മാരിയോ‬

ചാടിക്കടക്കാന്‍ തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ മാരിയോ ഗെയിമിന് രസമെന്താണ്... ആ മാരിയോ ഗെയിമാണ് ജീവിതം.

14 September 2015

ഡബിള്‍ ബാരല്‍

സിനിമയുടെ യദാര്‍ത്ഥ പെയിന്‍ അറിഞ്ഞ കാലം മുതല്‍ സിനിമകളെ കുറിച്ച് നല്ലത് പറയാനുണ്ടെങ്കില്‍ മാത്രമേ എഴുതാവൂ ഇല്ലെങ്കില്‍ എഴുതാതിരിക്കുക എന്ന നല്ല തീരുമാനം ഡബിള്‍ ബാരലിന് വേണ്ടി ഞാന്‍ തെറ്റിക്കുകയാണ്. ചില ഭാഗങ്ങള്‍ ഗംഭീരമായി തന്നെ തോന്നിയെങ്കിലും ടോട്ടാലിറ്റിയില്‍ ഡബിള്‍ ബാരല്‍ വ്യക്തിപരമായി എന്‍റെ ഇഷ്ട്ട സിനിമയല്ല. പരമാവധി ശ്രമിച്ചിട്ടും എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. കുത്തുകള്‍ ചേര്‍ത്ത് വായിച്ചെടുക്കുന്നതില്‍ ഞാന്‍ തോറ്റു. ഇതിലെ അര്‍ത്ഥതലങ്ങളും മേക്കിങ്ങിലെ ബ്രില്ല്യന്‍സും കണ്ടെത്താനും താരതമ്യം ചെയ്യാനും മാത്രം ലോക സിനിമകള്‍ ഒട്ട് ഞാന്‍ കണ്ടിട്ടുമില്ല. നാളെ ഇത് വാഴ്ത്തപ്പെടുമോ താഴ്ത്തപ്പെടുമോ എന്നും എനിക്കറിയില്ല. എന്നിട്ടും ഞാനിത് എഴുതുന്നത് ഒരു കാര്യം എനിക്ക് നിശ്ചയമുള്ളത് കൊണ്ടാണ്. ഡബിള്‍ ബാരല്‍ ഒരു യദാര്‍ത്ഥ സിനിമാ പ്രേമി കണ്ടിരിക്കേണ്ട സിനിമയാണ്. ഐ റിപ്പീറ്റ് യദാര്‍ത്ഥ സിനിമാ പ്രേമി. അതിന്‍റെ അര്‍ത്ഥവും നിര്‍വ്വചനവും, തെളിവും സിനിമകളോടുള്ള മനോഭാവമാണ്. അത് വേറെ ലെവലാണ്. ഈ പ്രസ്താവനയിലെ (അതെ, പ്രസ്താവന തന്നെ) എന്‍റെ രാഷ്ട്രീയം സിമ്പിള്‍ ആണ്. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും വിജയിച്ചാലും ഇല്ലെങ്കിലും പതിവിനെ പൊളിക്കാന്‍ വരുംകാല സിനിമാക്കാര്‍ക്ക് ഇത് കൊടുക്കുന്ന ധൈര്യമാണ് ഡബിള്‍ ബാരലിന് ഞാന്‍ കൊടുക്കേണ്ട സപ്പോര്‍ട്ട്. അത് ഇഷ്ട്ടത്തിനും ഇഷ്ട്ടക്കേടിനും മുകളില്‍ ആണ് എന്ന് വിശ്വസിക്കുന്നു. അത് പുതുമകളിലേക്ക് കണ്ണ് തുറക്കാനുള്ള കൊതിയാണ്. അതിനി പാളിയാലും വീണ്ടും വീണ്ടും പുതുമകള്‍ക്ക് ടിക്കറ്റ് എടുക്കാനുള്ള എന്‍റെ ആവേശമാണ്. അതിലുള്ള സിനിമയുടെ ഭാവിയാണ്. അതില്‍ പിഴവ് പറ്റിയാല്‍ അത് എന്‍റെ മാത്രം നഷ്ട്ടമാണ്. ഞാനതങ്ങ് സഹിക്കും. സഹിക്കുന്നു... ഇഷ്ട്ടപ്പെട്ട് വാഴ്ത്തിക്കണ്ട സുഹൃത്തുക്കളോടും ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളോടും അസൂയയും ആസ്വദിക്കാന്‍ കഴിയാതെ പോയതിലുള്ള എന്‍റെ സങ്കടവും അറിയിക്കുന്നു. ഇഷ്ട്ടപ്പെടാത്ത ഓരോ സിനിമയും എന്‍റെ മാത്രം നഷ്ട്ടങ്ങളാണ് എന്ന് തിരിച്ചറിയുന്നു. നിന്ദിക്കാതെ അടുത്ത സിനിമയ്ക്ക് കാക്കുന്നു.


#ISupportDoubleBarrel

13 September 2015

റോക്ക്സ്റ്റാര്‍

ഇറ്റലി.

വെറോനയിലെ ഗാലറി ആര്‍ത്തിരമ്പുകയാണ്... സ്റ്റേഡിയത്തിന് അകത്തും പുറത്തും ആരവത്തിന്‍റെ അലയൊലികള്‍. ആവേശത്തിന്‍റെ ഹൃദയമിടിപ്പ്‌ പോലെ അന്തരീക്ഷത്തില്‍ ഡ്രംസിന്‍റെ താളം. വിംഗ്സ് ഓണ്‍ ഫയര്‍ ടൂര്‍ 2011; മ്യൂസിക്‌ കണ്‍സേര്‍ട്ട് തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. പതിനായിരങ്ങള്‍ അക്ഷമരായി അവിടെ കാത്തിരിക്കുന്നത് ഒരെയോരാള്‍ക്ക് വേണ്ടിയാണ്... അവരെ അവിടെ എത്തിച്ചിരിക്കുന്നത് ആ ഒരൊറ്റ പേരാണ്... ജോര്‍ദാന്‍ ... ദ റോക്ക്സ്റ്റാര്‍ ... അയാള്‍ക്ക്‌ വേണ്ടി വേദിയും മനസുകളും ഒരുങ്ങിക്കഴിഞ്ഞിട്ടു നേരമായിരിക്കുന്നു. എന്നാല്‍ ജോര്‍ദാന്‍???

ലോകം കാതോര്‍ക്കുന്ന, ആരാധിക്കുന്ന, ആ മാന്ത്രികന്‍ കുറച്ച് ദൂരെയായി തെരുവില്‍ ഒരു പിടിവലിയിലാണ്... ലോക്കല്‍ ലഹരിശാലായില്‍ നിന്നു തുടങ്ങിയ ഒരു കശപിശ. കുറച്ചു പേര്‍ അയാളെ പിടിച്ച് വെച്ചിരിക്കുന്നു. മര്‍ദിക്കുന്നു. മുഖത്ത് ചോരയുടെ നഖപ്പാടുകള്‍. തിരിച്ച് ആക്രമിക്കുന്ന അയാളില്‍ വല്ലാത്ത ഒരുതരം വന്യത. ഒരുവേള അവരില്‍ നിന്നും കുതറിയോടുന്ന അയാള്‍ പടികളും ഇടവഴികളും കടന്ന് സിഗ്നല്‍ പോലും വക വെയ്ക്കാതെ റോഡ്‌ മുറിച്ചു കടന്ന് ബസില്‍ കയറുന്നു. വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ ഫ്ലക്സിലെ മുഖം തന്നെയല്ലേ ഇതെന്ന് തിരിച്ചറിയുന്ന പിന്‍ സീറ്റുകാരി വൃദ്ധയുടെ അത്ഭുതം. അയാള്‍ ബസ്സിറങ്ങുമ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്തു നില്‍ക്കുന്ന സ്ത്രീകളുടെ ആര്‍പ്പു വിളികള്‍. അത് ശ്രദ്ധിക്കാതെ മെയിന്‍ ഗേറ്റിലേക്ക് നടന്നടുക്കുന്ന ജോര്‍ദാന്‍. ബാരിക്കേടിനോടുള്ള ദേഷ്യം. ഓടിയടുക്കുന്ന കൂടുതല്‍ ആരാധികമാര്‍. പാഞ്ഞടുക്കുന്ന സെക്യൂരിറ്റീസ്. മറ്റൊന്നിലേക്കും ശ്രദ്ധ പോകാതെ സുരക്ഷാ വലയത്തിനോടൊപ്പം വേദിയിലേക്ക് നീങ്ങുന്ന ജോര്‍ദാന്‍. ചടുലമായ ചുവടുകള്‍. ഓരോ ചുവടിലും മുഖത്ത് ആരോടെന്നില്ലാത്ത അമര്‍ഷം. കൂസലില്ലായ്മ. ഇനിയൊന്നും നഷ്ട്ടപ്പെടുവാന്‍ ഇല്ലാത്തവനെപ്പോലെയുള്ള ഒരു നിര്‍വികാരത. ഇടയ്ക്ക് മുകളിലേക്ക് നോക്കി നിശ്വാസം. ഗാലറിയിലേക്ക് അയാള്‍ എത്തുമ്പോള്‍ ഇരട്ടിക്കുന്ന ഇരമ്പം. ജനസമുദ്രത്തിലൂടെ ചാല് തീര്‍ത്ത് ഒടുവില്‍ അയാള്‍ വേദിയിലേക്ക്... മാറുന്ന ഡ്രംസിന്‍റെ താളം. ഊരി നിലത്തിടുന്ന ഓവര്‍കോട്ട്. ഗിറ്റാര്‍ ഏല്‍പ്പിക്കുന്ന സഹായി. പുതിയ ഓവര്‍ കോട്ട് ധരിപ്പിക്കുന്ന മറ്റൊരു സഹായി. 4,3,2... കൈകുടയുന്ന ജോര്‍ദാന്‍. സ്റ്റേജിലെ വലിയ സ്ക്രീനിന് അഭിമുഖമായി ജനങ്ങള്‍ക്ക് പിന്തിരിഞ്ഞ് നില്‍ക്കുന്ന ജോര്‍ദാന്‍. വെള്ളമൊഴിച്ച് കഴുകുന്ന മുഖം. മുറുകുന്ന താളം. ഒരു കുതിപ്പിനുള്ള തയ്യാറെടുപ്പ്. അയാള്‍ തിരിയുന്നു. ബീറ്റ് മാറുന്നു. മൈക്കിനു നേരെ കുതിക്കുന്ന ജോര്‍ദാന്‍. മൈക്കില്‍ ഉറച്ച പിടിത്തം. ആളുകളിലേക്ക്‌ ഒരു നോട്ടം. കണ്ണുകളില്‍ ഗൂഡമായ ഒരു വേദന.  ഉള്ളില്‍ കത്തുന്ന തീയുടെ പ്രതിഫലനം. ജോര്‍ദാന്‍റെ കൈ വിരല്‍ സ്ട്ട്രിങ്ങ്സിലേക്ക്...

ഇമ്മീഡിയറ്റ് കട്ട് റ്റു ഡല്‍ഹി.

കയ്യില്‍ ഗിറ്റാറുമേന്തി അവിടെ ജനാര്‍ദനന്‍ പാടുകയാണ്... അവന്‍റെ ജീവിതം തുടങ്ങുകയാണ്... സംഗീതം മാത്രം സ്വപ്നം കണ്ട ജനാര്‍ദന്‍ എന്ന ശരാശരി ദില്ലിക്കാരന്‍ ചെറുപ്പക്കാരന്‍റെ സ്വപ്നത്തിന്‍റെ, ഉള്ളിലെ സംഗീതമായി മാറുന്ന അവന്‍റെ പ്രണയത്തിന്‍റെ, പ്രണയ നഷ്ട്ടത്തിന്‍റെ, ദര്‍ശനത്തിന്‍റെ, ഒരായുസ്സ് മുഴുവന്‍ പാടിത്തീരുന്ന വേദനയുടെ ജീവിതം... റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന്‍റെ ആദ്യത്തെ 5 മിനിറ്റ് തന്നെ അത് പറയുന്നുണ്ട്. ഒരുപക്ഷേ ആദ്യ കാഴ്ച്ചയില്‍ വ്യക്തമായേക്കാത്ത ഒന്ന്. ഈ തുടക്കം വീണ്ടും വീണ്ടും കാണുക എന്നത് ഇപ്പോള്‍ ഒരു ശീലമായിരിക്കുന്നു... വീണ്ടും കാണുമ്പോള്‍ കൂടുതല്‍ ആഴം കാണുന്നു. കണ്ടിട്ടുള്ള സിനിമകളിലേക്കും വെച്ച് ഏറ്റവും പ്രിയപ്പെട്ട തുടക്കങ്ങളില്‍ ഒന്നാകുന്നു...


#സിനിമ #ജിവിതം #പഠനം

04 September 2015

കഥയില്ലാത്ത കഥകള്‍ - ആദ്യ പുസ്തകം

എഴുത്തില്‍ പിച്ച വെച്ചത് ഈ ബൂലോകത്താണ്... ചുവടുകളില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചും വീഴ്ചകളില്‍ താങ്ങായും ബൂലോകവും ബ്ലോഗ്ഗര്‍ സുഹൃത്തുക്കളും എന്നും പ്രോത്സാഹനവും പ്രചോദനവുമായിരുന്നു. ആ നിങ്ങളിലേക്ക്... ആദ്യ പുസ്തകം എന്ന 3 വര്‍ഷത്തെ കാത്തിരിപ്പും സ്വപ്നവും അധ്വാനവും പ്രതീക്ഷയും വലിയ സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു. അതെ, എന്‍റെ ആദ്യ പുസ്തകം 'കഥയില്ലാത്ത കഥകള്‍' സ്റ്റോറുകളില്‍ എത്തിയിരിക്കുന്നു. ചെറുകഥകള്‍ ആണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകര്‍. ആവതാരിക ഉണ്ണി ആര്‍. 2011ല്‍ കുഞ്ഞു കുറിപ്പുകളുമായി ഈ ബൂലോകത്തേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ ഇവിടേക്കൊന്നും എത്തുമെന്ന് കരുതിയതല്ല പ്ലാന്‍ ചെയ്തതുമല്ല. ഹൃദയത്തില്‍ നിന്ന് നന്ദി നന്ദി നന്ദി...ഓണ്‍ലൈന്‍ പ്രകാശനം ആയിരുന്നു. റൈറ്റര്‍ ഡയറക്ടര്‍ മമാസ് സര്‍ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്യുകയായിരുന്നു.
എന്നത്തേയും പോലെ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. പുസ്തകം വാങ്ങിക്കണം. വായിച്ച് അഭിപ്രായം അറിയിക്കണം. പുസ്തകം ആമസോണില്‍ ലഭ്യമാണ്. ആമസോണ്‍ സ്റ്റോര്‍ ലിങ്ക്: http://goo.gl/Ye928c

അടുത്ത് ദേശാഭിമാനി ബുക്ക്‌ ഹൗസ് ഉണ്ടെങ്കില്‍ അവിടെ നിന്നും വാങ്ങാം. അടുത്ത് സ്റ്റോര്‍ ഉണ്ടോ എന്ന് നോക്കാന്‍ ദേശാഭിമാനി ബുക്ക്‌ ഹൗസ് അഡ്രസ്‌ ലിങ്ക്: http://www.chinthapublishers.com/en/index.php?page=contactus

ഇതല്ലെങ്കില്‍ അഡ്രസ്‌ തന്നാല്‍ ഞാന്‍ പോസ്റ്റല്‍ ഏര്‍പ്പാട് ചെയ്യാം.

08 July 2015

മാറ്റത്തിന്‍റെ കോംപാക്റ്റ് ഡിസ്ക്

നാട്ടില്‍ നിന്ന് ടൌണിലേക്കുള്ള ഒരു രാത്രി യാത്ര...

അങ്ങാടിയും പാടങ്ങളും കളിക്കളങ്ങളും കടന്നു പോകുന്ന ആ നാട്ടിന്‍പുറയാത്രയില്‍ ബസ്സിന്‍റെ സ്പീക്കറില്‍ നിന്നും ഒരു ഇംഗ്ലീഷ് സോംഗ്... എല്‍ട്ടണ്‍ ജോണ്‍ ആണ്... ഒരു നിമിഷം ഞാന്‍ പുറത്തേക്ക് നോക്കി... പട്ടണപ്രവേശത്തിന് തയ്യാറെടുക്കുന്ന ഞങ്ങളുടെ പഴയ അതേ പുലരി ബസ്സിന്‍റെ പോക്കില്‍ പുറകോട്ടു പോകുന്നത് വാഷിംഗ്ടണ്‍ DCയോ മിയാമി ബീച്ചോ മറ്റോ ആണെന്ന് ഒരു തോന്നല്‍. ഇംഗ്ലീഷ് പാട്ടും സൈഡ് സീറ്റിലെ തണുത്ത കാറ്റും അടുത്ത് പുതുക്കിയ ബസിലെ ലൈറ്റുകളും ചേര്‍ന്നപ്പോള്‍ ന്യൂയോര്‍ക്കിലെ ഒരു ബീച്ച് സൈഡ് കോഫീ ഷോപ്പില്‍ ഇരിക്കുന്ന പോലെ. നോക്കുമ്പോള്‍ വശങ്ങളില്‍ ഗണേഷ് ടെയ്ലേഴ്സും അനുഗ്രഹ റ്റ്യൂഷന്‍ സെന്‍ററും മാറ്റമില്ലാതെ. പഴയ അതേ ഊര്‍ജസ്വലതയില്‍ കണ്ടക്റ്റര്‍ ബാബുവേട്ടനും, രണ്ട് ബട്ടന്‍സ് അഴിച്ചിട്ട് ഡ്രൈവര്‍ രാഘവേട്ടനും തന്നെ... കിളിയ്ക്ക് മാറ്റമുണ്ട്... എന്നും 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയും', 'ഒരു ദളം മാത്ര'വുമൊക്കെ പാടിയിരുന്ന ആ 80കളുടെ CDയെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, പിന്നെത്തരാന്‍ മറന്ന ബാക്കിപ്പൈസ ചോദിക്കുമ്പോഴുള്ള അതേ കള്ളച്ചിരിയോടെ ബാബുവേട്ടന്‍ പറഞ്ഞു


"കിളിയായിട്ട് വന്ന പുതിയ ചെക്കന്‍ പിടിപ്പിച്ച് കൊണ്ടോന്ന (പിടിപ്പിച്ചത് എന്നേ ഇപ്പോഴും പറയൂ. ആ പഴയ കാസെറ്റ് കാല ശീലം) CDയാ... ഒരു മാറ്റൊക്കെ വേണ്ടെടോ...?"

ഞാനും ചിരിച്ചു...

അനിവാര്യമായ പുതിയ തലമുറയുടെ മാറ്റം... പുതുമയുള്ള നല്ല മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ... എന്നാല്‍ CD മാറിയാലും പാടവും കളിക്കളങ്ങളുമൊക്കെയുള്ള നാടിന്‍റെ നന്മ മാറാതിരിക്കട്ടെ.

എല്‍ട്ടണ്‍ ജോണ്‍ പാടുന്നു...

"Never say goodbye
Never say goodbye"

01 June 2015

ചെമ്പരത്തി

ചങ്കു പറിച്ചവന്‍ ചന്തയില്‍ വെച്ചപ്പോള്‍ ചുമ്മാതെ പോയവരൊത്തു കൂടി
ചോര പൊടിയുന്ന കണ്ണുമായന്നവന്‍ ചൂരുന്ന ചോദ്യങ്ങള്‍ക്കുത്തരമായ്
കിലോയ്ക്ക് എത്രയാണെന്നൊരുത്തന്‍?
ഫ്രഷ്‌ ആണോ? എന്നൊരുത്തി
തൊട്ടടുത്ത കടയിലെ വിലയെറിഞ്ഞവര്‍,
ISI മുദ്രയും ബാര്‍ കോഡും ചൂഴ്ന്നവര്‍,
ചിന്നിത്തെറിക്കുന്ന ചോര തുടച്ചു കൊണ്ടന്നത്തെ ഊണിനു വില പേശി
ചുളുവിനു ചൂണ്ടുവാന്‍ ചൂളിപ്പറന്നവര്‍ ന്യായവിലയിലുടക്കി നിന്നു
ചോദ്യശരങ്ങള്‍ തന്‍ ദിനമദതന്ത്യത്തില്‍, വിട്ടുപോകാച്ചരക്കാണെന്ന ബോധ്യത്തില്‍ ചങ്കുമെടുത്തവന്‍ വീടുതേടി
മനസുമടുപ്പിന്‍റെ തിരിച്ചുപോക്കിലവന്‍ തെരുവുനായയ്ക്കത് വെച്ച് നീട്ടി
ചേമ്പിലത്താളില്‍ പിടയുന്ന ചങ്കുകണ്ടൊരുനിമിഷമാനായ സ്തബ്ധനായി
ഒരുവേള ബോധം വീണ്ടെടുത്തു കൊണ്ടാനായ ഇരുളിലേക്കോടി മാഞ്ഞു
ഒട്ടിയ വയറുമായ് ഓടുന്ന നായ തന്‍ മോങ്ങലിലന്നവന്‍ വീടു പൂകി

പഴയ സാമാനങ്ങള്‍ തന്‍ തട്ടിന്‍പുറമൊന്നില്‍ ചേമ്പിലപ്പൊതിയ്ക്കന്നു വിശ്രമമായ്‌...

06 May 2015

മനസ് പകര്‍ത്തിയ ചിത്രങ്ങള്‍

നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന വികാരങ്ങളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. എത്രത്തോളം നല്ല ഫോട്ടോഗ്രാഫര്‍ ആണെന്നറിയില്ലെങ്കിലും ഞാന്‍ ഇപ്പോഴും ക്ലിക്ക് ചെയ്തുകൊണ്ടിരിക്കുന്നു... എടുത്ത പ്രിയപ്പെട്ടവയി ചിലത് താഴെ ചേര്‍ക്കുന്നു. 

ഫോട്ടോഗ്രഫി ബ്ളോഗ്: http://jkgraphy.blogspot.in/
ഫോട്ടോഗ്രഫി പേജ്: https://www.facebook.com/jkgraphy?ref=hl


08 April 2015

സാമ്രാജ്യങ്ങള്‍ അസ്തമിക്കുമ്പോള്‍

ഒരിക്കല്‍ കൂടി അംഗരാജ്യം വരള്‍ച്ച കണ്ടു.

വൈശാലിപ്പുഴ വറ്റി... ജനങ്ങള്‍ ഒരിറ്റു കുടി നീരിനായി വലഞ്ഞു... സൂര്യകോപം താങ്ങാനാവാതെ പലരും മരിച്ചു വീണു തുടങ്ങി.

അന്ന് അവരില്‍ പലരും വൈശാലിയെ ഓര്‍ത്തു. ഒരിക്കല്‍ ഇതുപോലെ കൊടിയ വരള്‍ച്ച കൊണ്ടു വരണ്ട അംഗ രാജ്യത്ത് മഴ പെയ്യിക്കാനായി, സ്ത്രീ സാന്നിധ്യമറിയാത്ത മുനി കുമാരനെ സ്വന്തം ശരീരം വില കൊടുത്തു കൊണ്ടു വന്ന ആ ദേവദാസിയോട് ചെയ്തത് എന്തായിരുന്നു എന്ന് അവര്‍ കുറ്റബോധത്തോടെ തിരിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ പോലും അവരെ ചുട്ടു പൊള്ളിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.

മുനികുമാരനില്‍ നിന്നും രാജകുമാരനിലേക്ക് ഉയര്‍ന്ന ഋഷ്യശൃംഘന്‍ ഒരിക്കല്‍ കൂടി യാഗത്തിനിറങ്ങി.

ദിവസങ്ങള്‍ നീണ്ട യാഗത്തിനൊടുവില്‍ അംഗരാജ്യം വീണ്ടും മഴ കണ്ടു. അതു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പേമാരി. ഋഷ്യശൃംഘന്‍ പിന്നെയും രക്ഷകനായി. ജനങ്ങള്‍ ആനന്ദനൃത്തം ചവിട്ടി. ലോമപാതന്‍ പുളകിതനായി. രാജകുമാരി സ്വന്തം ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

അവിടെ വൈശാലിയുടെ ഓര്‍മകള്‍ക്ക് വീണ്ടും അവസാനമായി...

എന്നാല്‍ അന്ന് ആ മഴ നിന്നില്ല. ആഹ്ലാദത്തില്‍ മതിമറക്കുന്നവരെ പ്രകൃതി മറന്നു. വൈശാലിപ്പുഴ കര കവിഞ്ഞൊഴുകി. അംഗരാജ്യം പ്രളയത്തില്‍ മുങ്ങി. ഒരിക്കല്‍ ഒരിറ്റു ജലത്തിനായി ദാഹിച്ചവര്‍ക്ക് ജലത്തില്‍ തന്നെ അവസാനമായി.

രാജകുടുംബത്തിന്‍റെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഒരു ജീവന്‍ പോലും ബാക്കിയില്ലാതെ അംഗ രാജ്യം നാമാവശേഷമായി.

പിന്നീടവിടെ മഴ പെയ്തിട്ടേയില്ല... മറ്റു ജനതകളാല്‍ വെറുക്കപ്പെട്ട്‌, അവഗണനയുടെ വേദനയറിഞ്ഞ് കാലക്രമേണ ആ നാടൊരു മരുഭൂമിയായി...

ദൂരെ നിന്ന് നോക്കുമ്പോള്‍ അതിനു വൈശാലിയുടെ ചന്തമായിരുന്നു. അതിന്റെ സൗന്ദര്യം ആരെയും വശീകരിക്കുന്നതായിരുന്നു...

19 March 2015

നമ്മുടെ ജീവിതത്തിന്‍റെ ബജറ്റ്

പ്രിയേ,

നടി അമല പോളിനെ ഭര്‍ത്താവ് എ എല്‍ വിജയ്‌ പാരീസില്‍ വെച്ച് പ്രപ്പോസ് ചെയ്ത കഥ നീ എന്നോട് പറയുമ്പോഴുള്ള നിന്‍റെ കണ്ണുകളിലെ തിളക്കവും ആവേശവും എന്നെക്കൊണ്ട് പറയിക്കുന്നതിതാണ്... ഡൊമിനോസില്‍ വെച്ചുള്ള പ്രപ്പോസലും കോഫീ ഷോപ്പുകളിലും മള്‍ട്ടിപ്ലക്സിലും തളിര്‍ക്കുന്ന പ്രണയവും താജില്‍ വെച്ചുള്ള റിംഗ് എക്സ്ചേഞ്ചും കല്യാണവും  പാരീസില്‍ വെച്ചുള്ള ഹണിമൂണുമാണ് നീ വിഭാവനം ചെയ്യുന്നതെങ്കില്‍ അറിഞ്ഞു കൊള്‍ക; പാളയത്ത് തട്ട് ദോശ കഴിഞ്ഞ് ഡബിള്‍ ഓംലെറ്റിനു മുന്നേയുള്ള പ്രപ്പോസലും കടം വാങ്ങിച്ച കൂട്ടുകാരന്‍റെ ബൈക്കിലായി ബീച്ചിലും സരോവരത്തിലും തളിര്‍ക്കുന്ന പ്രണയവും ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയ പന്തലിനടിയിലെ നിശ്ചയവും കല്യാണവും, കൂടിപ്പോയാല്‍ വയനാട് കുറുവ ദ്വീപും തുഷാര ഗിരിയും കണ്ടു മടങ്ങുന്ന നമ്മുടെ ഹണിമൂണുമാണ് എന്‍റെ സ്വപ്നങ്ങളുടെ ബജറ്റിലുള്ളത്... നിന്‍റെ ജീവിതനിയമസഭയില്‍ ഈ ബജറ്റ് പാസാകുമെങ്കില്‍ പണയം വെക്കാന്‍ ഇടയ്ക്ക് മാലയും വളയും തരാനുള്ള മനസ് ആര്‍ജിച്ചു കൊള്ളുക. ഒന്ന് മാത്രം ഞാന്‍ ഉറപ്പു പറയാം ഉള്ളായ്മകളേക്കാള്‍ ഇല്ലായ്മകളുടെ ഒരുമിച്ചുള്ള അതിജീവനത്തിനൊടുവില്‍ കോഴിക്കോട് പാരീസിനേക്കാള്‍ നല്ലതാണെന്ന് നീ എന്‍റെ കണ്ണുകളില്‍ നോക്കി പറയുന്ന ഒരു നിമിഷം വരും... ഒരുപക്ഷേ ലോക പ്രണയ ഭൂപടത്തില്‍ പാരീസിനേല്‍ക്കുന്ന ആദ്യത്തെ കളങ്കമായിരിക്കും അത്.

11 March 2015

ചുണ്ടുകള്‍ക്ക് പറയാനുള്ളത്

ചുംബിച്ചു കൊണ്ടിരിക്കുമ്പോള്‍ മെഴുകു പോലെ ഉരുകി അവസാനിക്കണം...
ബോധം മറയും വരെ ഇതളുകള്‍ അടരാതെ
നിലംപറ്റിക്കിടന്ന് അവസാന നിമിഷവും മധുരം നുകര്‍ന്ന്‍
ഒടുക്കം ഉരുകിയൊലിച്ചു ചെല്ലുന്നിടത്തേയ്ക്ക് കോര്‍ത്തിരിക്കുന്ന ചുണ്ടുകളായി തന്നെ പതിയെ ഊര്‍ന്നു ചേരണം
ശേഷം വേര്‍തിരിച്ചെടുക്കാനാകാതെ പറ്റിച്ചേര്‍ന്നു മണ്ണില്‍ പടരണം
എന്നിട്ടൊരിക്കല്‍ ചുംബിച്ചു നില്‍ക്കുന്ന ചുണ്ടുകളെ ഓര്‍മിപ്പിക്കുന്ന പൂവായി ഭൂമിയില്‍ വിരിയണം...

24 February 2015

ഫോര്‍വേര്‍ഡ് മെസ്സേജ്

കത്തുകള്‍ ഇല്ലാതായി സേവനം അവസാനിപ്പിച്ച ആ പോസ്റ്റ്‌ ഓഫീസില്‍ അവസാനം വന്ന കത്ത് പോസ്റ്റ്‌മാന്‍ തന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്തതായിരുന്നു. ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ കത്ത് അയാളുടെ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ തുടങ്ങുന്നു "അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രിയ സുധാകരന്..."

22 February 2015

പ്രായം കുറയ്ക്കുന്ന മരുന്ന്


ഇതിലേക്ക് തന്നെ ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍ എനിക്കാ ബെല്ലടി കേള്‍ക്കാം... ഇന്‍റര്‍വെല്ലിനു തോല് പോയ മുട്ടില്‍ നീറ്റല്‍... പാന്‍സിന്‍റെ ഇടത്തേ പോക്കറ്റില്‍ ഓട്ടയുണ്ട്... വായില്‍ മുന്‍നിരയിലെ പല്ലുകള്‍ക്ക് പുറകില്‍ മുകളിലായി പല്ലിന്‍മേലൊട്ടി പറ്റിപ്പിടിച്ചിരിക്കുന്നു......

എത്ര എന്തൊക്കെ നേടിയാലും സമ്പാദിച്ചാലും സ്കൂള്‍ ഫോട്ടോ സൂക്ഷിച്ചു വെയ്ക്കാത്തവന്‍ എത്രയോ നിസ്സാരന്‍ ആണ് സുഹൃത്തുക്കളേ... കാരണം ഇതൊരു മരുന്നാണ്... ഏതൊരാളുടെ ഫസ്റ്റ് എയ്ഡ് ബോക്സിലും ഉണ്ടായിരിക്കേണ്ട മരുന്ന്. വല്ലാതെ മടുക്കുമ്പോ ഇടയ്ക്കിങ്ങനെ ഇതെടുത്തു വെച്ച് നോക്കണം... അപ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്... തലവേദനയ്ക്ക് ബാം തേയ്ക്കുന്ന പോലെ തലച്ചോറിലേക്ക് തണുപ്പ് മെല്ലെ കയറും. ടൈം മെഷീനിലെന്ന പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറകോട്ടു പോയി, കാലം പോയപ്പോള്‍ വന്നു ചേര്‍ന്ന കേടുകളില്‍ നിന്ന് അല്‍പനേരത്തേക്ക് ആശ്വാസം നേടിക്കൊണ്ട് മനസും ശരീരവും ഇളയതാകുന്ന ഒരു കായകല്‍പ സുഖം. അങ്ങനെയൊരു ആശ്വാസത്തിന്‍റെ തണുപ്പില്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട് ഫോട്ടോകളെ ഫംഗസുകള്‍ കയ്യടക്കുന്നത് എന്തുകൊണ്ടാണെന്ന്... ഓര്‍മ്മകളുടെ തീരാത്ത വിശപ്പാണവറ്റകള്‍ക്ക്... നൊസ്റ്റാള്‍ജിയ ഇല്ലെങ്കില്‍ മരിച്ചു പോകുന്ന പാവങ്ങള്‍...

NB: കക്കോടി പഞ്ചായത്ത്‌ യു പി സ്കൂള്‍ ഏഴാം ക്ലാസ്സ്‌ ഡിവിഷന്‍ B ഗ്രൂപ്പ്‌ ഫോട്ടോ. നിറമുള്ള വരയന്‍ കുപ്പായത്തില്‍ ഞാന്‍ :)

12 February 2015

ഹൃദയമില്ലാത്തവന്‍

തിരക്കുള്ള കമ്പാര്‍ട്ടുമെന്റിലെ വിന്‍ഡോ സീറ്റില്‍ കണ്ട അവളോട്‌ ഞാന്‍ ചോദിച്ചു "അരികില്‍ ആളുണ്ടോ?" നില്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അവള്‍ക്കരികില്‍ ഒന്നിരിക്കാനുള്ള കൊതി കൊണ്ട്... എന്നാല്‍ മനോഹരമായ ആ രൂപം 'ആളുണ്ട്' എന്ന് ചന്തത്തില്‍ തലയാട്ടി. നിരാശയില്‍ വാതില്‍പ്പടി റിസര്‍വ് ചെയ്യാനായി നീങ്ങിയ ഞാന്‍  അറിയുന്നുണ്ടായിരുന്നു ഇടം പക്കം ഒരു ഭാരക്കുറവ്. തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ഹൃദയം അവള്‍ക്കരികില്‍ ഇരിക്കുന്നു. ചോരത്തുള്ളികളില്‍ സല്‍വാര്‍ തുമ്പ് മുട്ടിക്കൊണ്ട്... യാത്രകളില്‍ അപൂര്‍വ്വമായി സംഭവിക്കാറുള്ള ഈ സൌഭാഗ്യത്തിന്‍റെ ആഹ്ലാദ മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു സ്റ്റേഷനില്‍ അവളോടൊപ്പമിറങ്ങിയ എന്‍റെ ഹൃദയത്തെ ഞാന്‍ നോക്കി നിന്നു. ഒപ്പം പറ്റിച്ചേര്‍ന്നു നീങ്ങുന്ന ആ ചോരത്തുണ്ട് അല്പം മുന്നോട്ട് ചെന്ന ശേഷം ഒന്ന് തിരിഞ്ഞ് കൈവീശിക്കാണിച്ചു. അപ്പോള്‍ ബുദ്ധി ചോദിച്ചു. "ഇനി എന്നാ മടക്കം?" ഹൃദയം കുസൃതിച്ചിരിയില്‍ പറഞ്ഞു "തീര്‍ച്ചയില്ല... ഒരുപക്ഷേ യാത്രകള്‍ ഇനിയും വേണ്ടി വന്നേക്കും" ഞാനും ചിരിച്ചു... അന്നേരമുള്ള എന്‍റെ മനംമയക്കത്തില്‍ പടി കയറാന്‍ കൈ സഹായം പ്രതീക്ഷിച്ചു പരാജയപ്പെട്ട് അവസാനം സ്വയം ഏന്തിക്കയറിയ ആ വൃദ്ധന്‍ മനസ്സില്‍ വിളിച്ചിരുന്നിരിക്കണം "ഹൃദയമില്ലാത്തവന്‍..."

മനസ്സില്‍ ഇഷ്ട്ടം തോന്നിയ എല്ലാ പെണ്‍കുട്ടികള്‍ക്കുമായ്, കുഞ്ഞു കഥകളുടെ കൂമ്പാരത്തില്‍ നിന്നൊരെണ്ണം... :)

09 January 2015

'വധുവിനെ ആവശ്യമുണ്ട്'

(ധാരാളം പ്രതികരണങ്ങള്‍ കിട്ടിയ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ബ്ലോഗിലേക്ക് റീ ഷെയര്‍ ചെയ്യുന്നു)

'വധുവിനെ ആവശ്യമുണ്ട്'

കലാകാരനും കഠിനാധ്വാനിയുമായ ചെറുപ്പക്കാരന്‍ വധുവിനെ തേടുന്നു...

തല്‍ക്കാലത്തേക്ക് അണ്‍ലിമിറ്റെഡ് സ്നേഹവും കരുതലും സ്വതന്ത്ര്യവും വീട്ടുജോലികളില്‍ പങ്കാളിത്തവും മാത്രം പ്രതീക്ഷിക്കാം... എഴുത്തിന്‍റെ ഇടവേളകളില്‍ അവള്‍ക്കായ്‌ കവിതകളും പ്രണയലേഖനങ്ങളും എഴുതും... ഫേസ്ബുക്ക്‌ പോസ്റ്റുകള്‍ക്ക് കൃത്യമായി ലൈക്കും കമന്റും... ഭാര്യയെ പുകഴ്ത്തി പോസ്റ്റുകള്‍ ഇടും. ദിവസവും ഒരു പുതിയ കഥയെങ്കിലും പറഞ്ഞ് ഉറക്കും...

പെണ്‍കുട്ടിക്ക് സാമ്പത്തിക ഭദ്രത നിര്‍ബന്ധം. പയ്യന് വരുമാനമാകും വരെ പറ്റ് വ്യവസ്ഥയില്‍ ചിലവിനു കൊടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത കുട്ടികള്‍ക്ക് മുന്‍ഗണന. എല്ലാ തരം കലകളോടുമുള്ള താല്‍പര്യവും കലാകരന്മാരോടുള്ള ബഹുമാനവും വേണം. സിനിമ എഴുത്ത് എന്നൊക്കെ പറഞ്ഞിറങ്ങി പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചു വന്നു കയറുമ്പോള്‍ ശവത്തില്‍ കുത്താത്ത പ്രകൃതമായിരിക്കണം.

പേടിക്കണ്ട പാവമാണ്. മൊത്തത്തില്‍ നഷ്ട്ടം വരൂല്ല. അത് ഗ്യാരണ്ടി :P

എന്ന്

ജെനിത് കാച്ചപ്പിള്ളി
28 December, 2014


03 January 2015

കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്

അവള് പിണങ്ങുമ്പോള്‍ വന്നിരുന്ന് ആവലാതിപ്പെടാന്‍
അവളിട്ടേച്ചു പോകുമ്പോള്‍ വന്നു കിടന്ന് കിടന്ന് മാനം നോക്കി കരയാന്‍
വഴക്കിട്ട് വീട് വിട്ട രാത്രികളില്‍ പുല്‍പ്പായയില്‍ അഭയമാകാന്‍
കംബൈന്‍ സ്റ്റഡി എന്ന പേരില്‍ പുതിയ സൊറകളുടെ കെട്ടഴിക്കാന്‍
നുള്ളിപ്പെറുക്കി വാങ്ങിയ ബിയര്‍ ബോട്ടിലുകളുടെ ചിയേഴ്സ് പറയാന്‍
അയല്‍പക്കത്തെ ചന്ദ്രികയെ നോക്കി ഏകാന്ത ചന്ദ്രികേ പാടാന്‍
പുതിയ കുരുത്തക്കേടുകളുടെ കുരുത്തോല മെടയാന്‍
എനിയ്ക്കൊരിടമുണ്ട്...

ആശ്രയത്തിന്‍റെ ഒന്നാമിടം-
ഒരിക്കലുമടയാത്ത സൗഹൃദത്തിന്‍റെ മനോഹരമായ മട്ടുപ്പാവ്...
കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്...