21 March 2011

അവസാന കഷ്ണം / last piece


കുറച്ചു പേര് ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത്, ഭക്ഷണം കഴിയാറാവുമ്പോഴുള്ള  അവസാന പീസ് എന്ന് പറയുന്നത് വല്ലാത്ത ഒരു മാനസികസംഘര്‍ഷം ഉണ്ടാക്കുന്ന ഒന്നാണ്. ഈയുള്ളവന്‍ അത് കുറേ അനുഭവിച്ചിട്ടുള്ളതുമാണ്. മിക്കവാറും ആ സമയത്ത് പ്രധാനമായും മനസിലുയരുക 3 ചോദ്യങ്ങളാണ്...
  1. മറ്റെയാള്‍ക്ക് ഇത് വേണ്ടി വരുമോ?
  2. മറ്റേയാളുടെ ശ്രദ്ധ പതിയുന്നതിനു മുന്‍പ് ഇത് എങ്ങനെ അകത്താക്കാം?
  3. ഇനി മറ്റേയാളോട് ഒന്ന് ചോദിക്കണോ?
ഈയുള്ളവനടക്കം കൂടുതല്‍ പേരും ഈ സമയത്ത് പ്രാധാന്യം കൊടുക്കാറ് രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്‌. അതുകൊണ്ട് തന്നെ ആ സമയത്ത് മാനസികസംഘര്‍ഷം രൂക്ഷമാകും. ആ സമയത്തെ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചാല്‍ നല്ല രസമായിരിക്കും. അധികവും ഇങ്ങനെ വരുന്ന സമയത്താണ് ഒന്നിലധികം ആളുകള്‍ ഒരേ സമയം ഈ പീസിനു മുകളില്‍ കൈ വെയ്ക്കാറുള്ളത്, എന്നിട്ടൊരു ചിരിയും ചിരിയ്ക്കും.
ഇനി സ്പൂണ് കൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഭക്ഷണത്തിന്റെ ടേസ്റ്റിനും നമ്മുടെ ആക്ക്രാന്തത്തിനുമനുസരിച്ച് കഴിപ്പ്‌ അവസാനിക്കാറാകുമ്പോഴേക്കും കഴിക്കുന്നവരുടെ സ്പൂണുകള്‍ തമ്മില്‍ പ്ലേറ്റിനുള്ളില്‍ വെച്ച് ഇടയ്ക്കിടയ്ക്ക് പയറ്റ് നടന്നിട്ടുമുണ്ടാകും. മറ്റു ചിലപ്പോള്‍ ഭക്ഷണം കഴിക്കുന്നവര്‍ ചേര്‍ന്ന് പതുക്കെ പതുക്കെ ഇത് ചെറുതാക്കി കൊണ്ട് വരും, രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടം ഉണ്ടാക്കാത്ത, വളരെ ബുദ്ധിപരമായ ഒരു കോര്‍പ്പറേറ്റ് രീതിയാണിത്. അതുപോലെ കൂടെ കഴിക്കുന്നയാളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരവസം കൂടിയാകുന്നു ഇത്. കഴിക്കാന്‍ താല്പര്യം ഉണ്ടെങ്കിലും മനസില്ലാ മനസ്സോടെ ചിലര് പറയും "എനിക്ക് മതി നീ കഴിച്ചോന്ന്... അതുപറയുമ്പോഴും മറ്റെയാള്‍ "ഹേയ് എനിക്ക് വേണ്ട നീ കഴിച്ചോ... എന്ന് പറയണേ എന്നായിരിക്കും മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നത്‌. എന്നാല്‍... മറ്റേയാളുടെ ശ്രദ്ധ തിരിയുന്ന സമയത്ത് അതിവിദഗ്ദ്ധമായിട്ടു ആ പീസ്‌ അകത്താക്കിയിട്ട് പ്ലേറ്റില്‍ കയ്യിട്ട് ചമ്മുന്ന മറ്റേയാളുടെ മുഖം ശ്രദ്ധിക്കാതെ ഒന്നുമറിയാത്തവനെ പോലെ ഇരിക്കുക എന്ന പ്രാചീന രീതിയാണ്‌  കൂടുതല്‍ പേരും  ഇപ്പോഴും ഇതുപോലുള്ള  അവസരങ്ങളില്‍  പിന്തുടര്‍ന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ആത്മാഭിമാനമുള്ളവര്‍ക്ക് ഇത്തരം അവസരങ്ങളില്‍ അവസാന കഷ്ണം / last piece ഒരു ഓര്‍മ്മ മാത്രമായിരിക്കും. അതുകൊണ്ട് സൂക്ഷിക്കുക...!!!

10 March 2011

College Days Part 3 ('മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചത്')

ചിറകൊടിഞ്ഞ ടൂര്‍ കിനാക്കള്‍...


കിലുക്കം സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഊട്ടി, അവിടേയ്ക്കായിരുന്നു സംഭവബഹുലമായ ആ ടൂറ് പ്ലാന്‍ ചെയ്തത്. എന്‍റെ മനസ്സില്‍ കിലുക്കത്തിലെ "ഊട്ടിപ്പട്ടണം" പാട്ട് പ്ലേ ആയി. അന്ന് മുതല്‍ ഞാനും കോളേജിലെ സുന്ദരിയായ ഫാത്തിമയും ചേര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ ഡാന്‍സ് ചെയ്യുന്നത് വരെ ഞാന്‍  സ്വപ്നം കണ്ടു തുടങ്ങി. ഊട്ടിയില്‍ ഞങ്ങള്‍ക്കൊരുമിച്ചു കറങ്ങാവുന്ന സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്തു ഒപ്പം ഫാത്തിമയെന്ന മോഹം മനസ്സില്‍ കൊണ്ട് നടക്കുന്ന മറ്റുള്ള കശ്മലന്‍മാരുടെ കുടിലതന്ത്രങ്ങളെ ചെറുക്കന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. അതിനിടയിലാണ് കോളേജില്‍ ഒരു വാര്‍ത്ത പരന്നത് ഫാത്തിമ വരാന്‍ സാധ്യതയില്ല. കോളേജില്‍ ആകെയുള്ള ഒരു സുന്ദരിയാണ് ഫാത്തിമ അവള് ടൂറിനു വരുന്നില്ലെങ്കില്‍...??? കുറച്ചു ദിവസത്തേക്ക് ഫാത്തിമ ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ മനസെല്ലാം തിരഞ്ഞെടുപ്പ് തോറ്റ പാര്‍ട്ടി ഓഫീസ് പോലെയായി. കബീറിന് വിശപ്പില്ല, സുമേഷിനു ക്ലാസ്സില്‍ ശ്രദ്ധ കിട്ടുന്നില്ല (ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരെയോരുത്തന്‍ അവനാണ്), ഇടയ്ക്ക് മാത്രം വന്നു പോകുന്ന മാവേലി അജേഷ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ കുറച്ചു ദിവസത്തേക്ക് ക്ലാസ്സിലെ നിത്യ സന്ദര്‍ശകനായി. ഏവരും ഒരേ മനസ്സോടെ ഫാത്തിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഏവരുടെയും പ്രാര്‍ത്ഥനയുടെ ഫലമെന്ന് പറയട്ടേ ഫാത്തിമ ടൂറിന് വന്നു. എന്നാല്‍ വരാമെന്നേറ്റ വീഡിയോഗ്രാഫര്‍ ജാഫര്‍ വന്നില്ല. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ടൂറിന്‍റെ ഛായാഗ്രഹണം കോളേജിലെ മുന്‍കാല വിദ്യാര്‍ത്ഥിയായ ബൈജുവിനെ ഏല്‍പ്പിച്ചു. അവനെ അത് ഏല്‍പ്പിച്ചത് അവന്‍റെ ഛായാഗ്രഹണ മികവു കൊണ്ടല്ല ആ പരിസരത്ത് വീഡിയോ ക്യാമറ ഉള്ളതും ഫ്രീ ആയിട്ട് ഷൂട്ട്‌ ചെയ്തു തരാന്‍ മനസ് ഉള്ളതും അവന്‍റെ അടുത്ത് മാത്രമായിരുന്നു.

ഇതിനിടയിലാണ് ഗോപി മാഷിന്‍റെ  ഹലാക്കിലെ ഒരു ഐഡിയ വരുന്നത്. 'An idea can change your life' എന്നത് അന്നാണ് ഞാന്‍ ആദ്യമായി മനസിലാക്കിയത്. പുള്ളിയുടെ ഐഡിയ ഇതായിരുന്നു. ടൂര്‍ വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റാന്‍, പോകുന്ന വഴിക്ക് റോഡില്‍ വെച്ച് അടുപ്പ് കൂട്ടി കഞ്ഞിയുണ്ടാക്കി കുടിക്കുക. അതിനായിട്ട്‌ അടുപ്പ് കൂട്ടാനുള്ള ചെങ്കല്ലും അരിയും സാധനങ്ങളുമൊക്കെ വണ്ടിയില്‍ വെയ്ക്കണം. ടൂറിനു പോകുമ്പോഴെങ്കിലും കാര്യമായിട്ട് എന്തെങ്കിലും കഴിക്കാമെന്ന് കരുതിയവന്‍റെയൊക്കെ കഞ്ഞി കുടി മുട്ടിക്കുന്ന തീരുമാനമായി ഇത് മാറി. ഇതിന്‍റെ പുറകിലെ രാഷ്ട്രീയ തന്ത്രം ഞാന്‍ പിന്നീടാണ്‌ മനസിലാക്കിയത് :- ഇത് വഴി ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്ന പൈസ ലാഭിക്കാം. അങ്ങനെ വീട്ടില്‍ വെച്ച് കഞ്ഞി
കേട്ടും കണ്ടും കുടിച്ചുമൊക്കെ കഞ്ഞിയുമായി വളരെ അടുത്ത ബന്ധമുള്ള ഞങ്ങളെല്ലാവരും ചേര്‍ന്ന് "Wow kanji !! its yummyyy !!" എന്നും പറഞ്ഞ് പോകുന്ന വഴിക്ക് റോഡ്‌ സൈഡില്‍ അടുപ്പ് കൂട്ടി  കഞ്ഞിയുണ്ടാക്കി കുടിച്ചു. ശേഷം "Kanji is the secret of our energy !!'" എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ബസില്‍ ചാടിക്കയറിയ ഞങ്ങളുടെ മുന്നില്‍ ആകെയുള്ളത് ബസില്‍ ഉണ്ടായിരുന്ന 'ഗില്ലി' സിനിമയുടെ ഓഡിയോ കാസ്സറ്റ്‌ മാത്രമായിരുന്നു. അത് തിരിച്ചും മറിച്ചുമിട്ട്‌ ഡാന്‍സ് ചെയ്ത് ഡാന്‍സ് ചെയ്ത് അതിലെ 'അപ്പടി പോട് പോട്' എന്ന പാട്ടൊക്കെ ഏതു പാതിരാത്രിക്ക്‌ വിളിച്ചെഴുന്നേല്‍പ്പിച്ചു ചോദിച്ചാലും ചാടിയെഴുന്നേറ്റു ചൊല്ലി കേള്‍പ്പിക്കാം എന്ന പരുവത്തിലായി. എങ്കിലും ഞങ്ങള്‍ വിട്ടില്ല, വിജയം വരെയും സമരം ചെയ്യും എന്ന് പറഞ്ഞത് പോലെ ടൂറ് കഴിയും വരെയും നൃത്തം ചെയ്യും എന്ന മുദ്രാവാക്ക്യവുമായി ഞങ്ങള്‍ ഗില്ലിയിലെ പാട്ടുകള്‍ക്ക് ചുവടു വെച്ചുകൊണ്ടേയിരുന്നു. ആ ടൂറിനു ശേഷം ഗില്ലി സിനിമയിലെ പാട്ട് എവിടെ കേട്ടാലും എനിക്കത് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെയായിരുന്നു.

ഇനി ടൂറിനിടയിലെ മറ്റു ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞാല്‍ തമിഴന്‍മാര് തന്നതെന്തൊക്കെയോ തിന്നു എന്ന് മാത്രം അറിയാം. അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു "അമ്മേ മാപ്പ്! അമ്മയുയുണ്ടാക്കിയ ഭക്ഷണത്തെ കുറിച്ച് എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ അറിവില്ലാ പൈതമായി കരുതി മാപ്പാക്കണം". ഊട്ടിയിലെ വെള്ളം ഐസ് ആക്കുന്ന തണുപ്പിലും എന്‍റെ കണ്ണുകള്‍ നിറഞ്ഞു...

One day ടൂര്‍ ആയതു കൊണ്ട് ഊട്ടിയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മാത്രമേ കാര്യമായിട്ട് കാണാന്‍ പറ്റിയുള്ളൂ. സൂയിസൈഡ് പോയിന്റ്‌ എന്നൊരു സ്ഥലമുന്ടെന്നൊക്കെ പോകുന്ന വഴിക്ക് ആരോ പറയുന്നത് മാത്രം കേട്ടു. ഇതിനിടയിലൊക്കെ ബൈജുവിന്‍റെ ക്യാമറക്കണ്ണുകള്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ഷോക്ക് അടിച്ചാലും ഭാവം വരാത്ത സുധാകരന്‍ മാഷും അംബിക ടീച്ചറുമൊക്കെ ക്യാമറയ്ക്ക് മുന്നില്‍ നിറഞ്ഞാടി. ഞങ്ങളും വിട്ടു കൊടുത്തില്ല ചോക്ലേറ്റ് വാങ്ങിക്കുന്നത് മുതല്‍ കാരറ്റ് തിന്നുന്നതില്‍ വരെ ഭാവാഭിനയത്തിന്‍റെ അതിപ്രസരം. ഇതിനിടയില്‍ മറ്റു പലരും കൂടുതലും പ്രാധാന്യം കൊടുത്തിരുന്നത് ഫാത്തിമയുമൊത്തുള്ള രംഗങ്ങള്‍ക്കായിരുന്നു. ഇത് മനസിലാക്കിയ അവള് പ്രാധാന്യം കൊടുത്തിരുന്നതോ... ഒറ്റയ്ക്കുള്ള രംഗങ്ങള്‍ക്കും. അതോടെ 'Coffee with Karan' പ്രോഗ്രാം പോലെ 'Tour with Fathima' പ്രോഗ്രാം പ്ലാന്‍ ചെയ്തിരുന്ന എന്‍റെ മോഹങ്ങള്‍ പൂവണിയില്ല എന്നെനിക്കു മനസിലായി. പിന്നെ ടൂര്‍ മുതലാക്കാനുള്ള ഏക മാര്‍ഗം ബൈജുവിന്‍റെ ക്യാമറയില്‍ പരമാവധി തല കാണിക്കുക എന്നുള്ളത് മാത്രമായിരുന്നു. തന്‍റെ markett  value  ഉയരുന്നുന്ടെന്നു മനസിലാക്കിയ ബൈജുവാണെങ്കിലോ പിന്നെയങ്ങോട്ട് 'സന്തോഷ്‌ ബൈജു ശിവനായി', ഒടുക്കത്തെ ജാഡ!. ആ ഒറ്റ ദിവസത്തെ ട്രിപ്പ് കൊണ്ട് എന്ത് മെച്ചമാണ് ഉണ്ടായത് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. എന്തൊക്കെയാണ് കണ്ടതെന്ന് ചോദിച്ചാല്‍ കാര്യമായിട്ട് ഒന്നും പറയാനുമില്ല. ശരിക്കും ഞങ്ങളെ ഊട്ടിക്കു തന്നെയാണോ കൊണ്ടുപോയത് എന്ന് വരെ അന്ന് പലരും സംശയിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ ഊട്ടി കാര്യമായിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചപ്പോഴാണ് എന്‍റെ ആ സംശയം മാറിയത്.

ലിസ്റ്റില്‍ ഇല്ലാതിരുന്ന ആളുകളുടെ അവസാന നിമിഷമുണ്ടായ തള്ളിക്കയറ്റം കാരണവും ടൂറിസ്റ്റ് ബസിനോക്കെ ഒരു പരിധി ഉള്ളത് കൊണ്ടും ടൂറ് passenger ട്രെയിനിലെ യാത്ര പോലെയായിരുന്നു എങ്കിലും വലിയ പരിക്കുകള്‍ ഇല്ലാതെ നാട്ടില്‍ കാലു കുത്താനായതില്‍ ഞാന്‍ ഇന്നും ദൈവത്തിനോട് നന്ദി പറയുന്നു. ടൂറ് കഴിഞ്ഞതിനു ശേഷമുള്ള ഏക പ്രതീക്ഷ ഞങ്ങളുടെയൊക്കെ ഭാവഭിനയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൂറിന്‍റെ വീഡിയോ സീ ഡി യിലായിരുന്നു. കാത്തിരിപ്പിനൊടുവില്‍ റിലീസ് ആയ സീ ഡി കണ്ട പലരും ഒറ്റയടിക്ക് 4 തവണ വരെ ഞെട്ടി. ഫാത്തിമയല്ലാതെ വേറെ ആരെയും കാര്യമായിട്ട് കാണാനില്ല. ഫാത്തിമ ചിരിക്കുന്നു കളിക്കുന്നു, പൂ പറിക്കുന്നു, പൂമ്പാറ്റയെ പിടിക്കുന്നു, ഗാര്‍ഡനില്‍ നടക്കുന്നു അങ്ങനെ നീളുന്നു ഫാത്തിമയുടെ പെര്‍ഫോമന്‍സ്. ചുരുക്കി പറഞ്ഞാല്‍ ഫാത്തിമയെ നായികയാക്കി 'പിക്നിക്' എന്ന പേരില്‍ സിനിമയെടുത്തപോലെയുണ്ട്. ഞങ്ങളുടെ രക്തം തിളച്ചു, രോഷം അണ പൊട്ടി. ബൈജുവിനെ തേടിപ്പിടിച്ച് കുനിച്ചു നിര്‍ത്തി ഞങ്ങള്‍ കൂമ്പിനിടിച്ചു. സ്വന്തം കൂമ്പ് വാടുന്നതിനു മുന്‍പ് തന്നെ ഗത്യന്തരമില്ലാതെ അവന്‍ സത്യം പറഞ്ഞു... അവനും ഫാത്തിമയോടുണ്ടായിരുന്ന ദിവ്യമായ സ്നേഹത്തെക്കുറിച്ച്. അത് കൊണ്ടാണത്രേ അവന്‍ ഫ്രീ ആയിട്ട്
വരാമെന്നേറ്റത്. അത് കേട്ടതും അത്രയും നേരം അഹിംസാവാദിയായിരുന്ന ശരത് ലാല്‍ കോളേജിലെ മറ്റു വിപ്ലവകാരികളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് ബൈജുവിനെ നെഞ്ചത്ത് ചാടിയൊരു ചവിട്ടാണ്. ആ ഒരു ചവിട്ടാണ് ഓണാട്ടുകരയില്‍ നിന്നും ബൈജുവിനെ എത്രയും പെട്ടന്ന് ഗള്‍ഫിലേക്ക് പറത്തിയത്‌.

തുടരും...

07 March 2011

ദൈവത്തിന്‍റെ Status Update !!!

ഒരു കുന്ന് ഫയലുകളുമായി തിരക്കിട്ട് ഡോര്‍ തള്ളിത്തുറന്നു കയറിയ പ്യൂണിനോട്‌ കര്‍ത്തായുടെ ചോദ്യം...

"എവിടാരുന്നെടോ ഇത്രേം നേരം

പ്യൂണ്‍ : ക്ഷമിക്കണം സര്‍! കുറച്ചധികം അപേക്ഷകള്‍ ഉണ്ടായിരുന്നു. എല്ലാം print out എടുത്തു വന്നപ്പോഴേക്കും കുറച്ചധികം സമയമെടുത്തു.
കര്‍ത്താ : ഇന്നും ഇന്നലത്തെ അതേ അവസ്ഥ തന്നെയാണോ?
പ്യൂണ്‍ : അതേ സര്‍, കൂടുതലും പസ്സാക്കിക്കൊടുക്കണമെന്നു പറഞ്ഞു കൊണ്ടുള്ള അപേക്ഷകള്‍ തന്നെയാണ്. A + വേണമെന്നും, distinction ഉം റാങ്കും വേണമെന്ന് പറഞ്ഞു കൊണ്ടുള്ളതും കുറവല്ല.
കര്‍ത്താ : ആരുടെയെങ്കിലും നല്ല ഓഫര്‍ വല്ലതുമുണ്ടോ?
പ്യൂണ്‍ : കൂടുതലും സ്ഥിരം ഓഫറുകള്‍ തന്നെയാണ് സര്‍...
കര്‍ത്താ : എന്താടോ ആരും പുതിയതൊന്നും ഓഫര്‍ ചെയ്യാത്തത്? കത്തി നില്ക്കണ മെഴുകു തിരിയൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചു അതുകൊണ്ടാ...
പ്യൂണ്‍ : ഒരെണ്ണം ഉണ്ട് സര്‍! ഒരുത്തന്‍, പാസ്‌ ആയാല്‍ വേളാങ്കണ്ണിക്ക് ഫാമിലി ടൂര്‍ ആണ് ഓഫര്‍ ചെയ്തിരിക്കുന്നത്.
കര്‍ത്താ : അങ്ങനെയുള്ള അപേക്ഷകളൊക്കെ താനൊന്നു മാറ്റി വെച്ചേക്കു. അതുപോലെ അത്യാവശ്യമായിട്ട് നടപടി എടുക്കേണ്ടതും...

പ്യൂണ്‍ ചിരിക്കുന്നു...

കര്‍ത്താ : തനിക്കു ചിരിക്കാം ചിലതിനെയൊക്കെ ഒന്ന് കര കയറ്റുന്നതിന്‍റെ  പാട് എനിക്കേ അറിയൂ. താന്‍ പാതി ദൈവം പാതി എന്നാണല്ലോ. എന്നാലിവിടെ പലരുടെ കാര്യത്തിലും ഞാന്‍ തന്നെയാടോ മുഴുവന്‍ ചെയ്യുന്നത്...

ഓഫീസ് ഫോണ്‍ റിംഗ് ചെയ്യുന്നു. കര്‍ത്താ ഫോണെടുത്തു. അപ്പോള്‍ അപ്പുറത്ത് നിന്ന്...

എടോ ഇത് ഞാനാ വിഷ്ണുവാ from വൈകുണ്ഡം.
കര്‍ത്താ : എന്തോക്കെയുണ്ടെടോ വിശേഷങ്ങള്‍??? കുറേ നാളായല്ലോ താന്‍ വിളിച്ചിട്ട്.
വിഷ്ണു : ഒന്നും പറയണ്ട. ഈ പരീക്ഷാക്കാലം ഒന്ന് കഴിഞ്ഞു കിട്ടുന്നത് വരെ വലിയ പാടാ. ഒരുപാടു അപേക്ഷകള്‍ വന്നു കിടപ്പുണ്ട്. എന്നെക്കൊണ്ട് മുഴുവന്‍ handle ചെയ്യാന്‍ പറ്റുന്നില്ല. കുറച്ചു ഞാന്‍ അങ്ങോട്ട്‌ അയക്കട്ടേ?
കര്‍ത്താ : താനൊന്നും വിചാരിക്കരുത്. ഇതിനു മുന്‍പത്തെ പോലെയല്ല ഇപ്പോഴത്തെ അവസ്ഥ. ഇവിടെയും ഒരുപാടു വന്നു കിടപ്പുണ്ട്. അപേക്ഷകളുടെ ഒഴുക്ക് കാരണം സിസ്റ്റം വരെ ജാമായിട്ടിരിക്കുവാ. നിങ്ങളുടെ ടീമില് വേറെയും ആള്‍ക്കാരില്ലേ അവരോടൊക്കെ ഒന്ന് ചോദിച്ചു നോക്ക്. വല്ലതും നടക്കുമെങ്കില്‍ ഞാനും കുറച്ചു തരാം...
വിഷ്ണു : എടോ ഞാന്‍ എല്ലാരേയും വിളിച്ചു നോക്കിയതാ, ആരും ഫോണ്‍ എടുക്കുന്നില്ല. മാത്രമല്ല പലരും ഇപ്പൊ സ്ഥലത്ത് തന്നെയില്ല...
കര്‍ത്താ : (ആലോചിച്ചിട്ട്) ഹും... എത്രയും പെട്ടന്ന് നമ്മള്‍ക്കൊരു പരസ്പര ദൈവസഹായ സഹകരണ സംഘം തുടങ്ങണം. ഇല്ലെങ്കില്‍ ഇതുപോലുള്ള അവസരങ്ങളില്‍ പെട്ട് പോകും. നമ്മളെ നമ്മള് തന്നെ നോക്കിയല്ലേ പറ്റൂ...
വിഷ്ണു : ശരിയാ... ഇക്കാര്യം ബ്രഹ്മനോടും ശിവയോടുമൊക്കെ ഞാന്‍ പറയാം ബാക്കിയുള്ളവരെയൊക്കെ അവരറിയിച്ചോളും.
കര്‍ത്താ : അല്ല തനിക്കാ N .A Radan ഇല്ലേ! അവനോട് ഒന്ന് പറഞ്ഞാ പോരേ, ബാക്കിയെല്ലാവരെയും അവന്‍ അറിയിച്ചോളില്ലേ...!
വിഷ്ണു : അവന്‍ ശരിയാവില്ലെടോ! ഇത്രേം കാലം കൂടെ നിന്ന അവന്‍ കഴിഞ്ഞ ദിവസം എനിക്കെതിരെ പത്രസമ്മേളനം നടത്തി. എന്‍റെ രഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്നവനാ... അതോടെ അവനുമായുള്ള കമ്പനി ഞാന്‍ നിര്‍ത്തി.
കര്‍ത്താ :  അതേതായാലും നന്നായി... ചാറ്റില്‍ കിട്ടുകയാണെങ്കില്‍ പടച്ചോനോട് ഇക്കാര്യം ഞാന്‍ പറഞ്ഞോളാം, അപ്പൊ എല്ലാം പറഞ്ഞ പോലെ.
വിഷ്ണു : bye take care...
കര്‍ത്താ :  bye...

അപ്പോഴേക്കും ഫയലുകളുടെ മറ്റൊരു നിര കൂടി കര്‍ത്തായുടെ മേശപ്പുറത്ത് നിരന്നു കഴിഞ്ഞിരുന്നു...
5 മിനിട്ടുകള്‍ക്കുള്ളില്‍  ഫേസ് ബുക്കില്‍ ദൈവം സ്വന്തം Status Update ചെയ്തു.

Getting bored...!!! Taking a long leave...
Shiva & Vishnu likes this...
Brahma commented on this "Me toooo...

03 March 2011

അമ്മയെ മാറ്റിയ അരുണ്‍...

അമ്മയ്ക്കു വേണ്ടി വാങ്ങിച്ച  പുതിയ മൊബൈല്‍ ഫോണില്‍ പുതിയ സിം കാര്‍ഡ്‌ ഇട്ട് അരുണ്‍ അമ്മയ്ക്കു കൊടുത്തു, ശേഷം സ്വന്തം മൊബൈല്‍ എടുത്ത് അമ്മയുടെ പുതിയ നമ്പര്‍ സേവ് ചെയ്യാന്‍ നേരത്ത് മൊബൈലിന്‍റെ ചോദ്യം...

'Replace'
Amma...

ഒരു നിമഷം ശങ്കിച്ചു നിന്ന അരുണ്‍ ok ബട്ടണില്‍ വിരലമര്‍ത്തി, അമ്മ replace ആയി... അങ്ങനെ അമ്മയെ മാറ്റിയവനായി അരുണ്‍ മാറി...