24 February 2015

ഫോര്‍വേര്‍ഡ് മെസ്സേജ്

കത്തുകള്‍ ഇല്ലാതായി സേവനം അവസാനിപ്പിച്ച ആ പോസ്റ്റ്‌ ഓഫീസില്‍ അവസാനം വന്ന കത്ത് പോസ്റ്റ്‌മാന്‍ തന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്തതായിരുന്നു. ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ കത്ത് അയാളുടെ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ തുടങ്ങുന്നു "അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രിയ സുധാകരന്..."

22 February 2015

പ്രായം കുറയ്ക്കുന്ന മരുന്ന്


ഇതിലേക്ക് തന്നെ ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍ എനിക്കാ ബെല്ലടി കേള്‍ക്കാം... ഇന്‍റര്‍വെല്ലിനു തോല് പോയ മുട്ടില്‍ നീറ്റല്‍... പാന്‍സിന്‍റെ ഇടത്തേ പോക്കറ്റില്‍ ഓട്ടയുണ്ട്... വായില്‍ മുന്‍നിരയിലെ പല്ലുകള്‍ക്ക് പുറകില്‍ മുകളിലായി പല്ലിന്‍മേലൊട്ടി പറ്റിപ്പിടിച്ചിരിക്കുന്നു......

എത്ര എന്തൊക്കെ നേടിയാലും സമ്പാദിച്ചാലും സ്കൂള്‍ ഫോട്ടോ സൂക്ഷിച്ചു വെയ്ക്കാത്തവന്‍ എത്രയോ നിസ്സാരന്‍ ആണ് സുഹൃത്തുക്കളേ... കാരണം ഇതൊരു മരുന്നാണ്... ഏതൊരാളുടെ ഫസ്റ്റ് എയ്ഡ് ബോക്സിലും ഉണ്ടായിരിക്കേണ്ട മരുന്ന്. വല്ലാതെ മടുക്കുമ്പോ ഇടയ്ക്കിങ്ങനെ ഇതെടുത്തു വെച്ച് നോക്കണം... അപ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്... തലവേദനയ്ക്ക് ബാം തേയ്ക്കുന്ന പോലെ തലച്ചോറിലേക്ക് തണുപ്പ് മെല്ലെ കയറും. ടൈം മെഷീനിലെന്ന പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറകോട്ടു പോയി, കാലം പോയപ്പോള്‍ വന്നു ചേര്‍ന്ന കേടുകളില്‍ നിന്ന് അല്‍പനേരത്തേക്ക് ആശ്വാസം നേടിക്കൊണ്ട് മനസും ശരീരവും ഇളയതാകുന്ന ഒരു കായകല്‍പ സുഖം. അങ്ങനെയൊരു ആശ്വാസത്തിന്‍റെ തണുപ്പില്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട് ഫോട്ടോകളെ ഫംഗസുകള്‍ കയ്യടക്കുന്നത് എന്തുകൊണ്ടാണെന്ന്... ഓര്‍മ്മകളുടെ തീരാത്ത വിശപ്പാണവറ്റകള്‍ക്ക്... നൊസ്റ്റാള്‍ജിയ ഇല്ലെങ്കില്‍ മരിച്ചു പോകുന്ന പാവങ്ങള്‍...

NB: കക്കോടി പഞ്ചായത്ത്‌ യു പി സ്കൂള്‍ ഏഴാം ക്ലാസ്സ്‌ ഡിവിഷന്‍ B ഗ്രൂപ്പ്‌ ഫോട്ടോ. നിറമുള്ള വരയന്‍ കുപ്പായത്തില്‍ ഞാന്‍ :)

12 February 2015

ഹൃദയമില്ലാത്തവന്‍

തിരക്കുള്ള കമ്പാര്‍ട്ടുമെന്റിലെ വിന്‍ഡോ സീറ്റില്‍ കണ്ട അവളോട്‌ ഞാന്‍ ചോദിച്ചു "അരികില്‍ ആളുണ്ടോ?" നില്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അവള്‍ക്കരികില്‍ ഒന്നിരിക്കാനുള്ള കൊതി കൊണ്ട്... എന്നാല്‍ മനോഹരമായ ആ രൂപം 'ആളുണ്ട്' എന്ന് ചന്തത്തില്‍ തലയാട്ടി. നിരാശയില്‍ വാതില്‍പ്പടി റിസര്‍വ് ചെയ്യാനായി നീങ്ങിയ ഞാന്‍  അറിയുന്നുണ്ടായിരുന്നു ഇടം പക്കം ഒരു ഭാരക്കുറവ്. തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ഹൃദയം അവള്‍ക്കരികില്‍ ഇരിക്കുന്നു. ചോരത്തുള്ളികളില്‍ സല്‍വാര്‍ തുമ്പ് മുട്ടിക്കൊണ്ട്... യാത്രകളില്‍ അപൂര്‍വ്വമായി സംഭവിക്കാറുള്ള ഈ സൌഭാഗ്യത്തിന്‍റെ ആഹ്ലാദ മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു സ്റ്റേഷനില്‍ അവളോടൊപ്പമിറങ്ങിയ എന്‍റെ ഹൃദയത്തെ ഞാന്‍ നോക്കി നിന്നു. ഒപ്പം പറ്റിച്ചേര്‍ന്നു നീങ്ങുന്ന ആ ചോരത്തുണ്ട് അല്പം മുന്നോട്ട് ചെന്ന ശേഷം ഒന്ന് തിരിഞ്ഞ് കൈവീശിക്കാണിച്ചു. അപ്പോള്‍ ബുദ്ധി ചോദിച്ചു. "ഇനി എന്നാ മടക്കം?" ഹൃദയം കുസൃതിച്ചിരിയില്‍ പറഞ്ഞു "തീര്‍ച്ചയില്ല... ഒരുപക്ഷേ യാത്രകള്‍ ഇനിയും വേണ്ടി വന്നേക്കും" ഞാനും ചിരിച്ചു... അന്നേരമുള്ള എന്‍റെ മനംമയക്കത്തില്‍ പടി കയറാന്‍ കൈ സഹായം പ്രതീക്ഷിച്ചു പരാജയപ്പെട്ട് അവസാനം സ്വയം ഏന്തിക്കയറിയ ആ വൃദ്ധന്‍ മനസ്സില്‍ വിളിച്ചിരുന്നിരിക്കണം "ഹൃദയമില്ലാത്തവന്‍..."

മനസ്സില്‍ ഇഷ്ട്ടം തോന്നിയ എല്ലാ പെണ്‍കുട്ടികള്‍ക്കുമായ്, കുഞ്ഞു കഥകളുടെ കൂമ്പാരത്തില്‍ നിന്നൊരെണ്ണം... :)