10 March 2011

College Days Part 3 ('മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചത്')

ചിറകൊടിഞ്ഞ ടൂര്‍ കിനാക്കള്‍...


കിലുക്കം സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഊട്ടി, അവിടേയ്ക്കായിരുന്നു സംഭവബഹുലമായ ആ ടൂറ് പ്ലാന്‍ ചെയ്തത്. എന്‍റെ മനസ്സില്‍ കിലുക്കത്തിലെ "ഊട്ടിപ്പട്ടണം" പാട്ട് പ്ലേ ആയി. അന്ന് മുതല്‍ ഞാനും കോളേജിലെ സുന്ദരിയായ ഫാത്തിമയും ചേര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ ഡാന്‍സ് ചെയ്യുന്നത് വരെ ഞാന്‍  സ്വപ്നം കണ്ടു തുടങ്ങി. ഊട്ടിയില്‍ ഞങ്ങള്‍ക്കൊരുമിച്ചു കറങ്ങാവുന്ന സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്തു ഒപ്പം ഫാത്തിമയെന്ന മോഹം മനസ്സില്‍ കൊണ്ട് നടക്കുന്ന മറ്റുള്ള കശ്മലന്‍മാരുടെ കുടിലതന്ത്രങ്ങളെ ചെറുക്കന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. അതിനിടയിലാണ് കോളേജില്‍ ഒരു വാര്‍ത്ത പരന്നത് ഫാത്തിമ വരാന്‍ സാധ്യതയില്ല. കോളേജില്‍ ആകെയുള്ള ഒരു സുന്ദരിയാണ് ഫാത്തിമ അവള് ടൂറിനു വരുന്നില്ലെങ്കില്‍...??? കുറച്ചു ദിവസത്തേക്ക് ഫാത്തിമ ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ മനസെല്ലാം തിരഞ്ഞെടുപ്പ് തോറ്റ പാര്‍ട്ടി ഓഫീസ് പോലെയായി. കബീറിന് വിശപ്പില്ല, സുമേഷിനു ക്ലാസ്സില്‍ ശ്രദ്ധ കിട്ടുന്നില്ല (ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരെയോരുത്തന്‍ അവനാണ്), ഇടയ്ക്ക് മാത്രം വന്നു പോകുന്ന മാവേലി അജേഷ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ കുറച്ചു ദിവസത്തേക്ക് ക്ലാസ്സിലെ നിത്യ സന്ദര്‍ശകനായി. ഏവരും ഒരേ മനസ്സോടെ ഫാത്തിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഏവരുടെയും പ്രാര്‍ത്ഥനയുടെ ഫലമെന്ന് പറയട്ടേ ഫാത്തിമ ടൂറിന് വന്നു. എന്നാല്‍ വരാമെന്നേറ്റ വീഡിയോഗ്രാഫര്‍ ജാഫര്‍ വന്നില്ല. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ടൂറിന്‍റെ ഛായാഗ്രഹണം കോളേജിലെ മുന്‍കാല വിദ്യാര്‍ത്ഥിയായ ബൈജുവിനെ ഏല്‍പ്പിച്ചു. അവനെ അത് ഏല്‍പ്പിച്ചത് അവന്‍റെ ഛായാഗ്രഹണ മികവു കൊണ്ടല്ല ആ പരിസരത്ത് വീഡിയോ ക്യാമറ ഉള്ളതും ഫ്രീ ആയിട്ട് ഷൂട്ട്‌ ചെയ്തു തരാന്‍ മനസ് ഉള്ളതും അവന്‍റെ അടുത്ത് മാത്രമായിരുന്നു.

ഇതിനിടയിലാണ് ഗോപി മാഷിന്‍റെ  ഹലാക്കിലെ ഒരു ഐഡിയ വരുന്നത്. 'An idea can change your life' എന്നത് അന്നാണ് ഞാന്‍ ആദ്യമായി മനസിലാക്കിയത്. പുള്ളിയുടെ ഐഡിയ ഇതായിരുന്നു. ടൂര്‍ വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റാന്‍, പോകുന്ന വഴിക്ക് റോഡില്‍ വെച്ച് അടുപ്പ് കൂട്ടി കഞ്ഞിയുണ്ടാക്കി കുടിക്കുക. അതിനായിട്ട്‌ അടുപ്പ് കൂട്ടാനുള്ള ചെങ്കല്ലും അരിയും സാധനങ്ങളുമൊക്കെ വണ്ടിയില്‍ വെയ്ക്കണം. ടൂറിനു പോകുമ്പോഴെങ്കിലും കാര്യമായിട്ട് എന്തെങ്കിലും കഴിക്കാമെന്ന് കരുതിയവന്‍റെയൊക്കെ കഞ്ഞി കുടി മുട്ടിക്കുന്ന തീരുമാനമായി ഇത് മാറി. ഇതിന്‍റെ പുറകിലെ രാഷ്ട്രീയ തന്ത്രം ഞാന്‍ പിന്നീടാണ്‌ മനസിലാക്കിയത് :- ഇത് വഴി ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്ന പൈസ ലാഭിക്കാം. അങ്ങനെ വീട്ടില്‍ വെച്ച് കഞ്ഞി
കേട്ടും കണ്ടും കുടിച്ചുമൊക്കെ കഞ്ഞിയുമായി വളരെ അടുത്ത ബന്ധമുള്ള ഞങ്ങളെല്ലാവരും ചേര്‍ന്ന് "Wow kanji !! its yummyyy !!" എന്നും പറഞ്ഞ് പോകുന്ന വഴിക്ക് റോഡ്‌ സൈഡില്‍ അടുപ്പ് കൂട്ടി  കഞ്ഞിയുണ്ടാക്കി കുടിച്ചു. ശേഷം "Kanji is the secret of our energy !!'" എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ബസില്‍ ചാടിക്കയറിയ ഞങ്ങളുടെ മുന്നില്‍ ആകെയുള്ളത് ബസില്‍ ഉണ്ടായിരുന്ന 'ഗില്ലി' സിനിമയുടെ ഓഡിയോ കാസ്സറ്റ്‌ മാത്രമായിരുന്നു. അത് തിരിച്ചും മറിച്ചുമിട്ട്‌ ഡാന്‍സ് ചെയ്ത് ഡാന്‍സ് ചെയ്ത് അതിലെ 'അപ്പടി പോട് പോട്' എന്ന പാട്ടൊക്കെ ഏതു പാതിരാത്രിക്ക്‌ വിളിച്ചെഴുന്നേല്‍പ്പിച്ചു ചോദിച്ചാലും ചാടിയെഴുന്നേറ്റു ചൊല്ലി കേള്‍പ്പിക്കാം എന്ന പരുവത്തിലായി. എങ്കിലും ഞങ്ങള്‍ വിട്ടില്ല, വിജയം വരെയും സമരം ചെയ്യും എന്ന് പറഞ്ഞത് പോലെ ടൂറ് കഴിയും വരെയും നൃത്തം ചെയ്യും എന്ന മുദ്രാവാക്ക്യവുമായി ഞങ്ങള്‍ ഗില്ലിയിലെ പാട്ടുകള്‍ക്ക് ചുവടു വെച്ചുകൊണ്ടേയിരുന്നു. ആ ടൂറിനു ശേഷം ഗില്ലി സിനിമയിലെ പാട്ട് എവിടെ കേട്ടാലും എനിക്കത് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെയായിരുന്നു.

ഇനി ടൂറിനിടയിലെ മറ്റു ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞാല്‍ തമിഴന്‍മാര് തന്നതെന്തൊക്കെയോ തിന്നു എന്ന് മാത്രം അറിയാം. അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു "അമ്മേ മാപ്പ്! അമ്മയുയുണ്ടാക്കിയ ഭക്ഷണത്തെ കുറിച്ച് എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ അറിവില്ലാ പൈതമായി കരുതി മാപ്പാക്കണം". ഊട്ടിയിലെ വെള്ളം ഐസ് ആക്കുന്ന തണുപ്പിലും എന്‍റെ കണ്ണുകള്‍ നിറഞ്ഞു...

One day ടൂര്‍ ആയതു കൊണ്ട് ഊട്ടിയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മാത്രമേ കാര്യമായിട്ട് കാണാന്‍ പറ്റിയുള്ളൂ. സൂയിസൈഡ് പോയിന്റ്‌ എന്നൊരു സ്ഥലമുന്ടെന്നൊക്കെ പോകുന്ന വഴിക്ക് ആരോ പറയുന്നത് മാത്രം കേട്ടു. ഇതിനിടയിലൊക്കെ ബൈജുവിന്‍റെ ക്യാമറക്കണ്ണുകള്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ഷോക്ക് അടിച്ചാലും ഭാവം വരാത്ത സുധാകരന്‍ മാഷും അംബിക ടീച്ചറുമൊക്കെ ക്യാമറയ്ക്ക് മുന്നില്‍ നിറഞ്ഞാടി. ഞങ്ങളും വിട്ടു കൊടുത്തില്ല ചോക്ലേറ്റ് വാങ്ങിക്കുന്നത് മുതല്‍ കാരറ്റ് തിന്നുന്നതില്‍ വരെ ഭാവാഭിനയത്തിന്‍റെ അതിപ്രസരം. ഇതിനിടയില്‍ മറ്റു പലരും കൂടുതലും പ്രാധാന്യം കൊടുത്തിരുന്നത് ഫാത്തിമയുമൊത്തുള്ള രംഗങ്ങള്‍ക്കായിരുന്നു. ഇത് മനസിലാക്കിയ അവള് പ്രാധാന്യം കൊടുത്തിരുന്നതോ... ഒറ്റയ്ക്കുള്ള രംഗങ്ങള്‍ക്കും. അതോടെ 'Coffee with Karan' പ്രോഗ്രാം പോലെ 'Tour with Fathima' പ്രോഗ്രാം പ്ലാന്‍ ചെയ്തിരുന്ന എന്‍റെ മോഹങ്ങള്‍ പൂവണിയില്ല എന്നെനിക്കു മനസിലായി. പിന്നെ ടൂര്‍ മുതലാക്കാനുള്ള ഏക മാര്‍ഗം ബൈജുവിന്‍റെ ക്യാമറയില്‍ പരമാവധി തല കാണിക്കുക എന്നുള്ളത് മാത്രമായിരുന്നു. തന്‍റെ markett  value  ഉയരുന്നുന്ടെന്നു മനസിലാക്കിയ ബൈജുവാണെങ്കിലോ പിന്നെയങ്ങോട്ട് 'സന്തോഷ്‌ ബൈജു ശിവനായി', ഒടുക്കത്തെ ജാഡ!. ആ ഒറ്റ ദിവസത്തെ ട്രിപ്പ് കൊണ്ട് എന്ത് മെച്ചമാണ് ഉണ്ടായത് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. എന്തൊക്കെയാണ് കണ്ടതെന്ന് ചോദിച്ചാല്‍ കാര്യമായിട്ട് ഒന്നും പറയാനുമില്ല. ശരിക്കും ഞങ്ങളെ ഊട്ടിക്കു തന്നെയാണോ കൊണ്ടുപോയത് എന്ന് വരെ അന്ന് പലരും സംശയിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ ഊട്ടി കാര്യമായിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചപ്പോഴാണ് എന്‍റെ ആ സംശയം മാറിയത്.

ലിസ്റ്റില്‍ ഇല്ലാതിരുന്ന ആളുകളുടെ അവസാന നിമിഷമുണ്ടായ തള്ളിക്കയറ്റം കാരണവും ടൂറിസ്റ്റ് ബസിനോക്കെ ഒരു പരിധി ഉള്ളത് കൊണ്ടും ടൂറ് passenger ട്രെയിനിലെ യാത്ര പോലെയായിരുന്നു എങ്കിലും വലിയ പരിക്കുകള്‍ ഇല്ലാതെ നാട്ടില്‍ കാലു കുത്താനായതില്‍ ഞാന്‍ ഇന്നും ദൈവത്തിനോട് നന്ദി പറയുന്നു. ടൂറ് കഴിഞ്ഞതിനു ശേഷമുള്ള ഏക പ്രതീക്ഷ ഞങ്ങളുടെയൊക്കെ ഭാവഭിനയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൂറിന്‍റെ വീഡിയോ സീ ഡി യിലായിരുന്നു. കാത്തിരിപ്പിനൊടുവില്‍ റിലീസ് ആയ സീ ഡി കണ്ട പലരും ഒറ്റയടിക്ക് 4 തവണ വരെ ഞെട്ടി. ഫാത്തിമയല്ലാതെ വേറെ ആരെയും കാര്യമായിട്ട് കാണാനില്ല. ഫാത്തിമ ചിരിക്കുന്നു കളിക്കുന്നു, പൂ പറിക്കുന്നു, പൂമ്പാറ്റയെ പിടിക്കുന്നു, ഗാര്‍ഡനില്‍ നടക്കുന്നു അങ്ങനെ നീളുന്നു ഫാത്തിമയുടെ പെര്‍ഫോമന്‍സ്. ചുരുക്കി പറഞ്ഞാല്‍ ഫാത്തിമയെ നായികയാക്കി 'പിക്നിക്' എന്ന പേരില്‍ സിനിമയെടുത്തപോലെയുണ്ട്. ഞങ്ങളുടെ രക്തം തിളച്ചു, രോഷം അണ പൊട്ടി. ബൈജുവിനെ തേടിപ്പിടിച്ച് കുനിച്ചു നിര്‍ത്തി ഞങ്ങള്‍ കൂമ്പിനിടിച്ചു. സ്വന്തം കൂമ്പ് വാടുന്നതിനു മുന്‍പ് തന്നെ ഗത്യന്തരമില്ലാതെ അവന്‍ സത്യം പറഞ്ഞു... അവനും ഫാത്തിമയോടുണ്ടായിരുന്ന ദിവ്യമായ സ്നേഹത്തെക്കുറിച്ച്. അത് കൊണ്ടാണത്രേ അവന്‍ ഫ്രീ ആയിട്ട്
വരാമെന്നേറ്റത്. അത് കേട്ടതും അത്രയും നേരം അഹിംസാവാദിയായിരുന്ന ശരത് ലാല്‍ കോളേജിലെ മറ്റു വിപ്ലവകാരികളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് ബൈജുവിനെ നെഞ്ചത്ത് ചാടിയൊരു ചവിട്ടാണ്. ആ ഒരു ചവിട്ടാണ് ഓണാട്ടുകരയില്‍ നിന്നും ബൈജുവിനെ എത്രയും പെട്ടന്ന് ഗള്‍ഫിലേക്ക് പറത്തിയത്‌.

തുടരും...

20 comments:

  1. എങ്ങനെ ഞാന്‍ മറക്കും ഈ പാരലല്‍ കോളേജ്?

    ReplyDelete
  2. ഹ..ഹ..ഹ... ഫാത്തിമയെ നായികയാക്കി എടുത്ത ആ പിക്നിക്കിന്റെ ഒരു കോപ്പി കിട്ടാനുണ്ടോ... ബൈജുവിന്റെ ഭാഗ്യം.. ഒരു ചവിട്ടല്ലേ കിട്ടിയുള്ളൂ...

    ReplyDelete
  3. ഒരു ചവിട്ടു കിട്ടിയാലെന്താ, ഫാത്തിമയില്ലേ ക്യാമറയില്‍...
    നര്‍മ്മത്തില്‍ ചാലിച്ച്, സിമ്പിള്‍ ആയി എഴുതിയ ഈ വിവരണം ഇഷ്ടപ്പെട്ടു..
    ആശംസകള്‍.. എഴുത്ത് തുടരുക

    ReplyDelete
  4. veendum kalakki ponnee
    waittttt 4 nexttt
    mashhod soopiar

    ReplyDelete
  5. @ shabeer - ആ ടൂറിന്‍റെ ഒരു കോപ്പിയേ ബിജുവിന് എടുക്കേണ്ടി വന്നുള്ളൂ...
    @ mahesh - തീര്‍ച്ചയായും...
    @ mashhood - പെരുത്ത് സന്തോഷായി ഇക്കാ!!!

    ReplyDelete
  6. എഴുത്ത് കൊള്ളാം ജെനിത്...തുടരുക...ആശംസകള്‍

    ReplyDelete
  7. really nice..simple and funny

    ReplyDelete
  8. @ rakhu & patteri - നന്ദി, വീണ്ടും വരിക...

    ReplyDelete
  9. kollaaam... thudaroooo...!!

    ReplyDelete
  10. @ makthoob - തീര്‍ച്ചയായും...

    ReplyDelete
  11. @ sreejith - നന്ദി. ഇനിയും വരണം... :)

    ReplyDelete
  12. നല്ല വിവരണം.
    ഞങ്ങള്‍ടെ ടൂറില്‍ വീഡിയോ കാമറ ഇല്ലായിരുന്നു.
    ഭാഗ്യം.

    ReplyDelete
  13. @ fousia - അതേതായാലും നന്നായി... :)

    ReplyDelete
  14. കാലത്തിന്‍റ്റെ യാത്രയ്ക്കിടയില്‍ പിരിയുന്നവരെ പിന്നീട് ബ്ലോഗിന്റെയും ഫേസ്ബുക്ക്‌ന്റെയും ഇടനാഴികളില്‍ കണ്ടുമുട്ടുമ്പോള്‍ ഭയങ്കര സന്തോഷം
    നിനക്ക് സുഖം തന്നെ എന്ന് വിചാരിക്കുന്നു...........

    ReplyDelete
  15. @ rahul - സുഖം. നിന്നെ ഈ ഇടനാഴിയില്‍ വെച്ച് തന്നെ കാണാനായതില്‍ കൂടുതല്‍ സന്തോഷം. എന്‍റെ പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളേ... ഈ രാഹുലും ആ ടൂറിലെ ഒരംഗമായിരുന്നു.

    ReplyDelete
  16. ഈ ടൂറും ഒട്ടും ബോറായില്ല കേട്ടൊ ഗെഡീ

    ReplyDelete
  17. ഊട്ടിയില്‍ പോകും വഴിയുള്ള കഞ്ഞികുടി ആരുടെ ഐഡിയ ആണെങ്കിലും അത് അപാരം തന്നെ.
    ഫാത്തിമ ചിരിക്കുന്നു കളിക്കുന്നു, പൂ പറിക്കുന്നു, പൂമ്പാറ്റയെ പിടിക്കുന്നു,........
    അത് സൂപ്പര്‍ ആയിട്ടുണ്ട്.

    /അജ്ഞാതന്‍/

    ReplyDelete