02 May 2013

അവസരങ്ങള്‍ തേടുന്നു...

"100 ല്‍  95 പേര്‍ക്കും സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട് എന്നാല്‍ 90 പേരും അത് തുറന്നു പറയുന്നില്ലെന്നെയുള്ളൂ...!!!

ബെസ്റ്റ് ആക്ടര്‍ സിനിമയിലെ ഈ ഡയലോഗ് അക്ഷരം പ്രതി ശരിയാണെന്ന് ബെസ്റ്റ് ആക്ടര്‍ സിനിമ കണ്ടപ്പോഴല്ല ചില സിനിമാ മാസികകളിലെ അവസരങ്ങള്‍ തേടുന്നു കോളത്തിലൂടെ ഈയിടെ കണ്ണോടിക്കേണ്ടി വന്നപ്പോഴാണ് എനിക്ക് മനസിലായത്. പലരും കൊടുത്തിട്ടുള്ള പരസ്യങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍ ഓഫീസില്‍ കൂട്ടച്ചിരി ഉയരാറുണ്ട്. രസകരമായിട്ടു തോന്നിയ ചിലത് ഞാന്‍ വിവരിക്കാം...

(പേരുകള്‍ ഒറിജിനലല്ല)
  • ബേബി അങ്കിത സുല്ലുമോള്‍ - പാട്ടിലും ഡാന്‍സിലും കമ്പമുള്ള 3 വയസുകാരി ബേബി അങ്കിത സുല്ലുമോള്‍ക്ക് സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട്. 3 വയസുകാരിക്ക് സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. സിനിമ എന്താണെന്നു തന്നെ ആ കുട്ടി അറിഞ്ഞു വരുന്നേ ഉള്ളൂ. ഇതിലും ഭേദം സുല്ലുമോളെ സിനിമയിലഭിനയിപ്പിച്ചാല്‍ കൊള്ളാമെന്നു മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ട് എന്ന് കൊടുക്കുന്നതല്ലായിരുന്നോ?
  • ബബീഷ്, വയസ് 25 - കരാട്ടെ കളരി എന്നീ ആയോധനകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ബബീഷ് നാടകങ്ങളിലും സജീവമാണ്, സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട്. ഫോട്ടോ കൊടുത്തിട്ടുണ്ട്‌, കാണാനൊക്കെ കൊള്ളാം എന്നാല്‍ ഇയാള്‍ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള സിനിമയെടുത്താല്‍ അവര് പോലും ചാന്‍സ് കൊടുക്കില്ല. അത്രയ്ക്ക് ഭീകര ഫോട്ടോയാണ്.
  • രാമന്‍, വയസ് 45 - തിരക്കഥാകൃത്തായി സിനിമയില്‍ ത്തണമെന്നാന്നഗ്രഹിച്ച രാമന്‍ അഭിനയിക്കാനും തയ്യാര്‍. എങ്ങനെയുണ്ട്? മന്ത്രി ആവാന്‍ പറ്റിയില്ലെങ്കിലും കുഴപ്പമില്ല പ്രധാനമന്ത്രി ആവാന്‍ ഞാന്‍ തയ്യാറാണ് എന്ന് പറയുന്നത് പോലെയല്ലേ ഇത്.

ചിലതില്‍ പറയുന്നത് 'സര്‍ എന്തെങ്കിലും ഒരു ചാന്‍സ് തരണം എന്നാണ്... അത് നേരെ പറയുന്നില്ല എന്നേ ഉള്ളൂ. മറ്റു ചിലതില്‍ സൂചിപ്പിക്കുന്നത് 'ഞാനൊരു സംഭവമാണ് എന്നേ നിങ്ങള്‍ സിനിമയിലെടുത്താല്‍ ഞാന്‍ വേണമെങ്കില്‍ ഒന്നോ രണ്ടോ ഓസ്കറൊക്കെ വാങ്ങിച്ചു തരാം പക്ഷെ നിങ്ങള്‍ നിര്‍ബന്ധിക്കണം' എന്നും. ഇതുപോലെ കുറേയുണ്ട്... വെറുതെ ഇരിക്കുമ്പോള്‍ സിനിമാ മാസികകളിലെ അവസരങ്ങള്‍ തേടുന്നു കോളം എടുത്തു വെച്ച് വായിച്ചാല്‍ കുറച്ചു നേരം ചിരിക്കാനുള്ള വക കിട്ടും.

ഈ പാവങ്ങളെയൊക്കെ ഇങ്ങനെ കളിയാക്കാന്‍ ഞാന്‍ ഹൃതിക് റോഷനോ ഷാരൂഖ്‌ ഖാനോ എന്തിന്‌ പാലക്കാട്‌ ഹരികുമാറ് പോലുമല്ല (അങ്ങനെ ഒരു നടനുണ്ട്‌). പിന്നെ പാവങ്ങളുടെ പ്രാക്ക് വാങ്ങിച്ചു മറിച്ചു വിക്കുന്ന ബിസിനസും എനിക്കില്ല. എങ്കില്‍ പിന്നെ എന്തിനീ അക്രമം എന്ന് ചോദിച്ചാല്‍ ഉത്തരമിതാണ്  'ഇത്രയും ഭ്രാന്തില്ലെങ്കിലും ഞാനും ഇവരില്‍ ഒരാളായതുകൊണ്ട്, ചിലരെങ്കിലും ഇത് മനസിലാക്കേണ്ടത് കൊണ്ട്'. ഇവരില്‍ പലരും നല്ല കഴിവുള്ളവരായിരിക്കും ഒരുപക്ഷെ നാളത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം എന്നാല്‍ ഇവര് കൊടുക്കുന്ന ഫോട്ടോയും ചില വിവരങ്ങളുമോക്കെയാണ്‌ ഇത് കോമഡി ആക്കി മാറ്റുന്നത്. അതൊകൊണ്ട് എന്‍റെ അഭിപ്രായത്തില്‍ സിനിമയില്‍ എത്തിയാലും ഇല്ലെങ്കിലും നമ്മുടെ ആഗ്രഹം മറ്റുള്ളവര്‍ക്ക് കളിയാക്കി ചിരിക്കാനുള്ള ഒന്നായി മാറാതിരിക്കാന്‍, ഇതുപോലുള്ള പരസ്യങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? എനിക്ക് പറ്റിയതാണോ ഇത്? എന്ന് സ്വയം ചോദിച്ചു നോക്കുക! ആഗ്രഹം എന്തുമാത്രം ശക്തമാണെന്ന് ചിന്തിക്കുക! എന്നിട്ടും  മുന്നോട്ടു പോകാനാണ് മനസ് പറയുന്നതെങ്കില്‍ സധൈര്യം മുന്നോട്ടു പോവുക ഒപ്പം കൊടുക്കാനുദ്ദേശിക്കുന്നത് കൊടുക്കുന്നതിനു മുന്‍പ് ഈ മേഖലയിലൊക്കെ പരിചയമുള്ള, വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒന്ന് കാണിക്കുക.

'പരിചയക്കാരായിട്ടുള്ള സിനിമാപ്രാന്തന്‍മാര്‍ക്ക് ഈ ഉപദേശം കൈമാറാന്‍ മറക്കില്ല എന്ന് കരുതുന്നു...'