15 October 2011

ഫേസ്ബുക്ക്‌ നക്കിയ ജീവിതം!!

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് യുഗം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് ഗൂഗിള്‍ പ്ലസ്സില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തിലും പഴയ പ്രതാപത്തിന് ഒട്ടും കുറവു വന്നിട്ടില്ലാത്തതു കൊണ്ടാണ് പെങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു account ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അത് സ്നേഹത്തിന്‍റെ പുറത്ത് ഒരു ദുര്‍ബല നിമിഷത്തില്‍ ദശരഥന്‍ കൈകേയിക്ക് വരം കൊടുത്ത പോലെ, ജീവിതത്തിലെ prime time ല്‍ എനിക്ക് തന്നെ പാരയായിട്ടു മാറുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇതിപ്പോ പൊരുന്നക്കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അവള് കമ്പ്യൂട്ടറിന് മുന്നിലിരിപ്പാണ്. അങ്ങോട്ട്‌ അടുപ്പിക്കുന്നില്ല. ആ പരിസരത്ത് കൂടി പോയാല്‍ ചീറും!! എന്താ കാര്യം??

വാതില്‍ കട്ടിള അടുത്ത് വരരുതെന്ന ഉദ്ദേശത്തോടെ 2 കൈ കൊണ്ടും തടഞ്ഞു നിര്‍ത്തുന്ന പോസില്‍ എടുത്ത ഫോട്ടോ 1
തൂണിന് ഉമ്മ കൊടുക്കുന്ന പോസിലുള്ള ഫോട്ടോ 2
സ്വയം മൊബൈല്‍ ക്യാമറ തിരിച്ചു പിടിച്ച്, കൈ ഉളുക്കാതെ അതിസാഹസികമായി എടുത്ത ഫോട്ടോ 3

ഇമ്മാതിരി ഓണക്ക ഫോട്ടോകള്‍ upload ചെയ്യുന്നതിന്‍റെയും അവളൊരു പെണ്ണായത് കൊണ്ട് മാത്രം അതിനു ചില കോന്തന്‍മാരിടുന്ന പരട്ട comments വായിക്കുന്നതിന്‍റെയും തിരക്കാണ്...

അതല്ലേലും അങ്ങിനെയാണ്. ഏതെങ്കിലും ആണൊരുത്തന്‍ കാമ്പുള്ള എന്തെങ്കിലും ഒരു സാധനം post ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക്‌ തിമിരവും തലച്ചോറിന് അല്‍ഷിമേഴ്സുമോക്കെ ബാധിക്കുന്ന ചില ലവന്‍മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr... എന്ന post ന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Cooool എന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്സാക്ഷികളും അനുഭവസ്തരും ഏറെയാണ്‌. ഒരിക്കല്‍ ഒരു പെണ്‍കുട്ടി "എന്നെ ഈ ഗ്രൂപ്പില്‍ ആര്‍ക്കും ഇഷ്ട്ടമല്ല" എന്ന് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ അതിനു കിട്ടിയത് 805 comments ഉം 500 ലധികം ലൈക്കുകളുമാണ്. ഇതൊക്കെ കാണുമ്പോള്‍ ചില സമയത്ത്, വല്ല ശ്രീക്കുട്ടി എന്ന പെരിലെങ്ങാനും ഒരു account തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്‌. ഇജ്ജാതി teams ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ നിന്നൊക്കെ എന്ന് VRS എടുക്കുന്നോ അന്നേ ഇവളുമാരൊക്കെ ഒരു പാഠം പഠിക്കുകയുള്ളൂ. ഇനി എന്നെങ്കിലും അങ്ങനെ സംഭവിച്ചാലും ഇനിയങ്ങോട്ട് എനിക്ക് മാത്രമായി വീട്ടിലെ കമ്പ്യൂട്ടര്‍ വിട്ടു കിട്ടുമെന്ന് തോന്നുന്നില്ല. കാരണം മാര്‍ക്ക്‌ സുക്കന്‍ബര്‍ഗ് എന്ന പുണ്യാത്മാവ് രൂപപ്പെടുത്തിയ ഫേസ് ബുക്ക്‌ എന്ന പ്രസ്ഥാനം ഇപ്പൊ പലര്‍ക്കും ഓക്സിജന്‍ പോലെയായാണ്. ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു. കൊച്ചിയില്‍ കായലരികത്ത് ഫ്ലാറ്റ് എന്നൊക്കെ പറയുന്നത് പോലെ സ്വന്തമായി ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ എന്ന് പറയുന്നത് ഇപ്പോള്‍ സ്റ്റാറ്റസിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പിരിയാന്‍ നേരത്ത് "വൈകിട്ട് കാണാം" എന്ന് ചിലര് പറയുന്നത് ഏതെങ്കിലും കവലയിലോ അവരുടെ പ്രിയപ്പെട്ട സ്ഥലത്തോ വെച്ചുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചല്ല ഫേസ് ബുക്കില്‍ കാണുന്നതിനെക്കുറിച്ചാണ്. Savings account തുടങ്ങുന്നത് പോലെ, പോളിസിയൊക്കെ ചേര്‍ന്നിടുന്നത് പോലെ ഒന്നര വയസുള്ള മകള്‍ക്ക് ഇപ്പോഴേ ഫേസ് ബുക്കില്‍ account ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പെരുന്തച്ചന്‍ ഫേസ് ബുക്ക്‌ എന്ത്രമാത്രം ചിലരുടെയൊക്കെ ജീവിതത്തിന്‍റെ ഫേസ് മാറ്റിയിട്ടുണ്ട് എന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്...


ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ profile picture മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും അത് നമ്മളില്‍ പലരും അറിയുന്നതും ഫേസ്ബുക്ക്‌ ഉള്ളത് കൊണ്ടാണ്. ഇവരില്‍ ചിലര്‍ 24 മണിക്കൂറും online ആയിരിക്കും. ഏത് സമയത്ത് കയറിയാലും ഇവരെ കാണാന്‍ പറ്റും. പോസ്റ്റ്‌ ഇടുന്നതിനു മുന്‍പേ like അടിക്കണ ഇവര് എപ്പോഴാണ് ഉണ്ണുന്നത്, ഉറങ്ങുന്നത്, മറ്റു കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നുള്ളത് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല. മൊബൈല്‍ ഫോണ്‍ വഴിയുള്ള internet ഉപയോഗം വ്യാപകമായതോടെ വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ കയറുന്നവന്‍റെയൊക്കെ status update cricket commentary പോലെയായി. 'കഴിക്കാന്‍ പോണൂ', 'കഴിച്ചു തുടങ്ങീ... nice', 'എക്കിളെടുക്കുന്നു... wow', 'കൈ കഴുകി thats really cool' ഇങ്ങനെയൊക്കെയായി. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒറ്റക്കൈ കൊണ്ട് status update ചെയ്തിട്ടേ ഇക്കൂട്ടര്‍ താഴേക്ക്‌ പോകൂ... ഹോ മഴ കാത്തിരിക്കണ വേഴാമ്പലിനെ പോലെ ചില ലവന്‍മാര് ‍ഫേസ് ബുക്കില്‍ ഒരു comment കാത്തിരിക്കണ ഇരിപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. fb യ്ക്ക് മുന്നിലിരുന്നാല്‍ (ഇപ്പൊ fb ന്നാ പറയുക പോലും) ഒലക്കയ്ക്കടിച്ചാലും, റൂമിന് തീയിട്ടാലും അറിയാത്ത ഇവരില്‍ ചിലരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് fb യില്‍ account ഉണ്ടാക്കി ചാറ്റില്‍ വരേണ്ട അവസ്ഥയാണ്. അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട്‌ ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം. അല്ലെങ്കില്‍ ചിലര്‍ക്ക് പറ്റാറുള്ളത് പോലെ ചാറ്റ് ബോക്സ്‌ അവന് മാറിപ്പോകണം...


സ്വന്തം സ്ഥാപനം വളര്‍ത്താനെന്ന പോലെ സ്വന്തം ഗ്രൂപ്പ് വളര്‍ത്താന്‍ ഓടുന്നവര്‍, അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വേറെ ഗ്രൂപ്പുണ്ടാക്കുന്നവര്‍, എന്തിനെയും കയറി ലൈക്കുന്നവര്‍, പോസ്റ്റിനു കിട്ടുന്ന commentകളുടെയും ലൈക്കുകളുടെയുമൊക്കെ എണ്ണം കൂട്ടാനായിട്ടു കഷ്ട്ടപ്പെടുന്നവര്‍, പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ് comment ഇടീക്കുന്നവര്‍, പോസ്റ്റിനു comment ഇട്ടില്ലെങ്കിലോ ലൈക്ക് അടിച്ചിട്ടില്ലെങ്കിലോ പിണങ്ങുന്നവര്‍... ഇങ്ങനെ അതികലശലായ ഫേസ്ബുക്ക്‌ മാനിയ പിടിപെട്ട്, ഉള്ളിലുള്ള fb നാഗവല്ലിയെ ഓടിക്കാനായി ഒരു Dr സണ്ണിയുടെ വരവും കാത്തിരിയ്ക്കുന്നവര്‍ ഒരുപാടാണ്‌. മുന്‍പൊരിക്കല്‍ ഞാന്‍ fb യില്‍ ഇട്ട ഒരു പോസ്റ്റിനു like അടിച്ച നമ്മുടെ ഒരു സുഹൃത്ത്‌ പുറകെ മൊബൈലില്‍ ഒരു msg ഉം അയച്ചിരിക്കുന്നു. "എന്‍റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യില്ല അതുകൊണ്ട് ഇപ്പൊ ഒന്നും മനസിലാവുന്നില്ല കുറേ കട്ടകള്‍ മാത്രമേ കാണുന്നുള്ളൂ വിശദമായി പിന്നീട് comment ഇടാം" എന്ന്. അതിനര്‍ത്ഥം ഞാന്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പോലും നോക്കാതെയാണ് ലൈക്കിയിരിക്കുന്നത് എന്നല്ലേ?. അപ്പൊ ക്ഷണിച്ചിട്ടു കല്യാണത്തിന് പോയില്ലെങ്കില്‍ മോശമല്ലേ എന്നൊക്കെ ചിന്തിക്കുന്ന പോലെ അവന്‍ facebook ല്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ട് ഒന്ന് ലൈക്കിയില്ലെങ്കില്‍ മോശമല്ലേ എന്നുള്ള രീതിയിലൊക്കെ ആളുകളിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മറ്റൊരു fb സുഹൃത്ത്‌ എനിക്കയച്ച msg എന്താണെന്നോ "മറ്റേ ഗ്രൂപ്പില്‍ നിന്നും കുറച്ചു പാരകളൊക്കെ നമ്മള്‍ക്ക് വരുന്നുണ്ട് അതുകൊണ്ട് ഒന്ന് അലേര്‍ട്ട് ആയിരിക്കണം. ഇതിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാന്‍ മറക്കരുത്. നമുക്ക് ഒരുമിച്ചു നിന്ന് പോരാടണം" എന്ന്. അത് വായിച്ചപ്പോള്‍ അത്രയൊക്കെ അലേര്‍ട്ട് ആവാന്‍ മാത്രം, ഞാന്‍ നില്‍ക്കുന്നത് കാര്‍ഗിലിലാണോ എന്ന് ചിന്തിച്ചു പോയി...


ചിലരൊക്കെ fb വഴി സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണല്ലോ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് പലപ്പോഴും സങ്കടം തോന്നിപ്പോയിട്ടുണ്ട്‌. നിസ്സാരകാര്യങ്ങളുടെ പേരില്‍ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ലോകത്തിന്‍റെ ഏതോ കോണിലിരിക്കുന്ന ഒരു മനുഷ്യനെ ശത്രുവാക്കാനും പലര്‍ക്കും ഇതുവഴി സാധിക്കുന്നുണ്ട്. മര്യാദയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പലര്‍ക്കും ഇതു അത്ഭുതം ഉളവാക്കുന്ന കാര്യമായിരിക്കുമെങ്കിലും അതാണ്‌ സത്യം എന്നുള്ളത് fb യില്‍ active ആയിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇതിന്‍റെയൊക്കെ അടിത്തട്ടില്‍ കിടക്കുന്ന പ്രശ്നം 'Self promotion' എന്നുള്ളതാണ്. പലരും സമ്മതിക്കില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ... സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയൊന്നുമല്ല Self promotion നു വേണ്ടിയാണ് നല്ലൊരു വിഭാഗവും ഇതില്‍ active ആയിരിക്കുന്നത്. അതിനുള്ള സൗകര്യങ്ങള്‍ കൂടുതലാണ് എന്നുള്ളതാണ് ഫേസ് ബുക്കിനെ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തവും ഏവര്‍ക്കും പ്രിയങ്കരവുമാക്കി മാറ്റിയത്.


ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇവരോടൊക്കെ എനിക്കൊന്നു മാത്രമേ പറയാനുള്ളൂ... ഫേസ് ബുക്ക്‌ അല്ല ജീവിതം. അത് ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. "ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത് ജീവിക്കാന്‍ വേണ്ടിയാവണം ഭക്ഷണം കഴിക്കേണ്ടത്‌" എന്ന് പറയാറുള്ളത് പോലെ ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക്‌ ഉപയോഗിക്കേണ്ടത്". അല്ലെങ്കില്‍ പിന്നെ ഫേസ് ബുക്ക്‌ നമ്മള്‍ക്ക് ദിവസവും ഒരു ലിറ്റര്‍ പാല് തരികയോ, മുട്ടയിടുകയോ മറ്റോ ചെയ്യണം. അതുമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക് 'Facebooker Prize' വല്ലതും ഉണ്ടാകണം. ഇതൊന്നുമില്ലല്ലോ?? പിന്നെയുള്ളത് സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യമല്ലേ?? അതിപ്പോ വാസ്കോ ഡ ഗാമ കോയിക്കോട്ട്‌ ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക്‌ വഴിയല്ലല്ലോ??? അതാണ്‌ പറയണത്, അക്കാലത്തും ആളുകള്‍ക്ക് അന്യദേശങ്ങളില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ പിണ്ണാക്ക് നിയാസിന്‍റെ മൂത്താപ്പാക്ക് മൂപ്പരുടെ ആയ കാലത്ത് ബര്‍മയില്‍ വരെ പരിചയക്കാരുണ്ടായിരുന്നു. അന്ത കാലത്ത് ഫേസ് ബുക്കിന്‍റെ ഫാദര്‍ മാര്‍ക്ക്‌ സുക്കന്‍ ബര്‍ഗിനെക്കുറിച്ചു അങ്ങോരുടെ ഫാദറ് പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ട് fb യില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായിട്ടു ഓടുമ്പോള്‍, ഫുള്‍ ടൈം net ഇല്‍ കുരുങ്ങുമ്പോള്‍... കണ്ണിന്‍റെ ഫിലമന്റ് അടിച്ചു പോകാതെയും, ആ സമയം കൊണ്ട് ആസ്വദിക്കാമായിരുന്ന മനോഹരമായിട്ടുള്ള മറ്റു പലതും നഷ്ട്ടപ്പെടാതെയും ശ്രദ്ധിക്കുക...

ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക്‌ സുക്കന്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക്‌ എന്‍റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചിലരുടെയൊക്കെ ജീവിതത്തിലെ ഏക ആശ്രയം internet ഉം social networking site കളുമൊക്കെയാണെന്നുള്ള കാര്യം ഞാന്‍ മറന്നിട്ടുമില്ല. എന്നാല്‍ നിരവധി നന്‍മകളുള്ള ഒരു social networking site ന് നമ്മുടെയൊക്കെ വിലപ്പെട്ട ഈ ജീവിതത്തില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം ചിലര്‍ കൊടുക്കുന്നത് കാണുമ്പോള്‍ ജീവിതം ഫേസ്ബുക്ക്‌ നക്കിപ്പോകരുത് എന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് keyboard കണ്ടപ്പോള്‍ അറിയാതെ ടൈപ്പ് ചെയ്തു പോയതാണ്...

അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ... കഴിഞ്ഞ ദിവസം ഇട്ട ഫോട്ടോയ്ക്ക് comment വല്ലതും വന്നിട്ടുണ്ടോന്നു നോക്കട്ടെ ഹി ഹി ഹീ :)

Related post: ദൈവത്തിന്‍റെ Status Update !!!

120 comments:

  1. ഫേസ് ബുക്കുമായി വലിയ അടുപ്പമില്ലാത്തവര്‍ എന്നോട് ക്ഷമിക്കുക. ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് അത്രയ്ക്കങ്ങോട്ട് മനസിലായിട്ടുണ്ടാവില്ല എന്നറിയാം എങ്കിലും നിങ്ങളിത് മനസിലാക്കാന്‍ ശ്രമിക്കണം എന്നാണു എനിക്ക് പറയാനുള്ളത്. കാരണം വരും കാലങ്ങളില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെയൊക്കെ സ്വാധീനം സമൂഹത്തില്‍ കൂടുകയേ ഉള്ളൂ എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പിന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന അത്രയുമൊന്നും വരില്ലെങ്കിലും എന്‍റെ അവസ്ഥയും വ്യത്യസ്തമല്ലാത്തതിനാല്‍ എനിക്ക് ഞാന്‍ തന്നെ ഒരു മുന്നറിയിപ്പ് കൊടുക്കേണ്ടത് ആവശ്യമായിരുന്നു എന്നുള്ള കാര്യവും ഇതോടൊപ്പം ഞാന്‍ ഏറ്റു പറയുന്നു :)

    ReplyDelete
  2. ഈ പോസ്റ്റിന് ഒരു നൂറു ലൈക്ക്‌ ഞാന്‍ അടിച്ചിരിക്കുന്നു.വായിച്ചു നോക്കിയിട്ട് തന്നെ.

    ReplyDelete
  3. ഫേസ് ബുക്ക്‌ ആരാ മോന്‍ ...

    ഇതൊക്കെ തന്നെയാണ് ചങ്ങാതി
    പല ഫേസ് ബുക്ക്‌ ഗ്രൂപ്പുകളിലും ചൂടന്‍ ചര്‍ച്ച ... ഹ ഹ ഹ

    ReplyDelete
  4. അതിപ്പോ വാസ്കോ ഡ ഗാമ കോയിക്കോട്ട്‌ ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക്‌ വഴിയല്ലല്ലോ???...congrats...valare nalla post..(ee post link njan eduthathu FB yil ninnannee..:D..)

    ReplyDelete
  5. സമ്പവം കസറി, ഇത് എല്ലാവരും വായിക്കട്ടെ

    ReplyDelete
  6. ഞാന്‍ ഇരുപത്തിനാല് മണിക്കൂറും ഫെസ്ബുകില്‍ പെട്ട് കിടക്കുന്ന ഒരാള്‍ ആകയാല്‍ യോജിക്കുന്നില്ല ,ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്നെ മനസ്സില്‍ വരുന്നുള്ളൂ ,താങ്കളും അങ്ങനെ തന്നെയുള്ള ഒരാള്‍ ആണെന്ന് പോസ്റ്റ്‌ തന്നെ പറയുന്നുണ്ട് ,അത് കൊണ്ട് ഇത് താങ്കളുടെ സ്ടാടസ് ആയി ഇട്ടാല്‍ ഒന്ന് ലൈക്കാം ,അത്ര തന്നെ ..ഒരിക്കലും കണി കാണാന്‍ പോലും കിട്ടാത്ത ചില സ്നേഹം (മായക്കാഴ്ചകള്‍ തന്നെ എന്നറിഞ്ഞു കൊണ്ട് തന്നെ ,അത്തരം ഒരു മായക്കഴ്ച്ചയാനല്ലോ സിനിമയും )ഫെസ്ബുകില്‍ കിട്ടും .അത് എനിക്ക് വേണം ..

    ReplyDelete
  7. ജെനിതിനോട് ഒരു പരിധി വരെ യോജിയ്ക്കുന്നു. എങ്കിലും ഫേസ്ബുക്കിന്റ് ഗുണഫലങ്ങൾ തീർത്തും കണ്ടില്ലെന്നു നടിയ്ക്കാൻ നമുക്കാവുമോ?

    ReplyDelete
  8. പല നല്ല കൂട്ടുകെട്ടുകളും ..പല നല്ല സഹായ സഹകരണങ്ങളും പല ഗ്രൂപ്പുകളും ആളുകളും നല്‍കുന്നുണ്ട് അത് കൊണ്ട് ഫേസ്‌ ബുക്കില്‍ സമയം ഉണ്ടെങ്കില്‍ ചിലവഴിക്കുന്നതില്‍ എന്ത് തെറ്റാണ് എന്തെ..എന്തായാലും സംഭവം നന്നായിട്ടുണ്ട് കേട്ടാ..

    ReplyDelete
  9. സത്യമായും ഒരു ആറുമാസം മുന്നേവരെ വല്ലപ്പോഴുമൊരിക്കല്‍ മാത്രം ഈ കുന്തത്തിമ്മേക്കേറിയിരുന്ന ഞാന്‍ ഇപ്പോള്‍ രാവിലെ ഒരു 7 മുതല്‍ വൈകിട്ട് 6 വരെ ഇതില്‍ തന്നെ ചത്തുകിടക്കുവാണ്.ഭാഗ്യത്തിനു രാത്രിയസുഖം പിടിപെട്ടിട്ടില്ല...എന്നാണെന്നറിയില്ല ഭഗവാനേ....

    ReplyDelete
  10. വളരെ ശക്തമായ പോസ്റ്റ്‌..എഫ്ബീ കുട്ടന്മാര്‍ ഇങ്ങനെ പോയാല്‍ നാടിനു തന്നെ പാര ആകും..സമയോജിതമായ ഈ പോസ്റ്റിനു ആയിരം ലൈക്‌..ആശംസകള്‍..

    ReplyDelete
  11. ജെനിത്തേ സൂപ്പർ പോസ്റ്റ്... പറഞ്ഞവയെല്ലാം 100% സമ്മതിച്ചു തന്നിരിക്കുന്നു....

    ReplyDelete
  12. ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ profile picture മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല.
    കൊട് കൈ, താങ്കള്‍ അത് പറഞ്ഞിരിക്കുന്നു

    ReplyDelete
  13. <<<<<>>>>> well said Jenith

    ReplyDelete
  14. സംഭവം ഇഷ്ടായി..ഞാനടക്കം ഇവിടെ കമന്റ്‌ ഇട്ടവരൊക്കെ ഫേസ് ബുക്ക്‌ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നൊരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.

    ReplyDelete
  15. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാത്തിനോടും യോജിക്കാനോ അതുപോലെതന്നെ വിയോജിക്കാനോ എനിക്കാകില്ല.
    മനുഷ്യന് വിവേചന ബുദ്ധി എന്നൊരു വിശേഷാല്‍ ഗുണമുണ്ട്. നമ്മുടെ വിവേചനാധികാരത്തെ യുക്തമായ രീതിയില്‍ ഉപയോഗിക്കുന്നുവെങ്കില്‍, ഒന്നും ഒരു സൌകര്യവും സംവിധാനങ്ങളും നമുക്കോ നമ്മുടെ പരിസങ്ങള്‍ക്കോ യാതൊരു വിനയുമാവില്ലാ.

    ReplyDelete
  16. ജെനിത്തെ കൊള്ളാം... പിന്നെ ഒരു സംഭവം കൂടി പറയട്ടെ എന്റെ ഒരു സുഹൃത്ത്‌ കുറച്ചു ദിവസത്തേക്ക് ഇവിടെ ഘാനയില്‍ ജോലിക്ക് വന്നിരുന്നു ഒന്നര മാസത്തേക്ക് നാട്ടിലെ കമ്പനി പറഞ്ഞയച്ചതാണ് .ഇവിടെ വന്നു ഒരു മദാമ്മയുമായി കമ്പനി കൂടി കുറെ ചിത്രങ്ങളൊക്കെ എടുത്തു എഫ് .ബി യില്‍ ഇട്ടു . തിരിച്ചു ചെന്നപ്പോള്‍ അച്ഛന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും നേരെ കൂട്ടി കൊണ്ട് പോയത് പെണ്ണ് കാണ്ണാന്‍ ചെക്കനെ പിടിച്ചു മൂപ്പര് ബലമായി കല്യാണം ഉറപ്പിച്ചാണ് വിട്ടത് . കാര്യം എന്താന്ന് വെച്ചാല്‍ ഏതോ ദുര്‍ബല നിമിഷത്തില്‍ അച്ഛനെ അവന്‍ എഫ് . ബി യില്‍ അവന്‍ ഫ്രണ്ടാക്കിയിരുന്നു. ഇതാണ് പറയുന്നത് എഫ് . ബി കാന്‍ ചെയന്ജ് യുഅര്‍ ലൈഫ് .

    ReplyDelete
  17. കിടിലോല്‍ കിടിലം..
    ഞാന്‍ നന്നാവും..
    ലൈക്കോടു ലൈക്ക്...

    ReplyDelete
  18. ഈ പോസ്റ്റിന് എത്ര ലൈക്ക്‌ അടിക്കണം എന്ന് എനിക്ക് അറിയില്ല

    ReplyDelete
  19. പോസ്റ്റ് നന്നായിരിയ്ക്കുന്നു...
    FBയില്‍ അറിഞ്ഞിരിയ്ക്കേണ്ട സംഗതികളെല്ലാം ഉണ്ട്..
    വേണ്ടതെല്ലാം മനസ്സിലാക്കി എടുക്കാ..
    അതിന്നര്‍ത്ഥം FBയെ ആക്ഷേപിയ്ക്ക,പരിഹസിയ്ക്ക എന്നാകരുത്..
    എന്‍റെ പല ദിവസങ്ങളും FBയിലൂടെ തുടങ്ങുകയും അവസാനിയ്ക്കുകയും ചെയ്യാറുണ്ട്..
    I LIKE FB....!

    ReplyDelete
  20. ഇത് എന്നോ പറയേണ്ടതാണ്. ഓരോരുത്തരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഫെസ്ബൂക് നക്കിക്കൊണ്ടിരിക്കുകയാണ്. പലര്‍ക്കും അത് മൂലം ഉറക്കവും ഭക്ഷണവും എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനു നന്ദി .

    ReplyDelete
  21. സംഭവം കലക്കി സുഹൃത്തേ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  22. ഞാനിതു ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യാം,ഏതായാലും ജീവിതം ഫേസ് ബുക്ക് നക്കി!. അല്ല പിന്നെ.

    ReplyDelete
  23. ജീവിതം fb നക്കി അവസാനം ജീവിതത്തിന്റെ

    FB (Foot board) ഇല്‍ നിന്നു താഴെപോകാതെ

    നോക്കിയാല്‍ കൊള്ളാം...

    നല്ല പോസ്റ്റ്‌...congrats ജെനിത്..

    ReplyDelete
  24. ithu enne udhessichanu...enne mathram udhessichanu....

    ReplyDelete
  25. എനിക്ക്‌ ഫെയ്സ്‌ബുക്കിനെ പേടിയാണ്, അത്യാവശ്യം വന്നാലെ തുറക്കത്തുള്ളു.

    ReplyDelete
  26. ജെനിത്തെ,
    ഇത്തരമൊരു പോസ്റ്റ്‌ ആവശ്യമല്ല; അത്യാവശ്യമായിരുന്നു!
    ആയിരം ലൈക്കുകള്‍!!!

    ReplyDelete
  27. 24 മണിക്കുറും എന്റെ FB തുറന്നിരിക്കുന്നു, ഞാന്‍ ലോഗ് ഔട്ട് ആക്കുന്നില്ല.
    Farmville ആയിരുന്നു മുഴുസമയവും മക്കള്‍ കളിയാക്കി കൊണ്ടിരുന്നു
    "അമ്മേ വാഴകുലച്ചോ? മുളക് വിളവെടുത്തോ? മത്തങ്ങയ്ക്ക് എന്നാ വില ?" എന്നോക്കെ ഞാന്‍ കുലുങ്ങീല്ല ഒടുവില്‍ ഒന്നരമാസത്തേയ്ക്ക് നാട്ടില്‍ പോയി. തിരിച്ച് വന്നപ്പോള്‍ മട്ട് മാറി,എന്റെ കൃഷിയും പോയി. .....
    എന്നാലും FB നോക്കാതിരിക്കാന്‍ പറ്റുമോ?
    അങ്ങനിങ്ങനെ ഒന്നിനും ലൈക്ക് അടിക്കില്ല.
    ചില പാട്ടുകളൊക്കെ ഷെയര്‍ ചെയ്യും അതു പിന്നെ വേണ്ടയോ?.
    എന്തു പറഞ്ഞാലും ചില FB പോസ്റ്റ് ബഹുരസമാണ് ...
    ഈ പോസ്റ്റ് നന്നായി :)

    ReplyDelete
  28. അതാണത്. ഇപ്പോള്‍ കണ്ടോ ഞാന്‍ 12:55 midnight നേരം fb-യില്‍ ഇല്ല. ബ്ലോഗിലാ ബ്ലോഗിലേയ്.. :)

    ReplyDelete
  29. അപ്പോള്‍ കാര്യമൊക്കെ ശരി.. ഞാന്‍ ദേ വായിച്ചു. മാഷ് ഇനി ഫെയ്സ്ബുക്കില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഈ കമന്റൊക്കെ വായിക്കട്ടാ.

    ReplyDelete
  30. നന്നായിരിക്കുന്നു.
    അപ്പൊ ഇനി എന്നാ പേര് മാറ്റുന്നത്?

    ReplyDelete
  31. വായിച്ചു കേട്ടൊ. എഴുത്ത് നന്നായിട്ടുണ്ട്. പിന്നെ അധികമായാൽ എന്തും അപകടം തന്നെ......

    ReplyDelete
  32. ഇവിടെ ലൈക്‌ അടിക്കാന്‍ ഉള്ള ഓപ്ഷന്‍ എവിടെയാണ്?? നിനക്ക് ഞാനൊരു ഒന്നൊന്നര ലൈക്ക്‌ അടിച്ചിരിക്കുന്നു മോനെ...

    ReplyDelete
  33. വളരെ സത്യമാണ്, വിവാഹം കഴിച്ചു ഒരു കുടുംബമായി താമസിക്കുന്ന ചില പെണ്‍കുട്ടികള്‍ പോലും ദിവസേന പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും പോരാത്തതിന് sentimencenu ക്യാന്‍സറും divorce case എന്നും പറഞ്ഞു ആണ്‍കുട്ടികളെ വലവീശാന്‍ ഇറങ്ങിതിരിച്ചിട്ടുണ്ട്. ഇതൊക്കെ എവിടെ ചെന്ന് നില്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം .

    ReplyDelete
  34. അപ്പോള്‍ ജീവിതം FB നക്കാതെയും നോക്കണം അല്ലേ? :)

    ReplyDelete
  35. കൊള്ളാം.. പരത്തി പറഞ്ഞു.. FB അഡിക്ഷന്റെ ഭാഗത്ത് നിന്നും നോക്കിയാല്‍ വളരെ നന്നായിരിക്കുന്നു. :)

    ReplyDelete
  36. പോസ്റ്റ്‌ നന്നായിട്ടുണ്ട്...വളരെ ഉപകാര പ്രദവുമാണ്...അധികമായാല്‍ അമൃതും വിഷം എന്നല്ലേ .....എന്ന് കരുതി ഇതില്‍ കൂടെ നല്ല കൂട്ടുകാരെ ഒരുപാട് നമുക്ക്‌ കിട്ടില്ലേ....നല്ല സുഹൃത്തുക്കള്‍ക്ക് വിലമതിക്കുന്ന വ്യക്തി ആണ് ഞാന്‍...അതിനാല്‍ സമയം കിട്ടുമ്പോള്‍ ഞാനും FB ഉപയോഗിക്കാറുണ്ട് ...എന്നുകരുതി ഇതിനായി ഇരിക്കാറുമില്ല..

    ReplyDelete
  37. മാത്'സ് എക്സാമിന്റെ തലേന്ന്‍ സുഹൃത്ത് വിളിച്ചു.. കോസും സൈനും തിരിയാതെ നട്ടം തിരിയുന്ന സമയത്ത് അവന്‍ വിളിച്ചു പറയുകയാ, "ഞാന്‍ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ ഇട്ടിരിക്കുന്നു ഒന്ന്‍ പോയി ലൈക്കണം" എന്ന്‍... :)

    ReplyDelete
  38. നല്ല പോസ്റ്റ്‌ എന്ന് പറയുമ്പോഴും അല്പം ചമ്മല്‍ ഉണ്ട്. ലൈക്കിനും കമ്മന്റിനും പിറകെ പോകാറില്ലെങ്കിലും അതിനകത്ത് ഉണ്ടാവും :-)
    ഏതായാലും ഒന്നൂടെ ചിന്തിപ്പിക്കും ഈ പോസ്റ്റ്‌.

    ReplyDelete
  39. . Savings account തുടങ്ങുന്നത് പോലെ, പോളിസിയൊക്കെ ചേര്‍ന്നിടുന്നത് പോലെ ഒന്നര വയസുള്ള മകള്‍ക്ക് ഇപ്പോഴേ ഫേസ് ബുക്കില്‍ account ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പെരുന്തച്ചന്‍ ------ഹിത് കൊള്ളാം

    ReplyDelete
  40. എഫ് ബി യില്‍ എനിക്കും ഉണ്ടൊരു പ്രൊഫൈല്‍.... കുറച്ചു കാലം ഇങ്ങിനെ എഫ് ബി തുറന്നില്ലെങ്ങില്‍ ഉറക്കം വരാത്ത അവസ്ഥ തന്നെയായിരുന്നു. പക്ഷെ പെട്ടന്ന് തന്നെ അതിലെ അര്‍ത്ഥമില്ലായ്‌മയും മനസിലായി.എന്തും അമിതമായാല്‍ മോശം തന്നെയാണല്ലോ.... വളരെ നല്ല ഒരു പോസ്റ്റ്‌. ഇവിടെ ലൈക്കാന്‍ പറ്റിയിരുന്നെങ്ങില്‍ ഒരു നൂറു ലൈക്‌ ഒന്നിച്ചടിച്ചേനെ.

    ReplyDelete
  41. ഇനി എന്ത് പറയാന്‍, എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ, പോസ്റ്കാരനും കമന്ടുകാരും. എന്തായാലും ലൈക്‌ ഉണ്ട്. പിന്നെ നക്കി തുടങ്ങിയെ ഉള്ളൂ എന്നൊരു സമാധാനം.

    ReplyDelete
  42. ഫേസ്‌ബുക്കിൽ അക്കൌണ്ട് ഉണ്ട്.
    അപ്‍ഡേറ്റ് ചെയ്യാനും മാത്രമുള്ള സ്റ്റാറ്റസ് ഒന്നുമില്ല.
    നാലുവർഷമായ ഈ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പ്രൊഫൈലിൽ ഇടുന്നു.
    പോസ്റ്റുകളും കമന്റുകളും ലൈക്കുകളും തീരെയില്ല.
    എന്നെയൊക്കെ എന്തിനു കൊള്ളാം അല്ലേ...

    പറയേണ്ടത് നന്നായി പറഞ്ഞിരിക്കുന്നു.
    നന്ദി ജെനിത്.

    ReplyDelete
  43. നാട്ടില്‍ സ്കൂളില്‍ പഠിച്ചിരുന്ന പലരേയും ശരിക്കും പരിചയപ്പെട്ടത് FB യിലൂടെയായിരുന്നു. അവരുടെ സ്നേഹത്തിനുമുന്നില്‍ ഞാന്‍ തലകുനിച്ചു. നാട്ടില്‍നിന്നും നേരിട്ട് കണ്ടപ്പഴോ... ബൈക്കില്‍ കൈവീശികാണിച്ച് നിര്‍ത്താതെ പോകുന്നു. സ്നേഹം ഫേസ്ബുക്കില്‍ മാത്രമേയുള്ളൂ... നേരിട്ടില്ല. ജെനിത് പറഞ്ഞപോലെ, ഈ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നത് മുഖ്യമായും സെല്‍ഫ് പ്രമോഷന് വേണ്ടിയാണ്.

    കുറേ പോയന്റ്സ് ഉള്ള നല്ല ഒരു പോസ്റ്റ്... അഭിനന്ദനങ്ങള്‍ സുഹൃത്തേ...

    ReplyDelete
  44. ഒരു പോസ്റ്റും ഇട്ടു കമെന്‍റ് വരുന്നതും കാത്തിരിക്കുന്ന അസുഘം ബ്ലോഗിങ്ങിനും ബാധകമല്ലേ..
    അനുഭവത്തിന്റെ വെളിച്ചത്തില്‍ ചോദിച്ചെന്നേ ഉള്ളൂ, നല്ല പോസ്റ്റ്

    ReplyDelete
  45. അവസരോചിതമായ പോസ്റ്റ് ജനിത്ത്..ഈയിടെ ഒരേവീട്ടില്‍ താമസിക്കുന്ന ഭാര്യ കെട്ടിയോനോട് പറഞ്ഞു “നിങ്ങടെ ഫേസ്‌ബുക്ക് ഐ.ഡി ഏതാ.. അതിലൂടെയെങ്കിലും ഒന്നും മിണ്ടാമല്ലോ.”

    ReplyDelete
  46. sathyngal mathram ... allannu vadhichalum athu thanneyaanu sathyam ..

    ReplyDelete
  47. A friend of mine once put a status like this *suffering from 'can't-live without facebook' syndrome*
    you said it Jenith. Keep writing.

    ReplyDelete
  48. enik malayalam vayikan sherikum arilla.... but i will try ma best to read this whole post....

    ReplyDelete
  49. ചിലര്‍ 24 മണിക്കൂറും ബ്ലോഗ്‌ എഴുതുന്നു , അതിന്റെ സ്ടാട്സ് നോക്കുന്നു, കമന്റ്സ് വന്നോ എന്ന് നോക്കുന്നു.. അത് പോലെ തന്നെയാണ് സുഹൃത്തേ പലരും ഫെയ്സ്ബൂകില്‍ ആക്ടിവ് ആകുന്നതും. പിന്നെ ഗ്രൂപ്പിന്റെ കാര്യം. സ്പോര്‍ട്സ്‌ ടീമുകളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ എല്ലാം അതിലെ കളിക്കരല്ല. അത് ഒരു ടീമിനോടുള്ള ഇഷ്ടം ഒരു വികാരം. അത് പോലെ തന്നെ ഗ്രൂപ്പുകളില്‍ ആക്ടിവ് ആയിട്ടുള്ളവര്‍ക്ക് അവരുടെ ഗ്രൂപ്പുകളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം. പല ഗ്രൂപ്പുകളും നര്‍മ സംഭാഷണ വേദികള്‍ ആണ്.. ജോലിത്തിരക്കില്‍ നിന്ന് ഒഴിഞ്ഞു കുറച്ചു സമയം റിലാക്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലം. ഉദാഹരണം വാരിക്കുഴി.കോം എന്ന ഒരു ഗ്രൂപ്‌ ഉണ്ട്, വളരെ ഏറെ നര്‍മ്മം ഉള്ള പോസ്റ്റുകള്‍ വരുന്ന ഒരു ഗ്രൂപ്‌. ഒരാഴ്ച ഏതെന്കിലും ഒരു നല്ല ഗ്രൂപ്പില്‍ അംഗം ആയാല്‍ താങ്കളുടെ ഗ്രൂപ്പുകളെ പറ്റി ഉള്ള അഭിപ്രായം ഒരു പരിധി വരെ മാറും. ഒരേ രീതിയില്‍ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മ ആണ് ഓരോ ഗ്രൂപ്പും അതിനാല്‍ തന്നെ പലര്‍ക്കും അത് ഒരു വികാരമാണ് അത് കൊണ്ട് തന്നെയാണ് ഗ്രൂപ്പുകള്‍ സ്വന്തം പോലെ വളര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതും. ഗ്രൂപ്പുകള്‍ അത്ര മോശം കാര്യം ആണെങ്കില്‍ ഈ താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകളോ? അവരും സ്വന്തം എന്നാ നിലയില്‍ ആണല്ലോ പ്രവര്‍ത്തനങ്ങള്‍. പിന്നെ 24 മണിക്കൂറും ആരെങ്കിലും ഫെയ്സ്ബൂകില്‍ ഇരിക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല, ആരെങ്കിലും അങ്ങനെ ചെയ്‌താല്‍ അവരെ കുറ്റപ്പെടുത്താനും ആവില്ല, കാരണം പലര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകൈപ്പിക്കാന്‍ ഉള്ള ഒരു വേദി കൂടി ആണ് ഇത് പോലെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍. ഒരു ബ്ലോഗില്‍ കൂടി കിട്ടുന്നതിന്റെ പല ഇരട്ടി ശ്രദ്ധ അവരുടെ സൃഷ്ടികള്‍ക്ക് അവിടെ ലഭിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ആണല്ലോ ഒട്ടു മിക്ക ബ്ലോഗ്ഗെര്സും പുതിയ പോസ്റ്റ്‌ ഇട്ടാല്‍ ഉടനെ അത് ഫെയ്സ്ബൂകില്‍ ഷെയര്‍ ചെയ്യുന്നതും.

    ReplyDelete
  50. അളിയാ പൊളിച്ചു..

    ReplyDelete
  51. ജെനിത്തെ, ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട് ട്ടോ..ഞാനടക്കം എല്ലാര്‍ക്കും ഒരു താക്കീത്... അഭിനന്ദന്‍സ്..

    ReplyDelete
  52. എന്‍റെ ജീവിതം അല്പാല്പമായി ഫേസ്ബുക്ക് നക്കിതുടങ്ങി!കുഞ്ഞുനാള് മുതലുണ്ടായിരുന്ന ഒരു സുഹൃത്തിനെ ഒരു നിസാര കമന്റിന്റെ പേരില്‍ ആജന്മാശത്രുവാക്കേണ്ടി വന്നു ഫേസ്ബുക്കില്‍ അടയിരിക്കുന്നവര്‍ക്കൊരു നല്ല താക്കീത് തന്നെയാണിത് ........

    ReplyDelete
  53. "രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ profile picture മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല." Superb Post.. :)

    ReplyDelete
  54. ഈ പറഞ്ഞത് ഇതിന്റെ ഒരു സൈഡ് ആയുള്ളല്ലോ മാഷെ...... 24 മണിക്കൂറും ഇതില്‍ കേറി ഇരിക്കുന്നത് അപകടം തന്നെ ആണ്... പക്ഷെ എങ്ങനെ ഉപയോഗിക്കും എന്ന് അനുസരിച്ചു ഇരിക്കും......... അതു വിവേചന ബുദ്ധി പോലെ ഇരിക്കും..... ഏതൊരു സാധനത്തിനും രണ്ടു പുറം ഉണ്ട്..... അങ്ങിനെ ആണ് എങ്കില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കരുത് എന്ന് പറയണം, എന്തോരം അപകടമാ അതില്‍ ഉള്ളത്....... ഞാന്‍ മറ്റൊരു നാട്ടില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരാളാണ്, ഓഫീസില്‍ നിന്നും ഒരു releif അല്ലേല്‍ റൂമിലെ വിരസതക്ക് ഒരു മോചനം അതാണ്‌ ഈ സാധനം...... പിന്നെ ഈ networking കൊണ്ട് ദോഷങ്ങള്‍ മാത്രം അല്ല, വളരെ അധികം ഗുണങ്ങളും ഉണ്ട് ഒന്ന് നല്ല രീതിയില്‍ ചെയ്തു നോക്ക് അപ്പം അറിയാം..... എവിടെ!!!! വിവേചന ബുദ്ധി വേണ്ടെ.... എന്തേലും ഒന്ന് കണ്ടാല്‍ അതിന്റെ ഒരു സൈഡ് മാത്രം ചിന്തിച്ചു ബ്ലോഗ്‌ ഇടാന്‍ നോക്കുംമോ വിവേചിക്കാന്‍ നോക്കുമോ....... ദീപസ്തംഭം മാഹാശ്ചാര്യം നമക്കും വേണം ബ്ലോഗ്‌ ഹിറ്റ്‌.......

    ReplyDelete
  55. I like this blog very much.

    ReplyDelete
  56. കൊള്ളാം!

    എനിക്കും സെൽഫ് പ്രമോക്ഷം തന്നെ മോക്ഷം!

    ReplyDelete
  57. പടച്ചോനെ.....
    എന്‍റെ ജീവിതം fecebook നക്കി എന്ന് തോനുന്നു.... :(

    ReplyDelete
  58. വണ്ടര്‍ഫുള്‍...

    Yesterday at 6:57pm · Like · 1 person

    ReplyDelete
  59. ജെനിത്, നമ്മള്‍ ഏറെയായ് കണ്ടീട്ട് അല്ലേ :) സത്യങ്ങള്‍ രസകരമായ് അവതരിപ്പിച്ചിരിക്കുന്നു.. ഞാനും ഏതാണ്ടിതു മാതിരി ഒന്നെഴുതണമെന്ന് വിചാരിച്ചിട്ട് കുറേയായി.. എന്തായാലും നോക്കിയപ്പോ ആശ്വാസമായ് മുഴുവന്‍ ഞാന്‍ വിചാരിച്ച രീതിയിലല്ല..അതായത്.. ഞാന്‍ എന്‍റെ ആശയം ഞാന്‍ ഇനിയും വിട്ടിട്ടില്ല എന്ന്.!

    ReplyDelete
  60. സംഗതി കിടുക്കനായിട്ടോ....ഒരു like

    ReplyDelete
  61. >>സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ profile picture മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും അത് നമ്മളില്‍ പലരും അറിയുന്നതും ഫേസ്ബുക്ക്‌ ഉള്ളത് കൊണ്ടാണ് <<


    ജോറാായി എഴുതി മാഷേ..

    റേഷൻ ബുക്കില്ലെങ്കിലും വേണ്ടില്ല ഫേസ് ബുക്കില്ലെങ്കിൽ ജീവിക്കാൻ വയ്യ എന്ന രീതിയിലാ കാര്യന്ങളിപ്പോൾ :)

    ReplyDelete
  62. ഫേസ്ബുക്കില്‍ എനിയ്ക്ക് ഏറ്റവും വെറുപ്പ്‌ തോന്നുന്നത് ഭീബല്സമായ ചിത്രങ്ങളും വീഡിയോകളും പോസ്റ്റു ചെയ്യുന്നവരോടാണ്..

    ReplyDelete
  63. ജെനിത്തേ,

    ഇത് എനിക്ക് ബഹുത് ഇഷ്ടപ്പെട്ടു.
    ഇത്തിരി നീളം കൂടിപ്പോയില്ലേ എന്നൊരു ചെറിയേ സംശയം ഉണ്ട്. എങ്കിലും സംഭവം ജോര്‍.

    "ഇമ്മാതിരി ഓണക്ക ഫോട്ടോകള്‍ upload ചെയ്യുന്നതിന്‍റെയും അവളൊരു പെണ്ണായത് കൊണ്ട് മാത്രം അതിനു ചില കോന്തന്‍മാരിടുന്ന പരട്ട comments വായിക്കുന്നതിന്‍റെയും തിരക്കാണ്..." ഈപ്പറഞ്ഞത്‌ നൂറ് ശതമാനം ശരിയാണ്

    ബ്ലോഗിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. ചില പെണ്‍പിള്ളേര്‍ എഴുതുന്ന കൂതറ പോസ്റ്റുകളില്‍, അതിലും വലിയ കൂതറകള്‍ "ഉഗ്രന്‍ കുട്ടീ, ഇനീം എഴുതണം. നല്ല ഭാഷ" എന്നൊക്കെ കമന്റ്സ് ഇടുന്നത് കണ്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്.

    ഫേസ്ബുക്കില്‍ എന്‍റെ ആകെയുള്ള ആക്റ്റിവിറ്റി കുറേ ഫ്രണ്ട് റിക്വസ്റ്റ്സ് വരുമ്പോള്‍ ലോഗിന്‍ ചെയ്ത്, എല്ലാം അക്സെപ്റ്റ് ചെയ്ത് ലോഗൗട്ട് ചെയ്യുക എന്നുള്ളതാണ്.

    താങ്കള്‍ ഇട്ട കമന്റ്സ് ഞാന്‍ വായിച്ചു. താങ്ക്സ്, ഇനിയും വായിക്കുക.

    /അജ്ഞാതന്‍/

    ReplyDelete
  64. ENTE JENITEEEE EVIDEPOYAALUM NINNE KOND RAKSHAYILLALLO?

    ReplyDelete
  65. മര്മത്തില്‍ കൊള്ളുന്ന നര്‍മത്തിന് ഞാന്‍ തൊള്ളായിരം ലൈക്ക് നല്‍കാം സംഗതി കിടുക്കി കിടുകിടുക്കി

    ReplyDelete
  66. >> ചിലരൊക്കെ fb വഴി സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണല്ലോ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് പലപ്പോഴും സങ്കടം തോന്നിപ്പോയിട്ടുണ്ട്‌. നിസ്സാരകാര്യങ്ങളുടെ പേരില്‍ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ലോകത്തിന്‍റെ ഏതോ കോണിലിരിക്കുന്ന ഒരു മനുഷ്യനെ ശത്രുവാക്കാനും പലര്‍ക്കും ഇതുവഴി സാധിക്കുന്നുണ്ട്. മര്യാദയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പലര്‍ക്കും ഇതു അത്ഭുതം ഉളവാക്കുന്ന കാര്യമായിരിക്കുമെങ്കിലും അതാണ്‌ സത്യം എന്നുള്ളത് fb യില്‍ active ആയിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്.<<

    പച്ചപ്പരമാര്‍ത്ഥം!
    കുറേക്കാലം വെറുപ്പായിരുന്നു ഇതിനോട്.
    മനുഷ്യനെ മടിയനാക്കുന്ന നാശം.
    ഇപ്പോള്‍,
    മൂന്നുമാസമേ ആയിട്ടുള്ളൂ ഫെയിസ്സ്ബുക്കില്‍
    ഉച്ചയുറക്കം പോയിക്കിട്ടി.
    ദിവസം മൂന്നോനാലോ മണിക്കൂര്‍നേരം ഇതിനു മുമ്പിലായിരിക്കുന്നു.
    ഈ പോസ്റ്റ്‌ കണ്ണ്തുറക്കാന്‍ സഹായകമാണ്.

    ജെനിത്‌,
    നന്ദി;
    ഫെയിസ്ബുക്കില്‍ ഇനി വല്ലപ്പോഴും മാത്രം.

    ReplyDelete
  67. ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക്‌ ഉപയോഗിക്കേണ്ടത്

    വളരെ നല്ല പോസ്റ്റ് , ജനിത്.

    പിന്നെ ചില ഉപകാരങ്ങളും ഫെയ്സ്ബുക്ക് കൊണ്ട് ഉണ്ട്.

    ഉദാഹരണത്തിന് ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ട് "ഒന്ന് വായിക്കണം" എന്ന് മെസ്സേജ് അയക്കാനും ഫേസ്ബുക്ക് ഉപയോഗിക്കാം..:)

    ReplyDelete
  68. വായിച്ചു . അമിതമായാല്‍ എന്തും ദോഷകരം ആണ് .. വളരെ രസകരമായി എഴുതി ..താങ്ക്സ്

    ReplyDelete
  69. you said it jenith !!.... good job...!!!

    ReplyDelete
  70. dear friend try monetizing this site...

    ReplyDelete
  71. എല്ലാം പറയാം.. വരുന്ന നന്മയും ദോഷവും വഴിയിൽ തങ്ങില്ല.. എന്തായാലും നാം കരുതിയിരിക്കുക

    ReplyDelete
  72. => നന്നായിട്ടുണ്ട് ....
    ഒരു ദിവസത്തിന്‍റെ നാലിലൊരു ഭാഗവും fbയില്‍ ഇരിക്കുന്നവനാ ഞാനും താങ്കള്‍ മേല്‍ പറഞ്ഞ എല്ലാം 100% ശരി തന്നെ
    ചില ആളുകള്‍ ഈ സാധനം അവരുടെ നാശത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണോ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്,
    .
    അബ്ദുല്‍ റഷീദ് (ഐവ)

    ReplyDelete
  73. സമകാലീനപ്രാധാന്യമുള്ള വിഷയം
    ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌

    ReplyDelete
  74. ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്...ഫേസ്ബുക്കില്‍ അക്കൌണ്ടുള്ള ഒരു മണ്ടന്‍ തന്നെ ഞാന്‍ എന്ന്...

    ReplyDelete
  75. facebook വഴി വെറുതെ കറങ്ങി നടന്നപ്പോള്‍ വഴി തെറ്റി കേറിയതാ...എന്നാലും കൊള്ളാം കേട്ടോ...നന്നായിട്ടുണ്ട് ....ഇനി ഇടയ്ക്കിടെ വരാം

    ReplyDelete
  76. അയ്യയ്യൊ ഇതിപ്പൊഴാ കണ്ടത്‌ അതും കുഞ്ഞൂസിന്റെ പോസ്റ്റു വഴി

    ഫേസ്ബുക്ക്‌ മുട്ടയിടുന്ന കാലം വരുമോ? ഹ ഹ ഹ:)

    അല്ല അതില്‍ എടുത്ത അക്കൗണ്ട്‌ നശിപ്പിക്കാന്‍ വല്ല വഴിയും ഉണ്ടോ?

    കുറേ നോക്കി വഴി ഒന്നും അതില്‍ കാണാന്‍ കഴിഞ്ഞില്ല
    അറിയാമെങ്കില്‍ പറയണെ

    ReplyDelete
  77. കൂറച്ചു കാലം മുന്‍പ്,

    ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. സാമാന്യം സ്പീഡിലായിരുന്നു. ബസ്സ്റ്റോപ്പില്‍ നിന്നിരുന്ന അയല്‍വാസിയായ ടീനേജര്‍ കൈ വീശി ഹായ് പറഞ്ഞു. പിന്നെ എന്തോ പറയാനെന്ന പോലെ മുന്നോട്ടാഞ്ഞു. ഞാന്‍ വണ്ടി ചവിട്ടി നിര്‍ത്തി. കുറച്ചു മുന്നോട്ടു പോയി നിന്ന ബൈക്കിനടുത്തേക്ക് അവന്‍ ഓടി വന്നു. "ഞാന്‍ ഓര്‍ക്കുട്ടിലൊരു പ്രേംനസീര്‍ കമ്മ്യൂണിറ്റിണ്ടാക്കീട്ട്ണ്ട്. അതില് മെമ്പറാവണംട്ടാ..!!"

    ഇന്നവന് ഫേസ്ബുക്കില്‍ ഇറ്റലിയില്‍ നിന്നും ബ്രസീലില്‍ നിന്നുമൊക്കെ നിരവധി ഫ്രണ്ട്സുണ്ട്.

    ReplyDelete
  78. രസം രസകരം..!
    ഫേസ്ബുക്ക് ഗവേഷണ ഫലങ്ങള്‍ നൂറ് ശതമാനം വാസ്തവമാണേ..
    ഇനി ശ്രീക്കുട്ടിമാരുടെ റിക്വസ്റ്റ് കണ്ടാല്‍ രണ്ട് വട്ടം ചിന്തിക്കും!
    :)

    ReplyDelete
  79. വളരെ നന്നായിട്ടുണ്ട് ഇപ്പോള്‍ ഫേസ് ബുക്ക്
    ഉപയോഗിക്കാത്തതായി ആരാണുള്ളത് ഒരുതരത്തില്‍ പറഞ്ഞാല്‍ ഫേസ് ബുക്ക് കൊണ്ട് ഒരുപാടു ദ്രോഹങ്ങളും ഉണ്ട്
    എല്ലാവിധ മംഗളങ്ങളും നേരുന്നു വിനയന്‍ ...

    ReplyDelete
  80. ee postinu ente vaka oraayiram like, facebook account thannaal njan venel avideyum comment cheyyaam :) enthaayalum sharikkum kalakki tto

    ReplyDelete
  81. രസകരം. കാലികപ്രസക്തം. സത്യവും.

    ReplyDelete
  82. നല്ല വാദങ്ങള്‍
    നല്ല അവതരണം
    അപ്പോ നീ മാംഗോയില്‍ പോയിട്ട് മെച്ചപ്പെട്ടിട്ടുണ്ട്
    നന്നായിട്ടോ.........

    ReplyDelete
  83. കൊള്ളാം!രസകരം..!

    ReplyDelete
  84. ജനിത് മലര്‍ന്നു കിടന്നാണ് തുപ്പിയതെങ്കിലും പറഞ്ഞകാര്യങ്ങളില്‍ കഴമ്പുള്ളതിനാല്‍ ഞാനും ലൈക്കിയിരിക്കുന്നു..

    ReplyDelete
  85. കള്ളുകുടിയന്മാരുടെയും പുകവലിയന്മാരുടെയും ഇടയിലേക്കാണ് ഫെയ്സ്ബുക്ക് മടിയന്മാരെയും മടയന്മാരെയും കയറ്റിവെക്കേണ്‍ടത്! സമയനഷ്ടവും ഉത്പാദനപരതയില്ലായ്മയും (Non-productivity) നന്നായറിഞ്ഞിട്ടും നാം സ്വയം കുഴി കുഴിച്ച് അതിലിറങ്ങി നില്‍ക്കുകയല്ലേ! കഷ്ടം!! സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!

    നല്ല എഴുത്ത്! നല്ല നിലവാരമുള്ള നര്‍മ്മം! കുറിക്കുകൊള്ളുന്ന ഭാഷാപ്രയോഗങ്ങള്‍...

    ReplyDelete
  86. കൊള്ളാം നല്ല പോസ്റ്റ്‌..ചരമ അറിയിപ്പിന് വരെ ലൈക്ക് കൊടുക്കുന്ന കാലമാ !

    ചില പ്രയോഗങ്ങള്‍ അടിപൊളി.
    >>>അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട്‌ ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം.<<<

    ഇതാണ് കലക്കിയത് !

    ReplyDelete
  87. താങ്കളുടെ കഴിഞ്ഞ പോസ്റ്റിനു കമന്റ് 13 ഇതിനു 100 അത് തന്നെ കാര്യം.മനുഷ്യന്‍ താല്പര്യമുള്ളതിന്റെ പിന്നാലെ പോകും.
    അത്രേയുള്ളൂ.താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചത് നന്നായി പറഞ്ഞു

    ReplyDelete
  88. വളരെ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍....:)

    ReplyDelete
  89. ജെനിത്‌ തകര്‍ത്ത വിശേഷങ്ങളായിട്ടുണ്ട്.
    പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഇതൊക്കെ. എന്തായലും
    ഇന്നലത്റ്റെഹ് പോസ്റ്റിന്‍ കമന്റ് വന്നോ എന്നു പോയി നോക്കട്ടെ

    ReplyDelete
  90. ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല....

    ഇത് എന്നെയാണ്.. എന്നെത്തന്നെയാണ്.. എന്നെ മാത്രം ഉദേശിച്ചാണ്.. :) കലക്കി ജനിത്ത്‌.

    ReplyDelete
  91. ജെനിത്‌.......... വളരെ നന്നായി.... :))

    ReplyDelete
  92. 106 -ആമനായിട്ടാണെങ്കിലും ഇതിനൊരു കമന്റിടാതിരിക്കാൻ കഴിയുന്നില്ല.
    ഇതുപോലെയുള്ള തുറന്നെഴുത്തുകൾ വളരെ ഗുണം ചെയ്യും.
    രാജാവെ നഗ്നനാണെന്ന് പറയാൻ കാണിച്ച് ഈ ധൈര്യത്തെ നമിക്കുന്നു.

    ReplyDelete
  93. ഹി ഹി ഹീ

    pinnem

    ഹി ഹി ഹീ

    nannayirikkunnu.....

    .....kazchakkari.....

    ReplyDelete
  94. ഹ ഹ ഹ...... സംഭാവമായിട്ടുണ്ട്......!!!!!

    ReplyDelete
  95. പറയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നു കേട്ടൊ ജെനിത്

    ReplyDelete
  96. ഏതെങ്കിലും ആണൊരുത്തന്‍ കാമ്പുള്ള എന്തെങ്കിലും ഒരു സാധനം post ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക്‌ തിമിരവും തലച്ചോറിന് അല്‍ഷിമേഴ്സുമോക്കെ ബാധിക്കുന്ന ചില ലവന്‍മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr... എന്ന post ന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Cooool എന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്സാക്ഷികളും അനുഭവസ്തരും ഏറെയാണ്‌.

    വളരെ നന്നായിടുണ്ട്

    ReplyDelete
  97. nannayirikkunnu... njaan ithu facebook account-il koodi share cheithotte? :P

    ReplyDelete
  98. Nnittippo saaru facebookinodu tata parayanulla paruvathilayo?

    ReplyDelete
  99. mothalaaayi aliyaaaa........ingale sammeychh.........:p

    ReplyDelete
  100. ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക്‌ സുക്കന്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക്‌ എന്‍റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല





    nice one...........

    ReplyDelete
  101. നല്ല പോസ്റ്റ്‌ , എന്നാല്‍ ഞാന്‍ മിക്കപോഴും fb യില്‍ തന്നാ

    ReplyDelete
  102. nalla post ... well said.

    ReplyDelete
  103. ഹ ഹ ..ഫെസ് ബുക്ക് ഉള്ളത് കൊണ്ട് ഇവിടെ എത്തി പെട്ടു..

    ReplyDelete
  104. കൊല്ലം രണ്ടു കഴിഞ്ഞിട്ടും പ്രസക്തി നഷ്ടപ്പെടാത്ത ലേഖനം. നന്നായിരിക്കുന്നു

    ReplyDelete